സി. വി. ജേക്കബ് (സിന്തൈറ്റ് ) അന്തരിച്ചു

സിന്തൈറ്റ് ചെയർമാൻ സി.വി.ജേക്കബ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

കൊച്ചി∙ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സി.വി.ജേക്കബ്(87) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് കടയിരുപ്പിലെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

തിരുവാണിയൂർ മേപ്പാടത്ത് ഏലിയാമ്മ ജേക്കബ് ആണ് ഭാര്യ. മക്കൾ: ഡോ. വിജു ജേക്കബ് (മാനേജിങ് ഡയറക്ടർ, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്), അജു ജേക്കബ് (ഡയറക്ടർ, സിന്തൈറ്റ്), എൽവി നൈനാൻ, സിൽവി മാണി, മിന്ന ജോർജ്, മിന്നി സജീവ്. മരുമക്കൾ: മിനി വർഗീസ്, രഹന ജേക്കബ്, നൈനാൻ ഫിലിപ്പ് (ഡയറക്ടർ, സിന്തൈറ്റ്), മാണി വർഗീസ് (ഡയറക്ടർ, സിന്തൈറ്റ്), ജോർജ് മത്തായി, ഡോ. സജീവ് ജോർജ് (എംഒഎസ്‍സി മെഡിക്കൽ കോളജ്, കോലഞ്ചേരി).

കൊച്ചി രാജ്യാന്തര വിമാനത്താവളം(സിയാൽ) ഡയറക്ടറാണ്. സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, കോലഞ്ചേരി മെഡിക്കൽ കോളജ് സ്പെഷൽ കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികള്‍ വഹിച്ചു. 1949 ൽ പതിനേഴാം വയസ്സിൽ, ഏലയ്ക്ക വ്യാപാരത്തിലൂടെയാണ് സംരംഭകരംഗത്ത് തുടക്കമിടുന്നത്.

ആദ്യകാലത്ത് വർക്കി സൺസ് എൻജിനിയേഴ്സ് എന്ന പങ്കാളിത്ത കമ്പനിക്കു കീഴിൽ ഒട്ടേറെ ജലവൈദ്യുതി, റോഡ്, പാലം പദ്ധതികളുടെ കരാറുകാരനായി. ഇടുക്കി അണക്കെട്ടിലെ മൂലമറ്റം ഭൂഗർഭ പവർ ഹൗസിലേക്കുള്ള ഉള്ള ടണൽ നിർമ്മാണം നടത്തിയത് ഈ കമ്പനിയാണ്. ഇതിനു ശേഷമാണ് പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് സ്ഥാപിച്ചത്.

സുഗന്ധവ്യഞ്ജനങ്ങളിൽനിന്ന് സംസ്കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളായ ഒലിയോറെസിൻസിന്റെ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സിന്തൈറ്റ്. ഒലിയോറെസിന്റെ ആഗോള വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിന്റെതാണ്. കിച്ചൺ ട്രഷേഴ്സ് സ്പ്രിഗ്, വീദാ, പോൾ ആൻഡ് മൈക് മിൽക് ചോക്ലേറ്റ്സ് തുടങ്ങിയ സിന്തൈറ്റിന്റെ പ്രമുഖ ബ്രാൻഡുകളാണ്.

കടയിരുപ്പ് എന്ന ചെറുഗ്രാമത്തിൽ ആരംഭിച്ച സിന്തൈറ്റിന് ഇന്ന് കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് ചൈന, ശ്രീലങ്ക, വിയറ്റ്നാം, യുക്രൈയ്ൻ, ബ്രസീൽ എന്നിവിടങ്ങളിൽ ഫാക്ടറികളും യുഎസിലും യൂറോപ്പിലെ പല രാജ്യങ്ങളിലും വിപണന ഓഫിസുകളും ഉണ്ട്.

1976–77 മുതൽ ഏറെക്കാലം ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സർക്കാർ ബഹുമതി രാഷ്ട്രപതിയിൽനിന്ന് ലഭിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റർഗ്രോ ഫുഡ്സ് ആൻഡ് ബവ്റിജസ് പ്രൈവറ്റ് ലിമിറ്റഡ്, സിമേഗാ ഫ്ലേവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിന്തൈറ്റ് ഇൻഫ്രസ്ട്രക്ചർ പ്രോജറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹെർബൽ ഐസോലൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, റമദ റിസോർട്സ് കൊച്ചി, റിവേറിയ സ്യൂട്സ് തേവര എന്നിവയുടെ സ്ഥാപകനാണ്.

വ്യവസായിക രംഗത്തിനു പുറമേ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് സെക്രട്ടറി, കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ് ഉപദേശകൻ, എക്സിക്യൂട്ടീവ് അംഗം, പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് ചെയർമാൻ, കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഡ്വൈസർ, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.