ഉത്തരവ് എഴുതിത്തരണം സാറെ! / ഡോ. എം. കുര്യന്‍ തോമസ്

‘സുമന്ത്രന്‍ മണിയടിച്ച് പരിചാരകനെ വരുത്തി കാപ്പിക്കുത്തരവിട്ടു. ചാരന്‍ പറഞ്ഞു.

ഉത്തരവ് എഴുതിത്തരണം സാറെ.

എന്തിന്?

ഈ സര്‍ക്കാരുപോയി അടുത്ത സര്‍ക്കാരുവന്ന് എന്തിനു കാപ്പി കൊടുത്തു എന്നു ചോദിച്ചാല്‍ പപ്പുപിള്ള കമ്മീഷന്റെ മുമ്പാകെ ഞാനെന്തോ പറയും? അതുകൊണ്ട് ഉത്തരവ് എഴുതിത്തരണം.

ആദ്യം കാപ്പി കൊണ്ടുവാ. പിന്നെ നോക്കാം.

ശരി, സാറെ.’

ഹാസ്യ സാമ്രാട്ടായ വി. കെ. എന്‍ വക ചാത്തന്‍സ് എന്ന കഥാ സമാഹാരത്തിലെ ആയില്യം എന്ന ചെറുകഥയിലെ ഒരു മന്ത്രിയും പരിചാരകനും തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ ഉദ്ധരിച്ചത്.

കേരളത്തിലെ വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ തികച്ചും പ്രസക്തമായ ഒരു സംഭാഷണശകലം.

ഈ കുറിപ്പ് എഴുതുമ്പോള്‍ കേരളാ ചീഫ് സെക്രട്ടറിക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യത്തിനു നിയമനടപടികള്‍ ആരംഭിച്ചതായാണറിവ്. ജൂലൈ മാസം ആദ്യം, സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ വിട്ടുവീഴ്ച കൂടാതെ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലില്‍ അടയ്ക്കുമെന്നും കോടതി വാക്കാല്‍ നിരീഷിച്ചിരുന്നു. 2018 നവംബറില്‍ ബീഹാര്‍ ചീഫ് സെക്രട്ടറിയെ സുപ്രീം കോടതി ശിക്ഷിച്ച സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടര്‍ന്നും അതേ വിധി പരക്കെ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിയമ നടപടികളിലേയ്ക്കു കടക്കുന്നത്.

ഇവിടെ പ്രസക്തമായ ചോദ്യം, തന്റെ തൊഴിലും ഭാവിയും അപകടത്തിലാക്കുന്ന ഇത്തരമൊരു ഗുരുതരമായ നിയമലംഘനം പരിണിതപ്രജ്ഞനായ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഏകപക്ഷീയമായി നടത്തുമോ എന്നതാണ്. ഇല്ലാ എന്നു ഏതു ചെറു പൈതലിനും അറിയാം. അവര്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ/ഭരണകക്ഷിയുടെ/രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളും നയങ്ങളും മാത്രം. ഇവയ്‌ക്കൊന്നും രേഖ ഉണ്ടാവില്ല. ഫലം! വകുപ്പുമേധാവി കുടുങ്ങും. സംസ്ഥാനത്തെ ഭരണനിര്‍വഹണ സംവിധാനത്തിന്റെ തലവന്‍ എന്ന നിലയില്‍ ചീഫ് സെക്രട്ടറി കോടതിവിധി ലംഘനത്തിന് ഉത്തരവാദിയാകും.

