ഓഗസ്റ്റ് 10-നു കൂടുന്ന മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനാവിഷയങ്ങളില്‍ ഒന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഘടന മേലില്‍ എങ്ങനെ വേണമെന്നുള്ളതാണല്ലോ. ഈ വിഷയം സംബന്ധിച്ചു മാനേജിംഗ് കമ്മിറ്റിയില്‍ നിന്നു നിയുക്തമായിരി ക്കുന്ന പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്താണെന്നറിയുവാന്‍ കഴിഞ്ഞിട്ടില്ല. അസോസിയേഷന്‍റെ പേരില്‍ പള്ളി പ്രതിനിധികളായി മൂവായിരത്തില്‍പരം ജനങ്ങള്‍ ഒരിടത്ത് ഒന്നിച്ചു കൂടുന്നതിനുള്ള ചെലവും അസൗകര്യങ്ങളും ലഘൂകരിക്കണമെന്നും, അങ്ങനെ കൂടിയാല്‍തന്നെ ഉണ്ടാകുന്ന പ്രയോജനം നാമമാത്രമാണെന്നുള്ള ആക്ഷേപം ദുരീകരിക്കണമെന്നും ഉള്ള ഉദ്ദേശ്യമാണല്ലോ ഈ വിഷയം ചര്‍ച്ചയ്ക്കു വെയ്ക്കുവാനുള്ള കാരണം. കഴിയുമെങ്കില്‍ ഇത്ര ബൃഹത്തായ ഒരു യോഗസജ്ജീകരണം ഒഴിവാക്കണമെന്നു സഭാംഗങ്ങള്‍ ഏവരും ആഗ്രഹിക്കുന്നുണ്ടെന്നു വേണം വിചാരിപ്പാന്‍. ഇടവകജനങ്ങളുടെ പ്രാതിനിധ്യം ഉള്ളതായിരിക്കണം അസോസിയേഷന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടന സ്വീകരിച്ചിരിക്കുന്നതും ആ തത്വമാണെന്നു ഭരണഘടന 71-ാം വകുപ്പു വായിച്ചാല്‍ അറിയുവാന്‍ കഴിയും. അസോസിയേഷന്‍റെ അംഗസംഖ്യ ഇരുനൂറില്‍ അധികം കൂടാതെയിരിക്കുന്നത് അഭിലഷണീയമായിരിക്കുമെന്നു പൊതുവെ ഒരു അഭിപ്രായം ധ്വനിക്കുന്നുണ്ട്. ആ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയത്തെക്കുറിച്ചു ചിന്തിക്കാം.
71-ാം വകുപ്പില്‍ പറയുന്നത് അസോസിയേഷന്‍ യോഗാംഗങ്ങള്‍ ഇടവകയോഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെടണമെന്നാണ്. ഇടവകയോഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണല്ലോ മെത്രാസന ഇടവകയോഗാംഗങ്ങള്‍ (വകുപ്പ് 46). ആ സ്ഥിതിക്ക് അസോസിയേഷന്‍ അംഗങ്ങളെ മെത്രാസന ഇടവകയോഗാംഗങ്ങള്‍ തെരഞ്ഞെടുത്താല്‍ പോരെ? ഇടവക ജനപ്രാതിനിധ്യം എന്നുള്ള തത്വം വിടുന്നില്ല. അത് ഇടവകജനങ്ങളുടെ തെരഞ്ഞെടുപ്പ് അല്ലെന്നും പറഞ്ഞുകൂടാ. ഓരോ മെത്രാസന ഇടവകയോഗവും അതതു ഭദ്രാസനത്തില്‍ നിന്ന് 7 പട്ടക്കാരെയും 14 അയ്മേനികളെയും തെരഞ്ഞെടുക്കുകയാണെങ്കില്‍ അസോസിയേഷന്‍റെ അംഗസംഖ്യ 210-ല്‍ നിറുത്താനും സാധിക്കും. ഇടവകയോഗങ്ങളുടെ തെരഞ്ഞെടുപ്പിന്‍റെ ഫലവും വരും. അംഗസംഖ്യ കുറയുമെന്നു മാത്രം. ഇങ്ങനെയൊരു വ്യതിയാനം നടപ്പാക്കുന്നതിന് ഇപ്പോഴത്തെ നടപടി അനുസരിച്ചുള്ള ഒരു അസോസിയേഷന്‍ കൂടാതെ വേറൊരു മാര്‍ഗ്ഗം എന്താണെന്നാണു പ്രശ്നം.
