പൊതു അറിയിപ്പ് / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിശുദ്ധ സഭയെയും സഭയിലെ പിതാക്കന്മാരെയും ആക്ഷേപിച്ചുകൊണ്ടുള്ള വ്യാജവാര്‍ത്തകള്‍ അനവധി പ്രത്യക്ഷപ്പെടുന്നതായി കാണുന്നു. ഈ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ വിശ്വാസികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

1. സഭാവാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ മലങ്കര സഭാ മാസിക, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ന്യൂസ് ബുള്ളറ്റിന്‍, മെത്രാസനങ്ങളില്‍ നിന്നും ആദ്ധ്യാത്മിക സംഘടനകളുടെ മാധ്യമങ്ങളില്‍ നിന്നും അറിയിക്കുന്നത് മാത്രമേ വിശ്വസിക്കേണ്ടതുള്ളു.

2. പരിശുദ്ധ സഭയുടേയും പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെയും പരിശുദ്ധ ബാവാ തിരുമേനിയുടെയും മറ്റും ഫോട്ടോകള്‍, എംബ്ലങ്ങള്‍, വാട്ടര്‍മാര്‍ക്കുകള്‍ എന്നിവ വച്ച് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്തുവാനുള്ള ശ്രമങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. വ്യാജമായും അനുമതി കൂടാതെയും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും അവ പ്രചരിപ്പിക്കുന്നതും സൈബര്‍ നിയമങ്ങള്‍ പ്രകാരം ക്രിമിനല്‍ കുറ്റകരമാണ്.

3. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ഇനിയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതിരുന്നാല്‍ ആയത് സമൂഹത്തോടും സഭാ വിശ്വാസികളോടും ചെയ്യുന്ന അപരാധമായിരിക്കുമെന്നതിനാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ എല്ലാം സൈബര്‍സെല്ലിനെ അറിയിക്കുകയും കേസ് കൊടുക്കുകയും ചെയ്യുന്നുണ്ട് എന്ന് അറിയിക്കുന്നു. വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും സൈബര്‍ കുറ്റങ്ങള്‍ ആണ്. നിരപരാധികളായ അനേകര്‍ ഈ കുറ്റങ്ങളില്‍ കുടുങ്ങുകയും രക്ഷപെടുവാന്‍ മാര്‍ഗ്ഗങ്ങള്‍ തിരക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ അടുത്ത കുറ്റവാളി ആകാതിരിക്കാന്‍ സൂക്ഷിക്കുക.

4. സമൂഹമാധ്യമങ്ങളില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം പേരില്‍ ആശയവിനിമയങ്ങള്‍ നടത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ആയത് മിക്കവാറും ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നു മുണ്ട്. എന്നാല്‍ പിതൃത്വം ഇല്ലാത്ത വാര്‍ത്തകളും പിതൃത്വം അറിയാത്ത എഴുത്തുകാരും സമൂഹത്തിന്‍റെ ശാപവും കൊടും ക്രിമിനലുകളുമാണ്. അവ പ്രചരിപ്പിക്കാനോ അവരെ പ്രോത്സാഹിപ്പിക്കുവാനോ നാം ചട്ടുകങ്ങളായി മാറുകയും നിയമകുരുക്കില്‍പെടുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

5. ഇത്തരം ഒരു വ്യാജ വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ഭരണാധികാരിയുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “മോസ്ക്കുകളും മറ്റു ദേവാലയങ്ങളും അടഞ്ഞുകിടക്കുന്ന, ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ ഭാരപ്പെടുന്ന ഈ കാലത്ത് ദൈവത്തെ വിളിച്ച് ധാര്‍മ്മിക ജീവിതം നയിക്കുന്നതിന് പകരം ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഈ രാജ്യത്തിന് ആവശ്യമില്ല. അവരുടെ പേരുകള്‍ നല്‍കുക; അവരെ ഉടന്‍ ജയിലിലടക്കുകയോ മാതൃരാജ്യത്തേക്ക് തിരികെ അയക്കുകയോ ചെയ്യും.” എഴുതുന്നവര്‍ മറഞ്ഞിരുന്നും പേര്‍ വെളിപ്പെടുത്താതെയും വ്യാജ പേരുകളിലും ആയിരിക്കും എഴുതുന്നത് എന്നതിനാല്‍ അവരെ പിടികൂടുന്നത് അല്പം ദുഷ്ക്കരമായിരിക്കും. എന്നാല്‍ ഷെയര്‍ ചെയ്യുന്നവരുടെ ഐ.പി. അഡ്രസ്, പേരുകള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവ പെട്ടെന്ന് അധികാരികള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കുകയും അവര്‍ പിടിക്കപ്പെടുകയും ചെയ്യും.

5. മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതോ ജാതി, വര്‍ഗ, വര്‍ണ്ണ വിവേചനം ഉളവാക്കുന്നതോ ആയ വാര്‍ത്തകള്‍ സമൂഹത്തില്‍ ചിദ്രം ഉണ്ടാക്കുമെന്നതിനാല്‍ അവയും കുറ്റകരമാണെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.

നിരപരാധികളായ അനേകരുടെ പേരില്‍ സൈബര്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ സഭയുടെ മാധ്യമ വിഭാഗത്തിനുവേണ്ടി ഈ കാര്യങ്ങള്‍ നിങ്ങളുടെ സ്നേഹത്തോട് അറിയിക്കുന്നു.

സ്നേഹപൂര്‍വ്വം

നിങ്ങളുടെ ഇടയന്‍

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ
മാധ്യമ വിഭാഗം അധ്യക്ഷന്‍
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