തെറ്റ് ചെയ്താല്‍ തെറ്റു തന്നെ / ഡോ. എം. കുര്യന്‍ തോമസ് 

ഇന്നലെ, കൃത്യമായി പറഞ്ഞാല്‍ 2019 മാര്‍ച്ച് 19-ന്, കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അരങ്ങേറിയത് തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ്. നിര്‍ഭാഗ്യകരം മാത്രമല്ല, അക്ഷന്തവ്യമായ അപരാധമാണ്. കോടതി വിധിപ്രകാരം മലങ്കര സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ട പള്ളി, അതു നടത്തിത്തരാതെ പൂട്ടി നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയോ, വീണ്ടും കോടതി ഉത്തരവുമായി വന്നപ്പോള്‍ സിവില്‍ അധികാരികള്‍ താക്കോല്‍ കൊടുക്കാതിരുന്നതോ, കോടതി വിധിപ്രകാരം അസാധുവായ നിരോധനാജ്ഞയുടെ പേരില്‍ അതു ലംഘിച്ച കണ്ടാലറിയാവുന്നവരുടെപേരില്‍ കേസ്  എടുത്തതോ, അതേ നിരോധനജ്ഞ ലംഘിച്ച് പള്ളിമുറ്റത്ത് പാ വിരിച്ചവരെ കണ്ടില്ലന്നു നടിക്കുന്ന  അധികൃത നടപടിയോ ഈ ലേഖനത്തിന്റെ വിഷയമല്ല. പിറവവും, കോതമംഗലവും ഒക്കെ കണ്ടവര്‍ക്ക് നസ്രേത്തില്‍നിന്നും നന്മ വരില്ല എന്നറിയാം. കട്ടച്ചിറ പള്ളി തല്‍ക്കാലം മലങ്കര സഭയ്ക്ക് കിട്ടില്ല എന്നുമറിയാം.
ഈ ലേഖകന്‍ ഗൗരവമായി കാണുന്നത് അതൊന്നുമല്ല. കോടതി വിധിപ്രകാരം പള്ളിയില്‍ പ്രവേശിച്ച വികാരി അടക്കമുള്ളവരെ അനുഗമിച്ച ചിലര്‍ കാണിച്ച ഒരു തെമ്മാടിത്തരമാണ്. ആ പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന അന്ത്യോഖ്യായുടെ പ. ഇഗ്നാത്തിയോസ് എലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ ചിത്രം ഇവര്‍ എടുത്തുമാറ്റി!
കട്ടച്ചിറ പള്ളിയില്‍ ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ പടം എടുത്തുമാറ്റിയവര്‍ – ഏതു നിലവാരത്തിലായാലും- മനസിലാക്കാത്ത ഒരു വസ്തുതയുണ്ട്.  അദ്ദേഹത്തിന്റെ സമകാലികനായ പ. വട്ടശ്ശേരില്‍ തിരുമേനി അദ്ദേഹത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയി അംഗീകരിച്ചിച്ചിരുന്നു. അതിനാലാണ് 1923-ല്‍ മലങ്കരസഭാ സമാധാനത്തിനായി അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ ക്ലേശകരമായ മര്‍ദ്ദീന്‍ യാത്ര പ. വട്ടശ്ശേരില്‍ തിരുമേനി നടത്തിയത്. ആ യത്‌നം നടക്കാതെപോയത് പാത്രയര്‍ക്കീസിനേക്കാളുപരി മലങ്കര സഭയുടെ സ്വത്തിലും പണത്തിവും ആര്‍ത്തിയുണ്ടായിരുന്ന ശീമമെത്രാന്മാര്‍ – വിശിഷ്യാ മലങ്കര സഭയുടെ ചിലവില്‍ ഈ യാത്രയില്‍ അനുഗമിക്കുകയും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സഹകാര്‍മ്മികത്വത്തില്‍ മെത്രാനായി വാഴിക്കപ്പെടുകയും ചെയ്ത ഏലിയാസ് മാര്‍ യൂലിയോസ് എന്ന ശകുനി – ആയിരുന്നെന്നും സഹയാത്രികരായിരുന്ന പൂതകുഴിയില്‍ ഏബ്രഹാം കത്തനാര്‍, ചെറിയമഠത്തില്‍ സ്‌കറിയ മല്പാന്‍ എന്നിവര്‍ രേഖപ്പെടുത്തുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം മടങ്ങിയെത്തിയ ഏലിയാസ് മാര്‍ യൂലിയോസ് കാണിച്ച കുതന്ത്രവും ചരിത്രത്തിന്റെ ഭാഗമാണ്. ഇതിലൊക്കെ ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് നിരപരാധിയാണ്.
