തിരുസന്നിധിയില്‍ നിന്നു ചില പാഠങ്ങള്‍ / ഫാ. ടി. വി. ജോര്‍ജ്

‘ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും; അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ (ഉല്‍പ. 3:15). ദൈവം ഏദനില്‍ വച്ചു സാത്താനു നല്‍കിയ ശാപമാണിത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതില്‍ ഒരു ശാപമോക്ഷം അടങ്ങിയിട്ടുണ്ട്. അതു സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തലയെ ചതയ്ക്കും എന്നുള്ളതും, അവനും സര്‍പ്പത്തിനും (പിശാചിനും) തമ്മില്‍ ശത്രുത്വം ഉണ്ടാക്കും എന്നുള്ളതുമാണ്. ഏദനില്‍ സംഭവിച്ചത് മനുഷ്യനും സാത്താനും തമ്മില്‍ ബന്ധുത്വമുണ്ടായി എന്നുള്ളതാണ്. അത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു അടിമത്വമായിരുന്നു. ഈ അടിമത്വത്തില്‍ നിന്നുള്ള വിടുതലിനെയും സര്‍പ്പത്തിന്‍റെ – സാത്താന്‍റെ – പരാജയത്തെയുമാണ് ഈ ദൈവവാഗ്ദത്തം മുന്നറിയിച്ചിരിക്കുന്നത്. പുരുഷനിലാണല്ലോ സന്തതി എണ്ണപ്പെടുന്നത്. എന്നാല്‍ ഇവിടെ ‘സ്ത്രീയുടെ സന്തതി’ എന്നു കല്‍പിച്ചിരിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. അതു പുരുഷബന്ധം കൂടാതെ ജനിക്കുന്ന ഒരു അത്ഭുതശിശുവിനെപ്പറ്റിയുള്ള മുന്നറിയിപ്പായിരുന്നു. പക്ഷെ, ആദാം അതിന്‍റെ രഹസ്യം പൂര്‍ണ്ണമായി അറിഞ്ഞിരുന്നില്ല. എങ്കിലും അവന് ഈ വാഗ്ദത്തം പ്രത്യാശാജനകമായിരുന്നു. ഈ സന്തതിക്കായുള്ള പ്രതീക്ഷ യുഗാരംഭത്തില്‍തന്നെ ആരംഭിച്ചു. ആരാണീ സ്ത്രീയുടെ സന്തതി? ഒരു പക്ഷെ, തന്‍റെ മൂത്തപുത്രനായ കയീനോ, രണ്ടാമനായ സുഭഗനും സുശീലനുമായ ഹാബേലോ ആയിരിക്കുമെന്ന് ആദാം വിചാരിച്ചിരുന്നിരിക്കണം. എന്നാല്‍ ദുഷ്ടനായ കയീന്‍റെ കൈകളാല്‍ നിര്‍ദ്ദോഷിയും നിഷ്കളങ്കനുമായ ഹാബേല്‍ വധിക്കപ്പെടുകയാണല്ലോ സംഭവിച്ചത്. ഇത് ആദാമിനെ അതിമാത്രം വേദനിപ്പിച്ചു. ആദാം വിതച്ച പാപത്തിന്‍റെ വിത്ത് വളരുകയാണ്! അവന്‍ ദുഃഖത്തോടുകൂടി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. സ്വജീവിതാന്ത്യം അടുത്തപ്പോള്‍ സ്വപുത്രനും സ്വഹൃദയപ്രകാരമുള്ളവനുമായ ശേത്തിനെ വിളിച്ച് ദൈവം നല്‍കിയിട്ടുള്ള പ്രത്യാശ അവനെ അറിയിക്കുകയും, തന്‍റെ മരണശേഷം തന്‍റെ തലയോട്ടിയെടുത്തു പ്രത്യേകം സൂക്ഷിക്കണമെന്നും, ശേത്തിന്‍റെ സന്താനങ്ങള്‍ ദൈവപ്രസാദകരമായ നടപടികളിലൂടെ ജീവിക്കണമെന്നും ഗുണദോഷിച്ചു ഭരമേല്‍പിക്കുകയും ചെയ്തു. ‘സ്ത്രീയുടെ സന്തതി’ക്കു തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കുന്നതിനു പൊന്നും മൂരും കുന്തുരുക്കവും ആദാം ശേത്തിനെ ഏല്‍പിച്ചതായും പാരമ്പര്യമുണ്ട് (ഇത് ‘മ്ആറസ്ഗാസെ’ എന്ന പുരാതന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്).*

