പ. സുന്നഹദോസിന് അല്‍മായ പ്രമുഖര്‍ സമര്‍പ്പിച്ച നിവേദനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെയും സുന്നഹദോസ് അദ്ധ്യക്ഷനായ പ. കാതോലിക്കാ ബാവാ തിരുമനസിലേയും മുമ്പാകെ താഴെ പേരെഴുതി ഒപ്പിട്ടിട്ടുള്ള സഭാമക്കള്‍ സമര്‍പ്പിക്കുന്ന വസ്തുതകള്‍.

2018 ആഗസ്റ്റ് ഏഴു മുതല്‍ സമ്മേളിക്കുന്ന മലങ്കര സഭാ സുന്നഹദോസ് അടിയന്തിരമായി പരിഗണിച്ച് തീര്‍പ്പാക്കേണ്ടതിനായിട്ടാണ് ഈ വസ്തുതകള്‍ സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വളര്‍ച്ച തീര്‍ത്തും പരിമിതവും തളര്‍ച്ച ഭയാനകവും ആകുന്നു എന്ന് സഭാസ്നേഹികള്‍ ഭയപ്പെടുന്നു. സഭയുടെ ഭരണനിയന്ത്രണവും നയരൂപീകരണവും അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

1. മലങ്കരസഭയുടെ ഭരണനിര്‍വഹണ-നിയന്ത്രണ തലങ്ങളില്‍ മലങ്കര മെത്രാപ്പോലീത്താമാര്‍ വിശ്വാസത്തിലെടുക്കേണ്ട ആലോചനാ സമിതികളെ ഇന്ന് എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ചിന്തിക്കണം. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ്, എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി, വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി, അഡ്വൈസറി സമിതികള്‍ ഇവയൊന്നും വിശ്വാസത്തിലെടുക്കപ്പെടുന്നില്ല. കമ്മിറ്റികളോ സ്ഥാനികളോ വിഷയങ്ങള്‍ പരിഗണിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കത്തക്കവിധം ആവശ്യത്തിന് സമ്മേളിക്കുകയോ സഭയ്ക്ക് പ്രയോജനപ്പെടുംവിധം ഉപയോഗപ്പെടുകയോ ചെയ്യുന്നില്ല. അതേ സമയംതന്നെ ഒരു സമാന്തരഭരണം സഭയില്‍ നിലവില്‍ വന്നതായി ശക്തമായ ആരോപണം ഉണ്ട്.

2. പ. കാതോലിക്കാ ബാവായുടെ സപ്തതി കഴിഞ്ഞിരിക്കുന്നു എന്ന സത്യം ബോധ്യപ്പെട്ട്, മലങ്കരസഭ വളരെ വിഷമംപിടിച്ച കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ അടിയന്തിരമായി ഒരു നിയുക്ത കാതോലിക്കാ ഉണ്ടാകേണ്ടത് ആവശ്യമാണ്. അദ്ദേഹം കാതോലിക്കായുടെ ഭരണ നിര്‍വഹണ സഹായത്തിന് ദേവലോകത്ത് ഉണ്ടാകേണ്ടതാണ്.

3. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനികളെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് ജനം സംശയിക്കുന്നു. സഭാതലത്തില്‍ നടമാടുന്ന ധാര്‍മ്മികച്യുതിയും അഭിപ്രായഭിന്നതകളും സഭാകേന്ദ്രം അറിയുന്നുണ്ടോ? സര്‍വ മീഡിയകളും ഇന്ന് മലങ്കരസഭയെ പിച്ചിചീന്തി കളിക്കുന്നത് സഭാനേതൃത്വം അറിയുന്നുണ്ടോ? ഈ വിഷയങ്ങള്‍ വേണ്ട തലങ്ങളില്‍ പരിഗണിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടോ? മലങ്കര മെത്രാപ്പോലീത്തായ്ക്ക് കിട്ടേണ്ട ഉപദേശങ്ങള്‍ നല്‍കുന്ന തലങ്ങളെ സംബന്ധിച്ചുള്ള ധാരണകള്‍ പ. സുന്നഹദോസ് പരിഗണിക്കണം. മലങ്കരമെത്രാപ്പോലീത്തായ്ക്ക് അടിയന്തിരഘട്ടങ്ങളില്‍ ആലോചനകള്‍ നടത്തുന്നതിനുള്ള സമിതികള്‍ ഉപയോഗപ്പെടുത്തുന്നത് സുഗമമാക്കണം.

