വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച (2020 മാര്‍ച്ച് 22) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. സന്ധ്യാ നമസ്കാരത്തിന്‍റെ ഏവന്‍ഗേലിയോന്‍ വായനയും നല്ല ശമറിയാക്കാരന്‍റെ ഉപമയാണ് (വി. ലൂക്കോസ് 10: 25 – 37). അതേസമയം “നീണാള്‍ ….. സ്തോത്രം” (കാസോലിക്കി) കൂനി സ്ത്രീയെ സൗഖ്യമാക്കിയ സംഭവം സ്മരിക്കുന്നു. ഈ വ്യത്യാസത്തിനു കാരണമെന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?
മലങ്കര സഭ വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച കൂനിസ്ത്രീയെ സൗഖ്യമാക്കിയ സംഭവം സ്മരിക്കുമ്പോള്‍ (ക്പിപ്ത്തോ) അന്ത്യോഖ്യന്‍ സഭ നല്ല ശമറിയാക്കാരന്‍റെ ഉപമയാണ് (ശൊമറോയോ) സ്മരിക്കുന്നത്. അതേ സമയം മലങ്കരയിലെ യാക്കോബായ വിഭാഗത്തിനും ഇതു ക്പിപ്ത്തോ ഞായറാഴ്ച ആണ്. പാശ്ചാത്യ (അന്ത്യോഖ്യന്‍) സുറിയാനി ആരാധനാക്രമമാണല്ലോ മലങ്കരസഭ സ്വീകരിച്ചിരിക്കുന്നത്.
ആരാധനാക്രമങ്ങളിലുള്ള വൈവിധ്യം പാശ്ചാത്യ (അന്ത്യോഖ്യന്‍) സുറിയാനി പാരമ്പര്യത്തിന്‍റെ ഒരു പ്രത്യേകതയാണ്. വേദവായനക്കുറിപ്പിന്‍റെ കാര്യത്തിലും ഇത്തരത്തിലുള്ള വൈവിധ്യം കാണാവുന്നതാണ്. അന്ത്യോഖ്യായില്‍ നിന്നും കുറെയൊക്കെ വ്യത്യസ്തമായ ആരാധനാക്രമങ്ങളും വേദവായനക്കുറിപ്പുകളും പൗരസ്ത്യ കാതോലിക്കായുടെ ഭരണസീമയില്‍പ്പെട്ട തെഗ്രീസിലും മൂസലിലും ഉപയോഗിച്ചിരുന്നു. അന്ത്യോഖ്യന്‍ സഭയുടെ തന്നെ കീഴിലുള്ള യെരുശലേമിലും കുറെയൊക്കെ വ്യത്യാസമുള്ള ക്രമങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ ആരാധനാക്രമങ്ങള്‍ക്ക് ഒരു ഐക്യരൂപ്യം വന്നത് അവ അച്ചടിച്ചു തുടങ്ങിയതിനു ശേഷമാണ്. വേദവായനക്കുറിപ്പിനും പ്രാദേശികമായ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്.
യായിറോസിന്‍റെ മകളെ ഉയര്‍പ്പിക്കുന്ന സംഭവം (വലിയ നോമ്പിലെ മൂന്നാം ഞായര്‍), ശതാധിപന്‍റെ ദാസന്‍റെ സൗഖ്യം (നാലാം ഞായര്‍), നയിനിലെ വിധവയുടെ മകനെ ഉയര്‍പ്പിക്കുന്ന സംഭവം (അഞ്ചാം ഞായര്‍), നല്ല ശമറിയാക്കാരന്‍റെ ഉപമ (ആറാം ഞായര്‍) തുടങ്ങി വ്യത്യസ്തമായ വേദവായനാഭാഗങ്ങള്‍ അന്ത്യോഖ്യന്‍ സഭ വിവിധ കാലങ്ങളിലും വിവിധ പ്രദേശങ്ങളിലും ഉപയോഗിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വലിയ നോമ്പിലെ വേദവായനകള്‍ (ഫാ. ഡോ. ബേബി വര്‍ഗീസ്, പുരോഹിതന്‍ 1989 ജനുവരി – മാര്‍ച്ച് പേജ് 33 – 36) കാണുക.
അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭ നമ്മില്‍ നിന്ന് ഒരാഴ്ച വൈകി 2020 ഏപ്രില്‍ 19നാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച മാര്‍ച്ച് 29-നാണ്. ചില വര്‍ഷങ്ങളില്‍ (2001, 2004, 2007, 2010, 2011, 2014, 2017, 2025, 2028, 2031, 2034, 2037, 2038) ഈസ്റ്റര്‍ ഒരുമിച്ചു വരും.
വിവിധ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്തവര്‍ മിക്ക വര്‍ഷവും ഒന്നോ നാലോ അഞ്ചോ ആഴ്ചകള്‍ വൈകിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ (കല്‍ദായ) സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. ഗ്രിഗോറിയന്‍-ജൂലിയന്‍ കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ 13 ദിവസം വ്യത്യാസമുണ്ടെങ്കിലും ഈസ്റ്റര്‍ 35 ദിവസം വരെ വൈകാം. ക്രിസ്മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസമുണ്ട്.
വസന്ത വിഷുവം ആയ മാര്‍ച്ച് 21നോ അതിനു ശേഷമോ വരുന്ന പൗര്‍ണമിയുടെ പിറ്റെ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാ ചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. നിഖ്യാ സുന്നഹദോസ് (എ.ഡി. 325) ആണ് ഈ തീരുമാനമെടുത്തത്. ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22-ം (1598, 1693, 1761, 1818, 2285) ഏറ്റവും താമസിച്ചുള്ള തീയതി ഏപ്രില്‍ 25-ം (1666, 1734, 1886, 1943, 2038, 2190) ആണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വര്‍ഷങ്ങളാണിവ.
മലങ്കര സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി) 1952 ഡിസംബര്‍ 15 ന് യല്‍ദോ നോമ്പാരംഭത്തിനും (പ. അപ്രേം പ്രഥമന്‍ ബാവായുടെ കല്‍പന നമ്പര്‍ 620/05.11.1952) കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി) 1953 മേയ് 14ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് (പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കല്‍പന നമ്പര്‍ 59/16.04.1953) ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്.
ഈ ഞായറാഴ്ച പഴയനിയമവായനയില്‍ ജ്ഞാനിയായ ബാറാസീറായുടെ (പ്രഭാഷകന്‍) പുസ്തകത്തില്‍ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം.
9446412907