പരിശുദ്ധ പിതാവേ! അങ്ങ്‌ എന്തിനിങ്ങനെ അപഹാസ്യനാകുന്നു? / യൂഹാനോന്‍ മാര്‍ മിലിത്തോസ്

പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ അപ്രേം രണ്ടാമൻ ചോദിക്കുന്നു, അദ്ദേഹത്തെ അംഗീകരിക്കുന്നുവോ എന്ന്!

തീർച്ച ആയും അദ്ദേഹം സിറിയക്‌ ഓർത്ത്ഡൊക്സ്‌ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട്‌ വാഴിക്കപ്പെട്ട പാത്രിയർക്കീസ്‌ ആണെന്ന് ആരാ അംഗീകരിക്കാത്തത്‌, അദ്ദേഹത്തിന്റെ സഭയിലെ ഏതാനും മെത്രാന്മാരൊഴിച്ച്‌? പിന്നെ അദ്ദേഹം മലങ്കര ഒർത്തഡോക്സ്‌ സഭയുടെ പാത്രിയർക്കീസ്‌ ആയി മലങ്കര സഭ അംഗീകരിക്കുന്നുവോ എന്ന ചോദ്യമാണു എങ്കിൽ രണ്ട്‌ കാര്യങ്ങൾ: ഒന്നാമത്‌ അംഗീകരിക്കപ്പെടാൻ വേണ്ടി അദ്ദേഹം എന്ത്‌ ചെയ്യുന്നു എന്നതാണു മറുചോദ്യം. ആരും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്നില്ല. അവരവരുടെ പ്രവർത്തികളാലാണു ഓരോരുത്തർ അംഗീകരിക്കപ്പെടുന്നത്‌. ഭരണഘടനയിൽ ഉണ്ട്‌ എന്നുള്ളത്കൊണ്ട്‌ (അക്കാര്യം രണ്ടാമത്‌ പറയാം) മാത്രം ആരും ആരായും അംഗീകരിക്കപ്പെടുന്നില്ല. അമ്മയുടെ ഭർത്താവായി ഒരു കുഞ്ഞിനു ജന്മമേകാൻ സഹായി ആയി എന്നതുകൊണ്ട്‌ മാത്രം ഒരു പുരുഷനും പിതവാകില്ല. പിതാവിനടുത്ത സ്നേഹവും, തുണയും ജീവിക്കാനുള്ള പിൻബലവും നൽകണം. മലങ്കരയിലെ ഒരു വിഭാഗത്തിന്റെ മാത്രം പാത്രിയർക്കീസായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിനു ഒരിക്കലും, ഇനി ആരെല്ലാം വിധിച്ചാലും (അങ്ങിനെ ഒരു വിധി ഇല്ല എന്നത്‌ വസ്തുത) അപ്രകാരം ഐക്യപ്പെടുന്ന സഭയുടെ പാത്രിയർക്കീസാകാൻ കഴിയില്ല.

