“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍


1994 ഏപ്രില്‍ 30. രംഗം കോട്ടയം ബസ്സേലിയോസ് കോളജ് ഹാള്‍. സമയം 11 കഴിഞ്ഞു. കോട്ടയം ഭദ്രാസനത്തില്‍ നിന്നു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് രണ്ടു വൈദികരേയും നാല് അവൈദികരെയും തെരഞ്ഞെടുക്കുന്നതിനുവേണ്ടി 200-ല്‍പരം പള്ളി പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നു.

ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ് അദ്ധ്യക്ഷന്‍. അദ്ദേഹം ചെയ്ത ആമുഖ പ്രസംഗത്തില്‍ ഭദ്രാസന കൗണ്‍സിലിലേക്കും മാനേജിംഗ് കമ്മിറ്റിയിലേക്കും മറ്റും തെരഞ്ഞെടുക്കപ്പെടുന്നവര്‍ മദ്യപന്മാരാണെന്നും കൈക്കൂലിക്കാരാണെന്നും തെരഞ്ഞെടുത്തശേഷം പരാതികള്‍ ഉണ്ടാകാറുണ്ട്. തന്നിമിത്തം മേലില്‍ അങ്ങനെ വരാതിരിക്കാന്‍ പ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

‘എന്നോടു ചിലര്‍ വന്നു മത്സരിക്കട്ടെ എന്നു ചോദിച്ചു. വേണ്ടാ എന്നു ഞാന്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഞാന്‍ പറഞ്ഞിട്ടാണു മത്സരിക്കുന്നതെന്നു പിന്നീടു ചിലര്‍ പറയും. ഇപ്പോള്‍ രണ്ടു വൈദികര്‍ക്കുവേണ്ടി നാലു പേരും നാലു അവൈദികര്‍ക്കുവേണ്ടി 11 പേരും മത്സരരംഗത്തുണ്ട്. സ്വയം പിന്മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കുന്നു. മാറുന്നില്ലെങ്കില്‍ വോട്ടെടുത്തു തീരുമാനിക്കും.

സ്ഥാനാര്‍ത്ഥികള്‍ക്കു രണ്ടുമൂന്നു മിനിറ്റു പ്രസംഗിക്കാനുള്ള അവസരമുണ്ട്. അതു കഴിയുമ്പോള്‍ ഞാന്‍ ചില ചോദ്യങ്ങള്‍ അവരോട് ചോദിക്കും. വിശ്വാസപ്രമാണം ചൊല്ലാന്‍ പറയും.’

സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേര്‍ക്കു തിരുമേനി ചോദിച്ച “ഭൂവിലശേഷം ദൈവത്താല്‍ പ്രേരിതരായ ശ്ലീഹന്മാര്‍ പോയ്”, ‘പൗലൂസ് ശ്ലീഹാ-ധന്യന്‍ ചൊല്‍കേട്ടേനിതേവം’, ‘യജമാനന്‍ വരുമന്നേരത്തുണര്‍വുള്ളോരായ്തന്‍’ എന്നീ പാട്ടുകള്‍ ചൊല്ലാന്‍ കഴിഞ്ഞില്ല. അറിഞ്ഞു കൂടാ എന്നു ചുരുക്കം.

മറ്റൊരാളോട് ഇപ്പോഴത്തെ കാതോലിക്കാ ബാവായുടെ പേരു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘മാത്യൂസ് മാര്‍ കൂറിലോസ്’ എന്നാണു പറഞ്ഞത്.

വിശ്വാസപ്രമാണത്തിന്‍റെ ആദ്യ ഖണ്ഡിക എല്ലാവരും തെറ്റാതെ ചൊല്ലി. മറ്റൊരാള്‍ പറഞ്ഞത് താന്‍ മദ്യപിക്കുമായിരുന്നു എന്നും ഇപ്പോഴില്ലെന്നുമാണ്. കൈക്കൂലി വാങ്ങാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൈക്കൂലി വാങ്ങാന്‍ അവസരം ഇല്ലാത്തതിനാല്‍ വാങ്ങുന്നില്ല എന്നത്രെ വേറൊരാള്‍ മറുപടി നല്‍കിയത്.

വല്ലപ്പോഴും മദ്യപിക്കുമെന്നും അതു തന്‍റെ ജോലിയില്‍ വിജയിക്കാനും ചിലരെ സ്വാധീനിക്കാനും ആവശ്യമാണെന്നും ഒരു സ്ഥാനാര്‍ത്ഥി അറിയിച്ചു. ഇന്നു തന്‍റെ ജന്മദിനമാണെന്നും മേലില്‍ താന്‍ മദ്യപിക്കയില്ലെന്നു ശപഥം ചെയ്യുന്നു എന്നും രാഷ്ട്രീയക്കാരനായ ഒരു സ്ഥാനാര്‍ത്ഥി പ്രസ്താവിച്ചു. അപൂര്‍വമായേ മദ്യപിക്കൂ എന്നാണു മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പരസ്യപ്രസ്താവന.

മദ്യപിക്കാറുണ്ടോ എന്ന് ഒരു സ്ഥാനാര്‍ത്ഥിയോടു ചോദിച്ചപ്പോള്‍ ‘നുണ പറയാന്‍ പ്രേരിപ്പിക്കുന്നു’ എന്ന രസകരമായ മറുപടിയാണ് ലഭിച്ചത്.

റിട്ടയര്‍ ചെയ്ത ഒരു സര്‍ക്കാന്‍ ഉദ്യോഗസ്ഥനോടു കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ ‘വാങ്ങാറില്ല’ എന്ന മറുപടിയാണു കിട്ടിയത്. ‘കൈക്കൂലി വാങ്ങാറില്ല’ എന്ന് ഒരു ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞപ്പോള്‍ ഹാളില്‍ കുറച്ചു നേരത്തേക്കു ചിരി ഉയര്‍ന്നു. തുടര്‍ന്നു വോട്ടെടുപ്പു നടന്നു.

പള്ളിയില്‍ കയറാതിരിക്കുകയും ആദ്യവസാനം ആരാധനയില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നതു കൊണ്ടാണു വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന ചെറിയ പാട്ടുകള്‍ പോലും പാടാന്‍ കഴിയാതെ വരുന്നതെന്നു സമാപന പ്രസംഗത്തില്‍ മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ത്ഥികളുടെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സഭയില്‍ ഉണ്ടല്ലോ എന്ന് ആദ്യമായി മനസ്സിലാക്കാന്‍ സാധിച്ചു. എങ്കിലും സഭയിലെ ഉന്നത സമിതിക്കുള്ളില്‍ എത്തുന്നവരുടെ ആദ്ധ്യാത്മിക വിജ്ഞാനത്തിന്‍റെയും ധാര്‍മ്മിക ജീവിതത്തിന്‍റെയും താണനിലവാരം മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു. സഭാചരിത്രം, വിശ്വാസാചാരങ്ങള്‍ എന്നിവ സഭാംഗങ്ങള്‍ പഠിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണു സ്ഥാനാര്‍ത്ഥികളുടെ താണനിലവാരത്തിലുള്ള പ്രസംഗങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.