ദേശീയ വിദ്യാഭ്യാസ നയം 2020: ഒരു വിയോജനക്കുറിപ്പ് / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന് ജൂലായ് മാസം ഇരുപത്തി ഒൻപതാം തീയതി യൂണിയൻ ക്യാബിനറ്റ് അംഗീകാരം നല്കിയിരിക്കുകയാണല്ലോ.2019 ൽ പ്രസിദ്ധീകരിച്ച കരടുരേഖയിൽനിന്നും സ്ഥായിയായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇതിൽ ഇല്ല. 474 പുറമുള്ള കരടുരേഖ 64 പേജിലേക്ക് ചുരുക്കി അവതരിപ്പിച്ചു എന്നു മാത്രം. സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞും, നാടിൻ്റെ പുതിയ ആവശ്യങ്ങൾ പരിഗണിച്ചും, വിദ്യാഭ്യാസ രംഗത്തെ പുതിയ തിരിച്ചറിവുകൾ പ്രയോജനപ്പെടുത്തിയും, സ്വാഭാവികമായി ഉയർന്നുവരുന്ന തെറ്റായ പ്രവണതകൾ നിയന്ത്രിച്ചും, അടിസ്ഥാന സംസ്കാരവും, മൂല്യങ്ങളും സംരക്ഷിച്ചും വിദ്യാഭ്യാസ മേഖലയിൽ ഓരോ കാലത്തും പുരോഗമനകരമായ നയവ്യതിയാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. 1986 ന് ശേഷം ഇപ്പോഴാണ് നിലവിലിരുന്ന വിദ്യാഭ്യാസ നയം പുതുക്കി നടപ്പാക്കുന്നത്. ഈ സംരംഭം സ്വാഗതാർഹമാണ്. കരട് രേഖയിൽ തന്നെ പുതിയ വിദ്യാഭ്യാസനയം ആവിഷ്കരിച്ച് നടപ്പാക്കേണ്ടതിൻ്റെ ആവശ്യം കമ്മിറ്റി ചൂണ്ടി ക്കാണിക്കുന്നുണ്ട്. സമീപകാലങ്ങളിൽ അക്കാദമിക മേഖലയിൽ നിലവിലിരിക്കുന്ന അരക്ഷിതാവസ്ഥ, നാട് നേരിടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതിരിക്കൽ, വിമോചന ലക്ഷ്യമില്ലാത്ത പഠനം, ആഗോളതലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്ന മികവില്ലായ്ക എന്നിവ ദേശീയ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പിന്നാക്കാവസ്ഥയുടെയും പ്രതിസന്ധിയുടെയും സാക്ഷ്യപത്രങ്ങൾ ആണ്.ഈ കാര്യം കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ഡോ. കെ. കസ്തൂരി രംഗൻ കരടുരേഖയിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ കാര്യങ്ങൾ എങ്ങനെ ഇത്തരത്തിൽ എത്തി എന്ന ആത്മവിമർശനത്തിനും, വിഷയ വിശകലനത്തിനും ശ്രമിക്കുന്നില്ല. അതു നടത്തി അതിൻ്റെ അടിസ്ഥാനത്തിൽ നിലവിലുള്ള വിദ്യാഭ്യാസനയത്തിൻ്റെ തിരുത്ത് ആയിട്ടായിരുന്നു പുതിയ ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കേണ്ടിയിരുന്നത്. ഏതായാലും മാറിയ സാഹചര്യത്തിൽ പുതിയ നയരൂപീകരണം ആവശ്യമായിത്തീർന്നിരുന്നു എന്നതിന് തർക്കമില്ല. സ്കൂൾ തല വിദ്യാഭ്യാസം സംബന്ധിച്ച നയകാര്യവിശകലനത്തിന് മാത്രമേ ഈ ലേഖനം ഉദ്യമിക്കുന്നുള്ളൂ. സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ അടിസ്ഥാനഘടനയിൽ വന്ന മാറ്റമാണ് പ്രത്യേകം ശ്രദ്ധിക്കപ്പെടുക. വാർത്താമാധ്യമങ്ങൾ പ്രാധാന്യം കൊടുത്തത് മൂന്ന് വയസ്സിൽ ആരംഭിച്ച് 18 വയസ്സിൽ അവസാനിക്കുന്ന 15 വർഷം നീണ്ടുനിൽക്കുന്ന പഠന പ്രക്രിയയാണിവിടെ വിഭാവനം ചെയ്തിരിക്കുന്നത്. 1964 – 1966 കാലഘട്ടത്തിൽ കോത്താരി കമ്മീഷൻ ചർച്ച ചെയ്ത് അംഗീകരിച്ച നയത്തിൻ്റെ ശുപാർശ പ്രകാരം നിലവിൽ വന്ന 10 +2 ഘടനയ്ക്ക് പകരമാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. അതിൻ പ്രകാരം 5+ 3+ 3+ 4 എന്നതാണ് സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ പുതിയ ഘടന. ഇത്രയും കാലം ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിൻ്റെ ഭാഗമല്ലായിരുന്ന പ്ലേ സ്കൂൾ, കിൻ്റർഗാർട്ടൻ ക്രമീകരണങ്ങൾ സ്കൂളിലെ ഒന്നും രണ്ടും ക്ലാസ്സുകളുമായി യോജിപ്പിച്ച് അഞ്ച് വർഷം നീളുന്ന പ്രീപ്രൈമറിയാണ് പഠനത്തിൻ്റെ ഒന്നാം ഘട്ടം. അതായത് സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമല്ലാതിരുന്ന