ഒരു പരാതി കിട്ടിയാല്‍ / ഡോ. എം. കുര്യന്‍ തോമസ്

PARAATH

മലങ്കര സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമീപ ദിവസങ്ങളില്‍ കോട്ടിട്ട ജഡ്ജിമാര്‍ നടത്തുന്ന മാദ്ധ്യമ വിചാരണയില്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് പരാതി കിട്ടിയിട്ട് എന്തുകൊണ്ടു ഉടന്‍ നടപടി എടുത്തില്ല എന്നത്. കുറ്റാരോപിതരായ വൈദീകരെ പരാതി ലഭിച്ച ഉടന്‍ കുപ്പായം ഊരിച്ച് നാടുകടത്താതിരുന്നത് സഭയുടെ മഹാ അപരാധമായി ആണ് ചിത്രീകരിക്കുന്നത്! മുന്‍വിധിയോടെ വാദിയും ന്യായാധിപനും ഒരാള്‍ തന്നെയാകുന്ന ഏകപക്ഷീയമായ ചാനല്‍ ചര്‍ച്ചകള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഈ ചോദ്യം പൊതു സമൂഹത്തിലും മലങ്കരസഭാംഗങ്ങള്‍ക്കിടയില്‍ത്തന്നെയും സംശയത്തിന്‍റെ നിഴല്‍ പരത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ നിര്‍ബന്ധിതനാകുന്നത്.

ആദ്യമെതന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ. സഭയ്ക്ക് സിവില്‍-ക്രിമിനല്‍ അധികാരങ്ങളൊന്നുമില്ല. അവയൊക്കെ അതത് രാജ്യനിയമങ്ങള്‍ക്കു മാത്രം വിധേയമാണ്. സഭയുടെ വിശ്വാസത്തേയും ആഭ്യന്തര കാര്യങ്ങളേയും ബാധിക്കുന്ന വിഷയങ്ങള്‍ മാത്രമാണ് സഭയ്ക്ക് കുറ്റവിചാരണ നടത്താവുന്നതും സഭാംഗത്തിനു ശിക്ഷ വിധിക്കാവുന്നതും. സിവില്‍-ക്രിമിനല്‍ സ്വഭാവങ്ങളുള്ള കുറ്റങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അതത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി അവിടുത്തെ നീതിന്യായസംവിധാനമാണ്. അത്തരം കാര്യങ്ങളില്‍ അവരെ സമീപിക്കുന്നതില്‍നിന്നും സഭ ആരെയും വിലക്കിയിട്ടില്ല.

പരാതികള്‍ നല്‍കേണ്ടതിനെപ്പറ്റിയും അവ പരിഗണിക്കേണ്ടതിനെപ്പറ്റിയും മലങ്കരസഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മലങ്കരസഭാ ഭരണഘടനയുടെ 9-ാം ഭാഗം (പരാതികളും വിധികളും) 115, 116, 117 വകുപ്പുകളിലാണ് ഈ വിഷയം പ്രതിപാദിക്കുന്നത്. അവ,

115. ഒരു അയ്മേനിയുടെയോ, ശെമ്മാശ്ശന്‍റെയോ, കശ്ശീശായുടെയോ പേരിലുള്ള പരാതി അവര്‍ ഏതു മെത്രാസന ഇടവകയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവോ ആ മെത്രാസന ഇടവകയുടെ മെത്രാപ്പൊലീത്തായുടെ അടുക്കല്‍ വേണ്ടതാകുന്നു.

116. മെത്രാപ്പോലീത്താ ആ പരാതി മെത്രാസന കൗണ്‍സിലില്‍ കൊണ്ടുവരേണ്ടതും ഇരു കക്ഷികള്‍ക്കും നോട്ടീസ് കൊടുത്ത് അവരുടെ തെളിവുകള്‍ വാങ്ങി വാദം കേട്ടതിനുശേഷം കൗണ്‍സിലിലെ അംഗങ്ങളുടെ ആലോചനയോടുകൂടി തീരുമാനം ചെയ്യേണ്ടതും ആകുന്നു. ഇങ്ങനെ തീരുമാനം ചെയ്യുന്നതുവരെ യുക്തമെന്നു തോന്നുന്ന നടപടികള്‍ ഇടവകമെത്രാപ്പോലീത്തായ്ക്കു തനിച്ചു സ്വീകരിക്കാവുന്നതാകുന്നു.

117. ഇടവക മെത്രാപ്പോലീത്തായുടെ തീരുമാനത്തിന്മേല്‍ മലങ്കര മെത്രാപ്പോലീത്തായുടെ അടുക്കല്‍ അപ്പീല്‍ ചെയ്യാവുന്നതും അദ്ദേഹം അപ്പീല്‍ എപ്പിസ്കോപ്പല്‍ സിനഡില്‍ കൊണ്ടുവരേണ്ടതും ഇരു കക്ഷികള്‍ക്കും നോട്ടീസ് കൊടുത്ത് അവരുടെ വാദം കേട്ടതിനുശേഷം എപ്പിസ്കോപ്പല്‍ സിനഡിലെ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം വിധി പ്രസ്താവിക്കേണ്ടതും ആകുന്നു. ഇതിലേക്കായി എപ്പിസ്ക്കോപ്പല്‍ സിനഡു കൂടുന്ന അവസരത്തില്‍ മാനേജിംഗ് കമ്മറ്റിയിലെ അംഗങ്ങളില്‍ ആവശ്യമെന്നു തോന്നുന്നവരെ ആലോചനക്കാരായി ക്ഷണിക്കാവുന്നതാകുന്നു…

ഈ വകുപ്പുകള്‍ വ്യക്തമാക്കുന്ന നടപടിക്രമത്തെ ഇപ്രകാരം സംഗ്രഹിക്കാം.

