കേരളം കണ്ട അദ്ഭുത പ്രതിഭാസം | പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

കേരളം കണ്ട അദ്ഭുത പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടി. 79 വര്‍ഷക്കാലത്തെ ഈലോക ജീവിതത്തില്‍ 53 വര്‍ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനനായകനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ആ അദ്ഭുത പ്രതിഭാസത്തിന്‍റെ ഒരു ഭാഗമാണ്. രണ്ടാമത്, ഇത്രയധികം ജനസേവനവും ജനങ്ങളുടെ സ്നേഹവും കണ്ടെത്തിയ ഒരു ജനനായകനെ ഈ കേരള സമൂഹം ഇതുവരെ കണ്ടിട്ടില്ല.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരംഗമാകുന്നു ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി എന്നു പറയുന്നത് മലങ്കരസഭയ്ക്ക് അഭിമാനമാണ്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകനായിരിക്കുന്ന സമയത്തും സഭയുടെ അനുഷ്ഠാനങ്ങളില്‍ അണുവിട വിടാതെ ആചരിച്ച ഒരു നല്ല സഭാ വിശ്വാസിയാണ് അദ്ദേഹം. കൃത്യമായി നോമ്പ് എടുക്കുകയും ഉപവസിക്കുകയും ദിവസവും വേദപുസ്തകം വായിക്കുകയും ഞായറാഴ്ചകളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ പള്ളികളില്‍ തന്‍റെ തിരക്കുകളുടെ ബാഹുല്യത്തിലും സംബന്ധിക്കുകയും ചെയ്തിരുന്നു എന്നുള്ളത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒരു അനുഭവമാണ്.

ജനഹൃദയങ്ങളില്‍ ഇത്രമാത്രം ഇടംകൊണ്ട ഒരു മനുഷ്യന്‍ വേറെ ഉണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. യു.എന്‍. പുരസ്ക്കാരം അദ്ദേഹത്തിന്‍റെ ജനസമ്പര്‍ക്ക പരിപാടിയുടെ അംഗീകാരമായി ലഭിച്ചതാണ്. പകരംവയ്ക്കാന്‍ മറ്റാരുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് എന്നുള്ളത് ഉമ്മന്‍ചാണ്ടിക്കു മാത്രം അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വളരെയധികം കിണഞ്ഞു പരിശ്രമിക്കുമ്പോഴും, സ്വന്തം പാര്‍ട്ടിയിലോ പ്രതിപക്ഷത്തോ തന്നെ എതിര്‍ക്കുന്നവരോട് ഒരിക്കല്‍പോലും മുഖം കറുത്തു പറയാതെ സൗമ്യനായിട്ട് സ്നേഹഭാവത്തോടെ, പ്രതിപക്ഷ ബഹുമാനമെന്നത് അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിച്ചുകൊണ്ട് ജീവിച്ച ഒരു കരുത്തനായ നേതാവാണ്.

സൗമ്യമായ അദ്ദേഹത്തിന്‍റെ ഇടപെടലും സഹോദരതുല്യമായ കരുതലും ലോകത്തിനെല്ലാം മാതൃകയാണ്. പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്‍റെ ഹൃദയംഗമായ സ്നേഹവും താഴ്മയും പ്രവര്‍ത്തനവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഏത് തിരക്കുള്ള സമയത്താണെങ്കിലും പാവപ്പെട്ട ആളുകളുടെ വീടുകള്‍ സന്ദര്‍ശിക്കാനും ദുഃഖിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുകൊള്ളുവാനും അദ്ദേഹം സമയം കണ്ടെത്തി. അങ്ങനെ മനസ്സിന്‍റെ വലിയ ഒരു വികസനമുള്ള ഒരു മനുഷ്യനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.

സഹതാപമല്ല അല്ല അദ്ദേഹത്തിന് സഹാനുഭൂതിയാണുണ്ടായിരുന്നത്. മറ്റുള്ളവരുടെ വേദനകള്‍ അദ്ദേഹത്തിന്‍റെ വേദനകളായി അദ്ദേഹം മനസ്സിലാക്കി. അങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് കക്ഷിരാഷ്ട്രീയ മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമെന്യേ എല്ലാവര്‍ക്കും ഉമ്മന്‍ചാണ്ടി സ്വന്തം നേതാവാണ്. സ്വന്തം നായകനാണ്. അപ്രകാരം ഉയര്‍ന്നു വരുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മതആചാരത്തോടു കൂടെയും ആത്മീയമായിരിക്കുന്ന ജീവിതശൈലിയോടു കൂടെയും രാഷ്ട്രീയത്തെ ഏറ്റവും ഉന്നതമായ ശ്രേണിയില്‍ കൂടി കടത്തിക്കൊണ്ടു പോവാന്‍ കഴിയുമെന്ന് ലോകജനതയെത്തന്നെ പഠിപ്പിച്ച ഒരു നേതാവാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹം അമരനായി നിലകൊള്ളുമെന്ന് നമുക്ക് പറയാന്‍ കഴിയുന്നത്.