മറിച്ച്, സര്‍ക്കാരിന്റെ ഈ വിഷയത്തിലെ രാഷ്ട്രീയ നയം ലിഘിത ഉത്തരവായി കൈയ്യിലുണ്ടെങ്കിലോ? ചീഫ് സെക്രട്ടറി രക്ഷപെടും. പകരം ഭരണഘടനാ/സത്യപ്രതിജ്ഞാ ലംഘനത്തിനു സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവും. ഇതറിയാവുന്ന ഒരു സര്‍ക്കാരും അത്തരം കാര്യങ്ങള്‍ എഴുതിക്കൊടുക്കില്ല. മേലുദ്യോഗസ്ഥര്‍ കീഴ്ജീവനക്കാര്‍ക്കും ക്രമവിരുദ്ധമായ ഉത്തരവുകള്‍ രേഖാമൂലം നല്‍കില്ല. ആത്യന്തികമായി, ചട്ടവിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ സൂത്രധാരകരായ വമ്പന്‍ സ്രാവുകള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെടും. താഴെ തട്ടിലുള്ളവര്‍ പെന്‍ഷന്‍പോലും വാങ്ങാനാവാതെ പുറത്താവുകയും അകത്താവുകയും ചെയ്യും. ഇവിടെയാണ് മുകളില്‍ പരാമര്‍ശിച്ച വി. കെ. എന്‍ സംഭാഷണം പ്രസക്തമാകുന്നത്.

കസ്റ്റഡി മര്‍ദ്ദനവും മരണവും ഇന്ന് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. അവയില്‍ നിയമ സംവിധാനത്തിന്റെ മുമ്പിലെത്തിയിട്ടുള്ളവയുടെ വിശദാംശങ്ങള്‍ പരിശോധിക്കുക രസകരമായിരിക്കും. ശിക്ഷിക്കപ്പെടുന്നത് അപൂര്‍വം. അഥവാ ശിക്ഷിക്കപ്പെട്ടാലും അത് സാദാ പോലീസുകാര്‍ മാത്രം. യഥാര്‍ത്ഥ കുറ്റവാളികളെന്നു പരക്കെ അരിയപ്പെടുന്ന ഉന്നതര്‍ രക്ഷപെടും. നമ്പി നാരായണന്‍ സമീപകാലത്തു നടത്തിയ ഒറ്റയാള്‍ സമരം മാത്രമാണ് ഏക അപവാദം. അതും രണ്ടു ദശാബ്ദം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍.

താഴെതട്ടിലുള്ള ഉദ്യോഗസ്ഥന്മാര്‍ പരിശുദ്ധന്മാരാണന്നല്ല ഇതിനര്‍ത്ഥം. പടി കിട്ടാതെ ഒരു നടപടിയും സ്വീകരിക്കില്ലന്നും ഒരു ഫയലും ഒരിഞ്ചുപോലും നീക്കില്ലന്നും സത്യപ്രതിജ്ഞ ചെയ്തവരുണ്ട്. “ഓരോ ഫയലിലും ഓരോ ജീവിതം തുടിക്കുന്നു” എന്നൊക്കെ നേതാക്കന്മാര്‍ ആവര്‍ത്തിച്ച് ഉരുവിടാറുണ്ടെങ്കിലും ഇന്ന് ഓരോ ഫയലും ചുവപ്പുനാടയില്‍ കുരുക്കി ഒന്നോ അതിലധികമോ ജീവിതങ്ങള്‍ അവസാനിപ്പിക്കുകയാണ്. ആന്തൂരില്‍ കഴിഞ്ഞദിവസം സംഭവിച്ചത് അതല്ലേ? കോടികള്‍ മുടക്കിയ കണ്‍വെന്‍ഷന്‍ സെന്ററിന് കേവലം 50,000 രൂപയ്ക്ക് ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തീകരിക്കവുന്ന നിര്‍മ്മാണപിഴവുകള്‍ മാത്രമയിരുന്നത്രെ ഉണ്ടായിരുന്നത്! അതിനു കൊടുക്കേണ്ടിവന്ന വില? ഒരു പ്രവാസി സംരംഭകന്റെ ജീവിതം!

