(ഓർമ്മദിനം ജൂലൈ 15)
പ്രൊഫ.കെ.എം.തരകനെക്കുറിചുള്ള ഓർമകൾക്ക് എന്റെ കൗമാരത്തോളം പഴക്കമോ പുതുക്കമോ ഉണ്ട്.യാദൃശ്ചികമെങ്കിലും എന്റെ താല്പര്യങ്ങളെയും ജീവിതത്തെയുംതന്നെ മാറ്റിമറിച്ച വായനാനുഭവങ്ങളുമായി അത് ബന്ധപ്പെട്ടുകിടക്കുന്നു.
ഭൗതിക ശാസ്ത്രത്തോടും പ്രത്യേകിച്ച് അതിന്റെ സാങ്കേതിക ശാഖയായ ഇലക്ട്രോണിക്സിനോടും ഉള്ള താൽപ്പര്യം എന്നിൽ അങ്കുരിക്കുന്നത് പള്ളം ഗവ.യു. പി. സ്‌കൂളിലെ പഠനകാലത്താണ്. അന്ന് സയൻസ് പഠിപ്പിച്ച അച്ചാമ്മ സാറിന്റെയും എന്റെ പിതാവിന്റെ സുഹൃത്തായ ചാക്കോ കുര്യന്റെയും സ്വാധീനം അതിനുപിന്നിൽ ഉണ്ടായിരുന്നു.
ഭാവിയിൽ ഒരു ശാസ്ത്രജ്ഞനോ ഇലക്ട്രോണിക്‌സ് എൻജിനീയറോ ആകണം എന്ന് ആഗ്രഹിച്ചിരുന്ന എന്നിലേക്ക് തത്വശാസ്ത്രം, സാഹിത്യം, സൈദ്ധാന്തിക ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആനയിച്ചതിൽ യൗവ്നത്തിലെ ചില വായനാനുഭവങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഇതും തരകൻസാറും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ?പറയാം.
ബിരുദ പഠനത്തിന് ഭൗതിക ശാസ്ത്രം വേണം എന്ന് നിർബന്ധമുണ്ടായിരുന്ന എനിക്ക് അഡ്മിഷൻ ലഭിച്ചത് വാഴൂർ ശ്രീ വിദ്യാധിരാജ എൻ.എസ്.എസ്.കോളേജിലായിരുന്നു. ഇത് 1984ൽ. പിറ്റേവര്ഷം ചങ്ങനാശ്ശേരി സെന്റ് ബെർക്കമാൻസ് കോളേജിലേക്ക് മാറ്റം ലഭിച്ചു.വാഴൂർ കോളേജിൽ പഠിച്ച ഒരുവർഷം എന്റെ അമ്മയുടെ വീട്ടിലും അമ്മയുടെ സഹോദരിയുടെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്.വളരെ യാദൃ ശ്ചികമായി അവിടെ കണ്ട ഭാഷാ പോഷിണിയുടെ പഴയ ലക്കങ്ങളിൽ ശ്രദ്ധ പതിഞ്ഞു.അവിടുത്തെ തട്ടിന്പുറത്തുനിന്നു കൂടുതൽ പഴയ ലക്കങ്ങളും ലഭിച്ചു.
ഒഴിവു ദിവസങ്ങളിൽ അതോരോന്നും വായിച്ചുതുടങ്ങി. ആ വായനക്കിടയിലാണ് പ്രൊഫ.സുകുമാർ അഴീക്കോട്, ഡോ.എം.ലീലാവതി, പ്രൊഫ.കെ.എം.തരകൻ എന്നീ പേരുകൾ ശ്രദ്ധയിൽപെട്ടത്.
തരകൻ സാറ് പരിഭാഷപ്പെടുത്തിയ ‘ഗില്ഗമേഷിന്റെ മഹാകാവ്യം’ ആണ് അദ്ദേഹത്തിന്റെ ആദ്യം വായിച്ച രചന.പിന്നീട് പല ലേഖനങ്ങളും വായിച്ചു.അദ്ദേഹത്തിന്റെ ‘പാശ്ചാത്യ സാഹിത്യ തത്വശാസ്ത്രം’ എന്ന പഠന ഗ്രന്ഥം പലതവണ വായിച്ചു.
