മലങ്കരസഭാ ഭരണഘടനയുടെ 86-ാം വകുപ്പനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ അനുമതിയോടു കൂടി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന സബ്കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും എന്ന് എനിക്കു തോന്നുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രാവീണ്യമുള്ള പ്രഗത്ഭരായ സഭാംഗങ്ങളെ മാനേജിംഗ് കമ്മറ്റിയ്ക്കു പുറത്തു നിന്നു കണ്ടെത്തി സബ്കമ്മറ്റികളില്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണ് എന്നുള്ളതാണ് എന്‍റെ എളിയ നിര്‍ദേശം. പ. പിതാവ് ഈ കാര്യത്തിലും പ്രത്യേക ശ്രദ്ധയും താല്‍പര്യവും കൊടുക്കുമെന്നു പ്രതീക്ഷിച്ചാണ് ഇതു സമര്‍പ്പിക്കുന്നത്.
ആമുഖം
മലങ്കരസഭാ ഭരണഘടനയുടെ 86-ാം വകുപ്പനുസരിച്ച് പ. എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ അനുമതിയോടു കൂടി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും 109-ാം വകുപ്പനുസരിച്ച് അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടു കൂടി പ. എപ്പിസ്കോപ്പല്‍ സുന്നഹദോസും നിയമിക്കുന്ന സബ്കമ്മറ്റി (ഉപസമിതി) കളുണ്ട്. 126, 127, 129 വകുപ്പുകള്‍ മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന റൂള്‍ കമ്മറ്റിയുടെ നിയമനവും ചുമതലകളും മറ്റും വ്യക്തമാക്കുന്നു.
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിയമിക്കുന്ന സമിതികള്‍ പലതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന സമിതികള്‍ മിക്കതും നാമമാത്രമായി നിലനില്‍ക്കുന്നുവെന്നുള്ളതാണ് വാസ്തവം. പലതും കൂടുന്നുണ്ടോയെന്നു തന്നെ സംശയിക്കുന്നു. ഒരു കാലത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സമിതികളുടെ പിന്‍ഗാമികള്‍ ഇന്ന് ‘ഏട്ടില്‍ മാത്രം ജീവിക്കുന്നു’.
തെരഞ്ഞെടുപ്പിലൂടെയും നോമിനേഷനിലൂടെയും സഭയിലും സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പലരും മാനേജിംഗ് കമ്മറ്റിയിലേക്ക് കടന്നുവന്നിരുന്ന കാലത്താണ് സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് ഈ സങ്കല്പത്തിനും സ്ഥിതിക്കും മാറ്റം വന്നിരിക്കുകയാണ്.
മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന റൂള്‍ കമ്മറ്റിയിലും ഫിനാന്‍സ്, പ്ലാനിംഗ്, ചര്‍ച്ച് അക്കൗണ്ട്സ്, വസ്തുസംരക്ഷണം തുടങ്ങിയ കമ്മറ്റികളിലും പൂര്‍ണമായും മാനേജിംഗ് കമ്മറ്റിയംഗങ്ങളെ തന്നെയാണ് ഉള്‍പ്പെടുത്തുന്നത്. കൂടാതെ എം.ഒ.സി. കോളജസ് ഗവേണിംഗ് ബോര്‍ഡ്, സ്കൂള്‍സ് ഗവേണിംഗ് ബോര്‍ഡ്, ആര്‍ക്കിടെക്ചര്‍-എഞ്ചിനീയറിംഗ് -ബില്‍ഡിംഗ് വിംഗ്, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ സമിതികളിലേക്കുള്ള മാനേജിംഗ് കമ്മറ്റിയുടെ പ്രതിനിധികളെയും നിയോഗിക്കുന്നു. മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടെ പ. കാതോലിക്കാ ബാവാ നിയോഗിക്കുന്ന നോമിനേഷന്‍ കമ്മറ്റിയാണ് അടുത്തകാലത്തായി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നത്. കാതോലിക്കേറ്റ് ശതാബ്ദിയാഘോഷ സമിതി ഉള്‍പ്പെടെ 2012-ല്‍ 22 സമിതികളാണുണ്ടായിരുന്നത്.
