കുമ്പസാരത്തെ ക്രൂശിക്കരുത് / ഡോ. എം. കുര്യന്‍ തോമസ്


സമീപദിനങ്ങളില്‍ മലങ്കരസഭയിലെ ഏതാനും വൈദികരുമായി ബന്ധപ്പെട്ട ആരോപണം മാധ്യമങ്ങളില്‍ കത്തിനില്‍ക്കുകയാണ്. കേരളാ പോലീസും സഭയുടെ കമ്മീഷനുകളും അന്വേഷിക്കുന്ന ആ വിഷയം അല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. നിയമം അതിന്‍റെ വഴിക്കു പോകട്ടെ. പക്ഷേ അതിന്‍റെ മറവില്‍ സഭയ്ക്കുള്ളിലും പുറത്തും കുമ്പസാരം എന്ന കൂദാശയ്ക്കെതിരെ വ്യാപകമായി നടത്തുന്ന പ്രചരണമാണ് പ്രശ്നം.

കുമ്പസാരം (Confession) മലങ്കരസഭയുടെ അടിസ്ഥാന കൂദാശകളില്‍ ഒന്നാണ്. സഭാംഗത്വത്തിന്‍റെ അടിസ്ഥാന യോഗ്യതകളെപ്പറ്റി വിവരിക്കുന്ന മലങ്കരസഭാ ഭരണഘടനയുടെ നാലാം വകുപ്പ് … ഏഴു കൂദാശകളുടെ കര്‍മ്മങ്ങള്‍, നോമ്പ് മുതലായി നിയമാനുസരണമുള്ള അനുഷ്ഠാനങ്ങള്‍ എന്നിവയിലും വിശ്വാസമുള്ളവരും അവയെ അനുഷ്ഠിക്കേണ്ട ബാദ്ധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങള്‍ ആയിരിക്കുന്നതാകുന്നു… എന്ന് ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്ത പാപങ്ങള്‍ വൈദികന്‍റെ മുമ്പാകെ ഏറ്റുപറയുക എന്നതാണ് കുമ്പസാരം എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. അത് പൂര്‍ണ്ണമായും ശരിയല്ല. തെറ്റ് എന്നു സ്വയം ബോദ്ധ്യമാവുന്ന ഏതു സംഗതിയും ആരുടെ മുമ്പിലും ഏറ്റുപറയാം. പക്ഷേ അതുകൊണ്ട് കുമ്പസാരമാവില്ല. തെറ്റുകള്‍ പുരോഹിതന്‍റെ മുമ്പില്‍ മാത്രമല്ല, മനഃസമാധാനത്തിനോ മറ്റു കാരണങ്ങള്‍കൊണ്ടോ സുഹൃത്തിന്‍റെയോ, മനഃശാസ്ത്രജ്ഞന്‍റെയോ, പോലീസിന്‍റെയോ കോടതിയുടെയോ എന്തിന് സ്വന്തം ഭാര്യ/ഭര്‍ത്താവിന്‍റെ മുമ്പിലോ ഏറ്റുപറയാം. പക്ഷേ അവയൊന്നും കുമ്പസാരം എന്ന കൂദാശ (ടമരൃമാലിേ) ആവുന്നില്ല.

