കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 114-ാമത് ഓർമ്മപ്പെരുന്നാൾ 2016 നവംബർ 3, 4 തീയതികളിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് ഭക്തിപുരസ്സരം കൊണ്ടാടി.
പെരുന്നാളിനോടനുബന്ധിച്ച് 3-ാം തീയതി വൈകിട്ട് നടന്ന സന്ധ്യാനമസ്ക്കാ രത്തിനും, ഭക്തിനിർഭരമായ റാസയ്ക്കും മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി.
ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി എൻ.ഈ.സി.കെ. അങ്കണത്തിൽ താല്ക്കാലിക മായി സ്ഥാപിച്ച മനോഹരമായ കുരിശടി ഡോ. മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കൂദാശ ചെയ്തു. പെരുന്നാൾ കൺവീനർ മനോജ് തോമസ്, ജോയന്റ് കൺവീനർ ജേക്കബ് വി. ജോബ് എന്നിവരുടെ ചുമതലയിൽ ഇടവകാംഗമായ റോണി കുര്യൻ ജോറി രൂപകൽപന ചെയ്ത കുരിശടിക്ക് 14 അടി ഉയരവും രണ്ടു മീറ്റർ വീതിയും മൂന്നു നിലകളും ഉണ്ട്.
4-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ എൻ.ഈ.സി.കെ.യിൽ നടന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് നേർച്ച വിതരണത്തോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.