1. ഇടവക മെത്രാപ്പോലീത്താ പരാതി ഭദ്രാസന കൗണ്‍സിലില്‍ കൊണ്ടുവരണം.
2. ഇരു കക്ഷികള്‍ക്കും നോട്ടീസ് കൊടുക്കണം.
3. ഇരു കക്ഷികളുടേയും വാദം കേള്‍ക്കണം.
4. കൗണ്‍സിലിന്‍റെ ആലോചനയോടെ ഇടവക മെത്രാപ്പോലീത്താ തീരുമാനം എടുക്കണം.
5. തീരുമാനത്തില്‍ ആക്ഷേപമുള്ള കക്ഷികള്‍ക്ക് മലങ്കര മെത്രാപ്പോലീത്തായുടെ അടുക്കല്‍ അപ്പീല്‍ ബോധിപ്പിക്കാം.
6. അപ്പീല്‍ പരിഗണിക്കേണ്ടത് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആണ്.
7. ഇരുകക്ഷികള്‍ക്കും നോട്ടീസ് കൊടുക്കണം
8. ഇരുകക്ഷികളുടേയും വാദംകേള്‍ക്കണം.
9. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിലെ ഭൂരിപക്ഷാഭിപ്രായപ്രകാരം വിധി പ്രഖ്യാപിക്കണം.

ഈ നടപടിക്രമത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത, ഇടവക മെത്രാപ്പോലീത്തായ്ക്കോ മലങ്കര മെത്രാപ്പോലീത്തായ്ക്കോ ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല എന്നതാണ്. യേശുക്രിസ്തുതന്നെ ഇത് …ഞാന്‍ വിധിച്ചാല്‍ എന്‍റെ വിധി സത്യമായിരിക്കും. എന്തെന്നാല്‍ ഞാന്‍ തനിച്ചല്ല; പിന്നെയോ ഞാനും എന്നെ അയച്ച പിതാവും കൂടിയാണ്. രണ്ടുപേരുടെ സാക്ഷ്യം സത്യമായിട്ടുള്ളതത്രെയെന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതപ്പെട്ടിരിക്കുന്നു…(യോഹ. 8. 16-7 പശീത്താ) എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേപോലെ അപ്പീലിനുള്ള അവസരവും പ്രാധാന്യമുള്ളതാണ്. സഭാ ഭരണഘടന 107-ാം വകുപ്പനുസരിച്ച് വിശ്വാസം, പട്ടത്വം, അച്ചടക്കം, (എമശവേ, ഛൃറലൃ, ഉശരെശുഹശില) എന്നിവ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മാത്രം അധികാര പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സുന്നഹദോസ് എടുക്കുന്ന അച്ചടക്ക നടപടി അന്തിമമായിരിക്കും എന്ന് വ്യക്തം.

മലങ്കരസഭയില്‍ ഒരു എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിലവില്‍ വരുന്നതിനു മുമ്പുതന്നെ അപ്പീലും പുനര്‍വിചാരണയും അനുവദിച്ച് നീതി ഉറപ്പാക്കിയിരുന്നു. 1853-ലെ ചട്ടവര്യോല ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. …18-മത. ആരുടെ പെരില്‍എങ്കിലും ആവലാധി വന്നാല്‍, കാര്‍യ്യത്തിന്‍റെ വലിപ്പത്തിന്ന തക്കവണ്ണം, ഒന്നൊരണ്ടൊ വിഗാരി മുഖാന്തിരമായി വിചാരണ ചൈച്ച, കുറ്റത്തിന്ന തക്കവണ്ണം വിധി കല്പിയ്ക്കണം. സങ്കടക്കാരന്‍ വിചാരണക്കാറരുടെ പെരില്‍ അക്ഷെപം ബൊധിപ്പിച്ചാല്‍, മറ്റു വിഗാരിമാരെകൊണ്ട വിചാരണ കഴിപ്പിയ്ക്കണം. ംരം രണ്ടു വിചാരണയും ശരിയായിരുന്നാല്‍ പിന്നീട വിചാരണയ്ക്ക കല്പ്പിപ്പാന്‍ ആവശ്യംമില്ല. ംരം രണ്ടു വിചാരണയും രണ്ടായിരിക്കയും, സങ്കടക്കാരന അടക്കംവരാതെ തീരുകയും ചൈതാല്‍, 3-ാം വിചാരണയ്ക്ക കല്പന കൊടുക്കണം. ഇതിന്മണ്ണം വിചാരണ ചൈയുമ്പൊള്‍, രണ്ടു വിചാരണ ശരിയായിട്ട വരുന്നതാകകൊണ്ട, അതിനെ അനുസരിച്ച വിധി കല്പിയ്ക്കണം. ംരം വിചാരണക്കാര്‍ക്ക വെണ്ടുന്ന ചിലവ ആവലാധിക്കാരന്‍ കൊടുക്കണം… എന്ന വകുപ്പില്‍നിന്നും മൂന്നില്‍രണ്ട് ഭൂരിപക്ഷം എന്ന ലോകനീതി അന്ന് സഭ അംഗീകരിച്ചിരുന്നു എന്നു വ്യക്തമാകുന്നു.