പൂര്‍ണമായും മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടുന്ന ചില സമിതികളാണ് നിര്‍ജീവാവസ്ഥയിലുള്ളത്. മറ്റു സമിതികള്‍ക്ക് സ്വതന്ത്രമായ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അതു പ്രവര്ത്തിച്ചുകൊണ്ടിരിക്കുന് നു. നിലവിലുള്ള അവസ്ഥയില്‍ ഉപസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചമാക്കാം എന്നു ചിന്തിക്കാം.
അംഗസംഖ്യ
ഓരോ ഉപസമിതിയുടെയും ചുമതലകള്‍ എന്തൊക്കെയാണെന്ന് അംഗങ്ങളെ മുന്‍കൂട്ടി ബോദ്ധ്യപ്പെടുത്തണം. ഓരോ അംഗത്തിന്‍റെയും ബയോഡേറ്റാ പരിശോധിച്ചുവേണം അവരുടെ താലന്ത് സഭയ്ക്ക് പ്രയോജനപ്പെടുത്താവുന്ന ഉപസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.
മാനേജിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും ഏതെങ്കിലും ഉപസമിതിയില്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കുന്ന രീതി മാറണം. അതുകൊണ്ടുണ്ടാകുന്ന ജംബോ കമ്മറ്റികള്‍ കൊണ്ട് പ്രയോജനമുണ്ടാകുകയില്ല. മുന്‍കാലങ്ങളില്‍ ആകെയുള്ളതിന്‍റെ പകുതി അംഗങ്ങളെ പോലും സബ്കമ്മറ്റികളില്‍ ഉള്‍പ്പെടുത്താറില്ലായിരുന്നു. സഭാസ്ഥാനികള്‍ ഉള്‍പ്പെടെ 20 പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ഒരു സമിതിയില്‍ വരുന്നതുകൊണ്ട് പ്രയോജനമില്ല. 2012-ല്‍ 34 പേരുണ്ടായിരുന്ന ഒരു സമിതിയില്‍ പകുതിയോളം ബാഹ്യകേരള ഭദ്രാസനത്തില്‍ നിന്നുള്ളവരായിരുന്നു. (2002-2007 കാലത്തെ മാനേജിംഗ് കമ്മറ്റിയുടെ ഫിനാന്‍സ് കമ്മറ്റിയില്‍ പ്രസിഡന്‍റും മെത്രാസന സെക്രട്ടറിയും കൂടാതെ 79 പേരും പ്ലാനിംഗ് കമ്മറ്റിയില്‍ 76 പേരും ഉണ്ടായിരുന്നു. മലങ്കര സഭാചരിത്രത്തിലെ ഏറ്റവും വലിയ ഉപസമിതികള്‍ ഇവയാണ്!!!). വളരുമ്പോള്‍ കാര്യക്ഷമത തളരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുപോലെ മൂന്നു സ്ഥാനികള്‍ ഒഴികെ ആരും ഒന്നില്‍ കൂടുതല്‍ സമിതികളില്‍ വരികയും ചെയ്യരുത്. വര്‍ഷത്തില്‍ നാലു പ്രാവശ്യമെങ്കിലും ഉപസമിതികള്‍ വിളിച്ചുകൂട്ടേണ്ടതാണ്.
അംഗത്വം
“ഈ ഉപസമിതികളിലെല്ലാം മാനേജിംഗ് കമ്മറ്റിയംഗങ്ങളേയാകാവൂ എന്നു നിര്‍ബന്ധം പിടിക്കേണ്ടതില്ല. സഭാംഗങ്ങളായി കഴിവും മനസ്സും സാധ്യതകളും ഉള്ള അനേകര്‍ മാനേജിംഗ് കമ്മറ്റിക്ക് പുറത്തുണ്ട് എന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. അതുകൊണ്ട് സഭയ്ക്ക് പ്രയോജനപ്പെടുത്താവുന്ന സഭാംഗങ്ങളുടെ സഭയിലുള്ള സാന്നിദ്ധ്യത്തെ അംഗീകരിച്ചുകൊണ്ട് മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ സ്വന്തം നിയോഗം സ്വീകരിക്കുന്നത് അഭികാമ്യമാണ്.” ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പലും വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ഫാ. ഡോ. ജേക്കബ് കുര്യന്‍റെ വാക്കുകളാണിത്.