‘ഭാഷാപോഷിണി’ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച ഒരു സെമിനാറിലാണ് അഴീക്കോട് മാഷ്, ലീലാവതി ടീച്ചർ, തരകൻ സാർ എന്നിവരെ ആദ്യമായി കണ്ടതും അവരുടെ പ്രസംഗങ്ങൾ കേട്ടതും.
അക്കാലത്തു തരകൻ സാർ ‘ഭാഷാപോഷിണി’യുടെ എഡിറ്റർ ഇൻ ചാർജും മനോരമ ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററും ആയിരുന്നു. അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിച്ചത് പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്!
മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെ ‘വിശ്വദീപം’ മഹാകാവ്യത്തിന്റെ പേരിൽ ആരംഭിച്ച അവാർഡ് ദാനചടങ്ങുകളിൽ എല്ലാ വർഷവും പങ്കെടുക്കുവാൻ എനിക്ക് ഉത്സാഹമായിരുന്നു. പ്രശസ്തരായ പല എഴുത്തുകാരെയും കാണാനും കേൾക്കാനും ലഭിക്കുന്ന അപൂർവ അവസരങ്ങ ളായിരുന്നു അവ. അപ്പോഴോന്നും തരകൻസാറുമായി സംസാരിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല.അൽപ്പം ധൈര്യം ലഭിച്ചത് ഗവേഷണം ആരംഭിച്ചപ്പോഴാണ്.
അദ്ദേഹവുമായി ഗവേഷണ വിഷയത്തെക്കുറിച്ചു സംസാരിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ചന്ദനപ്പള്ളി സാറാണ് അതിനു അവസരം ഉണ്ടാക്കിത്തന്നത്. അപ്പോഴേക്കും അദ്ദേഹം മനോരമയിലെ ചുമതലകളിൽനിന്ന് ഒഴിവായിക്കഴിഞ്ഞിരുന്നു. കോട്ടയത്തു അദ്ദേഹം സംഘടിപ്പിച്ച ഒരു സൗഹൃദ സമ്മേളനത്തിൽ ചന്ദനപ്പള്ളി സാറിന്റെ പിൻബലത്തോടെ ഞാനും നുഴഞ്ഞുകയറി.
എം.പി.വീരേന്ദ്ര കുമാറിനെ ആദരിക്കുന്ന ഒരു ചടങ്ങുകൂടെയായിരുന്നു അത്. ഉച്ചഭക്ഷണത്തിനുശേഷം തരകൻ സാർ വിശ്രമിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി.അദ്ദേഹം അത്ര സൗഹൃദ ഭാവമൊന്നും കാണിച്ചില്ല.
ഒ. എം. ചെറിയാനെക്കുറിച്ചു എന്തെങ്കിലും പുതിയ അറിവ് അദ്ദേഹത്തിൽനിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് സമീപിച്ചത്. ഒ.എം.ചെറിയാന്റെ ‘മിശിഹാ ഭക്തി ലഹരി’, ‘ക്രൈസ്തവ ധർമ്മ നവനീതം’, ‘കാലന്റെ കൊലയറ’ എന്നീ പുസ്തകങ്ങൾ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
എന്താണ് ഒ.എം.ചെറിയാന്റെ രചനകളുടെ പ്രത്യേകത എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു.
ആ ചോദ്യം ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞാൻ ഒ.എം.ചെറിയാന്റെ ഭാഷാ ശൈലിയാണ് ഏറെ ആകർഷിച്ചത് എന്നു പറഞ്ഞു.അപ്പോൾ അദ്ദേഹം “ഏതു പോലീസുകാരനും സ്വന്തം ശൈലി ഉണ്ടല്ലോ” എന്നായി.അതല്പം പരിഹാസമായാണ് എനിക്ക് അപ്പോൾ തോന്നിയത്.
കൂടുതൽ വായിച്ചിട്ട് വീണ്ടും കാണാൻ അദ്ദേഹം പറഞ്ഞു. പക്ഷെ ഞാൻ പ്രതീക്ഷിച്ചതുപോലുള്ള ഒരു പ്രതികരണം ഉണ്ടാകാഞ്ഞതുകൊണ്ട് വീണ്ടും കാണേണ്ടതുണ്ടോ എന്ന സന്ദേഹം ഉണ്ടായി. ഇത്തരം കാര്യങ്ങളൊക്കെ സമയവും സൗകര്യവും ചോദിച്ചു സ്വസ്ഥമായിരുന്നു സംസാരിക്കേണ്ട വിഷയമാണെന്ന് അന്നാണ് മനസ്സിലായത്.
