ജോര്‍ജ് തുമ്പയില്‍
മലങ്കരസഭയ്‌ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന് ഒരുസഭയായി ഒത്തുചേര്‍ന്ന് പ്രര്‍ത്തിക്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു. തന്റെ ഈ പ്രസ്‌താവന ചില ഗ്രൂപ്പുകള്‍ക്കിടയില്‍ മോശം പ്രതികരണങ്ങള്‍ക്കിടയാക്കിയേക് കുമെന്നറിയാമെങ്കിലും ഈ ചിന്തകള്‍ നിങ്ങളുമായി പങ്കിടണമെന്ന് ഞാന്‍ കരുതുന്നുവെന്ന് മെത്രാപ്പൊലീത്താ പത്രക്കുറിപ്പില്‍ പറയുന്നു.
പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തെകുറിച്ച് ചില ചിന്തകള്‍ പങ്കുവെക്കുന്നു. സാമാന്യബുദ്ധിയുള്ള ഏതൊരാളും ഈയൊരുവിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബഹുമാനപ്പെട്ട ജഡ്‌ജിമാര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ നിലവിലെ സാഹചര്യത്തെകുറിച്ച് ഉള്‍ക്കാഴ്‌ചയുള്ളവരായിരുന്നു. 1934ലെ സഭാഭരണഘടന അനുസരിച്ചാണ് സഭയും പള്ളികളും പ്രവര്‍ത്തിക്കേണ്ടത് എന്നു വ്യക്തമാക്കിയ 1995ലെ സുപ്രീം കോടതിവിധി ആവര്‍ത്തിച്ചുറപ്പിക്കുകയായിരു ന്നു സുപ്രീംകോടതി. ഇതുകൊണ്ട് പക്ഷേ വിധി നടപ്പാക്കുന്നത് വളരെ എളുപ്പമാകുമെന്ന് അര്‍ഥമാക്കുന്നുണ്ടോ, ഇല്ല ഒരിക്കലുമില്ല. മലങ്കരഓര്‍ത്തഡോക്‌സ് സഭയെ പിന്തുണക്കുന്നതിനേക്കാള്‍ നാട്ടിലെ നിയമത്തെയും നിയമവാഴ്‌ചയെയുമാണ് കോടതി ഉയര്‍ത്തിക്കാട്ടിയത്. സമാധാനകരാറുകളെന്ന പേരില്‍ നടത്തപ്പെടുന്ന ശ്രമങ്ങളെ തള്ളിയ കോടതി ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലും അനുരഞ്‌ജനത്തിന് വിദൂരസാധ്യതപോലുമില്ലാത്ത സാഹചര്യത്തിലും രണ്ട് വിഭാഗത്തിലെയും വികാരിമാരെ വിശ്വാസപരമായ അനുഷ്‌ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജി സ്വീകരിക്കാനാവില്ലെന്നും അത് സമാന്തരഅധികാരകേന്ദ്രങ്ങള്‍ സൃഷ്‌ടിക്കാനിടയാക്കുമെന്നും വ്യക്തമാക്കി.
എന്താണിനിയൊരു പരിഹാരം? ആവശ്യമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഭേദഗതി ചെയ്യണമെങ്കിലോ ഭേദഗതി നിര്‍ദേശിക്കുകയോ വേണമെങ്കില്‍ പോലും നിങ്ങള്‍ അകത്തുവരണം. അതുകൊണ്ട് എല്ലാവരും ഭരണഘടനാ ഹയരാര്‍ക്കിക്ക് കീഴില്‍ വരണമെന്നും ഈ സിസ്റ്റത്തിന്റെ ഭാഗമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. അനുരഞ്‌ജനത്തിനും സമാധാനം സംജാതമാക്കുന്നതിനും ദൈവം നല്‍കിയിരിക്കുന്ന ഈ സുവര്‍ണാവസരം മലങ്കരസഭാനേതൃത്വം പാഴാക്കില്ലന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മുമ്പ് ചെയ്‌തിരുന്നതുപോലെതന്നെ ആരെയും കുറ്റപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇത് പ്രതികാരത്തിനുള്ള സമയമല്ല അനുഗ്രഹത്തിന്റേതായ, സ്വാഗതം ചെയ്യപ്പെടേണ്ടതായ സമയമാണ്. ഈ വിജയത്തിലൂടെ സഭയില്‍ പൂര്‍ണമായ അനുരഞ്‌ജനം സംജാതമാക്കേണ്ട ബാധ്യതയാണ് ദൈവം നമ്മെ ഏല്‍പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച് പഴയതെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം വിവേകം കാണിക്കണം. സഹസ്രാബ്‌ദങ്ങള്‍ മുന്നില്‍ കണ്ടുവേണം, അല്ലാതെ കേവലം നമ്മുടെ ജീവിതത്തിലെ ബാക്കിയായ ഏതാനും വര്‍ഷങ്ങളെ മുന്നില്‍ കണ്ടല്ല നാം ചിന്തിക്കേണ്ടത്. ചരിത്രം നമ്മെ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വവും ബാധ്യതയുമാണിത്.
മറുപക്ഷത്തുള്ള എന്റെ അടുത്ത ഒരു ബന്ധുവുമായി അടുത്തിടെ സംസാരിക്കാനിടയായി. ഐക്യത്തിനായുള്ള എന്റെ നിലപാടുകളെകുറിച്ച് അദ്ദേഹം ചോദിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളേക്കാള്‍ പാത്രിയര്‍ക്കേറ്റുമായുള്ള വിശ്വസ്‌തതയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഗണന. കാര്യങ്ങള്‍ വിശദമാക്കുന്നതിനു പകരം ഞാന്‍ അദ്ദേഹത്തോടൊരു ചോദ്യം ചോദിച്ചു. മേപ്രാലിലുള്ള കുടുംബപരമായ വിധേയത്വത്തിന്റെ പ്രശ്‌നങ്ങളും വളരെ നിസാരമായ ചരിത്രപരമായ ചില കുടുംബവിദ്വേഷവും ഒഴിച്ചാല്‍ ഏതാണ് മികച്ച ഗ്രൂപ്പ്? ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു “നിങ്ങള്‍ തന്നെ.” ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങള്‍ മികച്ച ഗ്രൂപ്പായിരിക്കുന്നത് ഞങ്ങള്‍ സൂപ്പര്‍ മനുഷ്യരായതുകൊണ്ടൊന്നുമല്ല, മറിച്ച് മലങ്കരസഭയ്‌ക്ക് ഒരു ഭരണഘടനയുള്ളതുകൊണ്ടാണ്. അത് ഏറ്റവും സമ്പൂര്‍ണമായതാണോ, അല്ല, പക്ഷേ നിലവിലെ സാഹചര്യത്തില്‍ അതുമതി എന്നതുകൊണ്ടുതന്നെ.
മലങ്കരസഭയിലെ ഓരോ ഓഫിസും ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. മറുഗ്രൂപ്പിന്റെ നേതൃത്വം ഇതുപോലൊന്നുണ്ടാകുന്നതിനെ നിഷേധിക്കുന്നു. സുപ്രീംകോടതി തള്ളിക്കളഞ്ഞ 2002ലെ ഭരണഘടന പാട്രിയാര്‍ക്കിന്റെ ഓഫിസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന രേഖയാണ്, ഇത്രയും അനിയന്ത്രിതമായ അധികാരം ഒരു വ്യക്തിയില്‍ കേന്ദീകരിക്കപ്പെടുമ്പോഴുണ്ടാകു ന്ന പ്രശ്‌നങ്ങള്‍ അവരുടെ സമീപകാല ചരിത്രം വെളിപ്പെടുത്തുന്നുമുണ്ട്.
അതുകൊണ്ട് നമ്മള്‍ ഒരു സഭയാണന്നും ഒരു സഭ ആയിരിക്കേണ്ടവരാണെന്നും പരസ്‌പരം യുദ്ധം ചെയ്യേണ്ടവരല്ലന്നും മനസിലാക്കണമെന്ന് എന്റെ എല്ലാ സഹോദരീസഹോദരങ്ങളോടും ഞാന്‍ അപേക്ഷിക്കുന്നു.
വെറും പൊള്ളയായ സമാധാനആലോചനകളല്ല, ഇതില്‍ ഉള്‍പ്പെട്ട എല്ലാപാര്‍ട്ടികളുടെയും ആത്മാര്‍ഥമായ സഹകരണമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. സുപ്രീംകോടതിവിധിയില്‍ സന്തോഷമുണ്ടെങ്കിലും കോടതിയില്‍ പോകേണ്ടിവന്നതിലും പതിറ്റാണ്ടുകളുടെ നിയമവ്യവഹാരം ഇതിനായി വേണ്ടിവന്നതിലും ഞാന്‍ ദുഖിതനാണ്.
ദൈവം കരുണകാട്ടി പരിശുദ്ധ സഭയെ സംരക്ഷിക്കട്ടെ!