പാപങ്ങള്‍ ഏറ്റുപറയാതെയും പാപമോചനം സഭ നല്‍കുന്നുണ്ട്. തലയ്ക്കുപിടിക്കല്‍ എന്നു ഗ്രാമീണ ഭാഷയിലും, ഹൂസോയാ (പാപപരിഹാര പ്രാര്‍ത്ഥന) എന്നു അച്ചടി ഭാഷയിലും പറയുന്ന പാപമോചനമാണത്. പക്ഷേ വി. കുര്‍ബാന അനുഭവിക്കുന്നതിനു അനിവാര്യമായ പാപമോചനത്തിനു ഇത് മതിയാകുമെങ്കിലും കുമ്പസാരം എന്ന കൂദാശയുടെ പൂര്‍ത്തീകരണമായി സഭ കണക്കാക്കുന്നില്ല. എങ്കിലും ഇതിനും അപവാദമുണ്ട്. സുബോധത്തോടെ രോഗശാന്തിക്കുള്ള തൈലാഭിഷേകം എന്ന കൂദാശ (യാക്കോ. 5:15 പ്ശീത്താ) സ്വീകരിച്ച വ്യക്തിക്ക് വി. കുര്‍ബാന നല്‍കാന്‍ പിന്നീട് ഹൂസോയോ പ്രാര്‍ത്ഥന നടത്തുകയോ ആരോഗ്യമുണ്ടെങ്കില്‍പ്പോലും കുമ്പസാരിപ്പിക്കുകയോ ചെയ്യാറില്ല. തെലാഭിഷേക ശുശ്രൂഷയില്‍ വ്യക്തമായ പാപമോചനം ഉള്ളതിനാല്‍ അത് അനാവശ്യമാണെന്നാണ് മുതിര്‍ന്ന വൈദികരുടെ അഭിപ്രായം. ഇത്തരമൊരു സംഭവത്തിനു ഈ ലേഖകന്‍ ദൃക്സാക്ഷിയാണ്.

ഓര്‍ത്തഡോക്സ് സഭയുടെ അടിസ്ഥാന വിശ്വാസമനുസരിച്ച് പാപമോചനമാണ് (Absolution) കുമ്പസാരത്തിന്‍റെ കാതല്‍. പാപമോചനം നല്‍കാന്‍ കാനോനികമായ പട്ടത്വം ഉള്ള വൈദികര്‍ക്കു മാത്രമാണ് അധികാരമുള്ളത്. അത് കര്‍ത്തൃകല്പിതവുമാണ് (മത്താ. 16:18-19). അവര്‍ക്കൊഴികെ മുകളില്‍ പരാമര്‍ശിച്ചവരെപ്പോലുള്ളവര്‍ക്ക് അത്തരമൊരധികാരമില്ല. പാപമോചനം നല്‍കുമ്പോള്‍ മാത്രമാണ് കുമ്പസാരം, ഒരു കൂദാശ എന്ന നിലയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. പാപമോചനം നല്‍കാനുള്ള കുമ്പസാരം എന്ന കൂദാശയില്‍ മാത്രമാണ് കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ ശ്രവിതാവ് ബാദ്ധ്യസ്ഥനായിരിക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കുമ്പസാരം എന്ന കൂദാശയുടെ പ്രായോഗികതയില്‍ ആണ് പലര്‍ക്കും തെറ്റിദ്ധാരണകള്‍ ഉള്ളത്. അവ വിശദീകരിക്കാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

ഒന്നാമതായി, മലങ്കരസഭയുടെ പാരമ്പര്യമനുസരിച്ച് സഭയിലെ ഏതു വൈദികന്‍റെ മുമ്പിലും സഭാംഗത്തിന് കുമ്പസാരിക്കാം. വികാരിയുടേയോ ഇതര നിശ്ചിത വൈദികരുടെയോ മുമ്പില്‍ മാത്രമേ കുമ്പസാരിക്കാവൂ എന്ന് യാതൊരു നിബന്ധനയും സഭയ്ക്കില്ല. അപ്രകാരം ചെയ്യണമെന്നും സഭ നിഷ്കര്‍ഷിക്കുന്നില്ല. പല വലിയ ഇടവകകളിലും കുമ്പസാരിക്കാന്‍ തിരക്കു കൂടുന്ന വലിയനോമ്പു കാലത്ത് പല വൈദികരുടേയും സേവനം ഇതിനായി സ്വീകരിക്കാറുണ്ട്. സ്വന്തം ഇടവകയിലല്ലാതെ ക്രമമായി കുമ്പസാരിക്കുന്നവരുണ്ട്. പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും വര്‍ഷങ്ങളായി സ്വന്തം ഇടവകയില്‍ കുമ്പസാരിക്കാത്തവരുമുണ്ട്.