ഭദ്രാസന കൗണ്‍സിലിനു വേണ്ടിയോ, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനു വേണ്ടിയോ ഒരു കമ്മീഷനെ നിയമിച്ച് വിചാരണയും തെളിവെടുപ്പും നടത്തെരുതന്നു സഭാ ഭരണഘടന വിലക്കുന്നില്ല. കൂടുതല്‍ സുതാര്യമായ പ്രക്രിയ അതാണ്. പക്ഷേ അത്തരം കമ്മീഷനുകള്‍ക്ക് വിധി പ്രഖ്യാപിക്കുവാനുള്ള അധികാരമില്ല. വസ്തുതകള്‍ ഭദ്രാസന കൗണ്‍സില്‍/എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മുമ്പാകെ റിപ്പോര്‍ട്ടു ചെയ്യാന്‍ മാത്രമാണ് അവര്‍ക്ക് അധികാരമുള്ളത്.

പരാതികളുടെ പരിശോധനയിലും തുടര്‍നടപടികളിലും ഇരുകക്ഷികള്‍ക്കും സ്വാഭാവികനീതി ഉറപ്പാക്കുന്നതില്‍ മലങ്കര സഭ എക്കാലത്തും ജാഗ്രത പുലര്‍ത്തിയിരുന്നു. പരാതികളില്‍ അന്വേഷണം, അന്വേഷണ കമ്മീഷന്‍, വിചാരണ എന്നീ വിഷയങ്ങളെപ്പറ്റി 1898-ല്‍ പ. പരുമല തിരുമേനി അയച്ച മൂന്നു കല്പനകള്‍ ഉദാഹരണമായെടുക്കാം.

…മീനം 8. നമ്പ്ര 170. വീയാപുരം മുറിയില്‍ കന്നിമേല്‍ കോണില്‍ ഈഴവ കേശവന്‍ കുമാരന്‍ തന്‍റെ ഈഴത്തിയെ കുന്നത്തു കിഴക്കേതില്‍ അവുസേപ്പ് അന്യായമായി കൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുന്നു എന്നുംമറ്റും ഇന്നേ ദിവസവും ബോധിപ്പിച്ചിരിക്കുന്ന ഹര്‍ജിയും 4-നു ബോധിപ്പിച്ച ഹര്‍ജിയും കൂടിവിചാരണ നടത്തി ശനിയാഴ്ചയ്ക്കകം വിചാരണകളും ഹര്‍ജികളും തിര്യെ അയക്കണമെന്നു ഹര്‍ജിപ്പുറത്ത് ഇണ്ടാസ് ചെയ്ത് എരുതോടു പള്ളിയില്‍ വിഗാരിക്കു അയച്ചു. കരുവാറ്റാ പള്ളിയില്‍ നിന്നും…

…ചിങ്ങം 7. നമ്പ്ര 15. വാഗത്താനത്തു പള്ളി ഇടവകയില്‍ … ബോധിപ്പിച്ച ഹര്‍ജ്ജിയില്‍ പറഞ്ഞിരിക്കുന്നപ്രകാരം ഉള്ളവകള്‍ സത്യമൊ എന്നും ആയതു യോഗ്യമായവിധത്തില്‍ തീര്‍ച്ച വരുത്തി റിപ്പോര്‍ട്ടു സഹിതം ഹര്‍ജ്ജി തിരികെ അയക്കുന്നതിനു കാട്ടില്‍ ഗീവറുഗീസു കത്തനാര്‍ക്കും ഓണാട്ടു പുന്നനും കാട്ടില്‍ പുന്നനും പഴയാറ്റുംകല്‍ ചെറിയയ്ക്കും കൂടി പുതുപ്പള്ളി പള്ളിയില്‍ നിന്നും എഴുതി അയച്ചു…

ആദ്യത്തെ കല്പനയില്‍ പള്ളിയോഗത്തെയും, രണ്ടാമത്തതില്‍ നാലു വ്യക്തികളേയുമാണ് കമ്മീഷനായി വയ്ക്കുന്നത്. വിചാരണ നടത്തുന്നതു സംബന്ധിച്ചാണ് അടുത്ത കല്പന
…ഇടവം 12. നമ്പ്ര 248. മുന്‍ 221-ാം നമ്പ്രായി അയച്ച സാധനത്തിലെ സംഗതികളെക്കുറിച്ച വാദമുണ്ടായതിനാല്‍ ആ സംഗതികളെക്കുറിച്ചു കേട്ടു തീരുമാനിക്കേണ്ടതിലെക്കായി പട്ടക്കാര്‍ ഇരുവരും ശേഷം വേണ്ടപ്പെടുന്നവരും വരുന്ന തിങ്കളാഴ്ച വീയപുരത്തു പള്ളിയില്‍ ഹാജരാകുന്നതിനു എഴുതി അയച്ചു…

ഇതൊക്കയും വ്യക്തമാക്കുന്നത് ലോകനീതി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് എക്കാലത്തും മലങ്കരസഭ പരാതികളില്‍ തീര്‍പ്പു കല്പിച്ചിരുന്നത് എന്നാണ്.