4. ഇതുവരെ മലങ്കരസഭ ഒരു രാഷ്ട്രീയ കൂട്ടുകെട്ടിലും അകപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയേയും സി.പി.എം. സെക്രട്ടറിയേയും വരെ പൂര്‍ണ്ണമായി സഭാനുകൂലികളെന്നതരത്തില്‍ കരുതുന്നു. അവരുടെ ഭവനങ്ങളില്‍ വരെ ചില വിശ്വസ്തരെ മാത്രം കൂട്ടി സന്ദര്‍ശനങ്ങള്‍ നടത്തുന്നതുപോലും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനികളോ, മറ്റു മെത്രാപ്പോലീത്തന്മാരോ അറിയുന്നില്ലെന്ന് ജനം സംശയിക്കുന്നു. കഴിഞ്ഞ ചെങ്ങന്നൂര്‍ ഇലക്ഷന്‍ സമയത്തുപോലും ചില പൗരോഹിത്യ സ്ഥാനികള്‍ പരസ്യമായി പാര്‍ട്ടിക്കായി രംഗത്തിറങ്ങിയത് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനു പോലും കാരണമായി എന്ന ഭീകരമായ യാഥാര്‍ത്ഥ്യത്തില്‍ പൊതുജനം ദുഃഖിക്കുന്നു. പിറവം പള്ളി ഉടനെ കിട്ടും എന്ന് പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത് സഭാനേതൃത്വതലത്തില്‍ നടത്തിയെന്നുള്ളത് ലജ്ജാകരമായിപ്പോയി. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഈ പോക്കിന് തടയിടാനുള്ള ഉത്തരവാദിത്വം പ. സുന്നഹദോസ് ഏറ്റെടുക്കണം.

5. 2017 ജൂലൈ മൂന്നിനുണ്ടായ സുപ്രീംകോടതിവിധി – മുന്‍വിധികളിലെ സര്‍വ പഴുതുകളും അടച്ച് മലങ്കരസഭയ്ക്ക് അനുകൂലമായി കിട്ടിയ വിധി – ശരിയായ അര്‍ത്ഥത്തില്‍ സഭയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പൊതുസമൂഹത്തിന്‍റെ മുമ്പില്‍, അവസരം നഷ്ടപ്പെടുത്തിയ സഭയായി തലതാഴ്ത്തേണ്ടിയും വന്നു. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും കീഴില്‍ ഒരു സഭയായിത്തീരാനുള്ള ആഹ്വാനം, വെറും ആഹ്വാനമായി ഒതുങ്ങുകയും, അതേസമയം തന്നെ വിധി നടത്തിപ്പില്‍ ഊന്നല്‍ കൊടുത്ത് നട ത്തിയ മുന്നേറ്റം മറുഭാഗത്തെ ജനങ്ങളുടെ ഹൃദയത്തെ വ്രണപ്പെടുത്താനേ കഴിഞ്ഞുള്ളു. പ. പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര സഭാസന്ദര്‍ശനവും അദ്ദേഹം പ. കാതോലിക്കാ ബാവായ്ക്ക് നല്‍കിയ കത്തും നിസാരവല്‍ക്കരിച്ച് വിധിയിലൂടെ നേടിയ മുന്‍തൂക്കത്തിന്‍റെ അഹങ്കാരം മറയാക്കി, സഭാസമാധാനത്തിനു ഒരവസരം കൂടി നഷ്ടപ്പെടുത്തുകയാണുണ്ടായത്. കഴിഞ്ഞ ഒരു സുന്നഹദോസില്‍ എടുത്ത സമാധാന ആഹ്വാനം പത്രപ്പരസ്യത്തിലൂടെ കണ്ട പൊതുജനം, പിന്നത്തെ സുന്നഹദോസില്‍ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്തെ ദൈവിക മനോഭാവത്തോടെ ചര്‍ച്ച ചെയ്യാന്‍പോലും കഴിയാതെ പോയത് എങ്ങനെ കാണുന്നു എന്നത് പ. സുന്നഹദോസ് ഗൗരവമായി കാണേണ്ടതുണ്ട്.