മൂന്നു വർഷത്തെ പഠന ക്ലാസ്സുകൾ ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കുകയായിരുന്നു. അടിസ്ഥാന സാക്ഷരത (foundational literacy) യും സംഖ്യാപഠനവും(numerecy) ആണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കുട്ടികൾ എഴുതാനും വായിക്കുവാനും പഠിച്ച് ഭാഷാപരമായ ജ്ഞാനവും, പ്രാഥമിക ഗണിത പാഠങ്ങൾ വഴി സംഖ്യാബോധവും ആർജ്ജിക്കണം എന്ന് നയരേഖ ആവശ്യപ്പെടുന്നു. ആറ് വയസ്സിനിടയിൽ നടക്കുന്ന ശീഘ്രമായ മസ്തിഷ്ക വളർച്ച പഠന കാര്യത്തിൽ വേണ്ട വിധം പ്രയോജനപ്പെടുത്തണം എന്നാണ് കമ്മിഷൻ ആഗ്രഹിക്കുന്നത്. അനൗപചാരിക വിദ്യാഭ്യാസം വഴി കുട്ടികളുടെ ബുദ്ധിവികാസം വേണ്ട വിധം നടപ്പാകാതെ പോകുന്നു എന്ന നിഗമനമാണ് നയമാറ്റത്തിന് കാരണം. തുടർപഠനത്തിന് കുട്ടികളെ ഭാഷാപരവും, ഗണിത ശാസ്ത്രപരവും ആയി ഒരുക്കുന്ന പ്രക്രിയയായി ഇതിനെ നയരേഖ കരുതുന്നു. അതുകൊണ്ട് അതിനുവേണ്ടി നിശ്ചിതമായ പാഠ്യപദ്ധതിയും, അഭ്യസനം സിദ്ധിച്ച അധ്യാപകരും ആവശ്യമായി വരുന്നു. അധ്യയന മാധ്യമം മാതൃ – പ്രാദേശിക ഭാഷകളിൽ ആക്കുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷും, ദേശിയ ഭാഷയായ ഹിന്ദിയും ഈ കാലഘട്ടത്തിൽ തന്നെ അഭ്യസനത്തിൻ്റെ ഭാഗമായി തീരുന്നു. മസ്തിഷ്ക്കം ത്വരിതഗതിയിൽ വികാസം പ്രാപിക്കുന്ന സമയ പരിധിക്കുള്ളിൽ അടിസ്ഥാന വിദ്യാഭ്യാസം കിട്ടുന്നതിനുള്ള അന്വേഷണമാണിവിടെ നടക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന അങ്കണവാടിയിലെയും, കിൻ്റർഗാർട്ടനിലെയും അനൗപചാരിക പഠനം പോരാ. അതുകൊണ്ട് ഇതിന് വേണ്ടി നല്ല പരിശീലനമുള്ള അധ്യാപകരെയും, കൃത്യവും ശാസ്ത്രീയവുമായ പാഠ്യ പദ്ധതിയും രേഖ വിഭാവനം ചെയ്യുന്നു. നിശ്ചിത പാഠ്യപദ്ധതിയും, നല്ല പരിശീലനവുമുള്ള അധ്യാപകർ വഴി ഏറ്റവും ശ്രദ്ധ കിട്ടേണ്ട പ്രായം വേണ്ടവിധം പ്രയോജനപ്പെടുമെന്നാണ് കമ്മീഷൻ്റെ നിഗമനം. വളർച്ചയിലെ നിർണ്ണായക ഘട്ടത്തിൽ ഏറ്റവും ഫലപ്രദമായി പഠനം കുട്ടികൾക്ക് കിട്ടുന്നത് തുടർപഠനസമയത്ത് പഠന മികവ് ഉണ്ടാക്കുവാൻ സഹായമാകുമത്രെ. എന്നാൽ ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുവാൻ തയ്യാറല്ലാത്ത പണ്ഡിതരും വിദ്യാഭ്യാസ രംഗത്ത് ധാരാളമുണ്ട്. സാക്ഷരതയും, സംഖ്യാബോധവും കുട്ടികളിൽ സൃഷ്ടിക്കുവാനായി ആവശ്യമായി വരുന്ന വായന, എഴുത്ത്, ഗ്രഹണം, അരിതമാറ്റിക് എന്നിവ ശിശു മനസിന് ഭാരമായി തീരുമെന്നാണ് അവരുടെ ഭയം. ഇവ തുടർപഠനത്തിന് ഉള്ള അടിസ്ഥാന ഉപാധികൾ ആണ് എന്ന് വരികിലും അവ സ്വായത്തമാക്കാൻ കുഞ്ഞുങ്ങളുടെമേൽ പ്രയോഗിക്കേണ്ടി വരുന്ന സമ്മർദ്ദം അവരുടെ തുടർപoനത്തെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. Dr. കൃഷ്ണ കുമാറിൻ്റെ നിരീക്ഷണം ശ്രദ്ധാർഹമാണ്: By promoting foundational literacy and numerecy as a key educational target of early schooling,we are likeIy to stress further an already embattled childhood. തുടർന്നുള്ള വർഷങ്ങളിൽ, അതായത് 6ാം ക്ലാസ്സ് മുതൽ തൊഴിൽ പരിശീലനം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പഠന പ്രക്രിയയിലുള്ളത്. വിഷയ ബന്ധിത അക്കാദമിക പഠനവും, തൊഴിൽ പരിശീലന വിദ്യാഭ്യാസവും ഒരേ സമയത്ത് കുട്ടികൾക്ക് ലഭിക്കുന്നു. തൊഴിലധിഷ്ഠിത പഠനം അവർക്ക് താരതമ്യേന എളുപ്പവും, ആകർഷകവും ആകയാൽ കുട്ടികളുടെ ശ്രദ്ധയും താൽപര്യവും അങ്ങോട്ട് തിരിയാൻ സാധ്യത ഏറെയാണ്. അക്കാദമിക ആഭിമുഖ്യമുള്ള കുട്ടികൾക്ക് തൊഴിലധിഷ്ഠിത പഠനങ്ങളിലേക്ക് തിരിയുവാൻ പ്രലോഭനം