സഭയിലെ സമാധാനത്തിനായുള്ള പ്രാർത്ഥന – ശുബുക്കോനോ

പിതാവിനും പുത്രനും ശുദ്ധമുള്ള റൂഹായ്ക്കും സ്തുതി, ആദിമുതൽ എന്നേക്കും തന്നേ ആമ്മേൻ.

സർവശക്തനും കാരുണ്യവാനും ദീർഘക്ഷമയുള്ളവുമായ ദൈവമേ, അവിടുന്നു പറഞ്ഞതുപോലെ അവിടുത്തെ വചനം പ്രഘോഷിപ്പാനായി അപ്പോസ്തോലന്മാർ ലോകം മുഴുവനും അയക്കപ്പെട്ടു. അവരിൽ മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിലുമെത്തി സുവിശേഷം അറിയിക്കുകയും നിൻ്റെ സത്യസഭയെ മലങ്കരയിൽ സ്ഥാപിച്ച് സത്യവിശ്വാസം അതിൽ ഭരമേൽപ്പിക്ചുകയും ചെയ്തു. ഈ പരിശുദ്ധ സഭ പലവിധമായ കഠിന പരീക്ഷണങ്ങളിൽ കൂടി കടന്നുപോയെങ്കിലും, അതിലെ പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥനകളാൽ സഭാ നൗക മുങ്ങിപ്പോകാതെ ഇത്രത്തോളം പരിപാലിക്കപ്പെട്ടു. എന്നാലിന്ന്, സഭയ്ക്കുള്ളിൽ സഹോദരങ്ങൾ പരസ്പര കലഹത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവിടുത്തെ സഭയുടെ പരിശുദ്ധതയെ കളങ്കപ്പെടുത്തിയും, ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തിയും കൊണ്ട് , വാക്കിലും പ്രവർത്തിയിലും പോരടിക്കുന്നു. സഭയുടെ പിതാക്കന്മാർക്കെതിരെയും സഹോദരങ്ങൾക്കെതിരേയും ശാപവാക്കുകളും ദുരുപായങ്ങളും മെനഞ്ഞുണ്ടാക്കുന്നു. സത്യ ആരാധനയ്ക്കും തിരുവചനധ്യാനത്തിനും സമയം കണ്ടെത്താതെ, സഭയിലെ വ്യവഹാര കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നു. അതിവിശുദ്ധ സ്ഥലമായ മദ്ബഹായിൽ നിന്നുപോലും സഭയിലെ ഭിന്നതയെപ്പറ്റി സംസാരിക്കുന്നു. നൂറ്റാണ്ടായി തുടരുന്ന വ്യവഹാരം ഒരു തീരുമാനത്തിലും എത്താതെ, ഇപ്പോഴും തുടരുന്നു. ഇതുമൂലം നിൻ്റെ പരിശുദ്ധ തിരുനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുകയും സഭയും അതിൻ്റെ മക്കളും പരിഹാസ പാത്രങ്ങളായി തീരുകയും ചെയ്യുന്നു. കർത്താവേ ഞങ്ങളോടു കരുണ തോന്നണമേ. ഞങ്ങളുടെ വീഴ്ചകളിൽ നീ മാത്രമാകുന്നുവല്ലോ പരിഹാരകനായൂള്ളത്.

സർവ നീതിയുടെയും വനന്മകളുടെയും വൈരിയായ സാത്താൻ വിശുദ്ധ സഭയിൽ വരുത്തിക്കൂട്ടുന്ന ഭിന്നതകളേയും പിരിച്ചിലുകളേയും കലഹങ്ങളേയും തർക്കങ്ങളേയും കൃപയോടെ അതിൽ നിന്ന് നീക്കിക്കളഞ്ഞ് സാത്താൻ്റെയും സൈന്യങ്ങളുടെയും യാതൊരു വക തന്ത്രങ്ങളും ദുഷ്പ്രേരണകളും അതിൽ പ്രവേശിക്കാതെ അതിൻ്റെ വാതിലുകളിൽ വിശുദ്ധ സ്ലീബായാൽ മുദ്രകുത്തണമേ. അതിൽ ഉണ്ടായിരിക്കുന്ന കലഹങ്ങളേയും തർക്കങ്ങളേയും ഭിന്നതകളേയും പിരിച്ചിലുകളേയും നീ നീക്കി മായിച്ചു കളയേണമേ. വിശുദ്ധ സഭയിൽ നിരപ്പും സമാധാനവും ഐക്യവും വാഴുമാറാകേണമേ.

സഭയിലെ ആചാര്യന്മാരെയും തലവന്മാരെയും നീ ജ്ഞാനവും ശക്തിയും ഉള്ളവരാക്കി തീർക്കേണമേ. അതിൻ്റെ പ്രജകൾ സമാധാനത്തോടെയും ഐക്യതയും അനുസരണത്തേയും ധരിച്ചുകൊണ്ട് സന്തോഷത്തോടെ ആർപ്പുവിളിച്ച് നിന്നെ മഹത്വപ്പെടുത്തുമാറാകേണമേ. നിൻ്റെ സത്യപ്രകാശം ശോഭയോടെ സഭയിൽ വിളങ്ങണമേ.

ഇന്നു ഞങ്ങൾ ഒരുമനപ്പെട്ട് ഒരു കാര്യം നിന്നോടപേക്ഷിക്കുന്നു. സഭയിൽ സ്വശക്തിയും തന്നിഷ്ടവും നടത്തുവാനും അതിന് ആക്ഷേപങ്ങളും ഞെരുക്കങ്ങളും വരുത്തുവാനും ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവർക്ക് നീ അനുതാപമുള്ള ഹൃദയം കൊടുത്ത് സത്യ നിലയിലേക്ക് അവരെ തിരിപ്പിക്കണമേ. കഠിനഹൃദയരെ നീ നിർമ്മലചിത്തരാക്കണമേ. വിശുദ്ധ സഭയുടെ ഉടയവനും നടത്തിപ്പുകാരനും നീ ആകുന്നു എന്ന് അവരെ ബോദ്ധ്യപ്പെടുത്തേണമേ. മേൽപ്പട്ടക്കാരെ ജ്ഞാനഹൃദയമുള്ളവരാക്കി തീർക്കണമേ. മനസ്സോടും മനസ്സുകൂടാതെയും അറിവോടും അറിവുകൂടാതെയും നിൻ്റെ മുമ്പാകെ ഈ കലഹത്തിൻ്റെ പേരിൽ ഞങ്ങളും ഞങ്ങളുടെ സഹോദരങ്ങളും ചെയ്തുപോയിട്ടുള്ള കുറ്റങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ. സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും അനുഭവം ഞങ്ങൾക്കും ഞങ്ങളുടെ തലമുറകൾക്കും ചൊരിയപ്പെടുമാറാകേണമേ.

ഞങ്ങൾ നിനക്കും നിൻ്റെ പിതാവിനും നിൻ്റെ പരിശുദ്ധ റൂഹായിക്കും സ്തുതിയും സ്തോത്രവും ഇപ്പോഴും എല്ലാസമയത്തും എന്നേക്കും ഇടവിടാതെ കരേറ്റുകയും ചെയ്യുമാറാകണമേ ….ആമേൻ.