വടക്കുള്ള ചില ഭദ്രാസനങ്ങളിലെ സഭയ്ക്കുണ്ടായ വേദനകള്‍, പരിഹരിക്കാനും സുപ്രീംകോടതി വിധിയിലെ ആഹ്വാനം ഉള്‍ക്കൊണ്ട് ഒരു സഭയായിത്തീരുവാനും ഇപ്പോഴും സാധിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നു.

മലങ്കരസഭയില്‍ സമാധാനം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മനസ്സിലാക്കി തര്‍ക്കപരിഹാരം പൂര്‍ണ്ണമാക്കേണ്ടതിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിലേക്കായി അതിനു യോഗ്യരായ മെത്രാപ്പോലീത്തന്മാരും വൈദികരും, അത്മായരും അടങ്ങിയ ഒരു സമിതിക്ക് രൂപംകൊടുക്കണമെന്നു താല്പര്യപ്പെടുന്നു. അവര്‍ കൃത്യമായ മുന്നൊരുക്കത്തോടെ ഉടന്‍ ചര്‍ച്ചകള്‍ നടത്തി സഭൈക്യം യാഥാര്‍ത്ഥ്യമാക്കണം.

ക്രൈസ്തവലോകത്തു നടക്കുന്ന മാറ്റങ്ങള്‍ നാം ഉള്‍ക്കൊള്ളണം. രാജ്യത്തിനകത്തും പുറത്തും രണ്ടു പാത്രിയര്‍ക്കീസുമാരുടെ നേതൃത്വത്തില്‍ ഭിന്നിച്ചു നിന്ന എത്യോപ്യന്‍ സഭ ഇന്ന് ഒന്നാകുകയാണ്. കോപ്റ്റിക് സഭയുമായുണ്ടായിരുന്ന ഭിന്നതകള്‍ അവര്‍ എന്നേ പരിഹരിച്ചു കഴിഞ്ഞു. കേരളത്തില്‍ തന്നെ രണ്ടായി നിന്ന കല്‍ദായ സഭയും ഇവാന്‍ജലിക്കല്‍ സഭയും യോജിച്ചതും നാം മനസ്സിലാക്കേണ്ടതാണ്. പശ്ചിമേഷ്യയില്‍ സുറിയാനി സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവസഭകള്‍ അനുഭവിക്കുന്ന യാതനകള്‍ നാം കണ്ടുകൊണ്ടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെ മഹത്തായ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നാം ചൂഷണം ചെയ്യുകയല്ലേ?

1958-ലെ വിധിയെ തുടര്‍ന്ന് പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എടുത്ത നടപടികളും അതിന്‍റെ ഗുണഫലങ്ങളും വന്ദ്യപിതാക്കന്മാര്‍ ഒന്നു പഠിക്കേണ്ടതാണ്. 1958-72 കാലഘട്ടത്തില്‍ സഭയ്ക്കുണ്ടായ സര്‍വതോന്മുഖമായ പുരോഗതി നിസാരമല്ല. അതോടൊപ്പംതന്നെ അങ്കമാലി മുതല്‍ കൊട്ടാരക്കര വരെ സഭയുടെ രാഷ്ട്രീയ സ്വാധീനം എത്രമാത്രമായിരുന്നു എന്നതു കൂടി പരിശോധിക്കുക. ഈയൊരു സുവര്‍ണ്ണകാലം മടക്കികൊണ്ടുവരാനാണ് 1995-ലെ വിധിക്കുശേഷം പ. മാത്യൂസ് ദ്വിതീയന്‍ ബാവാ ശ്രമിച്ചത്.