ഉണ്ടായാൽ നഷ്ടപ്പെടുന്നത് അക്കാദമിക രംഗത്ത് വളരുവാൻ കഴിയുന്ന ചെറുപ്പക്കാരെ ആയിരിക്കും. തൊഴിലുകൾ തിരിഞ്ഞെടുക്കുവാനും, ആഭിമുഖ്യങ്ങൾ തിരിച്ചറിയുവാനും പ്രായമാകുന്നതിന് മുമ്പേ കുട്ടികൾക്ക് ഈ തരം പ്രലോഭനം സൃഷ്ടിക്കുന്നതിന് നീതികരണം ഉണ്ടെന്ന് തോന്നുന്നില്ല. തൊഴിൽ കണ്ടെത്തലിനുള്ള പരിശീലനം മാത്രമല്ലല്ലോ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന ലക്ഷ്യം. തൊഴിൽ പരിശീലനത്തിനു് കുട്ടികളെ തിരിച്ച വിടുന്നതിനുള്ള ശ്രമം അടുത്ത ഘട്ടത്തിലാക്കുകയാകും അഭികാമ്യം. ഈ പ്രായത്തിൽ കുട്ടികൾക്ക് വൈജ്ഞാനിക തൃഷ്ണയും, ശാസ്ത്രീയ വിഷയങ്ങളിലുള്ള ജിഞ്ജാസയും വർദ്ധിപ്പിച്ചെടുക്കേണ്ട സന്ദർഭമാണ് എന്ന് വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്നവർ അറിയേണ്ടതാണ്. കുട്ടികളുടെ സാമൂഹ്യബോധവും,സംസ്കാരവും രൂപപ്പെടുകയും ജ്ഞാന തൃഷ്ണ ശക്തമാവുകയും ചെയ്യേണ്ട കാലയളവിൽ തൊഴിൽ ശക്തിക്ക് വർദ്ധനവുണ്ടാക്കുന്ന സംരഭമായി വിദ്യാഭ്യാസത്തെ പരിവർത്തനപ്പെടുത്തുന്നത് തെറ്റായ വിദ്യാഭ്യാസനയമായിരിക്കും. വിപണിയ്ക്ക് ആവശ്യമുള്ള തൊഴിൽ പരിശീലനത്തിന് പ്രാധാന്യം നല്കിയാൽ വിദ്യാലയങ്ങൾ നൈപുണ്യ (skills) മുള്ള ജോലിക്കാരെ സൃഷ്ടിക്കുന്ന പരിശീലന കളരികളായി മാറാനുള്ള സാധ്യത വളരെയാണ്. അതുകൊണ്ടാണ് ‘നിയോലിബറൽ ഫണ്ടമെൻറലിസം’ വിദ്യാഭ്യാസത്തിൽ വേരാഴ്ത്തുന്നതിന് പുതിയ നയരേഖ സാഹചര്യം ഒരുക്കുന്നു എന്ന വിമർശനം ഇതിനോടകം ഉണ്ടായത്. എന്നാൽ എട്ടാം ക്ലാസിന് ശേഷം അക്കാദമിക – താത്പര്യം പ്രകടിപ്പിക്കാത്ത കുട്ടികളെ അതിന് നിർബന്ധിക്കുന്നതിലും അർത്ഥമില്ല. തൊഴിൽ വിദ്യാഭ്യാസം സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കണം എന്ന മുതലിയാർ കമ്മീഷൻ്റെ (1953) കണ്ടെത്തൽ പരിഗണിക്കപ്പെടേണ്ടതാണ്. എട്ടാം ക്ലാസിന് ശേഷമുള്ള ക്ലാസ്സുകളിൽ ഏതെങ്കിലും വൈജ്ഞാനിക ശാഖകളിലേക്ക് പഠിതാക്കളെ നയിക്കുവാനുള്ള ശ്രമം ആരംഭിക്കേണ്ടതാണ്. ഒപ്പം തന്നെ അക്കാദമിക – (ശാസ്ത്രീയ – ഭാഷ – ഗണിത etc.) വിഷയങ്ങൾ പഠിക്കുവാൻ താത്പര്യമില്ലാത്ത കുട്ടികളെ അവർക്ക് അഭിരുചിയുള്ള തൊഴിൽ പഠന മേഖലയിലേക്ക് തിരിച്ചുവിടുകയും വേണം. അല്ലെങ്കിൽ അത്തരക്കാർ അതോടെ പഠനത്തിൽ വിമുഖരാവുകയും, പഠനം ഉപേക്ഷിക്കുവാനുള്ള സാധ്യത ഉണ്ട്. അത് തടയുവാനും പഠനശേഷം സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയും തൊഴിൽ സാധ്യതയുള്ള വിഷയങ്ങളെ സംബന്ധിച്ച സൈദ്ധാന്തികവും – പ്രായോഗികവുമായ പരിശീലന കോഴ്സുകൾ സ്കൂളുകളിൽ ആരംഭിക്കേണ്ടതുമാണ്. അത് അക്കാദമിക താത്പര്യം കുറഞ്ഞ വിദ്യാർത്ഥികൾക്ക്‌ പഠന വിരസത ഒഴിവാക്കി പഠനം ആകർഷകമാക്കുന്നതിനും സ്വന്തമായി തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിനും , വ്യവസായ ശാലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും അവരെ ഒരുക്കുന്നതിനും സഹായകമാകും. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം തൊഴിലാളികളെ സൃഷ്ടിക്കലല്ല എന്ന വിമർശനം ഉണ്ടാകാം. നിശ്ചയമായും വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമതല്ല. എന്നാൽ ശാസത്രീയമായ തൊഴിൽ പരിശീലനം അക്കാദമിക താത്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തുടർപoനത്തിന് പ്രേരണ നല്കുന്നു. അത് മാത്രമല്ല drop outs ആകുന്നതിൽ നിന്ന് കുട്ടികളെ തടയുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജീവിത സാധ്യതക്കുള്ള തൊഴിൽ പരിശീലനം ജീവസന്ധാരണത്തിനും, മാനസിക സന്തോഷത്തിനും സഹായമാകുന്ന