അപരന്റെ വേദനകളിൽ പങ്കാളികളാകുക: പരിശുദ്ധ കാതോലിക്കാ ബാവാ

Thanal Award

മസ്കറ്റ്: അപരന്റെ വേദനകളിൽ പങ്കാളികളാകുന്നതിനും അവരെ കരുതുന്നതിനും  സാന്ത്വനമേകുന്നതിനും സമസ്രിഷ്ടികളോട് സഹാനുഭൂതിയോടെ പെരുമാമാറുന്നതിനും നമുക്ക് സാധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഈ വർഷം നടപ്പാക്കിയ ജീവകാരുണ്യ പദ്ധതിയുടെ  സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവാ.

പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ മനുഷ്യനെ നിസ്സഹായകനാക്കുന്നതാണ് രോഗങ്ങൾ.  ഭാരിച്ച ചികിത്സാചിലവുകൾ കുടുംബങ്ങളെത്തന്നെ ദുരിതക്കയത്തിലാക്കുന്നു. നമുക്കുള്ള നല്ല ദാനങ്ങളിൽ നിന്നും സഹായം അർത്ഥിക്കുന്നവർക്ക്  കൂടി പങ്ക് വയ്ക്കുന്നതും നന്മപ്രവത്തനങ്ങളിലൂടെ മറ്റുള്ളവരിൽ ക്രിസ്തുവിനെ ദർശിക്കാൻ കഴിയുന്നതുമാണ് യഥാർത്ഥ സുവിശേഷമെന്നും ബാവാ പറഞ്ഞു.

ചികിത്സക്കും വിശ്രമത്തിനും ശേഷം ജർമ്മനിയിൽ നിന്നും മടങ്ങിയെത്തിയ ഒമാൻ ഭരണാധികാരി ഹിസ്‌ മജെസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദിന് ആയുരാരോഗ്യ സൌഖ്യം നേർന്നു കൊണ്ട് പ്രാർഥിക്കുന്നതായും ഇതര മതവിഭാഗങ്ങൾക്കൊപ്പം മലങ്കര ഓർത്തഡോക്സ് സഭക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും  എല്ലാ പിന്തുണയും സഹായവും നൽകിവരുന്ന  ഒമാൻ ഭരണാധികാരിയോടും വിവിധ മന്ത്രാലയങ്ങളോമുള്ള കടപ്പാട് അറിയിക്കുന്നതായും ബാവാ തിരുമേനി പറഞ്ഞു.

ഇടവക വികാരി ഫാ. ജോജി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജെ. എസ് . മുകുൾ മുഖ്യാതിഥി ആയിരുന്നു. മാർത്തോമ്മാ സഭയുടെ കുന്നംകുളം – മലബാർ ഭദ്രാസനാധിപൻ ഗ്രീഗോറിയോസ് മാർ സ്തെഫാനൊസ്, മുൻ എം. പി. ഡോ. കെ. എസ് മനോജ്‌, സഭാ മാനേജിംഗ് കമ്മറ്റി അംഗം പി. കെ. കോശി, അസോസിയേറ്റ് വികാരി ഫാ. കുരിയാക്കോസ് വർഗീസ്‌, ട്രസ്റ്റി ജേക്കബ്സ് കുര്യാക്കോസ്, സെക്രട്ടറി ജോണ്‍ പി. ലൂക്ക് എന്നിവർ സംസാരിച്ചു. കണ്‍വീനർ ബോബൻ തോമസ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.

മസ്കറ്റ് ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ   ഈ വർഷം നടപ്പാക്കിയ പ്രതീക്ഷയുടെ കിരണങ്ങൾ എന്ന പദ്ധതിയിലൂടെ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവക്കായി  നൂറിലധികം രോഗികൾക്കാണ് സഹായം നൽകിയത്.

ഫോട്ടോയുടെ അടിക്കുറിപ്പ്
മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ഈ വർഷത്തെ “തണൽ” ജീവകാരുണ്യ പദ്ധതിയുടെ സമാപന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.