വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ: കര്‍ക്കശക്കാരനായ ഒരു കര്‍മ്മയോഗി. PDF File
അമ്പതാം ചരമവാര്‍ഷികം ഇന്ന്
ഈ തിരുമേനി ഇന്നുണ്ടായിരുന്നെങ്കില്‍ ഈ സഭ രണ്ടാവുകയില്ലായിരുന്നു. ഒരു ശ്രേഷ്ഠനും വിശിഷ്ഠനും ഇവിടെ ഉണ്ടാവില്ലായിരുന്നു. അരമന ഭിത്തിയിലെ വലിയ ചിത്രം നോക്കി പില്‍ക്കാലത്ത് ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി, നടുവീര്‍പ്പിട്ടു, പ്രസ്താവിച്ചു! അടുത്തുണ്ടായിരുന്ന എന്‍റെ ചോദ്യത്തിന് മറുപടി. എനിക്കു അത്ര പരിചയമില്ല. എന്നെ മെത്രാനാക്കണമെന്ന് സുന്നഹദോസില്‍ ശഠിച്ചു പറഞ്ഞത് ഇദ്ദേഹമായിരുന്നു. പിന്നെ ഇവിടെ വന്നു. ഇവിടത്തെ കെട്ടും മറ്റും കര്‍ശനകല്പനകളും കണ്ടപ്പോള്‍ മുഴുവനും ബോദ്ധ്യമായി. അങ്ങിനെ വേണം ജനുവരി 1953-1966 നവംബര്‍ 6 വരെ അങ്കമാലി മെത്രാപ്പോലീത്ത! സുന്നഹദോസിന്‍റെ പ്രധാന വക്താവ്. പള്ളികളും പട്ടക്കാരും ശേഷം ജനങ്ങളും ഭയത്തോടെ ആദരിച്ചു പോന്ന ഭദ്രാസനാധിപന്‍. ലളിത ജീവിതം കഞ്ഞിയും കപ്പയും കാച്ചിലും! സ്റ്റഡി ബക്കര്‍ കാറ്, പൗലോസ് ഡ്രൈവര്‍, രണ്ടു നാലു ശെമ്മാശന്മാര്‍, ജ്യേഷ്ഠ തുല്യനായ കോച്ചേരി അച്ചന്‍ ഭദ്രാസന/പള്ളി മാനേജര്‍, കറവ പശു, ഇരുപതേക്കര്‍ സെമിനാരി പറമ്പിലെ അല്പം കല്പവൃക്ഷങ്ങള്‍, രണ്ടു നിലയുള്ള സെമിനാരി കെട്ടിടം. വൃദ്ധന്‍ കുറുച്ചേട്ടന്‍ കപ്പ്യാര്, വണ്ടിക്കൂലി മാത്രം വാങ്ങി ആഴ്ച തോറും വന്നു ബലി അര്‍പ്പിക്കുന്ന വിവിധ പട്ടക്കാര്. ഇതൊക്കെയായിരുന്നു പണ്ടു ആലുവ ഭദ്രാസന കേന്ദ്രം-തൃക്കുന്നത്തു പള്ളിയും സെമിനാരിയും.
അല്പം അസഹ്യം എങ്കിലും കൃത്യതയും കര്‍ക്കശത്വവും ആയിരുന്നു തിരുമേനിയുടെ മുഖമുദ്ര. ആരാധനാ നിഷ്ഠയും പറയാതെ തന്നെ അര്‍ഹത നോക്കിയുള്ള പരസഹായവും ആശ്രിതവാത്സല്യവും നന്നേ ഉണ്ടായിരുന്നുതാനും. ഭയത്തോടും വിറയലോടുള്ള ആദരവായിരുന്നു തിരുമേനി സ്വായത്തമാക്കിയത്. സ്വന്തക്കാരെയും വഴിയോര ബന്ധുക്കളെയും സന്ദര്‍ശിച്ച്, കുശലം തേടും. യാത്രാന്ത്യത്തില്‍ കാറിന്‍റെ ഡിക്കി നിറയെ എന്തെങ്കിലും ഉണ്ടാവൂ. പശുവിന് വയ്ക്കോല്‍ വരെ! കിട്ടുന്നതെന്തും!