ഒരു തൊഴിലിന് ഒരു വ്യക്തിയെ ഒരുക്കുക എന്ന പ്രായോഗിക ശ്രമം കൂടിയാണ് ചെയ്യുന്നത് എന്നോർക്കണം. പക്ഷേ ഈ വഴിക്ക് തിരിയുന്നതിന് മുൻപ് തന്നെ അടിസ്ഥാന സാക്ഷരത, സംഖ്യാബോധം തുടങ്ങിയ പഠന ഉപാധികൾ സ്വായത്തമാക്കിയിരിക്കണം എന്ന് മാത്രം. എന്നാൽ അക്കാദമിക പഠനത്തിന് ശേഷിയുള്ള കുട്ടികൾ ശാസ്ത്ര – ഭാഷാ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കേണ്ടതാണ്. ഏതു വിഷയത്തിലാണ് കുട്ടിയുടെ ആഭിമുഖ്യവും, സാധ്യതയും എന്ന് അന്വേഷിക്കുകയും അതുമായി ചേർന്നു പോകുന്ന വിഷയങ്ങൾ പഠിക്കുവാൻ സാഹചര്യം ഒരുക്കുകയും വേണം. തൊഴിൽ പരിശീലന കോഴ്സുകളിൽ പഠനം ആരംഭിക്കുന്ന കുട്ടികൾക്ക് ITI കളിൽ സിദ്ധിക്കുന്നതു പോലെ വിഷയം (trade) സംബന്ധിച്ച സമഗ്ര പരിശീലനം ലഭ്യമാക്കുന്നതിനെപ്പറ്റി പാഠ്യപദ്ധതി ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അതു സംബന്ധിച്ച് നയരേഖയിൽ നിർദ്ദേശങ്ങളില്ല. അതുപോലെ പരസ്പര ബന്ധമില്ലാത്ത പല വിഷയങ്ങൾ പഠിക്കുവാൻ നയരേഖ നല്കുന്ന സ്വാതന്ത്ര്യം തുടർപഠനത്തിന് സഹായിക്കില്ല. ഈ സാധ്യതകൾ നല്കുമ്പോൾ കുട്ടികൾ ഭാവി ചിന്തിക്കാതെ പരസ്പര ബന്ധം ഇല്ലാത്ത വിവിധ വിഷയങ്ങൾ എടുത്ത് പഠിക്കാൻ ശ്രമിക്കുകയും പഠനത്തിൽ ലക്ഷ്യ ( focus)വും ,പഠനത്തിൻ്റെ ആഴവും (depth) നഷ്ടപ്പെടുത്തുകയും ചെയ്യും. അതായത് വിഷയ തെരഞ്ഞെടുപ്പിന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്വാതന്ത്യം ശരിയായ പഠന ലക്ഷ്യത്തിന് വഴിയൊരുക്കുകയില്ല. പഠനം വിദ്യാർത്ഥിയുടെ ധൈഷണികതയ്ക്കും, സർഗ്ഗാത്മകതയ്ക്കും വെല്ലുവിളി ആകുകയുമില്ല. പഠനത്തിൽ ആഴവും, സമഷ്ടിയും ഉണ്ടാകണമെങ്കിൽ പഠിക്കുന്ന വിഷയങ്ങൾ ബന്ധപ്പെട്ടവയാവുകയാണ് അഭികാമ്യം. യോജിച്ച combinations സൃഷ്ടിക്കുന്നതിൽ നയരേഖ തന്നെ ശ്രദ്ധിക്കുകയും വേണ്ടിയിരിക്കുന്നു. ഇതോടൊപ്പം പഠനരീതികൾ സംബന്ധിച്ചും രേഖയിൽ നിലപാടുകൾ ഉണ്ട്. ഡിജിറ്റൽ – ഓൺലൈൻ പoനരീതി സാധ്യതകൾ ഉൾക്കൊണ്ടാണ് പഠനവും, അധ്യാപക പരിശീലനവും എല്ലാം നിർവ്വഹിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർണ്ണമായും സ്കൂളുകളിൽ അധ്യാപകരുടെ മേല്നോട്ടത്തിലും ശിക്ഷണത്തിലും നടക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ക്ലാസ്റൂം – സ്കൂൾ അടിസ്ഥാനമായ അഭ്യസനങ്ങൾ പരിസര അനുഭവത്തിനും വ്യക്തിത്വ വികാസത്തിനും അനിവാര്യമാണ്. വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്കൂൾ വിദ്യാഭ്യാസം ചില വിഷയങ്ങൾ പഠിക്കുവാനുള്ള അവസരം മാത്രമായി പരിമിതപ്പെടുത്തിക്കൂടാ. കുട്ടികളുടെ രൂപപ്പെടൽ (formation) നടക്കേണ്ടത് സ്കൂൾ പഠനകാലത്താണ്. ധാർമ്മികവും, സാംസ്കാരികവും, മനുഷ്യത്വപരവുമായ വളർച്ച ഈ കാലത്ത് നടക്കണം. ബുദ്ധിരാക്ഷസന്മാരെയോ, നിപുണരായ തൊഴിലാളികളെയൊ സൃഷ്ടിക്കുന്നതിലല്ല സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഊന്നൽ. ആധുനിക ടെലി -കമ്മ്യൂണിക്കേഷൻ സംവിധാനത്തിലൂടെ വിജ്ഞാന കൈമാറ്റം (transfer) മാത്രമേ ഭാഗീകമായി നടക്കുന്നുള്ളൂ. കുട്ടികൾ ഒന്നിച്ച് ചേർന്ന് പഠിക്കുമ്പോൾ വളരുന്ന സാമൂഹ്യബോധം, നീതിചിന്ത, പാരസ്പര്യം, സ്നേഹം, കരുതൽ ഒന്നും ഡിജിറ്റൽ – ഓൺലൈൻ ക്ലാസ്സുകൾ വഴി സൃഷ്ടിക്കപ്പെടുന്നുമില്ല. അതുപോലെ അധ്യാപക പരിശീലനത്തിനും അനൗപചാരിക മാർഗങ്ങൾ അവലംബിക്കുന്നത് പ്രതീക്ഷിക്കുന്ന ഗുണനിലവാരം സൃഷ്ടിക്കുന്നില്ല. ഇതെല്ലാം ചെലവും, യാത്രയും കുറയ്ക്കുവാൻ സഹായകമാണ് എങ്കിലും വേണ്ടത്ര ഫലപ്രാപ്തി ഉണ്ടാവുന്നില്ലെങ്കിൽ ഈ രീതി വിദ്യാഭ്യാസ രംഗത്ത് ഭാവിയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ആത്യന്തീകമായി ഭാവി സമൂഹത്തിൻ്റെ നല്ല രീതിയിലുള്ള രൂപപ്പെടൽ പോലും ഇല്ലാതാക്കും. നിലനിന്നു പോരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് ന്യൂനതകൾ ഏറെ ഉണ്ട് എങ്കിലും ഇന്ന് വരെ സാമൂഹിക ജീവിതം നിലനിർത്തിയതിലും ക്രമപ്പെടുത്തിയതിലും അതിനുള്ള പങ്ക് നിർണ്ണായകമാണ് എന്ന് വിസ്മരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ധാർമ്മികവും, സാമൂഹികവുമായ രൂപപ്പെടലിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകർ. ഗുരു – ശിഷ്യ ബന്ധത്തിലൂടെ ആണ് ഒരു കുട്ടിക്ക് സാമൂഹ്യ – പൗര – ധാർമ്മികബോധമെല്ലാം സ്വന്തമാകുന്നത്. പുതിയ വിദ്യാഭ്യാസ രേഖ പ്രകാരം ദീർഘകാല സേവനം നല്കുന്ന അധ്യാപകരെ ആവശ്യമില്ല. പ്രത്യുത വിഷയങ്ങൾ കുട്ടികൾക്ക് പറ്റിയ രീതിയിൽ അവതരിപ്പിക്കുവാൻ പ്രാവീണ്യമുള്ള കരാർ ജോലിക്കാരെ മതി. കുട്ടികളുടെ രൂപപ്പെടൽ ഇവരുടെ വിഷയമല്ല. വിഷയങ്ങൾ വിദഗ്ദ്ധമായി അവതരിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. കൂടാതെ ശേഷ്യാധിഷ്ഠിത വിദ്യകൾ കുട്ടികളെ അഭ്യസിപ്പിക്കുകയും കരാർ കാലം കഴിയുമ്പോൾ അവർ സ്കൂളുമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. അവർ ഗുരുക്കന്മാരായി മാറുന്നില്ല. അവർ വെറും instructorട മാത്രമാണ്. വിപണി രംഗത്ത് ഇന്ന് സാധാരണമാകുന്ന ഈ തരം രീതികളും, നടപടികളും വിദ്യാഭ്യാസ മേഖലയിൽ അവലംബിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും ഭാവികാലത്ത് സൃഷ്ടിക്കപ്പെടുക. വാണിജ്യ – വ്യവസായ രംഗത്ത് സാധാരണമായി കഴിഞ്ഞിരിക്കുന്ന നൂതന സാങ്കേതിക രീതികളുടെ ഉപയോഗപ്പെടുത്തൽ വഴി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങൾ തിരസ്ക്കരിക്കപ്പെടും എന്നതിന് സംശയം വേണ്ട. ദേശീയ നയരേഖ അവതരിപ്പിക്കു വാൻ ഉദ്ദേശിക്കുന്ന നടപടികൾ അത്രകണ്ട് വിജയകരമാകുന്ന സൂചനയല്ല നല്കുന്നത്. പുതിയ തലമുറയുടെ രൂപപ്പെടലിൽ നിർണ്ണായക സ്വാധീനം ചെലുത്തേണ്ട വിദ്യാഭ്യാസനയ നിർമ്മിതിയിൽ ഉത്തരവാദിത്ത പൂർണ്ണമായ ഒരു സമീപനം ആവശ്യമാണ്.

വിജ്ഞാനം എന്നത് ഒരു ശാസ്ത്ര (scientific ) സാങ്കേതിക (technical) അറിവ് മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോടെ അത് ധനസമ്പാദനത്തിനുള്ള സ്വകാര്യ സ്വത്ത് ( Private good ) ആയി പരിണമിക്കുന്നു. അങ്ങനെ വിജ്ഞാന പകർച്ച നടത്തുന്ന വിദ്യാഭ്യാസ മേഖല പൂർണ്ണമായ സ്വകാര്യവത്ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.. ഇത് ഉത്കണ്ഠ സൃഷ്ടിക്കുന്ന ഒരു പരിണാമമാണ്. ഈ നീക്കത്തിന് നിയന്ത്രണം ആവശ്യമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയരേഖ ഈ വിഷയം വിശകലന വിധേയമാക്കുന്നില്ല. അതുകൊണ്ട് ഇത് സംബന്ധിച്ച് തിരുത്തലിനും അത് തയ്യാറാകുന്നില്ല. അറിവ് വിപണിയിൽ ചരക്കാ (commodity) യിത്തീരുന്നതോടെ സ്വകാര്യ വാണിജ്യ – വ്യവസായ ഏജൻസികൾ അതിനെ ഏറ്റെടുത്ത് അതിന്റെ മൊത്ത കുത്തകക്കാരാ ( monopolists )യി മാറുന്നു. അതോടെ വിദ്യാഭ്യാസം എന്ന സേവന മേഖല സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായ മേഖലയായി മാറ്റപ്പെടുന്നു. സമ്പന്നരുടെ മുതൽ മുടക്ക് ഈ മേഖലയിൽ ഉണ്ടാകുന്നതിനെയല്ല നിരുത്സാഹപ്പെടുത്തേണ്ടത്; പ്രത്യുത വിദ്യാഭ്യാസ മേഖല വ്യവസായ രംഗമായി ലാഭ ലക്ഷ്യത്തിനായി ദുരുപയോഗപ്പെടുന്നതിനെയാണ് തടയേണ്ടത്. ജ്‌ഞാനത്തിന്റെ നിർമ്മിതിയും അതിന്റെ കൈമാറ്റവും മനുഷ്യന്റെ പൊതുവായ നന്മയ്ക്കും വളർച്ചയ്ക്കുമുള്ള വരദാനമാണ്. അത് കച്ചവട വസ്തുവാക്കുന്നതും അതിന്റെ വിനിമയം വാണിജ്യ രീതിയിലാക്കുന്നതും അങ്ങനെ അത് ധനികർക്ക് മാത്രം പ്രാപ്യമാക്കുന്നതുമായ വിദ്യാഭ്യാസ രീതിക്ക് നീതീകരണമില്ല. ഇതോടെ സാമ്പത്തി പിന്നാക്കാവസ്ഥയിലുള്ള ചെറുപ്പക്കാർക്ക് വിപണിയിൽ പ്രിയമുള്ള കോഴ്സുകൾ പഠിക്കുവാനുള അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ്. വിജ്ഞാനം എന്നത് മാർക്കറ്റിലെ വിനിമയ വസ്തു ആകുന്നതോടെ മനുഷ്യന്റെ കാഴ്ചപ്പാടിനെയും സംസ്ക്കാരത്തെ തന്നെയും അത് ബാധിക്കുന്നു. ദരിദ്രന് പഠന രംഗത്ത് പലയിടത്തും പഠനാവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതുവഴി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യതാത്പര്യങ്ങൾ ഉപേക്ഷിക്കപ്പെടുകയാണ്. വിദ്യാഭ്യാസം നൽകുന്നതിന്റെ ചുമതല കച്ചവട മേഖലയ്ക്ക് തീറെഴുതി ഭരണകൂടം സേവന രംഗത്ത് നിന്നും പിൻമാറുകയും സംസ്ക്കാരവും സാമൂഹികതയും വളർത്തേണ്ട അതിന്റെ നിയോഗത്തിൽ നിന്നും നിഷ്ക്രമിക്കുകയും ചെയ്യുന്നു. അതുവഴി വീണ്ടുവിചാരമില്ലാത്ത ഒരു തലമുറയാകും രൂപപ്പെടുന്നത്. അതായത് , സാമൂഹ്യ- സാമ്പത്തിക പരിവർജിതാവസ്ഥ(exclusion) അനുഭവിക്കുന്ന കുട്ടികളുടെ പഠന സാധ്യത പരിമിതപ്പെടുന്നു. അതോടെ ദരിദ്രർ വിദ്യാഭ്യാസ രംഗത്തുനിന്ന് തിരസ്കൃതരാവുകയും വാണിജ്യ മേഖലയിലെ ജോലി സാധ്യതകൾ അവർക്ക് ഇല്ലാതാവുകയും ചെയ്യുന്നു. ഇതുവഴി സമൂഹത്തിൽ വർദ്ധിക്കുന്ന സാമ്പത്തിക അന്തരം സാമൂഹ്യ വിവേചനത്തിനും അസമത്വത്തിനും ആത്യന്തികമായി സംഘർഷത്തിനും വഴിയൊരുക്കുന്നു. അത് സാമൂഹ്യ ഉദ്ഗ്രഥനമെന്ന ആശയ ലക്ഷ്യം തകരുന്നതിന് ഇടയാക്കും. പുതിയ വിദ്യാഭ്യാസ നയം ഈ പ്രതിഭാസത്തെ തടഞ്ഞ് വിദ്യാഭ്യാസ രംഗത്തെ വീണ്ടെടുക്കുന്നതിന് സഹായകമായ തിരുത്തൽ ആകേണ്ടതായിരിക്കുന്നു. കരുത്തന്റെ നിലനില്പിനും വളർച്ചയ്ക്കും മാത്രം സഹായകമാകേണ്ടതല്ലല്ലോ വിദ്യാഭ്യാസം. സമൂഹത്തിലെ ദുർബ്ബലരുടെ ശാക്തീകരണത്തിനും സാമൂഹ്യ പങ്കാളിത്തത്തി നും വഴിയൊരുക്കുന്നതിനും വിദ്യാഭ്യാസ രംഗം ഒരുങ്ങുന്നില്ല എങ്കിൽ ഉത്കണ്ഠയ്ക്ക് ഏറെ ഇടമുണ്ട്. വിദ്യാഭ്യാസം വിമോചനത്തിന് (education for liberation ) എന്ന ചിന്ത ആധുനിക വിമോചന വേദശാസ്ത്രജ്‌ഞരുടെ മനസ്സിൽ ഉദിച്ച ആശയമല്ല. ഇന്ത്യൻ ചിന്താധാരയിൽ ഇതിന് പണ്ടേ സ്ഥാനമുണ്ട്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന സാമൂഹ്യ – സാമ്പത്തിക യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് വിദ്യാഭ്യാസം സാർവ്വത്രികവും വിമോചനാത്മകവും അതുവഴി സമൂഹത്തിന്റെ സമഗ്രമായ സ്വാതന്ത്യത്തിനുമായി പരിണമിക്കേണ്ടതാണ്. ഈ പ്രക്രിയയ്ക്കാണ് തകർച്ച സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക- സാമൂഹ്യ പിന്നാക്കാവസ്ഥ , ജാതി സംവിധാനത്തിന്റെ ആധിപത്യം, അന്ധവിശ്വാസങ്ങളുടെ സാർവ്വത്രിക സ്വാധീനം എന്നിവയെല്ലാം നിലനില്ക്കുന്ന സമൂഹമാണ് നമുക്കുള്ളത്. സാർവ്വത്രിക വിദ്യാഭ്യാസ ലഭ്യതയും അതുവഴി വിഭാവനം ചെയ്യുന്ന വിമോചനാത്മക വിദ്യാഭ്യാസ നിർവ്വഹണവും വിമോചന പ്രക്രിയയ്ക്ക് ആവശ്യമാണ്. പ്രബുദ്ധമായ, വിമോചിതമായ വരും തലമുറകളുടെ നിർമ്മിതിയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടേണ്ടത്. ഇതിന് ഇപ്പോഴത്തെ വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ ശരിയായ വിമർശനവും പുതിയ നയത്തിന്റെ ആസൂത്രിതമായ രൂപികരണവുമാണ് വിദ്യാഭ്യാസനയ ഭേദഗതി കൊണ്ട് സാധിക്കേണ്ടത്. ഇത് കച്ചവട ലക്ഷ്യമുള്ള വിപണി