ഇനി രണ്ടാമത്‌ അദ്ദേഹം മലങ്കര ഓർത്ത്ഡോക്സ്‌ സഭയുടെ ബ. സുപ്രീം കോടതി അംഗീകരിച്ച്‌ ഏവർക്കും ബാധകം എന്ന് നിശ്ചയിച്ച ഭരണഘടനയുടെ 101 ആം വകുപ്പ്‌ വായിച്ചു നോക്കേണ്ടതാണു. മലങ്കര സഭയുടെ സഹകരണത്തിൽ വാഴിക്കപ്പെടുന്ന പാത്രിയർക്കീസിനെ മാത്രമേ മലങ്കര സഭക്ക്‌ അംഗീകരിക്കാൻ ബദ്ധ്യത ഉള്ളൂ എന്ന് അദ്ദേഹം മനസിലാക്കേണ്ടതാണു. അല്ല, അന്ത്യോഖ്യാ പാത്രിയർക്കീസ്‌ എന്നാണല്ലോ ഭരണഘടന ഒന്നാം വകുപ്പിൽ പറയുന്നത്‌ എന്നാണു‌, അതല്ലേ കോടതി വിധിയിൽ പറയുന്നത്‌ എന്നാണെങ്കിൽ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ എന്നതുകൊണ്ട്‌ ഏതെങ്കിലും ഒരു വ്യക്തിയെ അല്ല സ്ഥാനത്തെയാണു ഉദ്ദേശിക്കുന്നത്‌‌ എന്ന് സാമന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും. ജീവിച്ചിരിക്കുന്ന പാത്രിയർക്കീസ്‌ കാലം ചെയ്തിട്ട്‌ മറ്റൊരാളെ വാഴിക്കുന്നതുവരെയും സിംഹാഹസം ഒഴിഞ്ഞു കിടന്നാലും ഭരണഘടനയിൽ ആ വകുപ്പുണ്ടാകും, ഒന്നാം തുബ്ദേനിൽ പാത്രിയർക്കീസ്‌ എന്ന് ഓർക്കുകയും ചെയ്യും. അവിടെ പാത്രിയർക്കീസ്‌ എന്ന വ്യക്തിയെ അല്ല, ആ സ്ഥാനത്തെയാണു ഓർക്കുന്നത്‌. ഈ അർത്ഥത്തിലാണു കോടതി വിധിയിലെ പരാമർശത്തെ നാം മനസ്സിലാക്കേണ്ടത്‌. ഒന്നാം തുബ്ദേനിൽ യെരുശലേം പാത്രിയർക്കീസായി സ്മരിക്കുവാൻ ഒരു വക്തി ഇല്ലാതിരുന്നിട്ടും “മോർ ഗ്രീഗോറിയോസ്‌” എന്ന നാമം ഓർക്കുന്നത്‌ പ. ആകമാന സുന്നഹദോസ്‌ ആ സ്ഥാപനം സൃഷ്ടിച്ചു എന്നതുകൊണ്ടാണു അല്ലാതെ ആ സിംഹാസനത്തിൽ അവരോധിക്കപ്പെട്ട ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട്‌ എന്നതുകൊണ്ടല്ല. ഇപ്പോഴത്തെ ഈ ചോദ്യം കൊണ്ട്‌ രണ്ട്‌ കാര്യങ്ങൾ മാത്രം നടക്കും. ഒന്ന്: പ. പാത്രിയർക്കീസ്‌ മലങ്കര സഭാ മക്കളുടെ മനസ്സിൽ കൂടുതൽ അന്യവൽക്കരിക്കപ്പെടാം. രണ്ടാമത്‌; സൊസൈറ്റി സഭാ നേതാക്കൾക്ക്‌ “ദേ കണ്ടോ ഓർത്തഡോക്സ്‌കാർ മറുപടി പറയുന്നില്ല, അല്ലെങ്കിൽ അംഗീകരിക്കുന്നില്ല” എന്നു പറഞ്ഞ്‌ സ്വന്തം നിയമരഹിത സമൂഹത്തിലെ നേതാക്കൾക്ക്‌, ശരിക്കും കാര്യങ്ങൾ വേണ്ടുംവണ്ണം വിലയിരുത്താൻ കഴിവില്ലാത്ത, ഒരാളെക്കൂടി ഒരു പക്ഷെ നേടാൻ ഇടനൽകിയേക്കാം. പരിശുദ്ധ പിതാവേ! കണക്ക്‌ ചോദിക്കാത്ത പിരിവു നടത്തി സ്വന്തം നില ഉറപ്പാക്കാൻ ശ്രമിക്കുന്ന ഈ കേരളത്തിലെ തൊഴിലില്ലാതാകുന്ന വൈദീക നേതൃത്വത്തിന്റെ ഉപദേശം കേട്ട്‌ അങ്ങ്‌ എന്തിനിങ്ങനെ അപഹാസ്യനാകുന്നു?