ഉടനെ മലങ്കര അസോസിയേഷന്‍ യോഗം കൂടി നിയുക്ത കാതോലിക്കായേയും മെത്രാന്മാരെയും തിരഞ്ഞെടുക്കണം. മെത്രാസനങ്ങളുടെ വൈധവ്യം പരിഹരിക്കണം, നിയുക്ത കാതോലിക്കാ ദേവലോകത്ത് താമസിക്കണം. അദ്ദേഹം കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിന്‍റെ അസിസ്റ്റന്‍റ് മെത്രാപ്പോലീത്താ സ്ഥാനം കൂടി വഹിക്കുകയും മലങ്കരമെത്രാപ്പോലീത്തായുടെ ഓഫീസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും വേണം. സഭാഭരണം കാര്യക്ഷമമാകാനും, രേഖകളുടെ ചോര്‍ച്ച ഒഴിവാക്കാനും, അനഭിലഷണീയവും അനധികൃതവുമായ ചിലരുടെ ഇടപെടലുകള്‍ ഒഴിവാക്കാനും ഇത് ഉപകരിക്കും.

അനേകരെ ഈ സഭയിലേയ്ക്ക് ആകര്‍ഷിക്കേണ്ട നാം ഇന്ന് അനേകര്‍ സഭ വിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്നു. ഈ പലായനം ഭാവിയില്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ പറ്റിയ നടപടിക്രമങ്ങള്‍ ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.

അഭിവന്ദ്യ പിതാക്കന്മാരെ, മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥ ഭീകരമാണ്. സമൂഹമദ്ധ്യത്തില്‍ സഭ എത്രമാത്രം ചെറുതായി എന്ന് ചുറ്റും ഒന്നു കണ്ണു തുറന്നു നോക്കണം. മുമ്പെങ്ങും ഉണ്ടാകാത്തവിധവും ഇതര സഭകള്‍ ചെയ്യാത്തതുമായ രാഷ്ട്രീയ വിധേയത്വം സഭയ്ക്കുണ്ടാക്കിയ കേടുപാടുകള്‍ എത്ര വലുതെന്ന് മനസിലാക്കണം. സഭൈക്യം എന്ന കോടതിയുടേയും, ഇടതുപക്ഷ സര്‍ക്കാരിന്‍റെയും പൊതു സമൂഹത്തിന്‍റെയും സര്‍വോപരി ബഹുഭൂരിപക്ഷം വിശ്വാസികളുടേയും താല്പര്യത്തെ കണ്ടില്ലെന്നു നടിക്കുന്നത് ദൈവനിന്ദയാണ്.

ഇന്ന് കേരള സമൂഹത്തില്‍ നമ്മുടെ സഭയുടെ സ്ഥാനം എത്ര പരിതാപകരമാണെന്നു ചിന്തിക്കണം. അതിനു കാരണം, ഐക്യശ്രമങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ തീരൂ.

ഈ സാഹചര്യത്തില്‍ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് അടിയന്തിരമായി ഇടപെടുകയും വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

അവിടുത്തെ ആത്മീയ മക്കള്‍.

(മുന്‍ അസോസിയേഷന്‍ സെക്രട്ടറിമാരും മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിവിധ രംഗങ്ങളില്‍ പ്രഗല്‍ഭരായ അല്‍മായക്കാരും ഒപ്പിട്ടിരിക്കുന്നു)