സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്ത ദാന ദിനം ആചരിക്കുന്നു

BDC - OCYM Bahrain
മനാമ: ലോക രക്ത ദാന ദിനത്തിനോടനുബന്ധിച്ച് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, രക്ത ദാന ദിനം ആചരിക്കുന്നു. രണ്ട് വിഭാഗങ്ങളിലായി 10 മുതല്‍ 15 വയസ്സ് വരെയും 15 വയസ്സിന്‌ മുകളിലുമായി കത്തീഡ്രലിലെ എല്ലാ അംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു കൊളാഷ്‌ മത്സരം 16 ന്‌ വൈകിട്ട് 7:30 മുതല്‍ ഇടവകയില്‍ വച്ച് നടത്തപ്പെടുന്നതാണ്‌. വിജയികള്‍ക്ക് സമ്മാനവും പങ്കെടുക്കുന്ന ഏവര്‍ക്കും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്യും. ജൂണ്‍ 17 ന്‌ വെള്ളിയാഴ്ച്ച രാവിലെ വി. കുര്‍ബ്ബാനയ്ക്കു ശേഷം കത്തീഡ്രലില്‍ വച്ച് ഡോ. മനോജ് കുമാര്‍ നടത്തുന്ന രക്ത ദാന അവബോധന ക്ലാസ് ഉണ്ടായിരിക്കും.
 ജൂണ്‍ 17 ന്‌ രാവിലെ 10 മണി മുതല്‍ സെല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ വച്ച് രക്ത ദാനം നടത്തും. കഴിഞ്ഞ 15 വര്‍ഷത്തോളം ആയിരങ്ങള്‍ക്കു വേണ്ടി രക്തം ദാനം ചെയ്ത ഈ പുണ്ണ്യകര്‍മ്മത്തില്‍ ഈ വര്‍ഷവും ഏവരും പങ്കാളികളാകണമെന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹവികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് റിജോ തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ബോണി മുളപ്പാം പള്ളില്‍ (39882829), കോര്‍ഡിനേറ്റര്‍ ജിജോ തോമസ് (38219196) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.