അന്ത്യ തീരുമാനം
റൂള്‍ കമ്മിറ്റിയില്‍ കൂടിവരുന്ന ഭേദഗതികള്‍ക്ക് അന്ത്യതീരുമാനം വേണമെങ്കില്‍ അവ ഒടുവില്‍ അസോസിയേഷനില്‍ വരണം. അതായത് അംഗസംഖ്യ മേലാല്‍ ചുരുക്കുന്നതിനും മറ്റുമുള്ള ഭേദഗതി അവസാനമായി പാസ്സാക്കുന്നതിന് ഇപ്പോഴത്തെപ്പോലെ വിപുലമായ രീതിയിലുള്ള അസോസിയേഷന്‍ യോഗം തന്നെ ഒരു തവണയെങ്കിലും കൂടേണ്ടിയിരിക്കുന്നു. ആ ഭാരവും കൂടി ഒഴിവാക്കാന്‍ കഴിയുന്ന മാര്‍ഗ്ഗം ഉണ്ടോ എന്നാണു നോക്കേണ്ടത്.
ഭരണഘടന 129-ാം വകുപ്പില്‍ ഇങ്ങനെ പറയുന്നുണ്ട്. “ഈ നിയമത്തില്‍ അടങ്ങിയ തത്വത്തിനു വിരോധമല്ലാത്ത ഉപചട്ടങ്ങളെ ഇടവകയോഗം, മെത്രാസന ഇടവകയോഗം, മെത്രാസന കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങള്‍ അപ്പഴപ്പോള്‍ പാസ്സാക്കി റൂള്‍ കമ്മിറ്റി വഴി മാനേജിംഗ് കമ്മിറ്റിയില്‍ കൊണ്ടുവന്ന്, മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയോടുകൂടി നടപ്പില്‍ വരുത്തിക്കൊള്ളാവുന്നതാകുന്നു.” ഏറ്റവും എളുപ്പമായതും എന്നാല്‍ ഭരണഘടനയോടു യോജിച്ചതുമായ മാര്‍ഗ്ഗം ഉണ്ടോ എന്നാണു ചിന്തിക്കേണ്ടത്. 129-ാം വകുപ്പിന്‍റെ അടിസ്ഥാനത്തില്‍ ഓരോ മെത്രാസന ഇടവകയോഗവും, താഴെ പറയുന്നതിന്‍റെ അര്‍ത്ഥം വരത്തക്കവണ്ണം ഓരോ നിശ്ചയം പാസ്സാക്കി കമ്മിറ്റി വഴി മാനേജിംഗ് കമ്മിറ്റിക്ക് അയച്ചു അവിടെയും പാസ്സാക്കപ്പെട്ടാല്‍, ആ വിധത്തില്‍ രൂപവല്‍ക്കരിക്കപ്പെടുന്ന അസോസിയേഷനു നിയമപരമായി വല്ല അസാധുത്വവും ഉണ്ടോയെന്നാണു ചിന്തിക്കേണ്ടത്. നിശ്ചയത്തിന്‍റെ ഏകദേശരൂപം – “71-ാം വകുപ്പില്‍ അസോസിയേഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് ഇടവകയോഗമാണെന്നു പറഞ്ഞിട്ടുണ്ടെങ്കിലും, ഇടവക പ്രാതിനിദ്ധ്യം എന്ന തത്വത്തെ വെടിയാതെയും, പല പ്രായോഗിക വിഷയങ്ങളെ പരിഗണിച്ച് അസോസിയേഷന്‍റെ അംഗസംഖ്യ പരിമിതപ്പെടുത്തേണ്ടതാണെന്നുള്ള അഭിപ്രായത്തെ ആദരിച്ചും മേലാല്‍ ഓരോ മെത്രാസന ഇടവകയോഗത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന 7 പട്ടക്കാരും, 14 അയ്മേനികളും, കൂടാതെ നിലവില്‍ ഇരിക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നിട്ടുള്ള യോഗം മലങ്കര അസോസിയേഷന്‍ ആകുമെന്ന്, ഈ യോഗം അഭിപ്രായപ്പെടുകയും, ഈ നിശ്ചയം ക്രമപ്രകാരം നടപ്പില്‍ വരുത്തുന്നതിനു റൂള്‍ കമ്മിറ്റി വഴി മാനേജിംഗ് കമ്മിറ്റിക്ക് അയച്ചുകൊടുക്കണമെന്നും തീരുമാനിച്ചു.”
