ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ചാം കാതോലിക്കാ. കോട്ടയം വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി 1907 മാര്‍ച്ച് 21-നു ജനിച്ചു. എം.ഡി. സെമിനാരി, സി.എം.എസ്. കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, കല്‍ക്കട്ടാ ബിഷപ്സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ., ബി.ഡി. ബിരുദങ്ങള്‍ സമ്പാദിച്ചു. ചെറിയമഠത്തില്‍ സ്കറിയ മല്പാനില്‍ നിന്നു സുറിയാനിഭാഷ പഠിച്ചു. സഭാചരിത്രവും വേദശാസ്ത്രവും അഭ്യസിച്ചു. 37-ാം വയസ്സില്‍ 1944-ല്‍ മലങ്കരസഭാ മാനേജിംഗ് കമ്മറ്റിയിലംഗമായി. അവൈദികനായിരിക്കെ വൈദികസെമിനാരിയില്‍ അദ്ധ്യാപകവൃത്തി സ്വീകരിച്ചു. മാര്‍ത്തോമ്മാ സഭയിലെ ദാനിയേല്‍ കേസിലും കോട്ടയം ജില്ലാക്കോടതി സ്പെഷ്യല്‍ ബഞ്ചില്‍ നടന്ന സമുദായക്കേസിലും കാനോന്‍ വിദഗ്ദ്ധസാക്ഷി എന്ന നിലയില്‍ മൊഴികൊടുത്ത വി.കെ. മാത്യൂസിന് അഭിനന്ദനസൂചകമായി പ. ഗിവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഒരു സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. 1945-ല്‍ പഴയസെമിനാരിയില്‍ വച്ച് ശെമ്മാശ്ശപട്ടവും, അതിനടുത്ത ദിവസം ഏലിയാ ചാപ്പലില്‍ വച്ച് പൂര്‍ണ്ണ ശെമ്മാശപട്ടവും, 1946 ഒക്ടോബര്‍ 27-ാം തീയതി കശീശ്ശാപട്ടവും ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നല്‍കി. പ്രായത്തില്‍ കവിഞ്ഞ പക്വതയും ദര്‍ശനിവിശേഷങ്ങളും സ്വായത്തമാക്കിയിരുന്ന ഫാ. വി.കെ. മാത്യൂസിനെ 1951-ല്‍ ഓര്‍ത്തഡോക്സ് വൈദികസെമിനാരിയുടെ പ്രിന്‍സിപ്പലായി നിയമിച്ചു. വൈദികസെമിനാരിയുടെ അന്തസ്സും ആഭിജാത്യവും അരക്കിട്ടുറപ്പിക്കുവാന്‍ അദ്ദേഹത്തിന്‍റെ പ്രവാചകപ്രതിഭയ്ക്കു കഴിഞ്ഞു. 1951 സെപ്റ്റംബര്‍ 21-ന് റമ്പാന്‍ സ്ഥാനമേറ്റു. സുറിയാനി ക്രമങ്ങളിലെ പദ്യങ്ങള്‍ അതേ രാഗങ്ങളില്‍ പാടുവാന്‍ സാധിക്കത്തക്കവണ്ണം ഭാഷാന്തരം ചെയ്യുന്നതിന് നേതൃത്വം നല്‍കി. വെണ്ണിക്കുളം സി.പി.ചാണ്ടിയുടെ (സഭാകവി) കവിതാരചനയിലുള്ള ചാതുര്യത്തെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് 1949-ല്‍ അദ്ദേഹം ശ്ഹീമാ നമസ്കാരത്തിലെ ബുധനാഴ്ചയുടെ പ്രാര്‍ത്ഥന (സ്ലീബാനമസ്കാരം എന്ന പേരില്‍ അറിയപ്പെടുന്നത്) പദ്യരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ദു:ഖവെള്ളിയാഴ്ച നമസ്കാരവും വി. കുര്‍ബ്ബാനക്രമത്തിലെ പ്രത്യേക പെരുന്നാളുകള്‍ക്കുള്ള ഗീതങ്ങളും പദ്യരൂപത്തില്‍ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്തു. 1951 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര അസ്സോസിയേഷന്‍ ഫാ. വി.കെ. മാത്യൂസിനെ മേല്‍പ്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

1953 മെയ് 15-ാം തീയതി മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് മെത്രാപ്പോലീത്തായായി അഭിഷിക്തനായി. 