സഫേണ്‍ സെന്‍റ് മേരീസ് ഇടവക 20-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു

ജോര്‍ജ് തുമ്പയില്‍

സഫേണ്‍ (ന്യൂയോര്‍ക്ക്): അപ്പോസ്തോലന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം. അപ്പോസ്തോലന്മാരിലെ പ്രധാനിമാരായ പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവര്‍ക്കിടയിലാണ് തങ്ങളിലാരാണ് വലിയവന്‍ എന്ന തര്‍ക്കം ഉണ്ടായത്. ഉള്ളിലൊളിപ്പിച്ച് വെച്ച തര്‍ക്കം പക്ഷേ യേശുവിന് മനസിലാക്കുവാന്‍ സാധിച്ചു. അടുത്തുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തിട്ട്, ഈ കുഞ്ഞിന്‍റെ അവസ്ഥയില്‍ ജീവിക്കുന്നവനാണ് വലിയവന്‍ എന്ന് യേശു പറഞ്ഞ് ഒരു വലിയ പാഠം പഠിപ്പിച്ചു.
ജൂലൈ 14 ഞായറാഴ്ചയിലെ ഏവന്‍ഗേലിയോന്‍ ഭാഗം എടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സഫേണ്‍ സെന്‍റ് മേരീസ് ഇടവകയുടെ ഇരുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ആരംഭം കുറിച്ചചടങ്ങുകള്‍ക്കു മുന്നോടിയായുള്ള വി.കുര്‍ബ്ബാന മദ്ധ്യേ ആയിരുന്നു പരി. ബാവയുടെ പ്രഭാഷണം.
ആധുനികതയുടെ കാലത്ത് ജീവിക്കുന്ന നമുക്കു ചുറ്റും കാണുന്നത് ഇത്തരത്തിലുള്ള തര്‍ക്കങ്ങളും തന്നെത്താന്‍ വലിയവനാകുവാനുള്ള അഭിവാഞ്ചയുമാണ്. ഇടിച്ചിടിച്ച് നിന്ന് സ്വയം ഉയര്‍ത്താനുള്ള ചെറിയ പൊടിക്കൈകള്‍ അഭിലഷണീയമല്ല. കഴിഞ്ഞവര്‍ഷം കേരളത്തിലുണ്ടായ മഹാപ്രളയകാലത്ത് എല്ലാവരും ഒന്നു ചേര്‍ന്നു. ആരാണ് വലിയവന്‍ എന്ന ചിന്ത അവിടെ ഉണ്ടായില്ല. ജാതിയോ മതമോ സഭയോ, സമുദായമോ നോക്കാതെ, എല്ലാവരും ഒന്നായി. ജീര്‍ണ്ണതകള്‍ ഒട്ടേറെ ഉള്ള സാഹചര്യത്തിലും ദൈവത്തിന്‍റെ ഒരു സന്ദേശമായിരുന്നു ആ മഹാപ്രളയം. കേരളമക്കള്‍ ഒന്നായി നിന്ന് ആ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചു.
ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വി.കുര്‍ബാനയ്ക്ക് ശേഷം കൂടിയ സമ്മേളനത്തില്‍ സഭയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചാണ് പരി.ബാവ സംസാരിച്ചത്. ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സഭയും സമൂഹവുമാണ് നമ്മുടേത്. അതു കൊണ്ടു തന്നെ, നമ്മുടെ ഉത്തരവാദിത്വം ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ദൈവത്തെ സ്നേഹിക്കുന്നതിന് മനുഷ്യനെ സ്നേഹിക്കണം. ഇവിടെയാണ് നാം താഴ്മ കാണിക്കേണ്ടത്. നമ്മുടെ പിതാക്കന്മാര്‍ ഒട്ടേറെ കഷ്ടതകളില്‍ കൂടി കടന്നു പോയവരാണ്. അവര്‍ കാപട്യമില്ലാത്തവരായിരുന്നു. അവരുടെ പ്രാര്‍ത്ഥനയും കോട്ടയും നമ്മോടൊപ്പമുണ്ട്. നമ്മുടെ ദൈനംദിന സഭാകാര്യങ്ങളില്‍ ദൈവത്തിന്‍റെ അളവറ്റ കൃപാവരം ഉള്ളതായി അനുഭവപ്പെടുന്നുണ്ട്. സുപ്രീം കോടതി വിധിയില്‍ അത്യാഹ്ലാദത്തിന്‍റെ യാതൊരു ആവശ്യവുമില്ല- ഒരു കടുകുമണിക്ക് പോലും. ഏതൊക്കെ, എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും പരി. സഭയെ ശുഭതുറമുഖത്ത്ക്ക്േ എത്തിക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം. എങ്ങനെയെങ്കിലും എന്നത് ശരിയല്ല. കാര്യങ്ങളെപ്പറ്റി കൃത്യമായ വിവരം ഉണ്ടായിരിക്കണം. സൗമ്യതയും വിനയവും ദൈവാശ്രയ ബോധവും ഉണ്ടാവേണ്ട സമയമാണിത്. ഒന്നിലും അഹങ്കരിക്കരുത്- അമിതമായി. മലങ്കരസഭയെ നശിപ്പിക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവര്‍ നശിക്കും എന്ന സൂചനയോടെയാണ് പരി.ബാവ ഉപസംഹരിച്ചത്.
പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മയെക്കുറിച്ചു പറഞ്ഞാണ് മാര്‍ നിക്കോളോവോസ് തന്‍റെ ഹ്രസ്വമായ ആശംസാപ്രസംഗം തുടങ്ങിയത്. ഒരു തിരിഞ്ഞു നോട്ടത്തിന്‍റെ ആവശ്യമുണ്ട്. കടന്നു പോയ പാതകളെക്കുറിച്ച് ബോധ്യമുണ്ടാകണം. ദൈവം നടത്തിയ വഴികളെക്കുറിച്ചോര്‍ക്കണം. രാജു വറുഗീസ് അച്ചന്‍റെ നേതൃത്വത്തിലുള്ള ഇടവക ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നതില്‍ മാര്‍ നിക്കോളോവോസ് സംതൃപ്തി രേഖപ്പെടുത്തി.
വൈദിക ട്രസ്റ്റി ഫാ. ഡോ. എം. കെ. ജോണ്‍, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍, കൗണ്‍സില്‍ അംഗം ഫാ. മാത്യു തോമസ്, ക്ലാര്‍ക്ക്സ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോമാന്‍, ഭദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സജി എം. പോത്തന്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ പ്രതിനിധീകരിച്ച് ജോര്‍ജ് തുമ്പയില്‍, ഇടവകയെ പ്രതിനിധീകരിച്ച് മിഷേല്‍ പോത്തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരി.ബാവയും വിശിഷ്ടാതിഥികളും ഇടവക ഭാരവാഹികളും നിലവിളക്ക് കൊളുത്തി. പരി. ബാവയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ സ്നേഹസ്പര്‍ശത്തിലേക്ക് ഇടവകയുടെ സംഭാവന ട്രസ്റ്റി റെജി കുരീക്കാട്ടില്‍ കൈമാറി.
സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോസഫ് ഏബ്രഹാം, കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു, സന്തോഷ് മത്തായി, മുന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പിള്ളില്‍, വറുഗീസ് പോത്താനിക്കാട്, പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ഇടവക വികാരി ഫാ. ഡോ. രാജു വറുഗീസ് പരി.ബാവയെയും മാര്‍ നിക്കോളോവോസിനെയും പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. എംസിയായി പ്രവര്‍ത്തിച്ച ഇടവക സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ഇടവക ക്വയറിന്‍റെ കാതോലിക്ക മംഗള ഗാനാലാപനത്തോടെയും ശ്ലൈഹീക വാഴ്വോടെയും ചടങ്ങുകള്‍ സമാപിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. ഇടവക ഭാരവാഹികളും ജനങ്ങളും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.