മുഖ്യമന്ത്രി ഒാർത്തഡോക്സ് വിശ്വാസികളെ വേദനിപ്പിച്ചു
മലങ്കര സഭയിലെ തർക്കം കേരളത്തിൽ ഒരു ക്രമസമാധാനപ്രശ്നവും രാഷ്ട്രീയ പ്രശ്നവുമായി മാറിക്കഴിഞ്ഞിട്ട് ഏറെ നാളായി. ഒാർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംേകാടതി വിരാമം കുറിക്കുമെന്നു കരുതിയെങ്കിലും വിധി കൂടുതൽ വ്യവഹാരങ്ങളിലേക്കും പ്രത്യക്ഷസമരങ്ങളിലേക്കുമാണ് നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭാനേതാക്കളുമായി തർക്ക പരിഹാരത്തിന് ശ്രമം നടത്തിനോക്കി. അനുരഞ്ജനത്തിനും പ്രക്ഷോഭത്തിനുമിടയിൽ പെട്ടുപോയ തർക്കവിഷയത്തിൽ ഇരുസഭകളും എവിടെയെത്തി?
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എപിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത നിലപാട് വ്യക്തമാക്കുന്നു
മലങ്കരസഭയിലെ തർക്കം അവസാനിപ്പിച്ചു, സുപ്രീംകോടതി അന്തിമ വിധിതീർപ്പ് നൽകിയിട്ട് മൂന്ന് വർഷം പിന്നിട്ടിരിക്കുന്നു. എന്നാൽ, മലങ്കരസഭയിലെ എല്ലാ ദേവാലയങ്ങളിലും കോടതിവിധി നടത്തിപ്പ് ഇനിയും പൂർത്തിയായിട്ടില്ല. ഏകദേശം 140-ൽ അധികം വർഷം പഴക്കമുള്ള സമുദായകേസിന് അന്ത്യംകുറിച്ച പരമോന്നത നീതിപീഠത്തിെൻറ വിധിന്യായ നടത്തിപ്പിന് കാലതാമസമുണ്ടാകും.
കോടതിവിധി ഉണ്ടായ 2017 ജൂലൈ മൂന്നിന് വിധിയുണ്ടായശേഷം അപ്പീൽ, റിവ്യു പെറ്റിഷൻ, ക്യുറേറ്റീവ് പെറ്റീഷൻ, ക്ലാരിഫിക്കേഷൻ പെറ്റീഷൻ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ പാത്രിയാർക്കീസ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി വ്യക്തമായ മറുപടി നൽകുകയും ചെയ്തു. സുപ്രീംകോടതിയുടെ ഒരു വിധിയും അംഗീകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും പുതിയ വിഷയങ്ങളുണ്ടാക്കി കോടതിയെ സമീപിക്കുകയാണ് അവർ.
കേരളയാത്ര നടത്തി സഭക്ക് പുതിയൊരു നിയമം ഉണ്ടാക്കണമെന്ന മെമ്മോറാണ്ടം കേരള ഗവർണർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ സത്യഗ്രഹം ഇരിക്കുന്നതാണ് പുതിയ രീതി.
എല്ലാം സുപ്രീംകോടതി തീർപ്പാക്കിയത്
സഭയിൽ ഇപ്പോൾ പുതിയ തർക്കവിഷയങ്ങൾ ഒന്നുമില്ല. പാത്രിയാർക്കീസ് വിഭാഗം ആവർത്തിക്കുന്ന വിഷയങ്ങളെല്ലാം കാലങ്ങളായി ഉന്നയിക്കപ്പെട്ടതും ധാരാളം ചർച്ചകൾ നടത്തി തീർപ്പുകൾ ഉണ്ടാകാതെ വന്നപ്പോൾ കോടതികളെ സമീപിച്ചതും കോടതികൾ യഥാസമയം വിധിന്യായങ്ങൾ പുറപ്പെടുവിച്ചതുമാണ്. 1958, 1995, 2002, 2017 എന്നീ വർഷങ്ങളിൽ ഏകദേശം 25 ലധികം ജഡ്ജിമാരും കീഴ്കോടതികളിൽനിന്ന് വിവിധ സമയങ്ങളിൽ പല ജഡ്ജിമാരും നൽകിയ വിധികളെല്ലാം ഒരേ തരം. 2017 ജൂലൈ മൂന്നിന് സുപ്രീംകോടതിവിധി തർക്കവിഷയങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകി അവസാനിപ്പിച്ചു. 2018ലും 2019ലും പാത്രിയാർക്കീസ് വിഭാഗത്തിെൻറ അപ്പീലുകൾക്ക് മറുപടിയായി കോടതി വീണ്ടും വ്യക്തത നൽകി.