സംശയം
129-ാം വകുപ്പില്‍ പറയുന്നതു ബൈലായെപ്പറ്റിയല്ലേ, ഇതു ബൈലാ ആകുമോ എന്നൊരു സംശയം ഉന്നയിച്ചേക്കാം. തെരഞ്ഞെടുപ്പിലെ തത്വം വിടാതെ 71-ാം വകുപ്പിന്‍റെ ഉപവകുപ്പായിട്ടോ, അഥവാ പ്രോവിസോ ആയിട്ടോ ഇതിനെ പരിഗണിക്കരുതോ. ഇടവകയോഗങ്ങളുടെ പ്രാതിനിധ്യമുള്ള ഒരു സമിതി മുറപ്രകാരം പാസ്സാക്കുന്ന നിശ്ചയത്തെ ചോദ്യം ചെയ്യുവാന്‍ ആരും മുതിരുമെന്നു തോന്നുന്നില്ല. നടപടി ക്രമാനുസരണമാണോയെന്നു നോക്കിയാല്‍ മതി. വ്യയഹേതുകവും, അതിവിപുലവുമായ ഒരു സമ്മേളനം കഴിയുമെങ്കില്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം സഭാംഗങ്ങള്‍ ഏവരും സ്വാഗതം ചെയ്യുന്നതാണ്. അതിലേയ്ക്ക് ഇതോ ഇതല്ലെങ്കില്‍ വേറെ മാര്‍ഗ്ഗമോ ഉണ്ടോയെന്നു ചിന്തിക്കുന്നതിനു സഭാംഗങ്ങളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും ശ്രദ്ധ പതിയുവാന്‍വേണ്ടി മാത്രം എഴുതിയിട്ടുള്ള ഒരു ലേഖനം ആണിത്.
(മലയാള മനോരമ, 1967 ഓഗസ്റ്റ് 5)
(മുന്‍ പാത്രിയര്‍ക്കീസ് ഭാഗക്കാരനായിരുന്ന പെരുമ്പാവൂര്‍ വയലിപ്പറമ്പില്‍ അഡ്വക്കേറ്റ് പി. ടി. വര്‍ഗീസ് മലങ്കരസഭ യോജിച്ചു നിന്ന കാലത്ത് അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയിലും അതോടൊപ്പം റൂള്‍ കമ്മറ്റിയിലും അംഗം (1959 – 1970) ആയിരുന്നു. സഭാ ഭരണഘടനയുടെ ഭേദഗതി (1967) പ്രക്രിയയിലും മാനേജിംഗ് കമ്മറ്റി – വര്‍ക്കിംഗ് കമ്മറ്റി നടപടിക്രമം (1966), അസോസിയേഷന്‍ തെരഞ്ഞെടുപ്പു നടപടി ചട്ടം (1970) എന്നിവയുടെ രൂപീകരണ പ്രക്രിയകളിലും സജീവ പങ്കാളിത്തം വഹിച്ചു. 1977 ജൂണ്‍ 28-ന് 85-ാം വയസില്‍ നിര്യാണം.)