നിസഹായമായ അവസ്ഥയിലാണ് 1931-ല്‍ ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിനു മദ്ധ്യപൗരസ്ത്യദേശം വിടേണ്ടിവന്നത്. മലങ്കരയില്‍ സമാധാനം ഉണ്ടാക്കുവാനായി എഴുന്നള്ളി വന്നതോന്നുമല്ലായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. പകരം സ്വന്തം തടി രക്ഷിക്കുവാനായിരുന്നു ആ വരവ്. വ്യക്തിപരമായി മലങ്കരയിലെ സമാധാനത്തെക്കുറിച്ച് ആഗ്രഹമുണ്ടായിരുന്നെങ്കിലും മടങ്ങിപ്പോകുവാനാവാത്ത സ്വന്തം ഭാവിയെക്കുറിച്ചുള്ള ആശങ്ക സൃഷ്ടിച്ച നിസഹായവസ്ഥ അദ്ദേഹത്തെ പ്രതികൂലമായി പ്രവര്‍ത്തിക്കാന്‍ പ്രേരിതനാക്കി എന്നു സമകാലിക രേഖകളുടെ വിശകലനം സൂചിപ്പിക്കുന്നു. അതിനും കാരണക്കാര്‍ മുകളില്‍ പറഞ്ഞ ശകുനിയും മലങ്കരയിലെ ചില പ്രതിലോമ ശക്തികളായ ഷൂ നക്കികളും ആയിരുന്നു എന്നു ചരിത്രം രേഖപ്പെടുത്തുന്നു.
1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിലെ ഒരു സ്വകാര്യ ചാപ്പലില്‍ വെച്ച് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് കാലം ചെയ്തു. അവിടെയെത്തിയ മലങ്കര മെത്രാപ്പോലീത്താ പ. വട്ടശ്ശേരില്‍ തിരുമേനി അദ്ദേഹത്തെ സ്ഥാനമഹിമയനുസരിച്ച് പഴയ സെമിനാരിയില്‍ കബറടക്കണമെന്നു നിര്‍ദ്ദേശിച്ചു. പക്ഷേ വികാരം വിവേകത്തെ കീഴക്കടക്കിയ ചിലര്‍ അതു നിരാകരിച്ച് അവിടെത്തന്നെ അദ്ദേഹത്തെ കബറടക്കി.
ഈ ലേഖകന്റെ ഇപ്പോഴത്തെ ചോദ്യം ഇതാണ്: അന്ന് പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം പ. ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിനെ പഴയ സെമിനാരിയില്‍ കബറടക്കിയിരുന്നു എങ്കില്‍ കട്ടച്ചറിയില്‍ അഴിഞ്ഞാടിയവര്‍ അദ്ദേഹത്തിന്റെ ചിത്രം എടുത്തു മാറ്റുമായിരുന്നോ? അന്ന് വിവരമില്ലാത്തവര്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിര്‍ദ്ദേശം നിരാകരിച്ചു. ഇന്ന് അതേ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പേരു പറഞ്ഞ് ചിലര്‍ പ. ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ ചിത്രം ഇളക്കി മാറ്റുകയും അദ്ദേഹത്തെ പരിശുദ്ധനായി ഗണിക്കുന്ന ആയിരങ്ങളെ വൃണപ്പെടുത്തുകയും കേരളത്തിലെ പൊതു സമൂഹത്തിന്റെ മുമ്പില്‍ മലങ്കര സഭയെ അപഹാസ്യരാക്കുകയും ചെയ്തു. ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? ഇന്ന് ഒരു സുഹൃത്ത് ചോദിച്ചതുപോലെ, ഇവർ പ. വട്ടശ്ശേരില്‍ തിരുമേനിയേക്കാള്‍ വലിയ മെത്രാന്‍ കക്ഷിക്കാരാണോ?
