അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായിരുന്ന ജോയന്‍ ചേട്ടന്‍ യാത്രയായി. എഴുതുവാന്‍വേണ്ടി ജീവിക്കുകയും പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്യ്ത ജോയന്‍ കുമരകത്തു കാരനും എഴുത്തുകാരനും, പ്രാസംഗികനും, ദാര്‍ശിനികനും ഒക്കെയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതിയ ആ വലിയ കുഞ്ഞു മനുഷ്യന്‍ ഇനി എന്നുമെന്നും നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായിരിക്കും.
സൗഹൃദങ്ങളെ എക്കാലവും ഇഷ്ടപ്പെട്ടിരുന്ന ജോയന്‍ചേട്ടനെ എല്ലാവര്‍ക്കും ഇഷ്ട്ടമായിരുന്നു എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പു വന്ന അദ്ദേഹത്തിന്റെ ഇരുപത്തൊന്നു ഫോണ്‍കോളുകള്‍ . ഈ കഴിഞ്ഞ ഫെബ്രുവരി നാലാം തീയതിയായിരുന്നു ശതാഭിഷേകം. അന്ന് സൂമിലൂടെയാണങ്കിലും എല്ലാ കൂട്ടുകാരെ കാണാനും സൗഹൃദം പങ്കുവെക്കുവാനും സാധിച്ചതില്‍ അതീവ സന്തുഷ്ടനും സന്തോഷവാ നുമായിരുന്നു . അങ്ങനെ പുസ്തകങ്ങളെ പ്രണയിച്ചുവെങ്കിലും എഴുത്തായിരുന്നു പ്രധാന തട്ടകം. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് കിട്ടിയ പുതുവത്സര അപ്പൂപ്പന്റെ പൂക്കൂട എന്ന പുസ്തകവും, സിനിമയായ കവിയമ്മാവന്റെ ഗ്രാമവും,നിരവധി ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.
പോകുന്നിടത്തൊക്കെ കൂടെ കൊണ്ടുപോകുന്ന പുസ്തകങ്ങളും,താമസ്സിച്ചിടത്തൊക്കെ കൂട്ടിവച്ച പുസ്തകങ്ങളും, മാഗസിനുകളും , ഇന്‍ലന്‍ഡ് കാലഘട്ടം മുതലുള്ള കത്തുകളുടെ കൂമ്പാരങ്ങളും,പഴയ പത്രങ്ങളും എല്ലാം ജോയന്‍ ചേട്ടന്റെ ബലഹീനതകളായിരുന്നു എന്നത് എട്ടു കൊല്ലം മുന്‍പ് കാലിഫോര്‍ണിയായില്‍ ഞങ്ങളുടെ ബെര്‍ലിംഗയിം ഹാസിയേണ്ട എന്ന ഓള്‍ഡ് ഐജ് ഹോമില്‍ താമസിക്കാനെത്തിയപ്പോഴേ മനസ്സിലായിരുന്നു . നിരന്തരമായി ഫോണില്‍ കൂട്ടുകാരുമായി സംസാരിക്കുക ടീവിയില്‍ മലയാളം ചാനലില്‍ വരുന്ന സിനിമയും, സീരിയലുകളും കാണുകയും അല്ലാത്ത സമയങ്ങളില്‍ പുസ്തകങ്ങള്‍ വായിക്കുകയുമായിരുന്നു ബെഡില്‍ പുസ്തകങ്ങള്‍ ചുറ്റും നിരത്തിവെച്ചിട്ട് അതിനു നടുവില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലത്തു ഒതുങ്ങി കിടക്കുന്ന ജോയന്‍ ചേട്ടന്റെ ചിത്രമാണ് ഇപ്പോഴും മനസ്സില്‍ . അത്രക്കും അദ്ദേഹം പുസ്തകങ്ങളെ പ്രണയിച്ചിരുന്നു.
പുസ്തകങ്ങളെ മാത്രമല്ല ഭൂലോകത്തുള്ള സകല ചരാചരങ്ങളെയും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന, നിഷ്‌കളങ്കതനിറഞ്ഞ ഒരു മനുഷ്യസ്നേഹികൂടിയായിരുന്നു എന്നുള്ളതിന് ഒരു സംശയവുമില്ല. അഞ്ചു കൊല്ലം മുന്‍പ് ഞങ്ങളുടെ വീടിന് അടുത്തുള്ള സിറ്റിയിലെ ലാന്‍ഡ്മാര്‍ക് വില്ല എന്ന മറ്റൊരു ഓള്‍ഡ്‌ഐജ് ഹോമിലേക്ക് മാറിയതില്പിന്നെ, ദിവസേന എന്നോണം എന്നെയോ അല്ലെങ്കില്‍ തമ്പിയെയോ വിളിക്കുമായിരുന്നു. ഒരു ദിവസം ഞങ്ങളോടു സംസാരിച്ചില്ലെങ്കില്‍ വല്ലാതെ ഒറ്റപെട്ടു പോകുന്നതുപോലെ തോന്നുമെന്നും ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ഞങ്ങള്‍ ഫോണെടുത്തില്ലെങ്കില്‍ ഒരുക്കലും പരാതിപ്പെട്ടിരുന്നില്ല. മാത്രമല്ല ഒരിക്കല്‍പോലും ആരെപ്പറ്റിയും ഒരു പരാധിയും പറഞ്ഞിട്ടുള്ളതായി അറിവില്ല. ഇരുട്ടിനെ പേടിച്ചിരുന്ന ജോയന്‍ രാവെളുക്കുവോളം ലൈറ്റ് ഇട്ടുകൊണ്ടാണ് ഉറങ്ങിയിരുന്നത് എന്നതും മറ്റൊരു പ്രത്യകതയാണ്.
ആരുടെയും മരണം ഏതുനേരവും സംഭവിക്കാമെന്നൊക്കെ അറിയാമെങ്കിലും ജോയന്‍ചേട്ടന്റെ പെട്ടന്നുള്ള ആ യാത്ര നിങ്ങളുടേതുപോലെതന്നെ ഞങ്ങളുടെയും സങ്കടങ്ങളാണ് . ആ വിളികളും സ്‌നേഹാന്വേഷണങ്ങളും ഇനിയൊരിക്കലും വരില്ലല്ലോ എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
ഫെബ്രുവരി 4 ന് അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിച്ച അതെ മാസം 28 നുതന്നെ ആരോടും പറയാതെയുള്ള ഒരു യാത്രയായിരുന്നു.
എന്നന്നേക്കുമായുള്ള ആ വേര്‍പാടില്‍ നമ്മളെല്ലാവരും തുല്ല്യ ദുഖിതരാണ്. ജോയന്‍ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതിനോടൊപ്പം, ഞങ്ങളുടെയും കുടുബത്തിന്റെയും ആദരാഞ്ജലി.