രണ്ടാമതായി, കുമ്പസാരിക്കുന്ന വ്യക്തി, വൈദികന്‍റെ മുമ്പില്‍ സ്വന്തം പേരോ വ്യക്തിത്വമോ (Identity) വെളിപ്പെടുത്തേണ്ടതില്ല. വെളിപ്പെടുത്തണമെന്നു നിര്‍ബന്ധിക്കാനുമാവില്ല. പാപമോചനം നല്‍കുന്ന പുരോഹിതന് തെറ്റിന്‍റെ വിശദാംശങ്ങള്‍ കിള്ളിക്കിഴിച്ചു ചോദിക്കാനുമാവില്ല. പാപമോചനം കാംക്ഷിക്കുന്ന വ്യക്തിക്ക് സ്വയം തെറ്റ് എന്നു ബോദ്ധ്യമാവുന്നത് പറഞ്ഞാല്‍ അതു കേള്‍ക്കുക മാത്രമാണ് പുരോഹിതന് സാദ്ധ്യമാവുന്നത്. കുമ്പസാരിക്കുന്ന വ്യക്തി ചെയ്ത ഒരു തെറ്റിനു കുമ്പസാരിപ്പിക്കുന്ന വൈദികന്‍ ദൃക്സാക്ഷി ആണെങ്കില്‍പോലും ആ വ്യക്തി അതു സ്വമേധയാ ഏറ്റുപറഞ്ഞില്ലെങ്കില്‍ – വക്കീല്‍ഭാഷയില്‍ പറഞ്ഞാല്‍, ചോദിച്ചു വരുത്തുവാന്‍ – പുരോഹിതന് അവകാശമില്ല. പാപമോചനത്തില്‍ വ്യക്തി അപ്രസക്തമാണ്. തന്‍റെ പാപങ്ങള്‍ സ്വയം ഏറ്റുപറഞ്ഞ് പാപമോചനം അര്‍ത്ഥിക്കുന്നവര്‍ക്കു അതു നല്‍കാന്‍ മാത്രമാണ് കുമ്പസാരിപ്പിക്കുന്ന പുരോഹിതന് അധികാരം. ബൈബിളും സഭയും ചില പാപങ്ങള്‍ നിര്‍വചിച്ചിട്ടുണ്ടെങ്കിലും അവ കുമ്പസാരത്തില്‍ ഏറ്റുപറയണമെന്ന് ആരെയും നിര്‍ബന്ധിക്കാനോ അവ ഓരോന്നായി ചോദിക്കുവാനോ കാര്‍മ്മികന് അധികാരമില്ല. ആരെങ്കിലും അത്തരം പാപം മറച്ചുവെച്ചാല്‍ അത് അവരുടെ മാത്രം ബാദ്ധ്യതയും നിയമപ്രകാരം മറ്റൊരു പാപവുമാണ്.

ഇവയില്‍ പലതിനും ലിഖിത നിയമങ്ങള്‍ ഒന്നും കണ്ടിട്ടില്ല. ഒരുപക്ഷേ ഉണ്ടായിരിക്കാം. എന്നാല്‍ പരിണിതപ്രജ്ഞരായ മുതിര്‍ന്ന വൈദികരില്‍ നിന്നും, അവര്‍ക്കു പരമ്പരാഗതമായി ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവായി ലഭിച്ചതാണിവ. ഈ സീമകള്‍ ലംഘിക്കുന്ന അത്യപൂര്‍വം വൈദികര്‍ ഇന്ന് ഉണ്ടെന്നും ഈ ലേഖകനറിയാം. പക്ഷേ പ്രതികരിച്ചാല്‍ സമാധാനം പറയാന്‍ അവര്‍ ബാദ്ധ്യസ്ഥരാണെന്നതും അറിയാം. വിരളമായി അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. അതും നേരിട്ടറിയാം.

