സഭാ സമാധാനാലോചന (1914)

57. മലങ്കര സുറിയാനി സഭയിലെ തര്‍ക്കം തീര്‍ത്തു ഒരു രാജിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും മറ്റും കൂടി “മലങ്കര സുറിയാനി സഭാ സന്ധി സമാജം” എന്ന പേരില്‍ ഒരു സംഘം 1914-ല്‍ സ്ഥാപിച്ചിരുന്നു. അതിന്‍റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാള്‍ ഞാനായിരുന്നു. ഈ സംഘത്തില്‍ നിന്ന് രണ്ട് കക്ഷിയിലെയും പ്രധാനികളുടെ അടുക്കല്‍ പല ശ്രമങ്ങള്‍ ചെയ്തിട്ടും വലിയ ഫലമൊന്നുമില്ലാതെയിരിക്കയായിരുന്നു. അങ്ങനെയിരുന്നപ്പോള്‍ 1920 ഫെബ്രുവരി 29-നു ഞായറാഴ്ച തിരുവനന്തപുരം സുറിയാനി പള്ളിമുറിയില്‍ കൂടിയ ഒരു സാധാരണ യോഗത്തില്‍ വച്ച് ഇരുകക്ഷിയിലുള്ള കുറെ പ്രധാനികളെ വിളിച്ചു ഒരു കൂടിയാലോചന നടത്തണമെന്നു നിശ്ചയിച്ചു. ശ്രീമൂലം പ്രജാസഭയുടെ സമയമായിരുന്നതിനാല്‍ പ്രജാ സഭാംഗങ്ങളായ പല വിദേശികളും വിശിഷ്യാ പുലയങ്കാട്ടിലച്ചനും ഈ യോഗത്തില്‍ ഹാജരുണ്ടായിരുന്നു. ഈ യോഗത്തില്‍ ബാവാ കക്ഷികളെന്നു പറവാന്‍ പുലയങ്കാട്ടിലച്ചനും ഞാനും കൊണ്ടാട്ടുപറമ്പില്‍ മി. പോത്തനും വേറെ ചില തെക്കുംഭാഗരു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഒരു കൂടിയാലോചന നടത്തുന്നതു കൊള്ളാമെന്നാണ് ഇ. ജെ. ജോണ്‍, പത്രോസ് മത്തായി മുതലായ ആളുകള്‍ ഉള്‍പ്പെട്ടിരുന്ന ആ യോഗം തീര്‍ച്ചപ്പെടുത്തിയത്. ഈ കൂടിയാലോചനയ്ക്കു ക്ഷണക്കത്ത് അയക്കേണ്ടത് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആയാല്‍ കൊള്ളാമെന്നുള്ള പലരുടെയും അഭിപ്രായവും അപേക്ഷയും അനുസരിച്ചു തിരുമേനി 1920 മീനം 21-നു 702-ാം നമ്പരായി ഒരു കല്പന പല പ്രധാനികള്‍ക്കും അയച്ചു. ഇതനുസരിച്ചു എറണാകുളം ക്രിസ്ത്യന്‍ ഹോസ്റ്റലില്‍ വച്ച് 1920 ഇടവം 12-നു ചൊവ്വാഴ്ച യോഗം കൂടി. ഇതിലേക്കു മെത്രാപ്പോലീത്താ തിരുമേനിയും പരിവാരങ്ങളും തലേദിവസം (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞു എറണാകുളത്തു എത്തി ക്രിസ്ത്യന്‍ ഹോസ്റ്റലില്‍ താമസിച്ചു. പല പള്ളിക്കാരും തിങ്കളാഴ്ച തന്നെ വന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു മുമ്പായി വടക്കുനിന്നും ചുരുക്കത്തില്‍ തെക്കുനിന്നും പട്ടക്കാരും അല്‍മായക്കാരുമായി അനേകം പള്ളിക്കാര്‍ വന്നുചേര്‍ന്നു. യോഗത്തിനു മുമ്പ് മി. ഇ. ജെ. ജോണും വേറെ ചിലരും ഒരു ഭാഗമായും കുരിശുങ്കല്‍ മാണി അച്ചന്‍, ഔഗേന്‍ റമ്പാന്‍ എന്നിവര്‍ വേറൊരു ഭാഗമായും കൂടി ഒരു ചെറിയ ആലോചന നടത്തിയതില്‍ യോജിപ്പിനു യാതൊരു വഴിയും കാണുന്നില്ല എങ്കിലും ഒന്നുകൂടി പിരിഞ്ഞുകളയാം എന്നു വിചാരിച്ചു പകല്‍ രണ്ടു മണിക്കു എല്ലാവരും കൂടി ഒരു മുറിയില്‍ യോഗമായി കൂടി. അദ്ധ്യക്ഷനായ തിരുമേനിയുടെ പ്രാരംഭ പ്രസംഗം എഴുതിക്കൊണ്ടു വന്നിരുന്നത് ചിങ്ങവനത്തു കേളച്ചന്ത്ര മര്‍ക്കോസ് ശെമ്മാശന്‍ വായിച്ചു. അതിന്‍റെ ശേഷം ഒരു വാദപ്രതിവാദം നടന്നശേഷം താഴെ പറയുന്ന നിശ്ചയങ്ങള്‍ ഐകകണ്ഠ്യേന പാസ്സാക്കപ്പെട്ടു.

1) മാര്‍ ദീവന്നാസ്യോസ് യൗസേഫ് മെത്രാപ്പോലീത്തായുടെ ചരമാനന്തരവും അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ വരവിനു ശേഷവും മലങ്കരസഭയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകളുടെയും മറ്റും ഫലമായി മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ മുടക്കുന്നതായി പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കല്പന പുറപ്പെടുവിക്കയും അതിനുശേഷം പ്രബലമായ വഴക്കും വ്യവഹാരങ്ങളും നടന്നുകൊണ്ടിരിക്കയും ചെയ്യുന്നതില്‍ ഈ യോഗം നിര്‍വ്യാജമായി വ്യസനിക്കയും മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുടക്കിനു പരിഹാരമുണ്ടാക്കിത്തരണമെന്നു ഈ യോഗം വി. പാത്രിയര്‍ക്കീസ് ബാവായോടു അപേക്ഷിക്കയും ചെയ്യുന്നു.

ഈ നിശ്ചയത്തെ പി. ജെ. യോഹന്നാന്‍ കത്തനാര്‍ അവര്‍കള്‍ ഹാജരാക്കയും പാലക്കാട്ടു യോഹന്നാന്‍ കത്തനാര്‍ അവര്‍കള്‍ പിന്താങ്ങുകയും കളരിക്കല്‍ …… കത്തനാര്‍ അവര്‍കള്‍ താങ്ങി പറയുകയും ചെയ്തു.

2) മേലാല്‍ മലങ്കര സഭയുടെയോ സഭയില്‍ ന്യായമായി അംഗീകരിക്കപ്പെടുന്ന ഒരു പ്രതിപുരുഷയോഗത്തിന്‍റെയോ ആലോചന അനുസരിച്ചല്ലാതെ മെത്രാന്മാരെ വാഴിക്കുക, മുടക്കുക മുതലായി മലങ്കരസഭയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പ്രവേശിക്കുന്നതല്ലെന്നു സ്പഷ്ടമായി പ്രസ്താവിച്ചു ഒരു കല്പനയുണ്ടാകണമെന്നു പാത്രിയര്‍ക്കീസ് ബാവായോടു അപേക്ഷിക്കേണ്ടതാകുന്നു.

ഈ നിശ്ചയത്തെ വക്കീല്‍ ഇ. ജെ. ജോണ്‍ അവര്‍കള്‍ ഹാജരാക്കുകയും മുറിമറ്റത്തില്‍ ഗീവര്‍ഗീസ് കത്തനാര്‍ അവര്‍കള്‍ പിന്‍താങ്ങുകയും ചെയ്തു.

3) പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ മുടക്കു കല്പനയുടെ ന്യായാന്യായങ്ങളെപ്പറ്റിയുള്ള അഭിപ്രായം എന്തുതന്നെയായിരുന്നാലും പൊതുസമുദായത്തിന്‍റെ നന്മയെയും സഭയില്‍ അത്യന്താപേക്ഷിതമായിരിക്കുന്ന സമാധാനത്തെയും ഉദ്ദേശിച്ചു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പാത്രിയര്‍ക്കീസ് ബാവായോടു ക്ഷമായാചനം ചെയ്യണമെന്ന് ഈ യോഗം അദ്ദേഹത്തോടു അപേക്ഷിക്കുന്നു.