1960-ല്‍ ബാഹ്യകേരള ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിത്തീര്‍ന്നു. മദ്രാസ്, ബോംബെ, ഡല്‍ഹി, കല്‍ക്കട്ട, അമേരിക്ക എന്നി അഞ്ചു ഭദ്രാസനങ്ങളുടെ ആധാരശില പാകിയത് ഈ മെത്രാപ്പോലീത്തായാണ്. മലങ്കരസഭാ വര്‍ക്കിംഗ് കമ്മറ്റി ഉപാദ്ധ്യക്ഷന്‍, കാതോലിക്കേറ്റ് സ്കൂള്‍ ബോര്‍ഡ് പ്രസിഡന്‍റ്, എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രശംസാര്‍ഹമായ സേവനങ്ങള്‍ നിര്‍വ്വഹിച്ചു. സഭാസമാധാനത്തിനുശേഷം (1958) ചേര്‍ന്നിട്ടുള്ള സുപ്രധാനങ്ങളായ എപ്പിസ്കോപ്പല്‍ സുന്നഹദോസുകളുടെയും അസോസിയേഷന്‍ യോഗങ്ങളുടെയും മാനേജിംഗ് കമ്മറ്റികളുടെയും നടത്തിപ്പില്‍ പ. കാതോലിക്കാബാവായുടെ നിര്‍ദ്ദേശാനുസരണം നേതൃത്വം നല്‍കിയിട്ടുണ്ട്. 1958-ല്‍ സിംഗപ്പൂര്‍, മലയാ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. 1963-ല്‍ മോസ്കോയില്‍ നടന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് അലക്സിസിന്‍റെ സ്ഥാനാഭിഷേക കനകജൂബിലി ആഘോഷത്തില്‍ മലങ്കരസഭയുടെ പ്രതിനിധിയായി സംബന്ധിച്ചു. ആരാധനാ പരിഷ്കരണത്തില്‍ ഉത്സുകനായ അദ്ദേഹം കുര്‍ബാന തക്സാ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തുകയും ഒരു മെത്രാപ്പോലീത്താ എന്ന നിലയില്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷില്‍ വി. കുര്‍ബാന ചൊല്ലുകയും ചെയ്തു. സഭ, കൂദാശകള്‍, മുതലായവയെക്കുറിച്ച് ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവശാസ്ത്രരംഗത്തെ പ്രശസ്ത സേവനത്തെ മുന്‍ നിര്‍ത്തി 1973-ല്‍ സെറാംപൂര്‍ സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി. 1970 ഡിസംബര്‍ 31-ന് കോട്ടയം എം.ഡി.സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസ്സോസിയേഷന്‍ പ. കാതോലിക്കാബാവയുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1975 സെപ്റ്റംബര്‍ 24-ന് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. 1975 ഒക്ടോബര്‍ 27-ന് പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു.

‘സഭയുടെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കും’ എന്ന പ്രഖ്യാപനത്തോടെ സഭാമേലദ്ധ്യക്ഷ പദവിയിലേക്കു പ്രവേശിച്ച മാര്‍ ബസ്സേലിയോസ്സ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ അത് സഫലവും സ്വാര്‍ത്ഥകവുമാക്കി. ബാവാ തിരുമേനി മുന്‍ഗാമികളായ കാതോലിക്കാമാരുടെ കബറിടങ്ങള്‍ പുതുക്കിപ്പണിത്, ആത്മീയ തീര്‍ത്ഥാടനകേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തി. അദ്ദേഹം റഷ്യ, റുമേനിയ, അര്‍മീനിയ, ബള്‍ഗേറിയ എന്നിവിടങ്ങളിലെ സഹോദരിസഭകള്‍ സന്ദര്‍ശിച്ച്, ക്രിസ്തുവില്‍ തങ്ങള്‍ ഒന്നാണെന്ന ബോധം ഊട്ടി ഉറപ്പിച്ചു. റഷ്യന്‍ പാത്രിയര്‍ക്കീസ് സഭയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്‍റ് വ്ളാഡിമര്‍’ പദവിയും ലെനിന്‍ഗ്രാഡ് യൂണിവേഴ്സിറ്റി ‘ഫെലോ’ സ്ഥാനവും നല്‍കി ബാവാ തിരുമേനിയെ അംഗീകരിച്ചാദരിച്ചു. മോസ്കോയില്‍ നടന്ന നിരായുധീകരണ സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍, അവിടെവച്ച് 1981-ല്‍ നടന്ന സര്‍വ്വമതസമ്മേളനത്തിന്‍റെ രക്ഷാധികാരി എന്നീ നിലകളില്‍ പങ്കെടുത്തു. റോം, അമേരിക്ക തുടങ്ങിയ ക്രൈസ്തവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കത്തോലിക്കാ ഓര്‍ത്തഡോക്സ് സഭകളുടെ ‘ഡയലോഗി’നു വേദിയൊരുക്കി. മാര്‍പ്പാപ്പായും ബാവാതിരുമേനിയും തമ്മില്‍ റോമിലും കോട്ടയത്തും വച്ചു നടന്ന കൂടിക്കാഴ്ചകള്‍ ക്രൈസ്തവസഭാചരിത്രത്തിലെ സുവര്‍ണാദ്ധ്യായങ്ങളായിത്തീര്‍ന്നു.