സമൂഹ വിഹായസ്സില്‍ ഉയരുന്നതായ അപൂര്‍വ്വ നക്ഷത്രങ്ങളില്‍ അപൂര്‍വ്വമായിരിക്കുന്ന ഒരു ഉജ്ജ്വല താരകമാണ് ഉമ്മന്‍ചാണ്ടി എന്നു പറയുന്നതിന് യാതൊരു സംശയവും ഇല്ല. അദ്ദേഹത്തെപ്പോലെയുള്ള അപൂര്‍വ്വ താരകം ഇനിയും കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുവാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇന്നത്തെ ഒരു പ്രയാസം.
ഏതായിരുന്നാലും അദ്ദേഹം തനതായിരിക്കുന്ന, ശ്രേഷ്ഠമായിരിക്കുന്ന, മനുഷ്യത്വപരമായിരിക്കുന്ന ഒരു വലിയ നേതാവ് എന്നു തെളിയിച്ചുകൊണ്ട് ഉന്നതമായിരിക്കുന്ന ഒരു ഭാവം പുലര്‍ത്തുകയും ഒരു പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്തു. ആ പാരമ്പര്യത്തിലേക്കു വരുവാനുള്ള വെല്ലുവിളികള്‍ ഈ സമൂഹത്തിനു നല്‍കിക്കൊണ്ട് കാലയവനികയ്ക്കുള്ളില്‍ അദ്ദേഹം മറഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ വിലപിക്കുന്നതായ കുടുംബാംഗങ്ങള്‍ക്കു വേണ്ടി നമുക്ക് ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. ദൈവംതമ്പുരാന്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരുടെയും വിശുദ്ധന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹത്തിന് അന്ത്യവിശ്രമവും ദൈവസന്നിധിയില്‍ ആരാധനയും നടത്തുവാനുള്ള കൃപയും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. എല്ലാ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പേരിലുള്ള എല്ലാ പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു.

*************

അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു…….

എങ്ങും ഒരു ശൂന്യത രൂപപ്പെടുന്നു. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി, ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള നിയമസഭ, ഉമ്മന്‍ ചാണ്ടിയില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അദ്ദേഹമില്ലാത്ത ഒരു കേരളം…

മനസ്സ് പൊരുത്തപ്പെടുവാന്‍ ഇനിയും സമയമെടുക്കും. അദ്ദേഹത്തിന്‍റെ അസാന്നിധ്യം ഇനി മുതല്‍ ശ്രദ്ധിക്കപ്പെടും. അദ്ദേഹത്തെ ഒരു നോക്ക് കാണുവാന്‍ വെമ്പല്‍കൊണ്ടവര്‍, ശാരീരിക പ്രയാസങ്ങള്‍ നിമിത്തം എത്തിച്ചേരുവാന്‍ കഴിയാത്തതിന്‍റെ വിങ്ങലുമായി ഭവനത്തിലിരുന്ന് ചാനലുകളിലൂടെ ദര്‍ശിച്ച് സായൂജ്യമടഞ്ഞവര്‍ – ഒരുപക്ഷേ നേരിട്ട് കണ്ടവരെക്കാള്‍ കൂടുതല്‍ അവരായിരിക്കണം. അദ്ദേഹത്തെ ഏറെ സ്നേഹിച്ചു നെഞ്ചിലേറ്റിയവര്‍ – ജനലക്ഷങ്ങള്‍ ഒരു നോക്ക് കണ്ട് തങ്ങളുടെ വീരനായകന് യാത്രാമൊഴി നേരുന്ന അവിസ്മരണീയ നിമിഷങ്ങള്‍. ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം. ജനാധിപത്യത്തില്‍ ഒരു നേതാവിന് കിട്ടാവുന്ന പരമോന്നത ബഹുമതി. ഔദ്യോഗിക ബഹുമതികള്‍ക്കപ്പുറം വാനോളം എത്തുന്ന ജനസഞ്ചയത്തിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന ആരവം. ഉമ്മന്‍ചാണ്ടി എന്ന അദ്ഭുത പ്രതിഭാസത്തിന്‍റെ മുമ്പില്‍ ലോകം ആദരം സമര്‍പ്പിച്ച മഹനീയ ദിനം.

ഒരിക്കലും പങ്കെടുക്കുവാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നിട്ടും സംസ്ക്കാര ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാന്‍ ലഭിച്ച അവസരം ദൈവനിയോഗമായി കാണുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അഭിമാനിക്കുന്നു പ്രിയ പുത്രനെക്കുറിച്ച്. ആത്മാവിന് ദൈവം നിത്യാശ്വാസം നല്‍കട്ടെ..

