സാന്താക്ലോസി’ന്‍റെ യഥാര്‍ഥ കബറിടം കണ്ടെത്തി; തിരുശേഷിപ്പ് പാമ്പാക്കുടയിലും

ക്രിസ്മസ് അപ്പൂപ്പന്‍ സാന്താക്ലോസ് സങ്കല്‍പത്തിനു കാരണക്കാരനായ വിശുദ്ധ നിക്കൊളാസിന്‍റെ യഥാര്‍ഥ കബറിടം കണ്ടെത്തി. നാലാം നൂറ്റാണ്ടില്‍ കാലംചെയ്ത നിക്കൊളാസിന്‍റെ കബറിടം ദക്ഷിണ തുര്‍ക്കിയിലെ അന്‍റാലിയ പ്രവിശ്യയിലെ സെന്‍റ് നിക്കൊളാസ് ബൈസന്‍റൈന്‍ പള്ളിയിലാണെന്ന് ഇലക്ട്രോണിക് സര്‍വേയിലൂടെ സ്ഥിരീകരിച്ചു. പലതവണ പുതുക്കിപ്പണിത, യുനെസ്കോ പൈതൃക പട്ടികയിലുള്ള ബൈസന്‍റൈന്‍ പള്ളിയില്‍ 2017 ല്‍ കണ്ടെത്തിയ ശിലയെ ആധാരമാക്കി നടത്തിയ ഗവേഷണമാണ് ഇതിനു സഹായിച്ചത്.

മൈറ ഭദ്രാസനത്തിലെ മെത്രാനായിരുന്ന നിക്കൊളാസ് ദരിദ്രരായ കുട്ടികള്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി ജനപ്രിയനായിരുന്നു. എഡി 343 ല്‍ കാലംചെയ്ത അദ്ദേഹത്തെ മൈറയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ കബറടക്കിയെങ്കിലും ഭൗതികാവശിഷ്ടങ്ങള്‍ 1087 ല്‍ ഇറ്റലിക്കാര്‍ ബാരിയിലേക്കു കടത്തിയെന്നാണ് വിശ്വാസം. എന്നാല്‍, ഇറ്റലിക്കാര്‍ കടത്തിയത് മറ്റൊരു പുരോഹിതന്‍റെ ഭൗതികാവശിഷ്ടമാണെന്നും സെന്‍റ് നിക്കൊളാസിന്‍റെ കബര്‍ ഭദ്രമാണെന്നും ഇപ്പോഴത്തെ ഗവേഷകസംഘം പറയുന്നു.

മെഡിറ്ററേനിയന്‍ കടലിന്‍റെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ മുങ്ങിപ്പോയ പുരാതന പള്ളിയുടെ മുകളില്‍ പില്‍ക്കാലത്ത് പുതിയ ഒരു പള്ളി നിര്‍മ്മിച്ചിരുന്നു. ഇതിന്‍റെ അടിയിലായി ആദ്യ പള്ളിയുടെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് വിശുദ്ധന്‍റെ കബറിടവും കണ്ടുപിടിക്കാനായത്. യേശുക്രിസ്തുവിന്‍റെ ഒരു ചുവര്‍ചിത്രവും കണ്ടെത്തി.

എറണാകുളം ജില്ലയില്‍ കണ്ടനാട് മെത്രാസനത്തില്‍പെട്ട പാമ്പാക്കുട സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ കുരിശടിയില്‍ ആറു തിരുശേഷിപ്പുകളുണ്ട്. അവയിലൊന്ന് സെന്‍റ് നിക്കോളാസിന്‍റേതാണ്. സഭാചരിത്രഗവേഷകനായ ഡോ. എം. കുര്യന്‍ തോമസ് ഇവയില്‍ സാന്താക്ലോസിന്‍റെ തിരുശേഷിപ്പുണ്ടെന്ന് 1998ല്‍ തിരിച്ചറിഞ്ഞതോടെ ഈ വിഷയം ജനശ്രദ്ധയാകര്‍ഷിച്ചു.  270 മാര്‍ച്ച് 15 – 343 ഡിസംബര്‍ 6 കാലത്ത് ജീവിച്ചിരുന്ന നിക്കൊളാസ് നിഖ്യാ സുന്നഹദോസില്‍ (325) സംബന്ധിച്ചിട്ടുണ്ട്. മൈറ ഇന്ന് തുര്‍ക്കിയിലെ ഡെമര്‍ ആണ്. ലത്തീന്‍, ഗ്രീക്ക്, സുറിയാനി പാരമ്പര്യങ്ങളില്‍ ഡിസംബര്‍ ആറിനാണ് ഇദ്ദേഹത്തിന്‍റെ പെരുന്നാള്‍.