മണ്ണാറപ്രായില്‍ കോര്‍എപ്പിസ്ക്കോപ്പാ അച്ചന്‍: ചില സ്നേഹ സ്മരണകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ആദരണീയനായ ജേഷ്ഠ സുഹൃത്ത് മണ്ണാറപ്രായില്‍ ജേക്കബ് കോര്‍എപ്പിസ്കോപ്പാ അച്ചനെക്കുറിച്ച് വളരെയേറെ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ട്. കോട്ടയം പഴയസെമിനാരിയില്‍ 1967-ല്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍ അദ്ദേഹം അവിടെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ്. എല്ലാ ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ബഹുമാനം സ്വാഭാവികമായി ഞങ്ങള്‍ ജേക്കബ് ശെമ്മാശനോടും കാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒരു ടേമില്‍ ‘റീശ്’ ആയി നിയമിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ ബഹുമാനം സ്വാഭാവികമായും വളരെ വര്‍ദ്ധിച്ചു (റീശ് എന്നാല്‍ റീശോ (തല) എന്ന സുറിയാനി വാക്കിന്‍റെ ചുരുങ്ങിയ രൂപമാണ്. സെമിനാരിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൃത്യനിഷ്ഠ, നേതൃശേഷി, അച്ചടക്കം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ തലവനായി നിയമിക്കപ്പെടുന്നയാള്‍ ആണ് റീശ്). സരസമായും ധൈര്യമായും അധ്യാപകരോട് സംസാരിക്കുന്ന ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുതുടങ്ങിയത്.

1967-ല്‍ ഞാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍തഥിയായി ചേരുമ്പോള്‍ പ്രിന്‍സിപ്പാള്‍ കാലം ചെയ്ത ഫിലിപ്പോസ് മാര്‍ തെയോഫിലോസ് (കല്ലുപുരയ്ക്കല്‍) തിരുമേനിയായിരുന്നു. അദ്ദേഹവുമായി മണ്ണാറപ്രായിലച്ചന് ഉണ്ടായ ആത്മബന്ധം പില്‍ക്കാലത്ത് തൃക്കുന്നത്തു സെമിനാരിയുടെ ചരിത്രമായി. അവരുടെ കബറിടങ്ങള്‍ പോലും അടുത്തടുത്താണ്. ഫാ. കെ. ഫിലിപ്പോസ് എന്ന പേരില്‍ അദ്ദേഹം ദീര്‍ഘനാളുകള്‍ സെമിനാരി അധ്യാപകനും മലങ്കരസഭയുടെ എക്യുമെനിക്കല്‍, വിദേശ സഭാ ബന്ധങ്ങളുടെ സൂത്രധാരനുമായിരുന്നു. 1948-ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ലോകസഭാ കൗണ്‍സിലിന്‍റെ (ണഇഇ) ആദ്യ സ്ഥാപക സമ്മേളനത്തില്‍ മലങ്കരസഭയ്ക്ക് സ്ഥാപകാംഗത്വം ലഭിക്കാന്‍ ഇടയായത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനഫലമായിട്ടു കൂടിയാണ്. ഞങ്ങള്‍ പഠിക്കുമ്പോള്‍ അദ്ദേഹം മെത്രാനായി കഴിഞ്ഞിരുന്നു. അങ്കമാലി ഭദ്രാസനത്തിന്‍റെ ചുമതലയും ലഭിച്ചു. അതുകൊണ്ട് സെമിനാരി പ്രിന്‍സിപ്പാള്‍ സ്ഥാനം ഒഴിഞ്ഞു. അന്ന് ജനീവയില്‍ ഡബ്ല്യു.സി.സി. യില്‍ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയും ഡിവിഷന്‍ ഓഫ് എക്യുമെനിക്കല്‍ ആക്ഷന്‍ ഡയറക്ടറുമായിരുന്ന, പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായിരുന്ന ഫാ. പോള്‍ വര്‍ഗീസാണ് പുതിയ പ്രിന്‍സിപ്പാള്‍ ആയി സ്ഥാനമേറ്റത്. മാര്‍ തെയോഫിലോസ് തിരുമേനിയുടെ കൂടെ ഉത്സാഹത്തിലാണ് ഫാ. പോള്‍ വര്‍ഗീസിനെ പ്രിന്‍സിപ്പാളായി നിയമിക്കാന്‍ സഭ തീരുമാനിച്ചത്. അദ്ദേഹവും ഫാ. എം. വി. ജോര്‍ജും (പിന്നീട് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്) അതിനകം മെത്രാന്‍ സ്ഥാനത്തേക്ക് മലങ്കര അസോസിയേഷനാല്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവരുടെ വാഴിക്കല്‍ തീരുമാനം നീണ്ടുപോയി. എന്നാല്‍ ഒരിക്കല്‍പോലും വിദ്യാര്‍ത്ഥികളായ ഞങ്ങളോടും മറ്റുള്ളവരോടും അത് സംബന്ധിച്ച് ഒരു പരാമര്‍ശവും നടത്താതെ ഏറ്റവും മാന്യവും ക്രിസ്തീയവുമായി തങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതകരമായി തോന്നുന്നു.