പള്ളികൾ പിടിച്ചടക്കിയില്ല, നിയമവിധേയമാക്കി
പള്ളി കൈയേറ്റവും പള്ളി പിടിച്ചെടുക്കലും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്വഭാവവും ശൈലിയുമായി പാത്രിയാർക്കീസ് വിഭാഗം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ചിലരെങ്കിലും അത് ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. എന്താണ് യാഥാർഥ്യം? 1972 മുതൽ പാത്രിയാർക്കീസ് വിഭാഗം പിടിച്ചെടുക്കുകയും ഒാർത്തഡോക്സ് വിശ്വാസികളെ പുറത്താക്കുകയും ചെയ്ത പള്ളികൾ സുപ്രീംകോടതി അംഗീകരിച്ച സഭാ ഭരണഘടനക്കു വിധേയമാക്കി മാറ്റുകയാണ് സഭ ചെയ്യുന്നത്.
പാത്രിയാർക്കീസ് വിഭാഗം കൈയൂക്ക് കൊണ്ടും ആക്രമണങ്ങൾകൊണ്ടും പിടിച്ചടക്കിയ ദേവാലയങ്ങൾ കലഹത്തിലൂടെ നേടാൻ ശ്രമിക്കാതെ ഒരു വിധിക്കുവേണ്ടി ദീർഘകാലം കാത്തിരിക്കുകയും വിധിവന്നപ്പോൾ ദേവാലയങ്ങളെ നിയമവിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയക്ക് പള്ളി കൈയേറ്റം എന്നും പള്ളി പിടിച്ചെടുക്കലെന്നുമൊക്കെ പറയുന്നത് അത് ചെയ്തു ശീലമുള്ളവർ മാത്രമാണ്.
സുപ്രീംകോടതി വിധി പ്രകാരം മലങ്കരസഭയുടെ പള്ളികളിലും പള്ളി അനുബന്ധ കാര്യങ്ങളിലും കോടതി അനുവദിച്ചു നൽകിയിരിക്കുന്ന സഭാഭരണഘടനയുടെ (1934) അടിസ്ഥാനത്തിൽ ഭരണം നടത്തേണ്ടതാണ്. സഭയുടെ ഒരു ദേവാലയത്തിലും സമാന്തര ഭരണം പാടില്ല.
വിശ്വാസികളെല്ലാം ഒാർത്തഡോക്സുകാർ
ഓർത്തഡോക്സുകാർ ഇല്ലാത്ത പള്ളികൾ പാത്രിയാർക്കീസുകാർക്ക് വിട്ടുകൊടുത്ത് മാതൃക കാണിച്ചുകൂടേ എന്നതാണ് അടുത്ത വിഷയം. പള്ളികളിലുള്ള വിശ്വാസികളെല്ലാം ഓർത്തഡോക്സുകാരാണ്. പാത്രിയാർക്കീസ് വിഭാഗം എന്ന് വിളിക്കപ്പെടുന്നവരും ഓർത്തഡോക്സുകാരാണ്.
സുപ്രീംകോടതി വിധി നടപ്പാക്കിയാൽ പള്ളികളും സ്വത്തുക്കളും ഇടവകക്കാരുടേതല്ലാതായി മാറുമെന്നതാണ് അടുത്ത വാദം. മലങ്കരസഭ ഭരണഘടനയും പാരമ്പര്യവും അനുസരിച്ച് ഇടവകക്കുവേണ്ടി സ്വരൂപിക്കുന്ന സ്വത്തുക്കളും സ്ഥാപനങ്ങളും ഇടവകക്കാർക്ക് വേണ്ടിയുള്ളതാണ്. അവയുടെ എല്ലാ ൈകകാര്യാവകാശവും ഇടവക യോഗത്തിെൻറ തീരുമാനപ്രകാരം മാത്രമാണ്. ഇടവകാംഗങ്ങൾക്ക് ഇടവകയോഗാംഗങ്ങളാകുവാനുള്ള സഭ ഭരണഘടനയിലെ മാനദണ്ഡങ്ങൾ അനുസരിച്ചാൽ തുല്യതയോടെ എല്ലാ വിശ്വാസികൾക്കും യോഗത്തിൽ പങ്കെടുക്കാം.