ശേത്തും തന്‍റെ ജീവിതാന്ത്യമടുത്തപ്പോള്‍ സ്വപിതാവിന്‍റെ തലയോട്ടിയും കാഴ്ചദ്രവ്യങ്ങളും ആദാമില്‍ നിന്നു ലഭിച്ച ഉപദേശവും തന്‍റെ മൂത്തപുത്രന് ഏല്‍പിച്ചുകൊടുത്തു. അങ്ങനെ തലമുറകളിലൂടെ ഈ ഭരമേല്‍പിക്കല്‍ തുടര്‍ന്നു. ആദാമിന്‍റെ 6-ാം തലമുറക്കാരനാണ് യാരദ്.
യാരദ് തന്‍റെ മക്കളെ വിളിച്ച് ഏദന്‍റെ പുനഃലബ്ധിക്കുവേണ്ടി വിശുദ്ധ ജീവിതത്താല്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഗുണദോഷിച്ചു. യാരദിന്‍റെ പുത്രന്മാരും പൗത്രന്മാരുമായി അരോഗദൃഢഗാത്രന്മാരും സുഭഗസുന്ദരന്മാരുമായ ഒരു സംഘം യുവാക്കന്മാര്‍ പിതൃകല്‍പനപ്രകാരം വിശുദ്ധ ജീവിതത്തിനു തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചു. അവര്‍ സന്യാസം സ്വീകരിച്ചുകൊണ്ടു ഹെര്‍മ്മോന്‍ മലയുടെ മുകളില്‍ കയറി ഭക്ഷണപാനീയാദി ഇമ്പങ്ങള്‍ പരിത്യജിച്ച് സദാ ദൈവത്തെ സ്തോത്രം ചെയ്തു കഴിച്ചുകൂട്ടി. ഇടവിടാതെ ദൈവത്തെ സ്തുതിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ‘ഈറേന്മാര്‍’ എന്നും, ദൈവത്തിനായി തങ്ങളെ പൂര്‍ണ്ണ സമര്‍പ്പണം ചെയ്തവര്‍ എന്ന നിലയില്‍ ‘ദൈവത്തിന്‍റെ പുത്രന്മാര്‍’ എന്നും ഇവര്‍ വിളിക്കപ്പെട്ടു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പക്ഷെ, അവരുടെ ഉദ്ദിഷ്ടസിദ്ധിയുണ്ടായില്ല. ഏദന്‍റെ വാതില്‍ തുറക്കപ്പെട്ടില്ല. ‘ദൈവത്തിന്‍റെ പുത്രന്മാര്‍ക്കു’ കടുത്ത ഇച്ഛാഭംഗമുണ്ടായി: ക്ഷമ നശിച്ചു. അവര്‍ കുപിതരായി. തപോവൃത്തിയോടു യാത്ര പറഞ്ഞു. ഉപേക്ഷിച്ച ലോകസുഖങ്ങള്‍ എമ്പാടും ആസ്വദിക്ക തന്നെ; അവര്‍ നിശ്ചയിച്ചുറച്ചു. അവര്‍ മലയില്‍ നിന്നും ജീവിതത്തിന്‍റെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും താഴെയിറങ്ങി; ദേശത്തിന്‍റെ പാളയത്തിലെത്തി. തങ്ങള്‍ക്കു വിവാഹം ചെയ്യാന്‍ സ്ത്രീകളെ ആവശ്യപ്പെട്ടു. എന്നാല്‍ ശേത്യര്‍ വഴങ്ങിയില്ല. ‘നിങ്ങള്‍ ഉടമ്പടി ലംഘനക്കാര്‍, നിങ്ങള്‍ക്കു ഞങ്ങള്‍ സ്ത്രീകളെ തരികയില്ല.’ ബ്രഹ്മചര്യം സ്വീകരിച്ചു ജീവിതത്തിന്‍റെ ഉന്നതസോപാനത്തില്‍ കയറിയവര്‍ തങ്ങളുടെ ഉടമ്പടിയെ ഓര്‍ക്കാതെ ജഡമോഹത്താല്‍ പ്രേരിതരായി ഉന്നതമായ ജീവിതനിലവാരത്തില്‍നിന്നും ഇറങ്ങിപ്പോകുന്നത് എത്ര കഷ്ടമാണ്! ആധുനിക ക്രൈസ്തവ ലോകത്തിലും ഇപ്രകാരം ചില ‘ദൈവപുത്രന്മാരെ’ കാണാന്‍ ഇടയാകുന്നതു ശോചനീയം തന്നെ.