ഈ നിശ്ചയത്തെ വക്കീല്‍ പി. കെ. വര്‍ഗീസ് അവര്‍കള്‍ ഹാജരാക്കുകയും പി. പി. ജോസഫ് കത്തനാര്‍ അവര്‍കള്‍ പിന്‍താങ്ങുകയും ചെയ്തു.

4) യോഗനിശ്ചയങ്ങള്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയെയും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമേനിയെയും മാര്‍ ഒസ്താത്യോസ് ബാവാ തിരുമേനിയെയും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമേനിയെയും അറിയിക്കുന്നതിനും മറ്റും ഈ യോഗനിശ്ചയങ്ങളുടെ നടത്തിപ്പിനു ആവശ്യമായ സംഗതികള്‍ നടത്തുന്നതിനുമായി മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രസിഡണ്ടും പി. ജെ. യോഹന്നാന്‍ കത്തനാര്‍, മുറിമറ്റത്തില്‍ ഗീവര്‍ഗീസ് കത്തനാര്‍, ഔഗേന്‍ റമ്പാന്‍, കുരിശുങ്കല്‍ മാണി കത്തനാര്‍, നെടുന്തള്ളില്‍ സ്കറിയാ കത്തനാര്‍, റ്റി. ജോസഫ്, എം. എ. ചാക്കോ, കെ. കെ. ലൂക്കോസ്, സി. പി. തരകന്‍, പി. കെ. വര്‍ഗീസ്, കുളങ്ങര മാത്തു ഇട്ടിയച്ചന്‍, എ. വി. മാത്യു, എം. ഐ. വര്‍ക്കി എന്നിവര്‍ അംഗങ്ങളായും ഇവരില്‍ മി. റ്റി. ജോസഫ് സെക്രട്ടറി ആയും ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നു ഈ യോഗം അഭിപ്രായപ്പെടുന്നു.

ഈ നിശ്ചയത്തെ സി. പി. തരകന്‍ അവര്‍കള്‍ ഹാജരാക്കുകയും വയലിപറമ്പില്‍ ഇട്ടൂപ്പ് കുഞ്ഞിക്കോര അവര്‍കള്‍ പിന്‍താങ്ങുകയും ചെയ്തു.

യോഗം തുടങ്ങുന്നതിനു മുമ്പ് ഹാജരായിരുന്നവര്‍ കൂടി ആലോചിച്ചിട്ടു യാതൊരു തീരുമാനവും ഉണ്ടാകാതെയിരുന്നിട്ടും യോഗം കൂടി കുറെ കഴിഞ്ഞ ഉടനെ ഇങ്ങനെ ഐകകണ്ഠ്യേന ചില നിശ്ചയങ്ങള്‍ ചെയ്വാന്‍ ഇടയായതില്‍ എല്ലാവരും അത്ഭുതപ്പെടുകയും ഒടുവില്‍ തിരുമേനി ചെറിയ പ്രസംഗവും ഒരു ചെറിയ പ്രാര്‍ത്ഥനയും നടത്തിയശേഷം എല്ലാവരെയും ആശീര്‍വദിക്കയും എല്ലാവരും സംതൃപ്തരായി പിരിയുകയും ചെയ്തു.
പിറ്റേ ദിവസം (ബുധന്‍) തിരുമേനിയും പരിവാരങ്ങളും കോട്ടയത്തിനു തിരിച്ചുപോന്നു. ഞാനും പരിവാരങ്ങളില്‍ ഒന്നായിരുന്നു. ഈ യോഗത്തില്‍ സംബന്ധിക്കരുതെന്നും അത് വട്ടിപ്പണക്കേസിലേക്കു ദോഷമാണെന്നും മറ്റും മി. സി. ജെ. കുര്യന്‍ മുതല്‍പേര്‍ വന്നു തിരുമേനിയെ വിരോധിക്കയും തിരുമേനി കല്പന അയച്ചുപോയതുകൊണ്ടു യോഗത്തില്‍ സംബന്ധിക്കാതെ തരമില്ലെന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ മി. കുര്യനും മറ്റും മുഷിയുകയും ചെയ്തു. എങ്കിലും യോഗം കഴിഞ്ഞ് നിശ്ചയങ്ങളെപ്പറ്റി കേട്ടതില്‍ അവര്‍ക്ക് എല്ലാം തൃപ്തിയായി.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)