പ്രിന്‍സിപ്പലായിരുന്ന തെയോഫിലോസ് തിരുമേനിയോടും തന്‍റെ ഗുരുക്കന്മാരായിത്തീര്‍ന്ന പോള്‍ വര്‍ഗീസച്ചന്‍, എം. വി. ജോര്‍ജച്ചന്‍ തുടങ്ങിയവരോടും ഹൃദ്യമായ ബന്ധങ്ങള്‍ ജേക്കബ് ശെമ്മാശന്‍ പുലര്‍ത്തിയിരുന്നത് ഓര്‍ക്കുന്നു. ഫാ. പോള്‍ വര്‍ഗീസ് ദീര്‍ഘകാലം ഇന്ത്യയ്ക്കു പുറത്തായിരുന്നതിനാല്‍, സെമിനാരിയുടെ ചുമതലഏല്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന് നാട്ടിലുള്ള പള്ളികളുമായും, വൈദികരുമായും വലിയ പരിചയമോ അടുപ്പമോ ഇല്ലായിരുന്നു. എന്നും വൈകിട്ട് പൊതു മെസ്സില്‍ ഭക്ഷണം കഴിഞ്ഞ്, അല്‍പസമയം ഫാ. പോള്‍ വര്‍ഗീസ് വിദ്യാര്‍ത്ഥികളുമായി സംഭാഷണങ്ങള്‍ നടത്തുമായിരുന്നു. കൂടെക്കൂടെ വിദേശരാജ്യങ്ങളില്‍ പോവുകയും, അന്ന് പ്രശസ്തരായ പല ചിന്തകന്മാരും വേദപണ്ഡിതന്മാരും മറ്റുമായി ഇടപെടുകയും ചെയ്തിരുന്ന അദ്ദേഹത്തില്‍ നിന്ന് പുതിയ കാര്യങ്ങള്‍ കേള്‍ക്കാനും പഠിക്കാനുമാണ് ഞങ്ങള്‍ വട്ടംകൂടുന്നത്. ആ അവസരങ്ങളില്‍ കോട്ടയത്തും മറ്റുമുള്ള പള്ളികളില്‍ പോയ കാര്യങ്ങളും താന്‍ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചുമൊക്കെ വളരെ സരസമായി ജേക്കബ് ശെമ്മാശന്‍ പോള്‍ വര്‍ഗീസ് അച്ചനോട് പറഞ്ഞ്, പൊതുവെ ഗൗരവക്കാരനായ അദ്ദേഹത്തെ കുടുകുടെ ചിരിപ്പിക്കുന്നത് ഓര്‍ക്കുന്നു.

മലങ്കരസഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ ബോധ്യത്തോടെ പാറപോലെ ഉറച്ചു നിന്ന് അച്ചന്‍ നല്‍കിയ നേതൃത്വം അവിസ്മരണീയമാണ്. അതിനുവേണ്ടി അച്ചന്‍ അനുഭവിച്ച കഷ്ടപ്പാടുകളും ത്യാഗവും മലങ്കര സഭാ ചരിത്രത്തിന്‍റെ ഭാഗമാണ്.