ശേത്ത്യസന്താനങ്ങളായ ‘ദൈവത്തിന്‍റെ പുത്രന്മാര്‍’ അടങ്ങിയില്ല. അവര്‍ ശാപഗ്രസ്ഥനായ കയീന്‍റെ കൂടാരത്തിലേക്കു കടന്നുചെന്നു. സ്ത്രീകളെ ആവശ്യപ്പെട്ടു. സുന്ദരരൂപിണികളായ സ്ത്രീകളുണ്ടവിടെ. ‘ദൈവത്തിന്‍റെ പുത്രന്മാര്‍’ അവരെ പരിഗ്രഹിച്ചു. ഈ വിവാഹബന്ധത്തില്‍ നിന്നാണ് ഭൂമിയില്‍ മല്ലന്മാര്‍ ജനിച്ചത്. ഈ സംഭവത്തെപ്പറ്റിയാണ് ഉല്‍പത്തി പുസ്തകത്തില്‍ ‘ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ട് അവര്‍ മക്കളെ പ്രസവിച്ചു’ (6:4) എന്നു പറഞ്ഞിരിക്കുന്നത് (ഉല്‍പത്തി 6-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ പുത്രന്മാര്‍ ആര്‍ എന്ന ഒരു ചോദ്യം ചിലര്‍ ഇവിടെ അയച്ചിരുന്നു. അതിന്‍റെ മറുപടി ഈ ലേഖനത്തില്‍ കാണുക – പത്രാധിപര്‍). ഈ സംഭവം അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ മിഖായേല്‍ റാബോ അദ്ദേഹത്തിന്‍റെ സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് – ലേഖകന്‍.).

“ദൈവത്തിന്‍റെ പുത്രന്മാര്‍ താഴെയിറങ്ങാതെ അവരുടെ ഉടമ്പടിയനുസരിച്ചു ജീവിച്ചതുകൊണ്ടു പ്രയോജനമൊന്നും വരാനില്ലായിരുന്നുവെങ്കില്‍ പിന്നെ അവര്‍ ഇറങ്ങിപ്പോന്നതിലെന്താണു തെറ്റ്?” ഞാന്‍ ചോദിച്ചു.

“മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷ കുറേക്കൂടി മുമ്പേതന്നെ നടന്നേനേ. അതായത് ‘സ്ത്രീയുടെ സന്തതി’യുടെ ജനനത്തിന് ലോകം വളരെ മുന്‍കൂട്ടിത്തന്നെ സജ്ജമാക്കപ്പെടുമായിരുന്നു.” ബാവാ തിരുമേനി കല്‍പിച്ചു. ഈ രക്ഷയ്ക്കുവേണ്ടി മനുഷ്യവര്‍ഗ്ഗത്തില്‍നിന്ന് ആദ്യംമുതലേ ചിലരേയും ചില വര്‍ഗ്ഗത്തെയും അതായത് നോഹ തന്‍റെ കുടുംബത്തില്‍ ശേമിനെയും ശേമിന്‍റെ വര്‍ഗ്ഗത്തില്‍ അബ്രഹാമിനെയും അവന്‍റെ മക്കളില്‍ ഇസ്സഹാക്കിനെയും തുടര്‍ന്ന് യാക്കോബിനെയും യാക്കോബിന്‍റെ സന്താനങ്ങളില്‍ യഹൂദാ ഗോത്രത്തെയും അതില്‍ ദാവീദിന്‍റെ കുടുംബത്തേയും അതില്‍നിന്നു വിനയസമ്പന്നയും നിര്‍മ്മലകന്യകയുമായ വി. മറിയാമിനെയും. ഇങ്ങനെ ഒരു തെരഞ്ഞെടുപ്പു നാം കാണുന്നുണ്ടല്ലോ. മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുള്ള ഈ തെരഞ്ഞെടുപ്പിന് ‘ദൈവത്തിന്‍റെ പുത്രന്മാരു’ടെ ഈ വിവാഹവേഴ്ച തെല്ലും സഹായകരമായിരുന്നില്ല.