ആന്തൂര്‍ സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വമാണോ ഉദ്യോഗസ്ഥവൃന്ദമാണോ കുറ്റക്കാര്‍ എന്നു അന്വേഷകര്‍ കണ്ടെത്തട്ടെ. പക്ഷേ അതേ തുടര്‍ന്ന് വെളിയില്‍വന്ന മറ്റൊരു വാര്‍ത്തയുണ്ട്. പക്ഷേ ഇങ്ങ് തെക്ക്, പൂര്‍ണ്ണമായും രാഷ്ട്രീയ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം കാരണം മറ്റൊരു പ്രവാസി സംരംഭകന്‍ ആറ് വര്‍ഷമായി പുതുതായി ആരംഭിച്ച ഹാച്ചറി തുറക്കാനാവാതെ കേഴുന്നു. മലിനീകരണ നിയന്ത്രണവും മൃഗസംരക്ഷണവുമടക്കം എല്ലാ വകുപ്പുകളുടെയും അനുമതി പത്രം ലഭിച്ചിട്ടും പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നില്ല. കാരണം? പ്രതിപക്ഷം സമ്മതിക്കുന്നില്ല! മലിനികരണം ഉണ്ടാകും പോലും! പിന്നെന്തിനാണ് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കേറ്റ് എന്ന ചോദ്യം അവര്‍ക്കു പ്രസക്തമല്ല. എന്നു മാത്രമല്ല, മലിനീകരണം ഉണ്ടാവില്ല എന്നു ബോദ്ധ്യപ്പെടുത്താന്‍ പരീക്ഷണാടിസ്ഥാനത്തില്‍ അടവെച്ച കോഴിമുട്ടകള്‍ വിരിയാന്‍ രണ്ടുദിവസം മാത്രം ശേഷിച്ചിരിക്കെ വൈദ്യുതബന്ധം വിശ്ചേദിച്ച് ഉപയോഗശൂന്യമാക്കി! ഇതു ജനസേവനമോ പ്രതികാരബുദ്ധിയോ?

പൊതുമുതല്‍ നശിപ്പിച്ചാല്‍ ബന്ധപ്പെട്ട കക്ഷികളില്‍നിന്നും നഷ്ടം ഈടാക്കാന്‍ ഇന്നു നിയമമുണ്ട്. അതേപോലെ ഉദ്യോഗസ്ഥ/രാഷ്ട്രീയ നേതൃത്വം അനാവശ്യമായി സംരംഭകരെ തടസപ്പെടുത്തിയാല്‍ നഷ്ടം തടസത്തിനു കാരണമായ വ്യക്തികളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നിര്‍ദ്ദാക്ഷിണ്യം ഈടാക്കണം. പലിശ നഷ്ടം മാത്രമല്ല, നിക്ഷേപകനും നികുതിയിനത്തില്‍ സര്‍ക്കാരിനും ഉണ്ടാകുന്ന നഷ്ടം (opportunity cost) കൂടി ഈടാക്കണം.

ഉദ്യോഗസ്ഥതല അഴിമതി രാഷ്ട്രീയ സൃഷ്ടിയാണ്. “ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും” എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കുന്ന തുടര്‍ക്കഥയാണ് അഴിമതിയിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം. ഇന്നു കേരളത്തില്‍ അങ്ങാടിപ്പാട്ടായ രണ്ടു സംസാരങ്ങള്‍ മാത്രം എടുത്താല്‍ മതി. ഒരു ജില്ലയിലെ അധോലോകത്തെ മുഴുവന്‍ വര്‍ഷങ്ങളായി നിയന്ത്രിക്കുന്നത് ഒരു രാഷ്ട്രീയ നേതാവാണന്നാണ് അതിലൊന്ന്. മറ്റൊരു ജില്ലയില്‍ എവിടെയും മണ്ണ്, മണല്‍, പാറ മുതലായ നിര്‍മാണവസ്തുക്കള്‍ നീങ്ങണമെങ്കില്‍ ഒരു നേതാവിന് ലോഡെണ്ണി പടി കെട്ടണമെന്നതാണ് അടുത്തത്. അവരുടെ കക്ഷി ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഈ സംവിധാനത്തിനു മാറ്റമില്ല.