ഇവിടെ ന്യായമായ ഒരു സംശയം ഉയരാം. മലങ്കരസഭാ ഭരണഘടന 8-ാം വകുപ്പനുസരിച്ച് … ഇടവകയോഗാംഗങ്ങളുടെ പേരു വിവരം അടങ്ങിയ ഇടവകയോഗ രജിസ്റ്ററും കുമ്പസാരിച്ചിട്ടുള്ളവരുടെ പേരുവിവരം അടങ്ങിയ കുമ്പസാര രജിസ്റ്ററും ഉണ്ടായിരിക്കേണ്ടതാകുന്നു… ഇത് എങ്ങിനെ പൊരുത്തപ്പെടും? ഉത്തരം വളരെ ലളിതമാണ്. സ്വയം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാത്രം കുമ്പസാര രജിസ്റ്ററില്‍ പേരു ചേര്‍ത്താല്‍ മതി! പല പള്ളികളിലും കുമ്പസാര രജിസ്റ്ററില്‍ പേര് എഴുതുന്നത് സ്വയമായാണ്. എഴുതിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ദശാബ്ദങ്ങളായി സമയബന്ധിതമായി കുമ്പസാരിക്കുകയും ഒരിക്കല്‍പ്പോലും രജിസ്റ്ററില്‍ പേര് എഴുതാതിരിക്കുകയും ചെയ്യുന്നവരെ ഈ ലേഖകനറിയാം.

എങ്കില്‍പ്പിന്നെ എന്താണ് കുമ്പസാര രജിസ്റ്ററിന്‍റെ സാംഗത്യം? അതും സഭാഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. …ഇരുപത്തിഒന്നു വയസ്സ് പ്രായം തികഞ്ഞവരും ആണ്ടില്‍ ഒരു തവണ എങ്കിലും കുമ്പസാരിച്ച് വി. കുര്‍ബാന കൈക്കൊള്ളുന്നവരും ഇടവക രജിസ്റ്ററില്‍ പേരുള്ളവരുമായ എല്ലാ സ്ത്രീപുരുഷന്മാരും ഇടവകയോഗത്തില്‍ അംഗങ്ങളായിരിക്കും… എന്ന് ഏഴാം വകുപ്പ് നിഷ്കര്‍ഷിക്കുന്നു. അതിന് ഇത്തരം ഒരു രജിസ്റ്റര്‍ അനിവാര്യമാണ്.
പക്ഷേ ഇതിന് ഇടവകപ്പള്ളിയില്‍ത്തന്നെ കുമ്പസാരിക്കണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. കാനോനികമായി പാപമോചനാധികാരം ഉള്ള ഏതു വൈദികന്‍റെ മുമ്പിലെങ്കിലും കുമ്പസാരിച്ചാല്‍ മതി. ഇടവകയോഗത്തില്‍ അംഗത്വം നിലനിര്‍ത്താന്‍ അവിടെനിന്നൊരു സാക്ഷ്യപത്രം ഹാജരാക്കണമെന്നു മാത്രം. അങ്ങനെ ചെയ്യുന്ന അനേകരുണ്ട്. വികാരിക്ക് വേണമെങ്കില്‍ അതിന്‍റെ സാധുത പരിശോധിക്കാനുള്ള അവകാശമുണ്ടെന്നു മാത്രം. വിവാഹം, മാമോദീസാ പോലെയുള്ള കൂദാശകള്‍ക്കു മുന്നോടിയായി ബന്ധപ്പെട്ടവര്‍ കുമ്പസാരിക്കണമെന്നു നിഷ്കര്‍ഷിക്കാറുണ്ട്. അവര്‍ക്കും ഈ സ്വാതന്ത്ര്യം ഉണ്ട്. അപ്രകാരം ഉള്ള താല്പര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഒരു സാക്ഷ്യപത്രവും വേണ്ട. ബന്ധപ്പെട്ട കക്ഷികള്‍ വിശ്വാസയോഗ്യരെങ്കില്‍ സാക്ഷ്യപത്രംപോലും ഇക്കാര്യങ്ങളില്‍ പലപ്പോഴും ആവശ്യപ്പെടാറില്ല.

മലങ്കരസഭയുടെ നിലവിലുള്ള നിയമമനുസരിച്ച് ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ വേണമെങ്കില്‍ കുമ്പസാരത്തില്‍ നിന്നും ഒഴിഞ്ഞിരിക്കാം. അവര്‍ക്ക് ഇടവകയോഗാംഗത്വമോ പള്ളി ഭരണസമിതിയില്‍ സ്ഥാനമോ ലഭിക്കില്ലെന്നു മാത്രം. പക്ഷേ അതുകൊണ്ടു സഭാംഗത്വം നഷ്ടപ്പെടില്ല. അതേസമയം കുമ്പസാരം എന്ന കൂദാശയെ തള്ളിപ്പറഞ്ഞാല്‍ മലങ്കരസഭാ ഭരണഘടനയുടെ നാലാം വകുപ്പുപ്രകാരം സഭാംഗത്വത്തില്‍നിന്നും ഇതരനായിത്തീരും. വി. കുര്‍ബാന അനുഭവത്തിന്‍റെ കാര്യവും വിഭിന്നമല്ല.

