ധ്യാനദീപ്തമായ കോണ്‍ഫറന്‍സിന് ധന്യസമാപനം

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസമണ്ണില്‍ കെടാതെ സൂക്ഷിക്കും എന്ന മനോസ്ഥൈര്യത്തോടെയും പുതുതലമുറക്ക് പ്രാപ്യമായ രീതിയില്‍ ദേശ/ ഭാഷാ പ്രശ്നങ്ങളെ ആത്മീയമായും ഭൗതികമായും അഭിമുഖീകരിച്ചും മാതൃസഭയോടു കൂറും വിധേയത്വവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന 2019 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ സമാപിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തിലും ഭദ്രാസന കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലും സേവനസന്നദ്ധരായ ഒട്ടേറെ സഭാവിശ്വാസികളുടെ സഹകരണത്തിലാണ് ജൂലൈ 17 ബുധനാഴ്ച മുതല്‍ 20 ശനിയാഴ്ച വരെ കോണ്‍ഫറന്‍സ് വിജയകരമായി നടന്നത്. “യേശുക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നിടുവാന്‍ ആര്‍ക്കും കഴിയുകയില്ല,” (1 കോരിന്ത്യര്‍ 3:11) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള കോണ്‍ഫറന്‍സിന് സഭയുടെ തിയോളജിക്കല്‍ സെമിനാരിയിലെ പ്രൊഫസര്‍ ഫാ. ഏബ്രഹാം തോമസ,് സെന്‍റ് ടിക്കോണ്‍സ് ഓര്‍ത്തഡോക്സ് സെമിനാരി പ്രൊഫ. വെരി. റവ. ഡോ. ജോണ്‍ ഈ പാര്‍ക്കര്‍ മൂന്നാമന്‍ തുടങ്ങി പ്രഗത്ഭരായ ഒട്ടനവധി പേര്‍ നേതൃത്വം നല്‍കി.

കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ മാത്യു വറുഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വറുഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, ബിസിനസ് കോര്‍ഡിനേറ്റര്‍ സണ്ണി വറുഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നൂറിലധികം വരുന്ന കമ്മിറ്റി അംഗങ്ങളുടെ മാസങ്ങള്‍ നീണ്ട അക്ഷീണ പ്രയത്നങ്ങളുടെ പരിണിതഫലമാണ് നുറൂ ശതമാനം വിജയം എന്ന് ഉറപ്പിച്ച് കോണ്‍ഫറന്‍സിന് സമാപ്തിയായത്.

മൂല്യവത്തായ വിശ്വാസത്തെ തൊട്ടറിയുന്നതിനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനുമുള്ള ചുമതല ഇപ്പോഴത്തെ തലമുറയില്‍ നിക്ഷിപ്തമാണെന്നും ഇത് സഭ മുഴുവന്‍റെയും ഉത്തരവാദിത്വമാണെന്നും തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു കോണ്‍ഫറന്‍സില്‍ അരങ്ങേറിയത്.

ഭക്തിയോടും വിശ്വാസത്തോടെയുമുള്ള സത്യാരാധനയും ക്രിസ്തുവിന്‍റെ മനുഷ്യ സ്നേഹത്തിന്‍റെ മൂര്‍ത്തീകരണവുമാണ് നമ്മുടെ പ്രധാന ചുമതലകളുമെന്നു വിശ്വാസികളുടെ ഹൃദയത്തില്‍ പതിപ്പിക്കുവാന്‍ തക്കവണ്ണമാണ് പ്രോഗ്രാമുകള്‍ ക്രമീകരിച്ചിരുന്നത്. മൗനത്തിന്‍റെ ഭാഷ ശക്തമാണെന്നും, പ്രാര്‍ത്ഥനയിലൂടെ വെളിപ്പെടുന്ന സത്യങ്ങളുടെ മര്‍മ്മം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍ എന്നുള്ള ഫാ. എബ്രഹാം തോമസിന്‍റെ നിരീക്ഷണം വിശ്വാസികള്‍ക്ക് ഏറെ പ്രചോദനമായി.
സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനായ ശനിയാഴ്ചയിലെ വി. കുര്‍ബ്ബാനയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വൈദികര്‍ സഹകാര്‍മ്മികരുമായി. ശെമ്മാശന്മാരും അള്‍ത്താര ശുശ്രൂഷകരും പങ്കാളികളായി. കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. കോണ്‍ഫറന്‍സില്‍ ആദ്യമായി പങ്കെടുത്ത നിക്കോള്‍ വറുഗീസ് (മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക, സ്റ്റാറ്റണ്‍ ഐലന്‍ഡ്), ലീനാ തോമസ് (സെന്‍റ് മേരീസ് ഇടവക, ലിന്‍ഡന്‍), എലിസബത്ത് ഐപ്പ് (സെന്‍റ് തോമസ് ഇടവക, വാഷിങ്ടണ്‍ ഡിസി) എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ബിനു സാമുവല്‍, അജിത്ത് വറുഗീസ്, ബിപിന്‍ മാത്യു എന്നിവര്‍ ഒപ്പിയെടുത്ത കോണ്‍ഫറന്‍സ് ചിത്രങ്ങള്‍ വിഡീയോ പ്രസന്‍റേഷനിലൂടെ കോണ്‍ഫറന്‍സ് പങ്കാളികള്‍ മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. കോണ്‍ഫറന്‍സിന്‍റെ ചരിത്രത്തിലാദ്യമായി അടുത്ത കോണ്‍ഫറന്‍സിലേക്കുള്ള പ്രീ രജിസ്ട്രേഷന്‍ ക്യാംപെയ്നില്‍ മുന്നൂറിലധികം പേര്‍ നൂറു ഡോളര്‍ മുന്‍കൂറായി കൊടുത്തു രജിസ്റ്റര്‍ ചെയ്തു. ഇതിനു വേണ്ടി പുതിയതായി സ്ഥാനമേറ്റെടുത്ത ട്രഷറര്‍ എബി കുര്യാക്കോസ് നേതൃത്വം നല്‍കി.

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍റര്‍ അഡ്വസൈറി ബോര്‍ഡിന്‍റെ ഒരു പ്രത്യേക യോഗം കൂടുകയും സുപ്രധാന തീരുമാനങ്ങളെടുക്കുകയും ചെയ്തു. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടെയും കൈമുത്തിയും കോണ്‍ഫറന്‍സിന് സമാപനമായി. എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ച് അന്യോന്യം ആശ്ലേഷിച്ച് ഇനിയും അടുത്തവര്‍ഷം കാണാമെന്ന ഉറപ്പോടെയാണ് പിരിഞ്ഞു പോയത്.