ഇതെങ്ങനെ സംഭവിക്കുന്നു? തീര്‍ച്ചയായും തങ്ങള്‍ക്കു പ്രയോജനമില്ലങ്കില്‍ ആരും ഒരു നേതാവിനും കൈക്കൂലി കൊടുക്കില്ല. നേതാക്കന്മാര്‍ക്കാകട്ടെ, ഇത്തരം ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിന് ഉദ്യോഗസ്ഥരെ ഉപയോഗിക്കാതെ തരമില്ല. അപ്പോള്‍ അവര്‍ക്കും ചില്ലറ പ്രത്യുപകാരങ്ങള്‍ ചെയ്തുകൊടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സ്വാഭാവികമായും ബാദ്ധ്യതയുണ്ടാവും. അതിനേക്കാള്‍ ഉപരി, ഇത്തരം ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലന്നു നടിക്കാനും രാഷ്ട്രീയ നേതൃത്വം നിര്‍ബന്ധിതരാകും. അതല്ലേ ഇന്നു കേരളത്തില്‍ സംഭവിക്കുന്നത്? പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഗുരുതരമായ നിയമലംഘനത്തിന് ജില്ലാ അധികാരി സസ്‌പെന്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ സമീപജില്ലയിലെ ഒരു നേതാവിനെ ഉപയോഗിച്ച് പത്തു ദിവസത്തിനുള്ളില്‍ തിരിച്ചു പഴയ ലാവണത്തിലെത്തിയത് സമീപ ദിവസങ്ങളിലാണ്.

കസ്റ്റഡി മരണങ്ങളിലേയ്ക്കും ലോക്കപ്പ് മര്‍ദ്ദനങ്ങളിലേയ്ക്കും മടങ്ങിവരാം. ഇക്കാര്യത്തില്‍ കേരളാ പോലീസിനെ അടച്ച് കുറ്റം പറയാനാവില്ല. സമീപകാലത്ത് കേരളാ പോലീസിന്റെയും സ്റ്റേഷനുകളുടെയും നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട് എന്നതില്‍ രണ്ടു പക്ഷമില്ല. അതനുസരിച്ച് സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് എന്തുകൊണ്ടെന്നു ചിന്തിക്കണം. ‘പോലീസ് സേനയിലെ ക്രിമിനല്‍ സാന്നിദ്ധ്യം’ എന്ന സ്ഥിരം പല്ലവി പാടിയിട്ടൊന്നും കാര്യമില്ല. കൃത്യമായ പട്ടിക ഉണ്ടായിട്ടും അവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നത് രാഷ്ട്രീയ നേതൃത്വം കണ്ണടയ്ക്കുന്നതുകൊണ്ടാണ്.

മേലേത്തട്ടില്‍നിന്നുള്ള ശുചീകരണം. അതു മാത്രമാണിവിടെ പ്രസക്തം. ഏതാനും ഗുമസ്ഥന്മാരുടെയോ സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെയോ പേരില്‍ നടപടിയെടുക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. ആദ്യമായി സര്‍ക്കാര്‍ വകുപ്പുകളെ, വിശിഷ്യ പോലീസ് സേനയെ, പ്രദേശിക രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന പരിപാടി അവസാനിപ്പിക്കണം. ഇതിനു ജനക്ഷേമത്തില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്‍കൈയ്യെടുക്കണം. ഭരിക്കുന്ന പാര്‍ട്ടികള്‍ക്കനുസരിച്ച് നയങ്ങളില്‍ മാറ്റം വരാം. പക്ഷേ അത് ഉന്നതതലത്തില്‍ നടപ്പാക്കേണ്ട ഒന്നു മാത്രമാകണം.