1958-ലെ സഭാ സമാധാനത്തിന് ശേഷം ഇരുഭാഗത്തുമുണ്ടായിരുന്ന (ക്നാനായ ഭദ്രാസനമുള്‍പ്പെടെ) വിദ്യാര്‍ത്ഥികളും മല്പാന്മാരുമൊക്കെ ഒരു സഭയായി സന്തോഷത്തോടെ കൂടിവന്ന് പഴയസെമിനാരിയില്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും പഠിക്കയും സ്നേഹ സൗഹൃദങ്ങള്‍ സൃഷ്ടിക്കയും ചെയ്ത സുവര്‍ണ കാലഘട്ടത്തിലാണ് ഞങ്ങള്‍ സെമിനാരിയില്‍ പഠിച്ചത്. ആ കാലത്തിന്‍റെ നന്മയും പ്രകാശവും സൗരഭ്യവുമാണ് ഇപ്പോഴും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. പിന്നീട് ചില മേല്‍പ്പട്ട സ്ഥാനമോഹികളുടെയും ഹൃസ്വദൃഷ്ടികളായ ചില നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ മൂലം നമ്മുടെ ഐക്യം ശിഥിലമായി. കുറെയേറെ നല്ല ചെറുപ്പക്കാര്‍ തീവ്രവാദികളായി. കുറെയേറെ നല്ല വിശ്വാസികളുടെ പ്രത്യാശയും വിശ്വാസവും കെട്ടുപോയി. മലങ്കരസഭ പൊതുസമൂഹത്തില്‍ പരിഹാസ പാത്രമായി. ആയിരം വര്‍ഷം നീണ്ടുനില്‍ക്കാവുന്ന കൊടും വൈരാഗ്യം സഹോദരങ്ങള്‍ തമ്മിലുണ്ടാക്കി. ദൈവജനമായ വിശ്വാസികളുടെ ഇഷ്ടം നോക്കാതെ, അവരെ ഇരുട്ടിലേക്ക് നേതാക്കള്‍ നയിച്ചു. ഇതില്‍ തീരാത്ത ദുഃഖമുണ്ട്. എന്താണ് ക്രിസ്തീയ സഭയെന്നും എന്താണ് ഭാരതത്തിലെ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ചുമതലയെന്നും ഞങ്ങളെ സെമിനാരിയില്‍ പഠിപ്പിച്ച് നിരന്തരം പ്രചോദിപ്പിച്ച ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തുടങ്ങിയ തിരുമേനിമാരുടെയും, ഫാ. വി. സി. സാമുവല്‍, ഞാര്‍ത്താങ്കല്‍ കോരുത് അച്ചന്‍ തുടങ്ങിയ മല്പാന്മാരുടെയും വിശിഷ്ടമായ പ്രബോധനങ്ങള്‍ നാം “പന്നികളുടെ മുമ്പിലിട്ട മുത്തുകള്‍” പോലെ ചവിട്ടിത്തേച്ചു. തന്‍റെ ശരീരമായ സഭ ഒന്നായി നില്‍ക്കണമെന്ന് പ്രാര്‍ത്ഥിച്ച യേശുക്രിസ്തുവെന്ന രക്ഷകനെ നാം വീണ്ടും വീണ്ടും ക്രൂശിച്ചു. ഈ മഹാ പാതകത്തിന്‍റെ ശാപം “ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വന്നുകൊള്ളട്ടെ”യെന്ന് പറയാന്‍ പാവപ്പെട്ട വിശ്വാസികളായ മനുഷ്യരെ മഹാപുരോഹിതന്മാര്‍ (അവര്‍ക്ക് മക്കളില്ലല്ലോ) നിര്‍ബന്ധിച്ചു. ഇതിന്‍റെയെല്ലാം തിക്തവും ദൂരവ്യാപകവുമായ അനന്തരഫലത്തെക്കുറിച്ച് എത്രയോ വിവേകികളായ മനുഷ്യര്‍ മുന്നറിയിപ്പു നല്‍കി. തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ പോലും, ചരിത്രം നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല എന്നത് പരിതാപകരമാണ്.