ഈ ആശയത്തോട് ഈ ലേഖകനും യോജിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രാവീണ്യമുള്ള പ്രഗത്ഭരായ സഭാംഗങ്ങളെ മാനേജിംഗ് കമ്മറ്റിയ്ക്കു പുറത്തു നിന്നു കണ്ടെത്തി സബ് കമ്മറ്റികളില്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണ്. അവരെ അസോസിയേറ്റ് അംഗങ്ങളായോ അറുപതുകളില്‍ ചെയ്തിരുന്നതുപോലെ ഉപദേശകരായോ ഉള്‍പ്പെടുത്താവുന്നതാണ്. സഭാഭരണഘടന 86-ാം വകുപ്പനുസരിച്ച് മാനേജിംഗ് കമ്മറ്റി “നിയമിക്കുന്ന” സബ്കമ്മറ്റികളില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിന് നിയമപരമായി തടസ്സമില്ല. 109-ാം വകുപ്പനുസരിച്ച് എപ്പിസ്കോപ്പല്‍ സിനഡ് നിയമിക്കുന്ന സബ്കമ്മറ്റികളില്‍ സുന്നഹദോസ് അംഗങ്ങള്‍ മാത്രമല്ലല്ലോ ഉള്‍പ്പെടുന്നത്.
മാനേജിംഗ് കമ്മറ്റിയ്ക്കു പുറത്തുള്ളവരെ ആവശ്യമെങ്കില്‍ ഉപദേശകരായോ അസോസിയേറ്റ് അംഗങ്ങളായോ ഉപസമിതികളില്‍ ഉള്‍പ്പെടുത്തുന്നതിന് മാനേജിംഗ് കമ്മറ്റിയുടെ അനുവാദം വേണം. ഒരു പ്രമേയത്തിലൂടെ ഇതിനുള്ള അനുവാദം വാങ്ങേണ്ടതാണ്. മാനേജിംഗ് കമ്മറ്റി ഉപസമിതികളെ നിയമിച്ചാലുടനെ ഉപസമിതി യോഗം കൂടി ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തേണ്ടവരെ കണ്ടെത്തി അവരുടെ പേരുകള്‍ തുടര്‍ന്നു കൂടുന്ന എപ്പിസ്കോപ്പല്‍ സിനഡിനും മാനേജിംഗ് കമ്മറ്റിയ്ക്കും സമര്‍പ്പിച്ച് അംഗീകാരം വാങ്ങി ഉപസമിതിയ്ക്ക് അന്തിമരൂപം നല്‍കേണ്ടതാണ്. പുറത്തു നിന്നുള്ളവരുടെ എണ്ണം സ്ഥാനികള്‍ ഒഴികെ മാനേജിംഗ് കമ്മറ്റിയില്‍ നിന്ന് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണത്തില്‍ അധികമാകരുത്. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കരുത്. ബന്ധപ്പെട്ട വിഷയങ്ങളുടെ ചര്‍ച്ച നടക്കുമ്പോള്‍ പ്രത്യേക ക്ഷണിതാക്കളായി മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. കൊച്ചി നിയമസമിതികളിലും നിയമസഭയിലും (1925-1949) ഇങ്ങനെയൊരു സംവിധാനമുണ്ടായിരുന്നു.
പ്ലാനിംഗ് കമ്മറ്റിയില്‍ മെത്രാസന സെക്രട്ടറിമാരെയും ഓരോ ആത്മീയ സംഘടനയുടെയും കേന്ദ്രഭാരവാഹികളെ ഉള്‍പ്പെടുത്തണം. ഫിനാന്‍സ് കമ്മറ്റിയിലും മെത്രാസന സെക്രട്ടറിമാരെ ഉള്‍പ്പെടുത്തേണ്ടതാണ്. റൂള്‍ കമ്മറ്റിയില്‍ നിയമപണ്ഡിതരെ ഉള്‍പ്പെടുത്തണം. പബ്ലിക് റിലേഷന്‍സ് കമ്മറ്റിയില്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താവുന്നതാണ്.