എപ്പിസ്കോപ്പല്‍ സുന്നഹദോസ് ക്രമമായി വര്‍ഷത്തില്‍ രണ്ടുതവണ സമ്മേളിക്കുന്ന സംവിധാനമുണ്ടാക്കി. ആന്ധ്രാ, ഭോപ്പാല്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ ദുരിതാശ്വാസമെത്തിക്കുവാന്‍ സഭയ്ക്കു നേതൃത്വം നല്‍കി. ഓര്‍ത്തഡോക്സ് സഭാ മിഷന്‍ ബോര്‍ഡ്, ആന്ധ്രായിലെ യാച്ചാരം ബാലഗ്രാം, തിരുവനന്തപുരം കാരുണ്യാ ഗൈഡന്‍സ് സെന്‍റര്‍ എന്നിവ സമാരംഭിക്കപ്പെട്ടു. ഭദ്രാസനങ്ങള്‍ പുനര്‍വിഭജനം നടത്തി എക്യൂമെനിക്കല്‍ രംഗത്തു മികച്ച നേട്ടങ്ങള്‍ സഭ കൈവരിച്ചു. എന്‍.സി.സി., കെ.സി.സി., എന്നീ സംഘടനകളില്‍ സഭ അംഗത്വമെടുത്തു. നിലയ്ക്കലില്‍ എക്യുമെനിക്കല്‍ ക്രൈസ്തവകേന്ദ്രം സ്ഥാപിക്കുവാന്‍ ബാവാ തിരുമേനിയും നിയുക്ത കാതോലിക്കായും സുപ്രധാന പങ്കു വഹിച്ചു. വൈദികസെമിനാരിയുടെ നേതൃത്വത്തിലുള്ള ‘ദിവ്യബോധനം’, ‘തിരുവചനഭാഷ്യം’ പഠനക്കളരികള്‍ ബാവാതിരുമേനിയുടെ അനുഗ്രഹാശിസുകളോടെ ആരംഭിച്ചതാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ആരാധനാക്രമങ്ങള്‍ പരിഭാഷപ്പെടുത്തുവാന്‍ കഴിഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രസിദ്ധീകരണവിഭാഗം ആരംഭിച്ചു. പരുമലസെമിനാരിയോടനുബന്ധിച്ച് ധ്യാനമന്ദിരവും ഓഡിറ്റോറിയവും സ്ഥാപിതമായി. 10 മെത്രാപ്പോലീത്താമാരെ അഭിഷേകം ചെയ്തു. 1977-ല്‍ പഴയസെമിനാരിയില്‍ വച്ചും 1988-ല്‍ ദേവലോകത്തുവച്ചും വി. മൂറോന്‍ കൂദാശ നടത്തി.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 1991 ഏപ്രില്‍ 27-ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. പിന്‍ഗാമിയെ ചുമതലകള്‍ ഏല്‍പ്പിച്ചശേഷം ദേവലോകം അരമനയില്‍ വിശ്രമിച്ചു. 1996 നവംബര്‍ 8-ന് കാലം ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ അന്ത്യവിശ്രമംകൊള്ളുന്നു.