സഭയുടെ സമാധാനത്തെക്കുറിച്ച് പറയുന്നതൊക്കെ വെറും സ്വപ്നാടകരുടെ ചിന്തകളാണെന്നും വ്യര്‍ത്ഥമായ ഗൃഹാതുരത്വമാണെന്നും പരിഹസിക്കുന്ന തീവ്രവാദികളായ കുറെ ആളുകളും നേതാക്കളും കാണുമായിരിക്കും. എന്നാല്‍, വളരെ യാഥാര്‍ത്ഥ്യബോധത്തോടും സഭയുടെ ഭാവി, ദൗത്യം എന്നിവയെക്കുറിച്ചുള്ള ക്രിസ്തീയ ദര്‍ശന ത്തോടും കൂടി സമീപിച്ചാല്‍ പ്രായോഗികവും നിയമാനുസൃതവുമായ ഒന്നിലധികം വഴികള്‍ നമുക്ക് മുമ്പിലുണ്ട്. അതറിഞ്ഞുകൊണ്ടുതന്നെ അറിഞ്ഞില്ല എന്ന് നടിക്കുകയും, ക്രിസ്തുവിന്‍റെ സുവിശേഷത്തെ അട്ടിമറിച്ച്, വിശ്വാസികളെ വഴിയാധാരമാക്കുകയും ചെയ്യുന്നവരോട് ദൈവം ക്ഷമിക്കട്ടെ.

മണ്ണാറപ്രായിലച്ചന്‍ ഒരു “കക്ഷി”യില്‍ ജനിച്ചുവളര്‍ന്ന ആളാണ്. അതിന്‍റെ വീറും വാശിയുമൊക്കെ മറ്റാരെയും പോലെ അദ്ദേഹത്തിനും പരിചിതമായിരുന്നു. എങ്കിലും നിയമവിധേയവും കാനോനികവും ക്രിസ്തീയവുമായ സഭൈക്യം എന്ന വലിയ ദര്‍ശനം ലഭിച്ചതു മുതല്‍ അക്കാര്യത്തില്‍ അദ്ദേഹം പൂര്‍ണ്ണ വിശ്വസ്തനായി നിലകൊണ്ടു. അദ്ദേഹം എടുത്ത നിലപാട് പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് പില്‍ക്കാല ചരിത്രം തെളിയിച്ചു. പഴയ സൗഹൃദം നിമിത്തം, അദ്ദേഹം ചിലപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ എന്നോടും അഭിപ്രായം ചോദിക്കുമായിരുന്നു. ചില കാര്യങ്ങളില്‍ ചിലപ്പോള്‍ എന്‍റെ വിയോജിപ്പ് അദ്ദേഹത്തെ ഞാന്‍ അറിയിക്കയും ചെയ്യുമായിരുന്നു. എന്നാല്‍ വിയോജിപ്പ് ഒരിക്കലും വ്യക്തിപരമായ സ്നേഹ സൗഹൃദങ്ങളെയും പരസ്പര ബഹുമാനത്തെയും ബാധിച്ചില്ല. അത് അദ്ദേഹത്തിന്‍റെ മഹത്വമായി ഞാന്‍ കരുതുന്നു.

ഈ ലോകദൗത്യം അവസാനിപ്പിച്ച് നിത്യ ഭവനത്തിലേക്ക് യാത്രയാകുന്നതുവരെ, ബഹുമാന്യനായ മണ്ണാറപ്രായിലച്ചന്‍ നല്‍കിയ സ്നേഹ വാത്സല്യങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായ അമ്മായിയോടും, മകന്‍ ലിജോയോടും കുടുംബത്തോടും വളരെ കടപ്പെട്ടിരിക്കുന്നു. ദൈവം ഈ ആചാര്യനെ അനശ്വരമായ പ്രകാശ മണ്ഡലത്തില്‍ വസിപ്പിക്കട്ടെ.