മൂല്യങ്ങൾ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സാഹചര്യം നിലനിർത്തി നേടുകയില്ല. ഇതിനു വേണ്ടി മുതൽ മുടക്കാനും ഭരണകൂടം താത്പ്പര്യപ്പെടുന്നില്ല. വിദ്യാഭ്യാസ നിർവ്വഹണ രംഗത്ത് നിന്ന് സാവകാശം നിഷ്ക്രമിച്ച്‌ ഈ മേഖല പൂർണ്ണമായും സ്വകാര്യവത്ക്കരിക്കുവാൻ പദ്ധതിയിടുന്ന സർക്കാരിന്റെ നയത്തിന് പിന്തുണ നൽകുകയാണ് ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ കമ്മീഷൻ ചെയ്യുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. പൊതു വിദ്യാഭ്യാസത്തിനായി സർക്കാർ ഖജനാവിൽ നിന്നും നീക്കി വച്ചിരിക്കുന്നത് G.D.P യുടെ 2.7 ശതമാനം മാത്രമാണ് എന്ന വസ്തുത ഈ നിഗമനം ശരിവയ്ക്കുന്നതാണ്. ഈ സാഹചര്യം നിലനിൽക്കുന്നിടത്തോളം കാലം വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാനാവില്ല. മനുഷ്യന്റെ സാമൂഹിക-ഭൗതിക – ആശയ പരിസരത്ത് നിലനിൽക്കുന്ന മനുഷ്യത്യ – സാമൂഹ്യവിരുദ്ധ ആശയങ്ങളും നടപടികളും വിശകലനം ചെയ്യുവാനും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുവാനും ഘടനകളെ മനുഷ്യത്വവത്ക്കരിക്കുവാനുമായി കുട്ടികളെ സജ്ജമാക്കുക എന്ന മഹത്തായ ധർമ്മം നിർവ്വഹിക്കുന്നതിന് വിദ്യാഭ്യാസ പ്രക്രിയയെ ഒരുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഇതാണ് ശരിയായ വിദ്യാഭ്യാസം ഉന്നം വയ്ക്കേണ്ട വസ്തുത. നിലവിലിരിക്കുന്ന സാമൂഹിക ഘടനകൾ സൃഷ്ടിക്കുന്ന അസന്തുലിത ചോദ്യം ചെയ്യാതെയും മാറ്റം കൂടാതെയും നിലനിർത്തിയും വിദ്യാഭ്യാസം ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല. നാടിന്റെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ അടിസ്ഥാനത്തിൽ നാടിനെ സമഗ്ര സ്വാതന്ത്യത്തിലേക്ക് നയിക്കുവാൻ ഉതകുന്ന പണിയായുധ ( tools) ങ്ങൾ കൈമാറലുമാണ് വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ടത്. അതിന് അക്ഷരജ്ഞാനവും ഗണിതശാസ്ത്ര അറിവും സിദ്ധിച്ചതുകൊണ്ട് മാത്രം മതിയാവുകയില്ല . ഈ ഉദാത്ത ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതാകണം വിദ്യാഭ്യാസ നയത്തിന്റെ നവീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യം. സമൂഹത്തെ പാകപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ചെറുതല്ല എന്ന് തിരിച്ചറിയണം. ശാസ്ത്രീയ വീക്ഷണവും സാങ്കേതിക വിദ്യയുടെ പഠനവും കൊണ്ട് മാത്രം മത തീവ്രതയും വർഗീയതയും കുറയുന്നില്ല എന്നാണ് സമകാലീന ചരിത്രം സാക്ഷിക്കുന്നത്. ഒരു മതബഹുല സമൂഹത്തിൽ സമാധാനവും സംഭ്രാത്യത്വവും പുലരണമെങ്കിൽ സാമൂഹിക തയുടെ വളർച്ചയും സഹിഷ്ണുതയുടെ വ്യാപനവും നിർണ്ണായകമാണ് . അതിന് അനുയോജ്യമായ ലോകവീക്ഷണം വളർത്തിയെടുക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസനയ രൂപീകരണത്തിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഭിസംബോധന ചെയ്യണ്ടതാണ് .രാജ്യത്തിന്റെ വെല്ലുവിളികൾ അവഗണിച്ച് വിദ്യാഭ്യാസം നൽകിയത് കൊണ്ട് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകുന്നില്ല. വർഗ്ഗീയത വളരുന്നത് നാടിന്റെ കെട്ടുറപ്പിന് ഭീഷണിയാണ് എന്ന ചിന്ത ഈ നയപ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നില്ല. അതു പോലെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ , അഴിമതി, അനീതി ഇവയെല്ലാം തടഞ്ഞ് സംസ്കാരവും വിശാല വീക്ഷണവുമുള്ള ഒരു പൗര സമൂഹത്തെ സൃഷ്ടിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി കാണേണ്ടതാണ്. ഈ വിഷയം സംബന്ധിച്ച് പുതിയ വിദ്യാഭ്യാസ നയം എന്തെങ്കിലും ചിന്തിക്കുന്നതായി സൂചനയില്ല. ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ ഫല പ്രദമായി വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം നാടിനെ ധാർമ്മികവും സാമൂഹികവുമായി രൂപപ്പെടുത്തുന്നതും വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമാകേണ്ടതാണ്. എന്നാൽ ഇതിനെ വിദ്യാഭ്യാസവുമായി വേർപെടുത്തുന്ന(delink ) സാഹചര്യത്തിലേക്കാണ് ഇന്ന് വിദ്യാഭ്യാസരംഗം നീങ്ങുന്നത്. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുവാനും അതുവഴി ധന സമ്പാദനവും സാമൂഹ്യ – സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കുവാനും മാത്രം ശ്രദ്ധിക്കുമ്പോൾ നാട്ടിൽ അധാർമ്മികതയും അസാമൂഹികതയും വളരുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. രാഷ്ട്രപിതാവ് സമ്പന്നന് ധനം വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗം എന്ന നിലയിലല്ല വിദ്യാഭ്യാസത്തെ കണ്ടത്. നേരെ മറിച്ച് പരമ ദരിദ്രനും ജീവിക്കാൻ ഇടമുള്ള സമൂഹസൃഷ്ടിക്ക് അത് ഉതകണം എന്നാണ് ആഗ്രഹിച്ചത്. ഇതിന് പ്രേരണയും സമീപനവും സൃഷ്ടിക്കുന്നതിൽ ശരിയായ വിദ്യാഭ്യാസത്തിന് നിർണ്ണായക പങ്കുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നും തന്നെ പറയുന്നില്ല. മനുഷ്യന്റെ ധാർമ്മിക സാമൂഹിക രംഗത്ത് കടുത്ത ഭീഷണി ഉയരുന്ന സാഹചര്യത്തിൽ അതിനെ നേരിടുവാൻ കുട്ടികളെ സജ്ജമാക്കുവാനുള്ള വിദ്യാഭ്യാസത്തിന്റെ പങ്ക് വിസ്മരിച്ച് വിദ്യാഭ്യാസ നയം രൂപപ്പെടുത്താനാകില്ല. ഉദാരവത്കൃത സമൂഹത്തിൽ തൊഴിൽ പരിശീലനം എന്നനിലയിൽ മാത്രമായി വിദ്യാഭ്യാസത്തെ കാണാനാവില്ല. നേരെ മറിച്ച് സാമൂഹികമായും ധാർമ്മികമായും കൂടി വരും തലമുറയെ രൂപപ്പടുത്തുന്ന കാര്യത്തിൽ ശ്രദ്ധ പതിയാതെ പോയാൽ അത് സൃഷ്ടിക്കുന്നത് വലിയ ദുരന്തം ആയിരിക്കും. അതായത് സാമൂഹ്യ ധാർമ്മിക രൂപപ്പെടൽ എന്ന ലക്ഷ്യത്തിൽ നിന്ന് വിമുക്തമായ പഠനക്രമം സാങ്കേതിക വിദ്യയുടെ പൂർണ്ണതയിൽ കുട്ടികളിൽ എത്തിക്കുന്നതിൽ മാത്രമാണ് ലക്ഷ്യമിടുന്നത്. പഠനം കൂടുതലായി ഓൺലൈൻ രീതിയിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. അതുവഴി വിദ്യാഭ്യാസം ചെലവ് കുറയ്ക്കും . അതുപോലെ വിദ്യാർത്ഥികളുടെ യാത്രയും അധ്വാനവും സമയവും ലാഭിക്കുവാൻ സഹായിക്കുന്നു എന്നത് ശരിയാണ്. എന്നാൽ ക്ലാസ്സ്മുറികളിൽ കുട്ടികൾക്ക് കിട്ടുന്ന രൂപപ്പെടൽ തീർത്തും ഇല്ലാതാക്കുകയാണ് എന്ന കാര്യം എങ്ങനെയോ ശ്രദ്ധിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ സങ്കല്പവും പഠന പരിസരവുമെല്ലാം ഇവിടെ മാറ്റ വിധേയമാക്കുന്നത് ചിന്തയ്ക്ക് വിഷയീഭവിക്കാതെ പോകുന്നു. പരീക്ഷകൾ പാസ്സാവുന്നതും എന്തെങ്കിലും തൊഴിൽ കിട്ടുന്നതും വിദ്യാഭ്യാസം വഴി നടക്കേണ്ടത് ആണെങ്കിലും മാറി വരുന്ന സാഹചര്യത്തിൽ സാമൂഹികതയും സംസ്ക്കാരവും മനുഷ്യത്വവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്ന കാര്യം വിദ്യാഭ്യാസത്തിന്റെ പ്രാഥമിക താത്പര്യവും വെല്ലുവിളിയുമാണ് എന്നത് വിസ്മരിക്കാനാവില്ല. ഈ പരിഗണന അവഗണിക്കപ്പെടുന്നു എന്ന പ്രതീതിയാണ് ദേശീയ നയം 2020 നല്കുന്നത്. ഈ പരിഗണന വിദ്യാഭ്യാസ രംഗത്ത് ആധുനിക ശാസ്ത്രീയ നേട്ടങ്ങളും നവീന ബോധനരീതികളും ഉപയോഗപ്പെടുത്തണം എന്നതിൽ തർക്കമില്ല. എന്നാൽ വ്യക്തിയുടെ സാമൂഹ്യ ധാർമ്മിക രൂപപ്പെടൽ നടക്കണം എന്നത് അത്ര തന്നെ പ്രധാനമാണ്. മത്സരം നിറഞ്ഞ ലോകത്ത് നിലനില്പ് ഉറപ്പിക്കുന്നതിന് മാത്രം ഉതകുന്ന ഒന്നായി വിദ്യാഭ്യാസം തരം താഴ്ന്നു കൂടാ.