സ്വാഭാവിക നീതി എന്നത് പരാതികളിന്മേലുള്ള തുടര്‍നടപടികളില്‍ അത്യന്താപേഷിതമായ ഒന്നാണ്. ലോകത്ത് എല്ലാ നീതിന്യായവ്യവസ്ഥകളും ഇത് ഊന്നിപ്പറയുന്നുണ്ട്. അതിന്‍റെ സുപ്രധാനഘടകം കുറ്റാരോപിതന് (മരരൗലെറ) തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം കൊടുക്കണം എന്നുള്ളതാണ്. അതിന് ഒന്നാമതായി, നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുമാത്രമേ വിചാരണയും വിധിപ്രഖ്യാപനവും നടത്താവു. രണ്ടാമതായി, ആരോപിതമായ കുറ്റത്തെക്കുറിച്ച് കുറ്റാരോപിതനെ അറിയിക്കണം. മൂന്നാമതായി ആരോപണങ്ങളും തെളിവുകളും പരിശോധിക്കുവാനും തന്‍റെ ഭാഗം വിശദീകരിക്കുവാനും എതിര്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അവ ഹാജരാക്കുവാനും ആരോപിതന് അവസരം കൊടുക്കണം. അതിനുശേഷം മാത്രമേ വിധിപ്രസ്ഥാവനയിലേയ്ക്കും ശിക്ഷയിലേയ്ക്കും കടക്കാനാവു. അല്ലാത്തപക്ഷം സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന കാരണത്താല്‍ അത്തരം ശിക്ഷാവിധികള്‍ അസാധുവാകും.

സഭാഭരണഘടന കൂടാതെ മലങ്കരസഭ, ആത്മീയ കാര്യങ്ങളില്‍ നിയമസംഹിതയായി അംഗീകരിച്ചിരിക്കുന്ന ഹൂദായ കാനോനും സ്വാഭാവിക നീതി അംഗികരിച്ചിട്ടുണ്ട്. …സ്വീകാര്യരായ വിശ്വാസികളാല്‍ കുറ്റമാരോപിക്കപ്പെടുന്ന എപ്പിസ്ക്കോപ്പായെ എപ്പിസ്ക്കോപ്പാമാര്‍ വിളിക്കുകയും, കുറ്റം സമ്മതിച്ചാല്‍ ശാസിച്ച് ശിക്ഷ നിശ്ചയിക്കുകയും ചെയ്യണം. വന്നില്ലെങ്കില്‍ രണ്ട് എപ്പിസ്കോപ്പന്മാരെ അയച്ച് രണ്ടാമതും മൂന്നാമതും വിളിപ്പിക്കുകയും ഇങ്ങനെ ചെയ്തിട്ടും ധിക്കരിച്ചാല്‍ മുടക്കുകയും ചെയ്യണം. (ഹൂദായ 7: 2, ശ്ലീഹന്മാര്‍ 77) ഒരാളുടെ മാത്രം സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കരുതെന്നും അനുശാസിക്കുന്നുണ്ട് (ശ്ലീഹന്മാര്‍ 77) തെളിവെടുപ്പും വിചാരണയും അടക്കം സ്വാഭാവിക നീതിയുടെ ചട്ടങ്ങള്‍ പാലിക്കണമെന്നു തന്നെയാണ് കാനോന്‍ നിയമം.

മോശയുടെ ന്യായപ്രമാണത്തില്‍ (ങീമെശര ഹമം) …മനുഷ്യന്‍ ചെയ്യുന്ന അകൃത്യത്തിനോ പാപത്തിനോ അവന്‍റെ നേരെ ഒറ്റ സാക്ഷിമാത്രം പോര. രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയാല്‍ കാര്യം ഉറപ്പാക്കണം (ആവ. 19: 15 പശീത്താ)… എന്ന് ഇതു വ്യക്തമാക്കിയിട്ടുണ്ട്. പൗലൂസ് ശ്ലീഹാ ഇതുതന്നെ ആവര്‍ത്തിക്കുന്നു. …രണ്ടുമൂന്നു സാക്ഷികളുടെ വായ്മൊഴിയാല്‍ ഏതുകാര്യവും ഉറപ്പാകും എന്നു ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു…(2 കോരി. 13: 1. പശീത്താ), …രണ്ടോമൂന്നോ സാക്ഷികളുടെ തെളിവാല്ലാതെ കശ്ശീശയുടെമേലുള്ള കുറ്റാരോപണം നീ സ്വീകരിക്കരുത്…(1. തീമോ 5: 19 പശീത്താ) എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. ഇവയെ അവഗണിച്ച് സഭയ്ക്ക് ഒരു നടപടിയും എടുക്കാനാവില്ല.

സ്വാഭാവിക നീതി ലംഘിച്ചു നടത്തുന്ന യാതൊരു ശിക്ഷണ നടപടിയും നിയമദൃഷ്ട്യാ നിലനില്‍ക്കുകയില്ല. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണം പ. വട്ടശ്ശേരില്‍ തിരുമോനിയുടെ മുടക്കാണ്. 1911 ജൂണ്‍ 8-നു വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായെ അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതീയന്‍ പാത്രിയര്‍ക്കീസ് വിവിധ കാരണങ്ങള്‍ പറഞ്ഞു മുടക്കി. ഈ മുടക്കിനെ സംബന്ധിച്ച് 1913-ല്‍ ആരംഭിച്ചതും വട്ടിപ്പണക്കേസ് എന്നറിയപ്പെടുന്നതുമായ വ്യവഹാര പരമ്പരയിലെ (തിരുവനന്തപുരം ജീല്ലാകോടതിയില്‍ 1088-ല്‍ ഒ.എസ്. നമ്പര്‍ 94) ഒരു പ്രധാന വിഷയം സ്വാഭാവിക നീതിയുടെ ലംഘനമായിരുന്നു. മുടക്കിനു മുമ്പ് പ. വട്ടശ്ശേരില്‍ തിരുമേനിയെ ആരോപണങ്ങള്‍ അറിയിക്കുകയോ, തന്‍റെ ഭാഗം വിശദീകരിക്കുവാന്‍ അവസരം നല്‍കുകയോ ചെയ്തില്ല എന്ന വസ്തുത ഗൗരവമുള്ളതായി ആണ് കോടതി നിരീക്ഷിച്ചത്. മുടക്ക് അസാധുവാക്കി തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ റിവ്യൂ ഹര്‍ജിയില്‍ 1923 മാര്‍ച്ച് 23-ന് ആ കേസിന്‍റെ അന്തിമ വിധി ഉണ്ടായി. ആരോപിതന് തന്‍റെ ഭാഗം വിശദികരിക്കത്തക്ക അവസരങ്ങള്‍ നല്‍കിയില്ല എന്ന സ്വാഭാവികനീതിയുടെ ലംഘനമാണ് ഇപ്രകാരം ഒരു വിധി പ്രസ്താവിക്കുന്നതിന് ഹേതുവായി തീര്‍ന്നത്. വിധികര്‍ത്താവിന് നേരിട്ട് അറിവുള്ള കാര്യമാണങ്കില്‍ പോലും അത് വിചാരണയുടെ ആവശ്യകതയെ തടയുന്നില്ല എന്നും ആ കേസില്‍ കോടതി നിരീക്ഷിച്ചു.