ശപിക്കപ്പെട്ട കയീന്‍റെ സന്തതികളുമായുള്ള വിവാഹബന്ധം ദൈവഹിതത്തിനു വിരുദ്ധമായിരുന്നു, എന്നു മാത്രമല്ല ദൈവകോപത്തിനു ഹേതുഭൂതമാകയും ചെയ്തു (ഉല്‍പ. 6:5). അതു പാപത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ‘താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവാ അനുതപിച്ചു; അത് അവന്‍റെ ഹൃദയത്തിനു ദുഃഖമായി’ (ഉല്‍പ. 6:6). ഇതാണ് ജലപ്രളയം മൂലം ഉള്ള ശിക്ഷയ്ക്കു കാരണമായിത്തീര്‍ന്നത്. അവിടെയും മനുഷ്യവര്‍ഗ്ഗത്തോടുള്ള ദൈവത്തിന്‍റെ അനന്തമായ കാരുണ്യം ഹേതുവായി പൂര്‍ണ്ണമായ സംഹാരത്തിനു മുതിരാതെ നീതിമാനായ നോഹിനെയും കുടുംബത്തെയും രക്ഷിക്കുന്നു.
ശേത്ത്യരായ ‘ദൈവത്തിന്‍റെ പുത്രന്മാര്‍’ അമോന്യരുമായി വിവാഹബന്ധത്തില്‍പെട്ടതിനെപ്പറ്റി പറഞ്ഞപ്പോള്‍ തിരുമേനി സത്യവിശ്വാസേതരരായ ഇതര വിഭാഗങ്ങളില്‍പെട്ടവരുമായി നമ്മുടെ ആളുകള്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ അനൗചിത്യം ചൂണ്ടിക്കാണിച്ചു. ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് പ്രസംഗങ്ങളും ഇടയലേഖനങ്ങളും മൂലം ഈടുറ്റ പ്രബോധനങ്ങള്‍ തിരുമേനി നല്‍കിക്കൊണ്ടാണിരുന്നിട്ടുള്ളത്. വിശ്വാസികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടുകൊള്ളുക എന്നുള്ള ദൈവനിര്‍ദ്ദേശം വ്യക്തമാക്കുന്നതിന്, ‘നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കയോ, അവരുടെ പുത്രിമാരെ നിന്‍റെ പുത്രന്മാര്‍ക്ക് എടുക്കയോ ചെയ്യരുത്’ (ആവ. 7:3) എന്ന യഹോവയുടെ കല്‍പനയും വേദപുസ്തകത്തിലെ മറ്റു ചില ഭാഗങ്ങളും തിരുമേനി ചൂണ്ടിക്കാണിച്ചു (എസ്രാ. 9:12, നെഹമ്യാ. 13:25, 2 കോരി. 7:14-16).