ചർച്ച വിധിനടത്തിപ്പ്വൈകിപ്പിക്കാൻ
ചർച്ചക്കായി ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയിൽ വന്നവയും വ്യക്തമായ പരിഹാരനിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇനിയും ചർച്ച വേണമെന്ന് ശഠിക്കുന്നത് കോടതിവിധി നടപ്പിലാക്കാതെയിരിക്കാനുള്ള തന്ത്രം മാത്രമാണ്. പലപ്പോഴും ഗവൺമെൻറുകൾ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ടായി മാറുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടന്ന ചർച്ചകൾ അങ്ങനെയൊരു അവസരമായി മാറാതിരിക്കണമെന്ന് ഓർത്തഡോക്സ് സഭക്ക് നിർബന്ധമുണ്ടായിരുന്നെങ്കിലും വിപരീതമാണ് സംഭവിച്ചത്.
ശവസംസ്കാര വിവാദം എന്ത്?
പാത്രിയാർക്കീസുകാർക്ക് ഭൂരിപക്ഷമുള്ള പള്ളികൾ അവർക്ക് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിച്ചുകൂടേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നു. അതിന് കോടതിവിധി പ്രകാരം സാധുതയില്ല. മലങ്കര സഭ ഒന്നേയുള്ളൂവെന്നും അതൊരു ട്രസ്റ്റ് ആണെന്നും ട്രസ്റ്റ് ഭരിക്കപ്പെടേണ്ടത് 1934ലെ ഭരണഘടന അനുസരിച്ചാണെന്നും ട്രസ്റ്റിലെ അംഗമായ ഓരോ വിശ്വാസിയും ആ നിയമമനുസരിച്ച് നിലകൊള്ളണമെന്നും അനുസരിക്കാത്തവർക്ക് ട്രസ്റ്റിൽനിന്നു സ്വമേധയാ പുറത്തുപോകാമെന്നും അവർക്ക് ട്രസ്റ്റിെൻറ ഒരു ഭാഗവും വീതിച്ച് നൽകാൻ പാടിെല്ലന്നും വിധിന്യായം വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് കോടതിയലക്ഷ്യവും തുടർവ്യവഹാരങ്ങളുടെ ആരംഭവുമായി മാറും. അതുകൊണ്ടുതന്നെ വീതംവെക്കുന്ന പരിപാടിയും സമാന്തരഭരണവും കോടതിയും മലങ്കര സഭയും അനുവദിക്കുന്നില്ല.
ശവസംസ്കാര വിഷയത്തിൽ ഓർത്തഡോക്സ് സഭ മാന്യത കാട്ടിയില്ല എന്നതാണ് അടുത്ത വിഷയം. കേരള മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസംഗത്തിലും ഇത് പരാമർശിച്ചു മലങ്കര സഭയെ അപമാനിച്ചു. കട്ടച്ചിറയിൽ ഉണ്ടായ നിർഭാഗ്യകരമായ ഒരു സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് ഈ ആരോപണവുമായി മുഖ്യമന്ത്രിയുൾെപ്പടെ മുന്നോട്ടുപോകുന്നത്. വൃദ്ധസദനത്തിൽ ജീവിച്ച ഒരു മാതാവിെൻറ മൃതശരീരം െവച്ച് പാത്രിയാർക്കീസ് വിഭാഗം നടത്തിയ വിലപേശൽ നാടകങ്ങളാണ് ഇൗ ആരോപണങ്ങളുടെ പശ്ചാത്തലം.
നിയമാനുസൃത വികാരി മൃതദേഹം സംസ്കരിക്കാമെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാതെ നിയമം തെറ്റിക്കാൻ വഴിവക്കിലും വീട്ടുമുറ്റത്തെ പേടകത്തിനുള്ളിലും മൃതദേഹം െവച്ച് വിലപേശിയ പാത്രിയാർക്കീസ് വിഭാഗം കാണിച്ച നിഷ്ഠുരതയാണ് ഓർത്തഡോക്സ് സഭയെ പ്രതിക്കൂട്ടിലാക്കിയ തന്ത്രപ്രചാരണം. അതിനു തുടർച്ചയായി തിരുവനന്തപുരത്ത് നടത്തിയ ശവപ്പെട്ടി ഘോഷയാത്ര കേരള സർക്കാറിനെ കൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടുകൂടി ശവസംസ്കാര ഓർഡിനൻസും ബില്ലും ഇറക്കിച്ചു.