സഭാ സംവിധാനത്തില്‍ എടുക്കുന്ന നടപടികളില്‍ അവയുടെ ചട്ടക്കൂടുകള്‍ പാലിക്കാതിരിക്കുകയോ കക്ഷികള്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്താല്‍ രാജ്യത്തെ സിവിള്‍ കോടതികളില്‍ പരാതിപ്പെടാം. സ്വാഭാവികനീതിയെ അതീവ ഗൗരവത്തോടെ കാണുന്ന രാജ്യമാണ് ഇന്ത്യ. പ്രതിക്കും തന്‍റെ ഭാഗം വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഗതിയില്ലാത്ത പ്രതികള്‍ക്ക് കോടതിച്ചിലവില്‍ വക്കീലിനെ (ഹലഴമഹ മശറ) വെച്ചുകൊടുക്കുന്നത്.

ഈ നടപടിക്രമങ്ങള്‍ നിയമപരമായി ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗം ആരോപിതന്‍ കുറ്റസമ്മതം നടത്തുക എന്നതു മാത്രമാണ്. കാടന്‍ നീതിന്യായം എന്നറിയപ്പെടുന്ന പഴയകാലത്തെ നമ്പൂതിരി സ്ത്രീകളുടെ സ്മാര്‍ത്തവിചാരത്തില്‍ ചെയ്തിരുന്നത് ഇതാണ്. കുറ്റാരോപിതയെ ഏതുവിധത്തിലും സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കുക. അങ്ങിനെ വിചാരണ ഒഴിവാക്കുക. സഭയ്ക്ക് അങ്ങിനെ ചെയ്യാനാവില്ലല്ലോ.

ഒരു പരാതി ലഭിച്ചാല്‍ ആദ്യം കുറ്റാരോപിതന് മലങ്കര മെത്രാപ്പോലീത്താ രോഖാമൂലം നോട്ടീസ് നല്‍കണം. അതില്‍ ആരോപിതമായ കുറ്റം വ്യക്തമാക്കുകയും രേഖാമൂലമുള്ള വിശദീകരണം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യണം. മറുപടി നല്‍കാതിരിക്കുകയോ, നോട്ടീസ് നല്‍കാനുള്ള അധികാരത്തെ ചോദ്യം ചെയ്തോ, ധിക്കാരപരമായോ മറുപടി നല്‍കുകയോ ചെയ്താല്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് തുടര്‍നടപടികള്‍ കൂടാതെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാം. അപ്രകാരമുള്ള ശിക്ഷണ നടപടി ആരോപിതനെ രേഖാമൂലം അറിയിക്കുകയും പൊതുകല്‍പ്പനവഴി മുഴുവന്‍ സഭയില്‍ പ്രസിദ്ധീകരിക്കുകയും വേണം. പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദീമോസ് പ്രഥമന്‍റെ 2010 സെപ്റ്റംബര്‍ 10-ലെ 483/10 നമ്പര്‍ കല്‍പ്പന, മറുപടി നല്‍കാത്ത സാഹചര്യത്തിലും പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍റെ 2010 ഡീസംബര്‍ 8-ലെ 86/2010 നമ്പര്‍ കല്‍പ്പന നിഷേധാത്മകവും ധിക്കാരപരവുമായ മറുപടി ലഭിച്ച സാഹചര്യത്തിലും, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയപ്രകാരം രണ്ടു വൈദീകരെ സഭയില്‍ നിന്നു പുറത്താക്കിയവയാണ്. ഇത്തരം സാഹചര്യങ്ങളില്‍ സഭ എടുക്കുന്ന നടപടിക്രമത്തിന്‍റെ ഉദാഹരണങ്ങളാണവ.