രണ്ടാമതായി, ഉന്നത ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പക്കുക എന്നതാണ്. ഇതിന് രാഷ്ട്രീയ നേതൃത്വം വിചാരിക്കണം. അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ തുടരെ സ്ഥലംമാറ്റുന്നത് അഴിമതി മറച്ചുവയ്ക്കാനോ തുടര്‍ന്നും നിര്‍ബാധം നടത്തുവാനോ അല്ല എന്നു വിശ്വസിക്കാന്‍ തരമില്ല. ശുദ്ധമായ ഒരു മേലെത്തട്ടിനു മാത്രമേ ഉദ്യോഗസ്ഥവൃന്ദത്തെ നിലയ്ക്കു നിര്‍ത്താനാവു. കോടികളുടെ അഴിമതി നടത്തുകയും, അതു വെളിപ്പെട്ടാല്‍ വളഞ്ഞ വഴികളിലൂടെ വെളുപ്പിച്ചെടുത്തു ശുദ്ധനാവുകയും ചെയ്യുന്ന മേല്‍ത്തട്ടുകാര്‍ ഒരു സാദാ ജീവനക്കാരന്റെ 500 രൂപ കൈക്കൂലിക്ക് നടപടിയടുക്കുന്നത് അപഹാസ്യമാണ്.
മനസിലാകാത്ത ഒരു വസ്തുതയുണ്ട്. തങ്ങള്‍ ബലിയാടാക്കപ്പെടുകയാണന്ന് അറിഞ്ഞിട്ടും കേരളത്തിലെ പ്രബുദ്ധരായ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും എന്നതുകൊണ്ട് പ്രതികരിക്കുന്നില്ല? അവകാശങ്ങള്‍ നേടിയെടുക്കാന്‍ മരണം വരയും സമരം ചെയ്യുന്ന പാരമ്പര്യമാണല്ലോ നിങ്ങള്‍ക്കുള്ളത്. ചുവപ്പു നാട കുരുക്കുന്നതിലും അഴിമതി കാട്ടുന്നതിലും തങ്ങളുടെ പങ്ക് അംഗീകരിക്കുന്നു എന്നാണോ ഈ നിശബ്ദതയുടെ അര്‍ത്ഥം?

കേരളത്തിലെ ചുവപ്പു നാടയുടെ കുരുക്ക് അഴിക്കാന്‍ കോടതി ഇടപെടേണ്ട സഹചര്യമാണ് ഉള്ളത്. കനത്ത നഷ്ടപരിഹാരം ഈടാക്കുവാനും അഴി എണ്ണിക്കുവാനും ആരംഭിച്ചാല്‍ ചുവപ്പുനാടകള്‍ താനെ അഴിയും. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി ഉന്നത തലത്തിലുള്ളവരെ വരെ ശിക്ഷിച്ചാല്‍ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും ഇല്ലാതാവും. കോടതി കനിയാതിരുന്നാല്‍ കേരളം എക്കാലത്തും ഇതേപടി തുടരും.

വാല്‍ക്കഷണം – ഏതാനും വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ദേശീയ പതാക ഉയര്‍ത്തേണ്ട ഒരു ദിനത്തില്‍ വനമേഖലയിലുള്ള ഒരു ഓഫീസിലെ ആ ചുമതല അവിടുത്തെ പാര്‍ട്ട്-ടൈം ജീവനക്കാരനെ ഏല്പിച്ചിട്ട് ബാക്കി ഏമാന്മാര്‍ എല്ലാം തലേന്ന് മുങ്ങി. അയാള്‍ പിറ്റന്നു രാവിലെ ഒരു കമ്പില്‍ കെട്ടി കൃത്യമായി പതാക ഉയര്‍ത്തി. തലതിരിച്ചാണന്നുമാത്രം! ഗതികേടിന് ആരോ ഈ പതാകയുടെ ചിത്രം പകര്‍ത്തി മാദ്ധ്യമങ്ങളിലെത്തിച്ചു. കേസായി. പതാക ഉയര്‍ത്തിയ ആദിവാസി ജീവനക്കാരന്‍ അകത്തായി. പാവം നിരക്ഷരകുക്ഷിയാണന്നും, ദേശീയ പതാക മുമ്പ് കണ്ടിട്ടില്ലന്നും ഉള്ള കാരണത്താല്‍ ദയ തോന്നിയ കോടതി ‘പ്രതിയെ’ വിട്ടയച്ചു. വന്‍ വാര്‍ത്തയായ ഈ സംഭവത്തെക്കുറിച്ചുള്ള പ്രതികരണം: ‘ഒരു കമ്പില്‍ കെട്ടി കൊടുത്തിട്ട് പോയിരുന്നെങ്കില്‍ കുഴപ്പമുണ്ടാകുമയിരുന്നോ? അതു പോലും ചെയ്യില്ല.’

(സാമൂഹ്യനീതി, ജൂലൈ 2019)