സാമൂഹ്യ തിന്മകള്‍ക്കെതിരെ ജാഗ്രത ഉള്ളവർ ആയിരിക്കണം: പ. കാതോലിക്കാ ബാവാ

സാമൂഹ്യ തിന്മകള്‍ക്കെതിരെ ദൈവീകമായി പ്രതികരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി.മൂറോന്‍ കൂദാശയ്ക്കായി സഭ മുഴുവനും ഈ വലിയ നോമ്പില്‍ ഉപവാസത്തോടും വ്രതാനുഷ്ഠാനങ്ങളോടും പ്രാര്‍ത്ഥനയോടും കൂടി പ്രത്യേകം ഒരുങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവാ. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, യൂഹാനോന്‍ മാര്‍ ദിമിത്രീയോസ് മെത്രാപ്പോലീത്താ എന്നിവര്‍ ധ്യാനം നയിച്ചു.

സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നുളള ദിവസങ്ങളില്‍ സഭാ തലത്തിലും, ഭദ്രാസന തലത്തിലും നടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍, വൈദീക സെമിനാരികള്‍, ആദ്ധ്യാത്മീക സംഘടനകള്‍, സന്യാസപ്രസ്ഥാനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കുന്ന സുന്നഹദോസ് യോഗം 23 വെളളിയാഴ്ച്ച സമാപിക്കും.