മറിച്ച്, ആരോപിതര്‍ അന്വേഷണത്തോട് സഹകരിക്കുകയും, ഉചിതമായ മറുപടി നല്‍കുകയും ചെയ്താല്‍ നടപടിക്രമങ്ങള്‍ തുടര്‍ന്നേപറ്റു. വാദി ഹാജരാക്കിയ തെളിവുകള്‍ പരിശോധിക്കുവാനും എതിര്‍ തെളിവുകളും സാക്ഷികളേയും ഹാജരാക്കുവാനും ആരോപിതന് അവകാശമുണ്ട്. അതേപോലെ അവയെ പ്രതിരോധിക്കുവാന്‍ വാദിക്കും അവകാശമുണ്ട്. ഇവയ്ക്ക് അവസരം നല്‍കുവാനും അവ പരിഗണിക്കുവാനും സുന്നഹദോസിന് ബാദ്ധ്യതയുണ്ട്. വിഷയത്തില്‍ വിദഗ്ദോപദേശം തേടുവാന്‍ മലങ്കരസഭാ ഭരണഘടനപ്രകാരം എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് അവകാശമൂണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കി മാത്രമേ ഇത്തരം സാഹചര്യത്തില്‍ സുന്നഹദോസ് നിശ്ചയപ്രകാരം ഒരു വിധി പ്രഖ്യാപിക്കുവാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് അധികാരമൊള്ളു. ഈ പ്രക്രിയ ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കാവുന്നതല്ല എന്ന് ആര്‍ക്കും ബോദ്ധ്യമാവും.

ഒരു പരാതി ലഭിച്ചാല്‍ മെത്രാപ്പോലീത്തായ്ക്ക് ഉടന്‍ തനിച്ചു ചെയ്യാവുന്നത് ഭരണഘടനയുടെ 116-ാം വകുപ്പനുസരിച്ച് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റാരോപിതനെ ചുമതലകളില്‍നിന്നും ഒഴിച്ചു നിര്‍ത്തുക എന്നതു മാത്രാണ്. (ഔദ്യോഗിക ഭാഷയില്‍, അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുക) പക്ഷേ അപ്പോഴും ആരോപിതന്‍ സഭാംഗം അല്ലാതാകുന്നില്ല. രാജ്യത്തിന്‍റെ നിയമപ്രകാരം ശിക്ഷ ലഭിച്ച ഒരു കൊലപാതകിയെപ്പോലും അക്കാരണത്താല്‍മാത്രം സഭയില്‍നിന്നും പുറത്താക്കാനാവില്ല. ഉദാഹരണത്തിന് ഒരു വൈദീകന്‍റെ പേരില്‍ ഗുരുതരമായ ആരോപണങ്ങളോടെ പരാതി ലഭിച്ചപ്പോള്‍ 2007 ജൂണ്‍ 22-നു പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദീമോസ് പ്രഥമന്‍ അദ്ദേഹത്തിനു നല്‍കിയ 158-ാം നമ്പര്‍ നിരോധന കല്‍പ്പന എടുക്കാം. നമുക്ക് എത്രയും പ്രിയപ്പെട്ടിരിക്കുന്ന നമ്മുടെ… കത്തനാര്‍ക്ക് വാഴ്വ് എന്നാരംഭിക്കുന്ന കല്‍പ്പനയിലെ പ്രസക്ത ഭാഗം.

…ആകയാല്‍ പ. സഭയുടെ പൊതു താല്‍പ്പര്യത്തെ മാനിച്ചുകൊണ്ട്, അടുത്തുവരുന്ന എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതുവരെ, പൗരോഹിത്യത്തിനടുത്ത എല്ലാ ശുശ്രൂഷകളില്‍നിന്നും പ്രിയനെ നാം നിരോധിച്ചിരിക്കുന്നു. പ. സഭയുടെ ഒരു ദേവാലയത്തിലും ഒരു പട്ടക്കാരന്‍ ചെയ്യേണ്ടതായ യാതൊരു കൂദാശാനുഷ്ഠാനങ്ങളും പ. സുന്നഹദോസ് തീരുമാനം ഉണ്ടാകുന്നതുവരെ പ്രിയന്‍ ചെയ്യുവാന്‍ പാടുള്ളതല്ല… ഒരു പരാതി ലഭിച്ചാല്‍ സഭയ്ക്ക് ഉടനടി പരമാവധി ചെയ്യാവുന്നത് ഇതുമാത്രമാണ്.

കുറ്റം തെളിയുന്നതുവരെ ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണ്. അതുവരെ അയാളെ കുറ്റവാളി എന്നു മുദ്രകുത്താന്‍ പാടില്ല. അതാണ് നിയമശാസ്ത്രം (ഷൗൃശലെ ുൃൗറലിരല). കാനോന്‍ അനുസരിച്ചും, സഭാ ഭരണഘടന അനുസരിച്ചും, രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ചും, അതിനേക്കാള്‍ ഒക്കെ ഉപരി, സ്വാഭാവിക നീതി അനുസരിച്ചും കൃത്യമായ നടപടിക്രമങ്ങള്‍ (ുൃീരലറൗൃല) പാലിച്ചുള്ള തെളിവെടുപ്പും വിചാരണയും കഴിച്ച് വിധി പ്രഖ്യാപിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സിവിള്‍ കോടതിയെ സമീപിക്കാം. സഭാനിയമത്തില്‍ ഒരുപക്ഷേ കോടതിക്ക് ഇടപെടാന്‍ സാധിച്ചില്ലന്നുവരാം. പക്ഷേ അതിന്‍റെ തന്നെ നടപടിക്രമം ലംഘിക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്താല്‍ ആ കാരണങ്ങളാല്‍ മാത്രം ശിക്ഷണ നടപടികള്‍ റദ്ദു ചെയ്യാന്‍ സിവിള്‍ കോടതിയ്ക്കു സാധിക്കും. ഇപ്പോഴത്തെ ആള്‍ക്കുട്ട ആക്രോശങ്ങള്‍ക്ക് വിധേയമായി സഭ എടുത്തുചാടിയാല്‍ ആത്യന്തികമായി സംഭവിക്കുന്നത് അതാവും.