കണ്‍വീനര്‍
ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യമുള്ള മാനേജിംഗ് കമ്മറ്റി/വര്‍ക്കിംഗ് കമ്മറ്റിയംഗമായിരിക്കണം. ഓരോ ഉപസമിതിയുടെയും കണ്‍വീനര്‍. അസോസിയേഷന്‍ സെക്രട്ടറി ഒരു സമിതിയുടെയും കണ്‍വീനര്‍ ആകാതിരിക്കുന്നതാണ് ഉത്തമം. ഏതെങ്കിലും ഉപസമിതിയുടെ കണ്‍വീനര്‍ അസോസിയേഷന്‍ സെക്രട്ടറി ആയിരിക്കണമെന്ന് ആ സമിതിയുടെ (ഉദാ:- ആര്‍ക്കിടെക്ചര്‍-എഞ്ചിനീയറിംഗ് -ബില്‍ഡിംഗ് വിംഗ്) ഭരണഘടന/ഉപചട്ടങ്ങള്‍/നിയമാവലി അനുശാസിക്കുന്നുണ്ടെങ്കില്‍ മാത്രം അദ്ദേഹം കണ്‍വീനര്‍ ആയാല്‍ മതി. ഇത്തരം സമിതികള്‍ക്ക് ഒരു ജോയ്ന്‍റ് കണ്‍വീനര്‍ കൂടി ഉണ്ടായിരിക്കുന്നതു നന്നായിരിക്കും. അസോസിയേഷന്‍ സെക്രട്ടറി റൂള്‍ കമ്മറ്റിയുടെ കണ്‍വീനര്‍ ആകുന്ന രീതി 1966-ലും എല്ലാ കമ്മറ്റിയുടെയും കണ്‍വീനര്‍ ആകുന്ന രീതി 1986-ലും മാത്രമാണ് തുടങ്ങിയത്. അതുവരെ മറ്റുള്ളവരെയാണ് കണ്‍വീനര്‍മാരാക്കിയിരുന്നത്.
പ്രസിഡന്‍റ്
റൂള്‍ കമ്മറ്റി ഉള്‍പ്പെടെ “ഓരോ സബ്കമ്മറ്റിയുടെയും പ്രസിഡണ്ട് ഒരു മേല്‍പ്പട്ടക്കാരന്‍ ആയിരിക്കേണ്ടതാകുന്നു” എന്നു സഭാഭരണഘടനയില്‍ (വകുപ്പ് 86, 126) പറയുന്നു. 2012 വരെ ഇതായിരുന്നു സ്ഥിതി. മലങ്കര മെത്രാപ്പോലീത്താ ഉപസമിതിയുടെ അദ്ധ്യക്ഷനോ അംഗമോ ആകുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്കു ചേരുന്നതല്ലെന്നാണ് ഈ ലേഖകന്‍റെ അഭിപ്രായം. എല്ലാ ഉപസമിതിയുടെയും രക്ഷാധികാരി സ്ഥാനത്തുള്ള അദ്ദേഹത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെയിടയില്‍ ഉപസമിതിയുടെ ചുമതല വഹിക്കുന്നത് പ്രായോഗികമല്ല. അതേസമയം ഏതെങ്കിലും ഉപസമിതിയുടെ പ്രസിഡന്‍റ് മലങ്കര മെത്രാപ്പോലീത്താ ആയിരിക്കണമെന്ന് ആ സമിതിയുടെ (ഉദാ:- ആര്‍ക്കിടെക്ചര്‍-എഞ്ചിനീയറിംഗ് -ബില്‍ഡിംഗ് വിംഗ്) ഭരണഘടന/ഉപചട്ടങ്ങള്‍/നിയമാവലി അനുശാസിക്കുന്നുണ്ടെങ്കില്‍ മാത്രം അദ്ദേഹം പ്രസിഡന്‍റ് ആയാല്‍ മതി. ഇത്തരം സമിതികള്‍ക്ക് ഒരു മെത്രാന്‍ വൈസ് പ്രസിഡന്‍റ് കൂടി ഉണ്ടായിരിക്കുന്നതു നന്നായിരിക്കും.
