മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം

വെടി, തീക്കളി എന്നിവയോടു കൂടെ മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം
 
112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ ആഘോഷത്തോടുകൂടെ പെരുന്നാള്‍ മെത്രാപ്പോലീത്താ കഴിപ്പിക്കയും മേല്‍ ആണ്ടത്തെ പെരുനാള്‍ അമയന്നൂര്‍കാരന്‍ നക്ഷത്ര ബംഗ്ലാവില്‍ റൈട്ടറു കുര്യനും കോട്ടയത്തു കുന്നുംപുറത്ത് കുര്യനും കൂടെ കഴിക്കത്തക്കവണ്ണം നിശ്ചയിച്ചു അതിന്മണ്ണം എരുത്തിക്കല്‍ കത്തനാരെ കൊണ്ടു പള്ളിയില്‍ …. കൂടെ പറയിക്കയും ചെയ്തതു കൂടാതെ അന്നുതന്നെ അച്ചടി തുടങ്ങുകയും ചെയ്കയാല്‍ ….
155. മുന്‍ 102 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം സെമിനാരിയില്‍ ഉണ്ടാക്കിയ പ്രസ്സില്‍ ആദ്യം മതവിരോധമായും തെറ്റായും കൗമ്മാപ്പടി നമസ്കാരം അച്ചടിച്ചാറെ ഏറെ പിരിവില്ലാഴിക കൊണ്ട് പിന്നീട് വൈദ്യപുസ്തകം അച്ചടിപ്പിക്കയും ചെയ്തു. പിന്നീട് മറ്റൊന്നു അച്ചടിപ്പിക്കുന്നതിനു ഇല്ലാഴികകൊണ്ട് ഇപ്പോള്‍ പഞ്ചതന്ത്രവും ചാണക്യസൂത്രവും അച്ചടിപ്പിച്ചു വരുന്നു. മെത്രാന്‍ കള്ളഎഴുത്തുണ്ടാക്കി മൂസലില്‍ ചെന്നു ശെമ്മാശായിരിക്കുമ്പോള്‍ കത്തനാരാകുന്നുയെന്നു പറഞ്ഞ് അവിടെ കുര്‍ബ്ബാന ചൊല്ലുകയും കള്ളഎഴുത്ത് കൊടുത്ത് സ്ഥാനം മോഷ്ടിക്കയും ചെയ്തത് ചാണക്യന്‍റെ സൂത്രത്തേക്കാള്‍ വല്യ സൂത്രമാകുന്നു. മെത്രാന്‍റെ നടപ്പും ….. നിരൂപിച്ചു നോക്കിയാല്‍ ഇനി പൂരപ്പാട്ടു കൂടെ അച്ചടിപ്പാന്‍ യോഗ്യതയുള്ളതായി കാണുന്നു.
 
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)