പട്ടംകൊട: ശെമ്മാശന്മാരും കശ്ശീശന്മാരും (1934-ലെ ഭരണഘടനയില്‍ വിഭാവനം ചെയ്തത്)

8. പട്ടംകൊട
(A) ശെമ്മാശന്മാരും കശ്ശീശന്മാരും

103. ശെമ്മാശുപട്ടത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നതിന് ഓരോ മെത്രാസന ഇടവകയിലും മെത്രാസന ഇടവകയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടു പട്ടക്കാരും മൂന്ന് അയ്മേനികളും ഉള്‍പ്പെട്ട ഒരു സെലക്ഷന്‍ ബോര്‍ഡ് – ഉണ്ടായിരിക്കേണ്ടതാകുന്നു.

104. അപേക്ഷകന്മാര്‍ – അവര്‍ ഏത് ഇടവകയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവോ ആ ഇടവകയിലെ ഇടവക പൊതുയോഗത്തിന്‍റെ രേഖാമൂലമായ അനുവാദത്തോടുകൂടി ഇടവകമെത്രാപ്പോലീത്തായുടെ അടുക്കല്‍ അപേക്ഷിക്കേണ്ടതും, വിരോധമില്ലെന്നു തോന്നുന്നപക്ഷം ടി അപേക്ഷയെ ഇടവകമെത്രാപ്പോലീത്താ സെലക്ഷന്‍ ബോര്‍ഡിലേക്ക് അയയ്ക്കേണ്ടതും സെലക്ഷന്‍ബോര്‍ഡ് അതേ സംബന്ധിച്ച് വേണ്ട അന്വേഷണം നടത്തേണ്ടതും, സെലക്ഷന്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവര്‍ മാത്രം പട്ടത്വത്തിനു യോഗ്യന്മാരെന്നു ഗണിക്കപ്പെടേണ്ടതും, ആകുന്നു.

105. സ്കൂള്‍ ഫൈനല്‍കോഴ്സ് കഴിയാത്ത യാതൊരുത്തനും പട്ടം കൊടുത്തുകൂടാത്തതാകുന്നു.

106. സെലക്ഷന്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റു ലഭിച്ചിട്ടുള്ള ആളുകള്‍ പട്ടത്വത്തിന് അര്‍ഹന്മാരാണെന്ന് ഇടവകമെത്രാപ്പോലീത്തായ്ക്കു ബോധ്യം വരുന്നതായാല്‍ അവരെ വൈദികപഠനത്തിനായി സമുദായംവക ഏതെങ്കിലും ഒരു സെമിനാരിയിലേക്ക് അയയ്ക്കേണ്ടതും, ആവശ്യമുള്ള വൈദികപഠനത്തിനു ശേഷം പട്ടത്വത്തിനു യോഗ്യന്മാരാണെന്നു സെമിനാരി പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫിക്കറ്റു കൊടുക്കുന്നതായാല്‍ ഇടവക മെത്രാപ്പോലീത്തായുടെ യുക്തംപോലെ അവര്‍ക്കു പട്ടം കൊടുക്കുന്നതും, ആകുന്നു.

Source