*************

ഉമ്മന്‍ചാണ്ടിയില്‍ മൂറോന്‍ തൈലം പുരട്ടുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത്കര്‍ത്താവിന്‍റെ ശിഷ്യന്മാരിലൊരാളായ പൗലോസ് ശ്ലീഹായെയാണ്. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയാക്കിയവരായിരുന്നു ഇരുവരും. ക്രിസ്തുവിനുവേണ്ടി പൗലോസ് ശ്ലീഹാ കഷ്ടപ്പെട്ടപോലെ ഉമ്മന്‍ചാണ്ടി സമൂഹത്തിനുവേണ്ടി കഷ്ടപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുടെ അന്ത്യശുശ്രൂഷാ നിമിഷങ്ങള്‍ എന്നെ ബൈബിളിലെ തിമോത്തിയോസിന്‍റെ വചനങ്ങള്‍ കൂടി ഓര്‍മ്മിപ്പിച്ചു. അത് ഉമ്മന്‍ചാണ്ടി പറയുന്നതുപോലെ തോന്നി:

“ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്‍റെ വേര്‍പാടിന്‍റെ സമയം സമാഗതമായി. ഞാന്‍ നന്നായി പൊരുതി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്ക് സമ്മാനിക്കും.”

ഉമ്മന്‍ചാണ്ടിയെ ഞാന്‍ കാണുന്നത് കോളജ് പഠനകാലത്താണ്. എന്‍റെ വിദ്യാദ്യാസം സി.എം.എസ്. കോളജിലായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളജിലായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി. 1971-ല്‍ എന്‍റെ വിദ്യാദ്യാസം തീരുമ്പോഴേക്കും അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് ജയിച്ച് എം.എല്‍.എ. പദവിയിലെത്തിയിരുന്നു.

വ്യക്തിപരമായ അടുപ്പം തുടങ്ങിയത് ഉമ്മന്‍ചാണ്ടി സഭാകാര്യങ്ങളില്‍ തത്പരനായ ശേഷമാണ്. ഭക്തിയായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ദൈവാശ്രയമായിരുന്നു എക്കാലവും തന്നെ തുണയ്ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വിശ്വസിച്ചു.

എത്ര തിരക്കുണ്ടെങ്കിലും ഞായറാഴ്ചകളില്‍ പുതുപ്പള്ളി പള്ളിയില്‍ വരുന്നത് ഒഴിവാക്കാറില്ല. അത് അത്ര ചെറിയ കാര്യമല്ല.

നല്ല സഭാജീവിതം നയിച്ച ഒരാളുമായിരുന്നു അദ്ദേഹം. വേദപുസ്തകം വായിക്കുകയും നോമ്പെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യാന്‍ ശ്രദ്ധിച്ചു. മറ്റുള്ളവരെ സ്നേഹിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഒരുപക്ഷേ, ഈ ഭക്തിമാര്‍ഗം കൊണ്ടായിരിക്കാം.

രണ്ടു വര്‍ഷം മുമ്പ് കാലംചെയ്ത ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍റെ ശവസംസ്ക്കാര ശുശ്രൂഷയിലും പിന്നീട് അദ്ദേഹത്തിന്‍റെ നാല്പതാം ദിവസ ആരാധനയിലും കുര്‍ബാനയിലുമൊക്കെ പങ്കുകൊണ്ട ഉമ്മന്‍ചാണ്ടിയെയും ഓര്‍ക്കുന്നു.

ഉമ്മന്‍ചാണ്ടിക്ക് പാവപ്പെട്ടവരോടുള്ള കരുണയ്ക്കും സ്നേഹത്തിനും കിട്ടിയ പ്രതിഫലമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. വിശ്വാസിയായിരിക്കുമ്പോഴും ജാതിമതഭേദമെന്യേയുള്ള വിശ്വസാഹോദര്യ വീക്ഷണമാണ് ഞാന്‍ അദ്ദേഹത്തില്‍ ദര്‍ശിച്ച ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രീയമായി എതിര്‍പ്പുള്ളവരെപ്പോലും സ്നേഹിക്കാനും അവരെ ഉള്‍ക്കൊള്ളാനും അദ്ദേഹത്തിന് സാധിച്ചത് ഈ ‘ഗ്ലോബല്‍ ബ്രദര്‍ഹുഡ്’ കാഴ്ച്ചപ്പാടു കൊണ്ടാണ്.ഒരുപാട് വിവാഹച്ചടങ്ങുകളിലും മരണാനന്തരച്ചടങ്ങുകളിലും ഞങ്ങള്‍ ഒരുമിച്ച്കണ്ടിട്ടുണ്ട്. പുതുപ്പള്ളിയിലെ ഏതു ചടങ്ങിനും അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായി. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്.

കുടിലിലും കൊട്ടാരത്തിലും ഉമ്മന്‍ ചാണ്ടിയെത്തി. ഇന്നലെ അദ്ദേഹത്തെ കാണാന്‍ വന്നവരിലുമുണ്ടായിരുന്നു ഇങ്ങനെ എല്ലാത്തരത്തിലുംപെട്ടവര്‍. അതു തന്നെയാണ് ഒരു ജനസേവകന് കിട്ടാവുന്ന വലിയ അന്ത്യ ശുശ്രൂഷയും.

(ആദ്യ ഭാഗം പ. പിതാവിന്‍റെ വീഡിയോ സന്ദേശവും രണ്ടാം ഭാഗം ഫെയിസ്ബുക്കില്‍ ജൂലൈ 21-ന് കുറിച്ചതും മൂന്നാം ഭാഗം മാതൃഭൂമി പത്രത്തില്‍ ജൂലൈ 21-ന് എഴുതിയ ലേഖനവുമാണ്.)