‘ദൈവത്തിന്‍റെ പുത്രന്മാ’രുടെ, തപോന്നതിക്ക് ഒരു ഫലവും ലഭിക്കാതിരുന്നതെന്തുകൊണ്ടാണെന്നു വ്യക്തമാക്കിത്തരണമെന്ന് ഞാന്‍ അപേക്ഷിച്ചു.
‘ദൈവം നീതിമാനാകയാലാണ്’ തിരുമേനി കല്‍പിച്ചു. ‘ഇരുമ്പു തിന്നിട്ടു ചുക്കു കഷായം കുടിച്ചാല്‍ ഫലമുണ്ടോ?’ എന്നു കൂടി തിരുമേനി ചോദിച്ചു. പ്രവൃത്തി മൂലം ഒരു ജഡവും ദുഷിക്കപ്പെടുകയില്ല (ഗലാ. 2:16; റോമ. 3:20) എന്നുള്ള വി. പൗലൂസ് അപ്പോസ്തോലന്‍റെ ഉത്ബോധനം തിരുമനസ്സുകൊണ്ട് അനുസ്മരിപ്പിച്ചു. അനന്തരം ഇപ്രകാരം വിശദീകരിച്ചു:
ഏദനിലെ വിലക്കപ്പെട്ട വൃക്ഷത്തിന്‍റെ ഫലത്തിനുവേണ്ടി ആദാം അവനെത്തന്നെ പിശാചിനു വിറ്റുകളകയാണു ചെയ്തത്. മനുഷ്യനെ സ്വാതന്ത്ര്യമുള്ളവനായിട്ടാണു ദൈവം സൃഷ്ടിച്ചത്. നന്മയും തിന്മയും അവന്‍റെ മുമ്പില്‍ വച്ചു. നന്മയെ സ്വീകരിക്കാനും തിന്മയെ പരിത്യജിക്കാനും തക്കവിധം അവന്‍ തന്‍റെ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതിനു പകരം തിന്മയില്‍ ആകൃഷ്ടനാകുകയാണു ചെയ്തത്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ ഫലം മനുഷ്യനെ മരണത്തിനും പിശാചിനും പാതാളത്തിനും അടിമയാക്കി. ഓരോ മനുഷ്യാത്മാവും പിശാചിന്‍റെ അവകാശമായിത്തീര്‍ന്നു. പാപത്തിന്‍റെ ശമ്പളം മരണം. അതു നിയമമാണ്, നീതിയാണ്. മരണകരമായ ഫലം ഭക്ഷിച്ചു മരിച്ചവനെ ജീവിപ്പിക്കാന്‍ ജീവദായകമായ ഭക്ഷണം കൊടുക്കണം. ഭക്ഷണത്താലേ വന്ന പിഴ ഭക്ഷണത്താലേ വേണം പോകാന്‍. അതിനു പാപത്തിനു തക്ക പരിഹാരം വരുത്തിയെങ്കിലേ മതിയാകൂ. ബലിയില്ലെങ്കില്‍ വിമോചനമില്ല (എബ്രാ. 9:22). അതിനാലാണല്ലോ ആദാമ്യകാലം മുതല്‍ ബലി നടത്തപ്പെട്ടുപോന്നത്. പക്ഷെ, അതു പര്യാപ്തമായിരുന്നില്ല (എബ്രാ. 10:1, 4, 5). ന്യായപ്രമാണബലികള്‍, വരുവാനുള്ളതും പാപപരിഹാരം വരുത്താന്‍ കഴിവുള്ളതുമായ സാക്ഷാല്‍ ബലിയുടെ കേവലം മുന്‍കുറികള്‍ മാത്രമായിരുന്നു. എന്നാല്‍ തികവുറ്റ ബലി നിര്‍വ്വഹിപ്പാന്‍ – പാപപരിഹാരം വരുത്തുവാന്‍ – തക്ക കരുത്തുള്ള ഒരുവന്‍ വേണം. കീടപ്രായനായ മനുഷ്യന്‍റെ പ്രവൃത്തികള്‍ ദൈവസന്നിധിയില്‍ എന്തുള്ളു? മനുഷ്യന്‍ അവന്‍റെ പ്രവൃത്തികളാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നു വിചാരിക്കുന്നത് അബദ്ധം. അഥവാ ഒരുവന്‍റെ പ്രവൃത്തികൊണ്ട് അവനോടു ദൈവത്തിനു കരുണ തോന്നിയാലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പരിത്രാണനത്തിന് അതുകൊണ്ടെന്തു സാധിക്കും? അതിനാല്‍ രക്ഷയ്ക്കു നിദാനം നിത്യജീവന്‍റെ ഭക്ഷണമാണ്; മനുഷ്യന്‍റെ പ്രവൃത്തിയല്ല. അതിനാല്‍ പ്രവൃത്തികൊണ്ടു മാത്രം ദൈവത്തെ പ്രസാദിപ്പിച്ചുകളയാം എന്നു വ്യാമോഹിക്കുന്നത് അസ്ഥാനത്താണ്.

