മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ സാമൂഹിക പ്രൊജക്റ്റ് ആയ ഹരിയാനയിലെ മണ്ഡാവറിലെ ശാന്തിഗ്രാമിൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃത്യത്തിൽ ആരംഭിച്ച ശുദ്ധജല മൽസ്യകൃഷിയുടെ ആദ്യവിളവെടുപ്പ് വൻവിജയം. 2018 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച കുളത്തിൽ നവംബറിൽ ആണ് മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വേനൽച്ചൂട് കൂടിയതുകൊണ്ടും അടിസ്ഥാന വികസനം കൂടുതൽ നടത്താൻ ഉള്ളതുകൊണ്ടും വിളവെടുപ്പ് നേരത്തെ നടത്തുകയായിരുന്നു. പ്രതീഷിച്ചതിലും കൂടുതൽ അളവിൽ ശുദ്ധജല മത്സ്യങ്ങളെ ലഭിച്ചു.
പുതുതലമുറക്ക് കൃഷിയുടെ പാഠങ്ങൾ പകർന്നു നൽകുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്‌ഷ്യം വച്ചത് എന്ന് കത്തീഡ്രൽ യുവജനപ്രസ്ഥനം പ്രസിഡന്റ് ഫാ . അജു എബ്രഹാം അറിയിച്ചു.
മത്സ്യകൃഷിയിലും പിടിച്ച മത്സ്യങ്ങളുടെ വിപണനത്തിനായി സൂക്ഷിക്കുന്നതിലും കണ്ടു വരുന്ന അനാരോഗ്യ പ്രവണതകളെ ഉന്മൂലനം ചെയ്യുവാൻ ഇത്തരം സംരംഭങ്ങൾക്കു കഴിയുമെന്ന് ഹോസ്ഖാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ബഹു. പത്രോസ് ജോയി അച്ചൻ അഭിപ്രായപ്പെട്ടു.
ശാന്തിഗ്രാം മാനേജർ ഫാ ജിജോ പുതുപ്പള്ളി, കത്തീഡ്രൽ യുവജനപ്രസ്ഥനം സെക്രട്ടറി ലിജു വര്ഗീസ് എന്നിവർ വിളവെടുപ്പിന് നേതൃത്യം നൽകി.
പ്രവാസ ജീവിതത്തിൽ പഴയ കാല ഓർമ്മകളിലേക്കു നയിച്ച ഒരു അനുഭവം ആണ് മീൻ പിടിക്കാൻ അവസരം കിട്ടിയപ്പോൾ തോന്നിയത് എന്ന് പറഞ്ഞ് ഡൽഹി OCYM മുൻ ഡിയോസിസ് സെക്രട്ടറി മാമൻ മാത്യു സന്തോഷം പങ്കുവെച്ചു.
കുളത്തിൽ നിന്നും ജീവനുള്ള മീനിനെ പിടിക്കുവാൻ സാധിച്ച ആദ്യാനുഭവത്തിന്റെ സന്തോഷത്തിലാണ് ഹോസ്ഖാസ് ഇടവകയിലുള്ള പുതുതലമുറയിലെ ഒമ്പതാം ക്ലാസ്സുകാരനായ മാസ്റ്റർ ക്രിസ് ബിജു.
വിളവെടുപ്പിൽ ലഭിച്ച മത്സ്യം ഹോസ്ഖാസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കപ്പയും മീൻ കറിയുമായി പാചകം ചെയ്ത് ഞായറാഴ്ച വിൽക്കുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും ശാന്തിഗ്രാമിന്റെ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തു.