ഇത് ബാലിശമായ ഒരു വാദമല്ല. ലോകത്തില്‍ അംഗബലംകൊണ്ട് ഏറ്റവും വലിയ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയായ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ജീവിതാന്ത്യം വരെ വി. കുര്‍ബാനാനുഭവം മാറ്റിവെയ്ക്കുന്ന അതീവ ഭക്തരായ വിശ്വാസികളുണ്ട്. വി. കുര്‍ബാന അനുഭവിച്ച ശേഷം വീണ്ടും പാപം ചെയ്യരുത് എന്ന സരളമായ വിശ്വാസത്താല്‍ ആ പാപം ഒഴിവാക്കാനാണ് അവര്‍ അപ്രകാരം ചെയ്യുന്നത്!

ഈ ലേഖകന് പട്ടത്വം എന്ന കൂദാശയില്‍ വിശ്വാസമുണ്ട്. പക്ഷേ പട്ടം സ്വികരിച്ചിട്ടില്ല. മെത്രാന്മാര്‍ അടക്കമുള്ള അവിവാഹിത പട്ടക്കാര്‍ക്ക് വിവാഹം എന്ന കൂദാശയില്‍ വിശ്വാസമുണ്ട്. പക്ഷേ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ടു മാത്രം ഇരുകൂട്ടരും സഭയില്‍നിന്നും പുറത്താകുന്നില്ല. പക്ഷേ പട്ടത്വത്തില്‍ വിശ്വാസമുള്ളതു കൊണ്ടുമാത്രം ഈ ലേഖകന് വി. കുര്‍ബാന അര്‍പ്പിക്കാനോ, അവിവാഹിതപട്ടക്കാര്‍ക്ക് കുടുംബജീവിതം നയിക്കാനോ സാദ്ധ്യമല്ല. അതേപോലെ കുമ്പസാരം എന്ന കൂദാശയില്‍ വിശ്വസിക്കുകയും എന്നാല്‍ കുമ്പസാരിക്കാതിരിക്കുകയും ചെയ്യുന്നവരും വി. കുര്‍ബാന എന്ന കൂദാശയില്‍ വിശ്വസിക്കുകയും അത് അനുഭവിക്കാതിരിക്കുകയും ചെയ്യുന്നവരും ആ കാരണത്താല്‍ മാത്രം സഭയില്‍നിന്നും പുറത്താകുന്നില്ല. പക്ഷേ അവര്‍ക്കു പള്ളി ഭരിക്കാന്‍ ആവില്ലെന്നു മാത്രം.

കുമ്പസാരം എന്ന കൂദാശയ്ക്കെതിരെ തീവ്രമായ പ്രചരണം ചില കോണുകളില്‍ നിന്നും പണ്ടു മുതലേ ഉയരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തെ മുതലെടുത്ത് അവര്‍ ഈ പ്രചരണം ശക്തമാക്കിയതിനെ താടിക്കു തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്ന പരിപാടിയായി കണക്കാക്കാം. എന്നാല്‍ ഈ സന്നിഗ്ദാവസ്ഥയില്‍ കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്നു സോഷ്യല്‍ മീഡിയായില്‍ ആവശ്യപ്പെടുന്ന ഓര്‍ത്തഡോക്സ് വിശ്വാസികള്‍ എന്നവകാശപ്പെടുന്നവരോ? ഒരു സുഹൃത്തിന്‍റെ ഭാഷയില്‍: പള്ളി പ്രമാണിയായി ഭരിക്കുകയും വേണം, കുമ്പസാരമടക്കമുള്ള സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ താല്പര്യവുമില്ല! ഇത് ഒട്ടും അനുവദനീയമല്ല; ഏതു പ്രമാണി ആണെങ്കിലും.