ദൈവത്തെ സ്വജീവിതത്താല്‍ പ്രസാദിപ്പിക്കാന്‍ തക്ക കഴിവും ശക്തിയും മനുഷ്യരിലാര്‍ക്കുമില്ല (അതിനു കഴിവുള്ള ഒരു മനുഷ്യന്‍ മാത്രമേ ഉണ്ടായിട്ടുള്ളു. അവന്‍ ദൈവത്തോളം ശക്തിയുള്ളവന്‍ തന്നെ ആയിരുന്നു). “തിരിച്ചറിഞ്ഞു ദൈവത്തെ അന്വേഷിക്കുന്ന നീതിമാനുണ്ടോ എന്ന് അറിവാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് മനുഷ്യപുത്രന്മാരെ നോക്കി. … നല്ലവന്‍ ആരുമില്ല. ഒരുവന്‍ പോലുമില്ല” എന്നാണല്ലോ സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിരിക്കുന്നത് (53:1-2).

ആദാമിന്‍റെ കടം തീര്‍ക്കേണ്ടത് ആദാമിന്‍റെ മകനാണ്. പിതാവിന്‍റെ കടം തീര്‍ക്കാന്‍ ബാദ്ധ്യസ്ഥന്‍ പുത്രനാണ്. അതിനു തക്ക പുത്രന്മാര്‍ ഇല്ല. അതിനു തക്ക ശക്തന്മാരുമില്ല. അതിനാണു ദൈവത്തിന്‍റെ പുത്രന്‍ ആദാമിന്‍റെ പുത്രനായത്. ആദാമിന്‍റെ പുത്രന്‍ എന്ന നിലയിലാണ് താന്‍ ‘മനുഷ്യന്‍റെ പുത്രന്‍’ എന്നു സ്വയം വിളിക്കപ്പെട്ടത്. ആദാമിന്‍റെയും ആദാമ്യരെല്ലാവരുടെയും പാപഭാരം മുഴുവന്‍ താന്‍ ചുമലിലേന്തി നീതി നിവൃത്തിച്ചു തക്കതായ പരിഹാരമുണ്ടാക്കി. അതിനായിരുന്നു രക്ഷാകരമായ മനുഷ്യാവതാരവും കഷ്ടാനുഭവവും ക്രൂശിലെ യാഗവുമെല്ലാം.

* ഇവ കുടുംബത്തിലെ മൂത്ത പുത്രനു പിതാവ് പരമ്പരയാ ഭരമേല്‍പിച്ചു വന്നു. നോഹയുടെ മൂത്തപുത്രനായ യാപ്പേത്തിന്‍റെ പക്കലും അങ്ങനെ യാപ്പേത്യരിലും ‘സ്ത്രീയുടെ സന്തതി’ക്കു സമര്‍പ്പിക്കാനുള്ള കാഴ്ചദ്രവ്യങ്ങള്‍ വന്നുചേര്‍ന്നു. യാപ്പേത്തിന്‍റെ സന്താനപരമ്പരയിലെ സുപ്രധാന കണ്ണിയായ മല്‍ക്കിസദേക്ക് ആദാമിന്‍റെ തലയോട്ടിയെടുത്ത് ഗോഗുല്‍ത്തായില്‍ – പിന്നീട് കര്‍ത്താവിന്‍റെ കുരിശു നാട്ടിയിടത്ത് – കൊണ്ടുപോയി പ്രതിഷ്ഠിച്ച് അവിടെ അപ്പവും വീഞ്ഞും വച്ചു പുരോഹിതവൃത്തി ചെയ്തുവന്നു. മല്‍ക്കിസദേക്കിനെപ്പറ്റിയും നോഹിന്‍റെ മക്കളില്‍ മൂത്തവന്‍ യാപ്പേത്താണെന്നുള്ളതും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.

(മലങ്കരസഭ, 1970 ഫെബ്രുവരി)

തിരുസന്നിധിയില്‍ / പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ

Thirusannidhiyil / HH Baselius Geevarghese II Catholicos