* * *
വയലിപ്പറമ്പില്‍ തിരുമേനിയെ പറ്റി അടുത്ത കാലത്ത് നിര്യാതനായ കല്ലൂപ്പറമ്പിലച്ചന്‍ പറഞ്ഞു:
സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെ 1958 സെപ്റ്റംബര്‍ 12 ന് സുപ്രീം കോടതിവിധി വന്നു. സമാധാനപ്രക്രീയകള്‍ ത്വരിതപ്പെടുകയും ഡിസംബര്‍ 16-ന് കോട്ടയം പഴയസെമിനാരിയില്‍ പരസ്പരം സ്വീകരിച്ച് മലങ്കര സഭ ഒന്നായിത്തീരുകയും ചെയ്തു.
ചായ സല്‍ക്കാരം കഴിഞ്ഞ് മദ്ബഹായില്‍ പ്രവേശിച്ച് പ്രാര്‍ത്ഥനക്കുശേഷം സ്വീകരണ കല്‍പനകള്‍ പരസ്പരം കൈമാറിയാണ് സ്വീകരിച്ചത്. കാതോലിക്കാ ബാവായുടെ കല്‍പനയിലെ “ഭരണഘടനയ്ക്കു വിധേയമായി സ്വീകരിക്കുന്നു” എന്ന വ്യവസ്ഥ എതിര്‍പ്പിന് ഇടയാക്കി. വീണ്ടും ചര്‍ച്ചകള്‍ നടന്നു. ആ സമയത്ത് വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി “ഭരണഘടനയ്ക്കു വിധേയമായി എന്നെഴുതിയാല്‍ എന്താ കുഴപ്പം?” എന്നു ചോദിച്ചു. “തലേദിവസത്തെ ചര്‍ച്ചയിലുണ്ടാക്കിയ വ്യവസ്ഥയിലുള്ളതല്ല” എന്നു പറഞ്ഞപ്പോള്‍ “ആ കാരണത്താല്‍ തള്ളിക്കളയരുത്. നമുക്കോ ഭരണഘടനയില്ല. ഒരു ഭരണഘടനയില്ലാതെ നമുക്ക് മുമ്പോട്ടു പോകാനാകുകയില്ല. അവര്‍ക്കുള്ളത് നല്ലത്. അത്രയും ഭാരം ഒഴിഞ്ഞെന്നു വിചാരിച്ചാല്‍ മതി. അതുകൊണ്ട് അതു കൂടി ഇരുന്നോട്ടെ, കുഴപ്പമില്ല” എന്നു പറഞ്ഞു. വയലിപ്പറമ്പില്‍ തിരുമേനിയാണ് ആദ്യം ഉറച്ചു നിന്നത്. മറ്റു തിരുമേനിമാരും അക്കര സി.ജെ. കുര്യന്‍ (ജൂണിയര്‍), പാലാമ്പടം ഡോ. പി.ടി. തോമസ് തുടങ്ങിയ അത്മായ നേതാക്കന്മാരും അതിനെ പിന്തുണച്ചു. അങ്ങനെ 1958ല്‍ സമാധാനമായി, പ്രശ്നങ്ങള്‍ അവസാനിച്ചു. ബാവാ കക്ഷിയെക്കൊണ്ട് ഭരണഘടന അംഗീകരിപ്പിച്ചത് വഞ്ചനയിലൂടെയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പാത്രിയര്‍ക്കീസ് കക്ഷിയിലെ ഉന്നത നേതൃത്വം അത് അംഗീകരിച്ചതാണ്. ഇതൊരു ഭിന്നതയ്ക്ക് പിന്നീട് വിഷയമാക്കിയതാണ്.
– എം.സി. വര്‍ഗീസ്, ആലുവ