പിന്നീട് അദ്ദേഹത്തെ കാണുന്നത് ഒരു വര്ഷത്തിനുശേഷമാണ്, കോട്ടയത്തു ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽവച്ചു. അക്കാലത്തു എന്റെയൊരു കൈകുറ്റപ്പാട് ‘ഭാഷാപോ ഷിണി’യിൽ അച്ചടിച്ചുവന്നിരുന്നു, ‘വൈലോപ്പിള്ളിയുടെ ഓണക്കവിതകൾ’ എന്ന ശീര്ഷകത്തിൽ. അതു വായിച്ച തരകൻ സാർ സന്തോഷത്തോടെ അഭിനന്ദനം അറിയിച്ചു. കൂടുതൽ എഴുതണം എന്നുപറഞ്ഞു.
പിന്നീട് സെമിനാരി പ്രസിദ്ധീകരിച്ച ‘സഭാ വിജ്ഞാന കോശ’ത്തിന്റെ എഡിറ്റിങ്ങിൽ സഹായിക്കാൻ വൈസ് പ്രിൻസിപ്പൽ ആയിരുന്ന ഫാ.ടി. ജെ.ജോഷ്വായുടെ നിർദ്ദേശപ്രകാരം സോഫിയ സെന്ററിൽ ഒരു മാസത്തോളം താമസിച്ചപ്പോൾ വിജ്ഞാന കോശത്തിന്റെ ജനറൽ എഡിറ്റർ ആയിരുന്ന തരകൻ സാറുമായി കൂടുതൽ അടുത്തു ബന്ധപ്പെടുവാൻ അവസരം ലഭിച്ചു.
അദ്ദേഹത്തിന്റെ പിതാവ് മാത്തൻ തരകൻ സാറിന്റെ പത്തനംതിട്ടയിലെ വീട്ടിലും ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു.
ആയിടെക്കാണ് അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന മന്ത്രി ടി. എം.ജേക്കബിന്റെ പ്രത്യേക താൽപ്പര്യം ആ നിയമനത്തിനുപിന്നിൽ ഉണ്ടായിരുന്നു. മഹാത്മാഗാന്ധി സർവകലാ ശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. 60 വയസ് പിന്നിട്ടിരുന്നതുകൊണ്ടു മാത്രമാണ് അത് ലഭിക്കാഞ്ഞത്.
സാഹിത്യ അക്കാദമിയിലെ അഞ്ചുവർഷത്തെ കാലാവധിക്കുശേഷം അദ്ദേഹം അത്തരത്തിലുള്ള ചുമതലകൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായില്ല.
YMCA, MGOCSM എന്നിവയുടെ സാഹിത്യ ക്യാമ്പുകളിൽ അദ്ദേഹത്തിന്റെ നേതൃത്വം യുവാക്കൾക്ക് ആവേശകരമായിരുന്നു.
1995-99 കാലത്ത് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ റീജിയണൽ സെക്രട്ടറി ആയിരിക്കെ കോട്ടയം, തിരുവല്ല, അടൂർ എന്നിവിടങ്ങളിൽ ഞാൻ OCYM നുവേണ്ടി സംഘടിപ്പിച്ച ത്രിദിന സാഹിത്യ ശില്പശാലകളിൽ അദ്ദേഹം പൗലോസ് മാർ മിലിത്തിയോസ്(പരിശുദ്ധ കാതോലിക്ക ബാവ), യാക്കോബ് മാർ ഐറേനിയസ് എന്നീ മെത്രാപ്പൊലീത്തമാരോടൊപ്പം പങ്കെടുത്തു നേതൃത്വം നൽകി.
1999ൽ ബംഗളുരു എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ സേവനത്തിന് പോകുംമുമ്പുവരെ അദ്ദേഹത്തെ ഇടയ്ക്കിടെ കാണുമായിരുന്നു.
ഡോ.കുര്യാസ് കുമ്പളക്കുഴി ‘സാഹിതീസഖ്യ’ത്തിനുവേണ്ടി കോട്ടയത്തു സംഘടിപ്പിച്ച ഒരു ചർച്ചാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കാൻ വന്നപ്പോഴാണ് ഒടുവിൽ കണ്ടത്.