ആദ്യം പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, സഭയ്ക്ക് സിവിള്‍-ക്രിമിനല്‍ അധികാരങ്ങളില്ല. അവ രാജ്യ നിയമത്തിനു കീഴിലാണ്. സഭയുടെ പരിധിയില്‍ വരുന്നത് കാനോന്‍ നിയമത്തിനു കീഴില്‍ വരുന്ന വിഷയങ്ങള്‍ മാത്രമാണ്. മാദ്ധ്യമ വിചാരണകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ പ്രസക്തമായ പരാതിയില്‍ (ഈ പരാതി ഈ ലേഖകന്‍ കണ്ടിട്ടില്ല; കാണാന്‍ സാദ്ധ്യതയുമില്ല) രണ്ടു വിഷയങ്ങള്‍ മാത്രമാണ് സഭയ്ക്ക് പരിഗണിക്കാനുള്ളത്. അവ:

1. വൈദീകര്‍ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്തു.
2. വൈദീകര്‍ പരസ്ത്രീഗമനം നടത്തി.

ഇവ രണ്ടും കാനോന്‍ നിയമമനുസരിച്ച് അതീവ ഗുരുതരമായ കുറ്റങ്ങളാണ്. അവയെ അതേ ഗൗരവത്തോടെ സഭയ്ക്ക് പരിഗണിച്ചേ പറ്റൂ. കാരണം ഇവ രണ്ടും സഭയുടെ അടിസ്ഥാന നിയമങ്ങളുമായി ബന്ധപ്പെട്ടവയാണ്. അക്കാര്യങ്ങളില്‍ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഗൗരവമായി ഇടപെട്ടേ പറ്റു. കാരണം അവ സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.

ഒന്നാമത്തെ വിഷയം കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചാണ്. മലങ്കരസഭാ ഭരണഘടനയുടെ നാലാം വകുപ്പ് അനുസരിച്ച് …ഏഴു കൂദാശകളുടെ കര്‍മ്മങ്ങള്‍, നോമ്പ് മുതലായി നിയമാനുസരണമുള്ള അനുഷ്ഠാനങ്ങള്‍ എന്നിവയിലും വിശ്വാസമുള്ളവരും അവയെ അനുഷ്ഠിക്കേണ്ട ബാദ്ധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങള്‍ ആയിരിക്കുന്നതാകുന്നു… ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ച് സ്വന്തപാപങ്ങള്‍ വൈദീകന്‍റെ മുമ്പാകെ ഏറ്റു പറഞ്ഞ് അദ്ദേഹത്തില്‍നിന്നും പാപമോചനം പ്രാപിക്കുന്നതില്‍ ഈ വിശ്വാസ പ്രഖ്യാപന ബാദ്ധ്യത അവസാനിക്കുന്നു. പക്ഷേ ഒരു വൈദീകനെ സംബന്ധിച്ച്. കുമ്പസാര രഹസ്യം വെളിപ്പടുത്താതിരിക്കുന്നതും അതു ദുരുപയോഗം ചെയ്യാതിരിക്കുന്നതും കൂടി ഈ ഭരണഘടനാ വകുപ്പുപ്രകാരം സഭാംഗത്വത്തിനുള്ള അടിസ്ഥാന യോഗ്യതയില്‍ ഉള്‍പ്പെടും. അവ ലംഘിച്ചാല്‍ അവരുടെ സഭാംഗത്വം നഷ്ടപ്പെടും. കാരണം, കുമ്പസാരത്തെക്കുറിച്ചുള്ള സഭാ നിയമം ഏകപക്ഷീയമല്ല. കുമ്പസാരപിതാവിന് – അതായത് വൈദീകന് – പാപമോചനത്തില്‍ വിശ്വസിക്കുന്നു എന്ന വിശ്വാസംകൊണ്ടുമാത്രം സഭാംഗത്വം നിലനിര്‍ത്താനാവില്ല. കുമ്പസാര രഹസ്യം വെളിപ്പടുത്താതിരിക്കുന്നതും അതു ദുരുപയോഗം ചെയ്യാതിരിക്കുന്നതും കൂടി തന്‍റെ വിശ്വാസസത്യമായി പരിഗണിച്ച് അവ അനുഷ്ഠിച്ചില്ലങ്കില്‍ തീര്‍ച്ചയായും വൈദീകര്‍ സഭയ്ക്ക് ഇതരരാകും. അതിനാല്‍ ഇത്തരമൊരാപണം സുന്നഹദോസിനു ഗൗരവമായി പരിഗണിച്ചേ പറ്റൂ.

അടുത്ത വിഷയം പുരോഹിതരെുടെ പരസ്ത്രീ സംഗമമാണ്. ഇതും സഭയെ സംബന്ധിച്ച് അതീവ ഗൗരവമായ ഒരു പ്രശ്നമാണ്. പുരോഹിതന്‍റെ പരസ്ത്രീ സംഗമം സഭാംഗത്വം വരെ നഷ്ടമാക്കുന്ന പാപമായാണ് ഹൂദായ കാനോന്‍ പരിഗണിക്കുന്നത് (ഹൂദായ. 4:3 ഉറഹായിലെ യാക്കോബ്, ഹൂദായ. 7:4 ശ്ലീഹന്മാര്‍ 28, നിഖ്യാ 3, ബസേലിയോസ് റാബോ, നെവോകൈസറിയാ 1, 9, ഹൂദായ. 7:5, ശ്ലീഹന്മാര്‍ 16, 17 മുതലായവ) ഇതും സഭയ്ക്ക് പരിഗണിക്കാതിരിക്കാന്‍ നിവൃത്തിയില്ല.