സംസ്ഥാന സർക്കാർ മനസ്സുവെച്ചാൽ മതി
കേരളത്തിലെ സഭാതർക്കം ക്രമസമാധാനപ്രശ്നമുണ്ടാക്കുന്നു എന്നതിൽ അൽപം ശരിയുണ്ട്. അത് അങ്ങേയറ്റം വേദനാജനകവും നിർഭാഗ്യകരവുമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഒരിക്കൽപ്പോലും പള്ളി പിടിച്ചെടുക്കാനോ പള്ളി കൈയേറാനോ പോയിട്ടില്ല. നിയമപരമായി ദേവാലയത്തിെൻറ താക്കോൽ നിയമാനുസൃത വികാരിയുടെ കൈയിൽ ലഭിച്ചു കഴിയുമ്പോൾ മാത്രമാണ് അവർ പള്ളിയിൽ പ്രവേശിക്കാനെത്തുന്നത്.
നിയമമനുസരിക്കുന്നവരെ ക്രമസമാധാനം ലംഘിക്കുന്നവർ എന്ന് വിശേഷിപ്പിക്കുന്നത് പള്ളികൾ കൈയേറി പിടിച്ചുെവച്ചിരിക്കുന്നവരും നിയമസാധുതയില്ലാതെ അവരെ പിന്താങ്ങുന്നവരുമാണ്. ക്രമസമാധാനപ്രശ്നം സമൂഹത്തിൽ ഉണ്ടാക്കുന്നവരും അവർ തന്നെ. കോടതിയിൽ നിന്നുവരുന്ന വിധികളെ നടപ്പാക്കുന്നതിനുള്ള ഭരണത്തിലിരിക്കുന്ന സർക്കാറുകളുടെ ഉത്തരവാദിത്തം അവർ ഭംഗിയായി നിറവേറ്റിയാൽ കേരളത്തിൽ സഭാതർക്കം സംബന്ധിച്ച് ഒരു ക്രമസമാധാനപ്രശ്നവും ഉണ്ടാക്കുകയില്ലെന്ന് ഉറപ്പാണ്.
വോട്ടിനുമാത്രം ജീവിക്കുന്ന ചില രാഷ്ട്രീയനേതാക്കളും പണത്തിനുമാത്രം എന്തും പറയാൻ തയാറായ കേസില്ലാ നിയമജ്ഞരും സത്യം വിളിച്ചുപറഞ്ഞാൽ തങ്ങളുടെ പൂർവികർ പണ്ട് ചെയ്തുകൂട്ടിയ പലതും തെറ്റായിരുന്നുവെന്ന് പറയേണ്ടിവരും എന്നതിനാൽ അസത്യത്തോടൊപ്പം നിലകൊള്ളാമെന്ന് ചിന്തിച്ച് ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകൾ ഇറക്കുന്ന ചില ൈക്രസ്തവ നേതാക്കളും മലങ്കര സഭയുടെ പള്ളികളിൽ നിയമം നടപ്പാക്കി ശാശ്വത സമാധാനമുണ്ടാക്കുന്നതിന് തടസ്സങ്ങളാണ്.
ഒരു കാര്യം ഉറപ്പാണ്. ഏതു തടസ്സമുണ്ടായാലും സത്യം മരിക്കുകയില്ല. കാലാകാലങ്ങളായി പാത്രിയാർക്കീസ് വിഭാഗക്കാർ കൈയടക്കിെവച്ചിരുന്ന അമ്പതോളം പള്ളികൾ മലങ്കരസഭയുടെ ഭരണക്രമത്തിൽ വന്നുകഴിഞ്ഞു. ഒന്നുപോലും ഓർത്തഡോക്സ് സഭ കൈയേറിയതോ പിടിച്ചെടുത്തതോ അല്ല. കോടതിവിധി നിയമപരമായി നടപ്പാക്കിയപ്പോൾ സംഭവിച്ചതാണ്. അനുതാപത്തിെൻറ ആത്മാവ് നിയമനിഷേധകരിൽ ഉണ്ടെന്ന സഭയുടെ ബോധ്യമാണ് അനുരഞ്ജനത്തിലേക്കും സ്വീകരണത്തിലേക്കുമുള്ള പാതതെളിയിക്കുന്നത്. ഒരു വിശ്വാസിയും അവിടെ തോൽക്കില്ല, തോൽക്കാൻ പാടില്ല. തോൽക്കാത്ത വിശ്വാസികൾ ഒരുമിച്ചുവന്നാൽ സുപ്രീംകോടതി വിധിന്യായത്തിൽ ആഹ്വാനം ചെയ്തപോലെ തുടർ ചർച്ചകളും പ്രായോഗികതകളുമുണ്ടാകും. സഭയിൽ ശാശ്വത സമാധാനം നിലവിൽവരും.