റൂള്‍ കമ്മറ്റി
മലങ്കര മെത്രാപ്പോലീത്താ ആദ്യമായി റൂള്‍ കമ്മറ്റിയുടെ അദ്ധ്യക്ഷനാകുന്നത് 2012-ലാണ്. അദ്ധ്യക്ഷന്മാരായിരുന്ന നിയുക്ത കാതോലിക്കാമാര്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തതിനെ തുടര്‍ന്നുള്ള ഇടവേളകളില്‍ (1991 – 1994, 2005 – 2007, 2010 – 2012) ചിലര്‍ ആ സ്ഥാനം തുടര്‍ന്ന് വഹിച്ചിട്ടുണ്ടാകാമെന്നു മാത്രം. ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് (1934 -), മാത്യൂസ് മാര്‍ അത്താനാസിയോസ് (1959 – 1970), ദാനിയേല്‍ മാര്‍ പീലക്സീനോസ് (1971 – 1980), മാത്യൂസ് മാര്‍ കൂറീലോസ് (1980 – 1994), തോമസ് മാര്‍ തീമോത്തിയോസ് (1994 – 2007), പൗലോസ് മാര്‍ മിലിത്തിയോസ് (2007 -) തുടങ്ങിയ മെത്രാപ്പോലീത്താമാരായിരുന്നു റൂള്‍ കമ്മറ്റിയുടെ അദ്ധ്യക്ഷന്മാര്‍.
മലങ്കര യോജിച്ചു നിന്ന കാലത്തെ ഒരു റൂള്‍ കമ്മറ്റി (1966-1970) യാണ് സഭയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. സഭാ ഭരണഘടനയുടെ ഭേദഗതി (1967) പ്രക്രിയയിലും മാനേജിംഗ് കമ്മറ്റി – വര്‍ക്കിംഗ് കമ്മറ്റിയോഗ നടപടിചട്ടം (1966), അസോസിയേഷന്‍ തെരഞ്ഞെടുപ്പു നടപടി ചട്ടം (1970) എന്നിവയുടെ രൂപീകരണ പ്രക്രിയകളിലും ഈ റൂള്‍ കമ്മറ്റി സജീവ പങ്കാളിത്തം വഹിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ഭരണഘടന (1967) നിര്‍മ്മാണത്തിന് ആവശ്യമായ ഉപദേശം നല്‍കിയതായി അറിയുന്നു.
റൂള്‍ കമ്മറ്റിയെ ഭാവിയില്‍ ഭരണഘടനാ ഭേദഗതിയിലൂടെ സ്ഥിരവും (മാനേജിംഗ് കമ്മറ്റിയില്‍ നിന്ന്) സ്വതന്ത്രവുമായ സമിതിയാക്കി മാറ്റണം; പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ലീഗല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കണം.
1960-ലെ നല്ല മാതൃക
മലങ്കരസഭ യോജിച്ചു നിന്ന കാലത്തെ ആദ്യ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി (1959-1965) നല്ലയൊരു മാതൃകയാണ്. പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (മലങ്കര മെത്രാപ്പോലീത്താ), ഫാ. ജേക്കബ് മണലില്‍ (വൈദികട്രസ്റ്റി), ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാം (അല്‍മായട്രസ്റ്റി), ഇ. ജെ. ജോസഫ് എറികാട്ട് (അസോസിയേഷന്‍ സെക്രട്ടറി) എന്നീ സ്ഥാനികളും 90 (72 + 18) അംഗങ്ങളും 6 വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളും 13 മേല്‍പട്ടക്കാരും ഉള്‍പ്പെടെ അന്നത്തെ മാനേജിംഗ് കമ്മറ്റിയില്‍ പരമാവധി 113 പേരുണ്ടായിരുന്നു. (ഒന്നിലധികം സ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവരുണ്ടാകാനി ടയുള്ളതുകൊണ്ടാണ് ‘പരമാവധി’ എന്നു പറഞ്ഞിരിക്കുന്നത്). അന്നത്തെ മാനേജിംഗ് കമ്മറ്റി 1960 ഫെബ്രുവരി 18ന് നിയമിച്ച നാല് സബ്കമ്മറ്റികള്‍, അംഗങ്ങളുടെ സംഖ്യ, പ്രസിഡന്‍റ് (മെത്രാപ്പോലീത്താ), കണ്‍വീനര്‍ എന്നീ വിവരങ്ങള്‍ താഴെ പറയുന്നു.