അപ്പോഴേക്കും അദ്ദേഹത്തിന്റെ മേധാശക്തി കുറഞ്ഞുതുടങ്ങി യിരുന്നു.
പ്രസംഗ വേദികളിൽ പാണ്ഡിത്യവും വാഗ്മിതയും ഒരുപോലെ പ്രകടിപ്പിച്ചിരുന്ന തരകൻ സാറിനെ അത്തരത്തിൽ പിന്നീട് കണ്ടിട്ടില്ല.പാർക്കിന്സണ് രോഗം ബാധിച്ചതായി പിന്നീട് അറിഞ്ഞു.
കവിയൂരുള്ള വീട്ടിൽ ചെന്നപ്പോൾ എന്റെ കൈവശം ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങൾ തന്നു. കെ.എം.തരകൻ എന്ന സാഹിത്യ നിരൂപകനെക്കുറിച്ചു എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.ഇതുവരെ സാധിച്ചില്ല. അധികാര സ്ഥാനങ്ങളിൽ ഇരുന്ന സമയത്ത് അദ്ദേഹത്തിന്റെ തോളിൽ കയറി ഉയരം കൂട്ടുവാൻ ശ്രമിച്ചിരുന്ന ചിലരെങ്കിലും ഉണ്ട്. അവർക്കും കഴിഞ്ഞില്ല.
പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിച്ചിരുന്നു. തിരുമേനിയുടെ Joy of Freedom എന്ന പുസ്തകം അദ്ദേഹം ‘സ്വാതന്ത്ര്യ ദീപ്തി’ എന്നപേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.തിരുമേനിയുടെ താല്പര്യപ്രകാരമാണ് അദ്ദേഹം പിറ്റ്സ്ബർഗ് തിയോളജിക്കൽ സെമിനാരിയിൽ ഗവേഷണ പഠനം നടത്തിയത്.
കൈസരിയായിലെ മാർ ബസേലിയോസ്, നിസ്സായിലെ മാർ ഗ്രിഗോറിയോസ് എന്നീ സഭാ പിതാക്കന്മാരുടെ കാവ്യ ദര്ശനത്തേക്കുറിച്ചു അവിടെ നടത്തിയ പഠനമാണ് The Poetic Act എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.
മലയാള നോവൽ സാഹിത്യം, പാശ്ചാത്യ സാഹിത്യ തത്വ ശാസ്ത്രം, ഉറൂബിന്റെ കഥകൾ, വള്ളത്തോളിന്റെ മഗ്നലന മറിയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠന ഗ്രന്ഥങ്ങൾ ആ രംഗങ്ങളിൽ ആധികാരികമാണ്.
ഐ. എ. റിച്ചാർട്സിന്റെയും അഭിനവ ഗുപ്തന്റെയും സാഹിത്യ ചിന്തകൾ താരതമ്യം ചെയ്തുകൊണ്ട് കെ.എം.തരകൻ സാർ നടത്തിയ ഗവേഷണ പഠനം സാഹിത്യാസ്വാദനത്തിന്റെ സർവലൗകീകത വ്യക്തമാക്കുന്നു.
ഒ. ചന്ദുമേനോൻ, കേശവദേവ്, എം.പി.പോൾ, വൈക്കം മുഹമ്മദ് ബഷീർ, കെ.സി.മാമ്മൻ മാപ്പിള എന്നിവരുടെ ജീവചരിത്രവും അദ്ദേഹം എഴുതിയുട്ടുണ്ട്.
സഭാ പിതാക്കന്മാരെക്കുറിച്ചു അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ‘ഓർത്തഡോക്സ് പഠനങ്ങൾ’.
ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, പ്രഭാഷകൻ, അദ്ധ്യാ പകൻ, സാംസ്കാരിക പ്രവർത്തകൻ, നോവലിസ്റ്റ്, ജീവചരിത്രകാരൻ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രതിഭാവിലാസം തെളിയിച്ച ഡോ.കെ.എം.തരകൻ വരുംകാലങ്ങളിൽ കൂടുതൽ പഠന വിധേയമാക്കും എന്നു തീർച്ചയാണ്.