ഫാമിലി കോൺഫറൻസ് 2020; റജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിൽ.

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് 2020 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നതായി കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

നവംബർ 10ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഇടവകയുടെ സെക്രട്ടറി അജി ജോണും ട്രഷറാർ ഷിബു ചെറിയാനും ചേർന്ന് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. സണ്ണി ജോസഫ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ, ഫിനാൻസ് കമ്മിറ്റി അംഗം ജെയിംസ് സാമുവേൽ എന്നിവർ കോൺഫറൻസിനെകുറിച്ചും റജിസ്ട്രേഷനെക്കുറിച്ചും കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെകുറിച്ചും വിവരണം നൽകി.

ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സിയിൽ അറ്റ്ലാന്റിക് സിറ്റിയിലുള്ള ക്ലാറിഡ്ജ്റാഡിസൺ ബീച്ച് ഹോട്ടലിൽ വച്ചാണ് കോൺഫറൻസ് നടക്കുക. സീറ്റുകളുടെ ലഭ്യത പരിമിതമായതു കാരണം നേരത്തെ റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ സീറ്റുകൾ ലഭിക്കുകയുള്ളൂവെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ അറിയിച്ചു.

സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നിന്നും നൽകിയ സ്വീകരണത്തിനു ഗ്രാൻഡ് സ്പോൺസർഷിപ്പിനും റജിസ്ട്രേഷൻ ചെയ്തവർക്കും പരസ്യങ്ങൾ നൽകി സഹായിച്ചവർക്കുമുള്ള നന്ദിയും സ്നേഹവും വ്യക്തികളുടെ പേരിലും ഇടവകയുടെ പേരിലും കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.