റൂള്‍ കമ്മറ്റി (7) – മാത്യൂസ് മാര്‍ അത്താനാസിയോസ്, പി.എന്‍. നൈനാന്‍ (ഡപ്യൂട്ടി സെക്രട്ടറി); ഫിനാന്‍സ് കമ്മറ്റി (9) – ദാനിയേല്‍ മാര്‍ ഫീലക്സീനോസ്, എം.എം. മാത്യു; പ്ലാനിംഗ് കമ്മറ്റി (11 + 9) – ഏബ്രഹാം മാര്‍ ക്ലിമ്മീസ്, പി.സി. ഏബ്രഹാം; വസ്തു സംരക്ഷണോപദേശക കമ്മറ്റി (5) – മാത്യൂസ് മാര്‍ ഇവാനിയോസ്, കെ. ചെറിയാന്‍. 11 അംഗ പ്ലാനിംഗ് കമ്മറ്റിയെ ഉപദേശിക്കാനായി 9 പേരെ ഉപദേശകരായി നിയമിച്ചു. എ.എം. തോമസ് (കേന്ദ്രമന്ത്രി), സി.പി. മാത്തന്‍ (എക്സ് എം.പി, മുന്‍ അംബാസഡര്‍), പി. സി. അലക്സാണ്ടര്‍ എന്നീ പ്രഗത്ഭര്‍ ഉപദേശകരില്‍ ഉള്‍പ്പെട്ടിരുന്നു. (മലങ്കര സഭാ മാസിക 1960 മാര്‍ച്ച് ലക്കം കാണുക).
ആകെയുള്ള 113 പേരില്‍ 32 പേര്‍ (29%) മാത്രമാണ് സമിതികളില്‍ ഉള്‍പ്പെട്ടത്. മലങ്കര മെത്രാപ്പോലീത്തായോ അസോസിയേഷന്‍ സെക്രട്ടറിയോ ഒരു സമിതിയുടെയും ചുമതല വഹിച്ചിരുന്നില്ല. 1966 മാര്‍ച്ച് 24നു നിയമിച്ച പ്ലാനിംഗ് കമ്മറ്റിയ്ക്കും ഉപദേശകരുണ്ടായിരുന്നു. രാജ്യത്തെ പ്ലാനിംഗ് കമ്മീഷനും (ഇന്നത്തെ നിതി ആയോഗ്) സംസ്ഥാനത്തെ പ്ലാനിംഗ് ബോര്‍ഡിനും സമാനമായിട്ടാണ് സഭയിലെ പ്ലാനിംഗ് കമ്മറ്റിയെ അന്നുള്ളവര്‍ വീക്ഷിച്ചിരുന്നത്. ഈ നല്ല മാതൃക നമുക്കു പിന്തുടരാം.
(ഇപ്പോഴത്തെ മാനേജിംഗ് കമ്മറ്റിയുടെ സബ്കമ്മറ്റി രൂപീകരണത്തിനു മുമ്പായി 2017 മേയ് 15-ന് പ. കാതോലിക്കാ ബാവായ്ക്കും വര്‍ക്കിംഗ് കമ്മറ്റിക്കും സമര്‍പ്പിച്ചത്. തുടര്‍ന്നു കൂടിയ വര്‍ക്കിംഗ് കമ്മറ്റി ഈ നിര്‍ദേശങ്ങള്‍ ‘തത്വത്തില്‍ അംഗീകരിച്ച’തായി അറിയുന്നു).
[ലേഖകന്‍ ചെങ്ങന്നൂര്‍ മെത്രാസനത്തില്‍ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റിയംഗമാണ്]