വൈദീകരെ സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ സഭ ഗൗരവമായി എടുത്തേ പറ്റൂ. കാരണം ഇവ അത്യപൂര്‍വമാണങ്കിലും അവ പുരോഹിത നിര്‍മിതിയേയും ആത്യന്തികമായി സഭയുടെ കെട്ടുറപ്പിനേയും ബാധിക്കുന്ന വിഷയമാണ്. അവയെ അതീവ ഗൗരവത്തോടെ തന്നെ പരിഗണിക്കണം. അതിനുള്ള അധികാരം സഭാ ഭരണഘടനയനുസരിച്ച് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനു മാത്രമാണ്. പക്ഷേ അതൊരു ദീര്‍ഘമായ പ്രക്രിയയാണ്. കൃത്യമായും കാനോന്‍ – സഭാ – രാജ്യ – സ്വാഭാവികനീതി – നിയമങ്ങള്‍ ആ പ്രക്രിയയില്‍ പാലിച്ചേ പറ്റു. ഇപ്പോള്‍ ഈ വിഷയത്തില്‍ സഭാപരമായ അന്വേഷണം കൂടാതെ പോലീസ് അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. സഭയുടെ അന്വേഷണം ഒരുവീധത്തിലും പോലീസ് അന്വേഷണത്തെ ബാധിക്കില്ല. പക്ഷേ പോലീസ് അന്വേഷണത്തിന്‍റെ ഫലം സഭയുടെ ആഭ്യന്തര അന്വേഷണ സംഘത്തിനു പരിഗണിച്ചേ പറ്റൂ. കാരണം, അനുകൂലമായോ പ്രതികൂലമായോ ലഭിക്കുന്ന ഏതു തെളിവും വേദ – കാനോന്‍ നിയമമനുസരിച്ച് പരിഗണിക്കണം. കൂടുതല്‍ സൗകര്യങ്ങളും നിയമ പരിരക്ഷയുമുള്ള പോലീസിന് സഭയുടെ കമ്മീഷനനേക്കാള്‍ എത്രയോ അധികം വിവരം ലഭിയ്ക്കാനുള്ള അവസരങ്ങളുണ്ട്. സഭയ്ക്ക് അവ അവഗണിക്കാനാവില്ല. ചുരുക്കത്തില്‍, സിവില്‍ അധികാരികളുടെ അന്വേഷണഫലം, സഭാ കമ്മീഷനുകളില്‍ നിര്‍ണ്ണായകമായ ഒരു തെളിവായിരിക്കും എന്നു സാരം.

മുകളില്‍ പറഞ്ഞതുപോലെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഈ വൈദീകരുടെമേല്‍ ചുമത്തിയിട്ടുള്ളത്. അതിനാല്‍ത്തന്നെ പോലീസ് അന്വേഷണം അവസാനിച്ചാലും സഭയുടെ അന്വേഷണം പൂര്‍ത്തീകരിക്കാതിരിക്കാന്‍ സാദ്ധ്യമല്ല. കുറ്റം തെളിഞ്ഞാല്‍ കാനോന്‍ നിയമമനുസരിച്ച് പരമാവധി അവരെ വൈദീകവൃത്തിയില്‍നിന്നോ അങ്ങേയറ്റം സഭയിയില്‍നിന്നും പുറത്താക്കാന്‍ മാത്രമേ സഭയ്ക്കു സാധിക്കൂ. ആഭ്യന്തര അന്വേഷണ ഫലം പ്രതികൂലമെങ്കില്‍ പ്രതികളായ വൈദീകര്‍ക്ക് സഭയ്ക്കു നല്‍കാവുന്ന പരമാവധി ശിക്ഷ നല്‍കണം. അക്കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷേ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവരെ നിരപരാധികള്‍ എന്നു വാഴ്ത്തുന്നതും പ്രതികള്‍ എന്നു വിശേഷിപ്പിക്കുന്നതും ശരിയല്ല. അതു കാനോന്‍ നിയമത്തിനും നിയമ ശാസ്ത്രത്തിനും വിരുദ്ധമാണ്. കുറ്റം തെളിഞ്ഞാല്‍ യാതൊരു ദാക്ഷണ്യവും കൂടാതെ പരമാവധിശിക്ഷ തന്നെ നല്കണം.

നീതിന്യായവ്യവസ്ഥ ശിക്ഷകള്‍ നല്‍കുന്നത് രണ്ട് ഉദ്ദേശത്തോടയാണ്. ഒന്നാമത്, ചെയ്ത കുറ്റത്തിനു വ്യക്തിക്കുള്ള ശിക്ഷ. രണ്ടാമത്, ഇത്തരം കുറ്റം ചെയ്താല്‍ ലഭിക്കുനന്ത് എന്തെന്ന് സമൂഹത്തിനു ഇത്തരം ശിക്ഷണത്തിലൂടെ മാതൃക കാണിച്ച് അവരെ അത്തരം ചെയ്തികളില്‍നിന്നും പിന്തിരിപ്പിക്കുക. പൗലൂസ് ശ്ലീഹാ പറയുന്നതും ഇതു തന്നെയാണ്. …മറ്റുള്ളവര്‍ക്കും ഭയം ഉണ്ടാകേണ്ടതിനായി പാപം ചെയ്യുന്നവരെ എല്ലാവരുടെയും മുമ്പില്‍വെച്ച് ശാസിക്കുക…(1. തീമോ. 5: 19 പശീത്താ). അതായത്, ശിക്ഷണ നടപടികള്‍ സുന്നഹദോസിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ സൂക്ഷിക്കാനുള്ളതല്ലന്നു സാരം.