ഈ ലേഖകന്‍ ഇതുവരെ മഞ്ഞനിക്കരയില്‍ പോയിട്ടില്ല. പക്ഷേ മലങ്കര സഭ മാര്‍ ഏലീയാസ് ത്രിതീയനെ പ. സഭ കാനോനിക അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയി അംഗീകരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ നടത്തുന്നതിന് – ഈ ലേഖകന്റെ സ്വന്തം ഇടവക പള്ളിയിലടക്കം – എതിരുമല്ല. 1934-ല്‍ മലങ്കര സഭാ ഭരണഘടന പാസാകുന്നതിനു മുമ്പ് കാലം ചെയ്തു എന്നതിനാല്‍ ഭരണഘടനയിലെ …കാതോലിക്കായുടെ സഹകരണത്തോടുകൂടി കാനോനികമായി വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ മലങ്കര സഭ അംഗീകരിക്കുന്നതാകുന്നു… എന്ന 101-ാം വകുപ്പ് അദ്ദേഹത്തിനു ബാധകവുമല്ല.
പരിശുദ്ധനായി അംഗീകരിക്കേണ്ട; എന്നാല്‍ മാര്‍ ഏലിയാസ് ത്രിതീയനെ മഹാപുരോഹിതനായി അംഗീകരിച്ച് ബഹുമാനിക്കേണ്ട ബാദ്ധ്യത മലങ്കര സഭയ്ക്കുണ്ട്. അതു ഔദ്യോഗികമായി സഭ ചെയ്യുന്നുമുണ്ട്. തന്നാണ്ടത്തെയടക്കം സഭാ പഞ്ചാംഗത്തില്‍ മാര്‍ ഏലീയാസ് ത്രിതീയന്റെ ഓര്‍മ്മപ്പെരുന്നാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല പള്ളികളിലും അദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. അനേകം പള്ളികളില്‍ പെരുന്നാള്‍ ദിനമോ, തൊട്ടടുത്ത ഞായറാഴ്ചയോ അദ്ദേഹത്തിനായി ധൂപം വെക്കുന്നുണ്ട്. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ കിഴുമുറി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ. മാര്‍ ഏലീയാസ് ത്രിതീയന്റെയും പ. വട്ടശ്ശേരില്‍ തിരുമേനിയുടെയും പെരുന്നാള്‍ സംയുക്തമായി ആണ് പ്രതിവര്‍ഷം നടത്തുന്നത്!
1958-ലെ മലങ്കര സഭാ സമാധാനത്തിനു മുമ്പുതന്നെ മഞ്ഞനിക്കരയില്‍ പോവുകയും മാര്‍ ഏലീയാസ് ത്രിതീയന്റെ കബറങ്കല്‍ ധൂപം വയ്ക്കുകയും ചെയ്ത പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതലിക്കാ ബാവായും 1958-നു ശേഷം അവിടെ ക്രമമായി അദ്ദഹത്തിന്റെ  പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്ത മലങ്കര സഭാ പിതാക്കന്മാരും ഭോഷന്മാരും അജ്ഞാനികളുമാണന്ന മട്ടില്‍ നടത്തിയ ഈ രാഷ്ട്രീയ നാടകം തിരിച്ചറിയാതിരിക്കാന്‍ മാത്രം മണ്ടന്മാരല്ല മലങ്കര നസ്രാണികള്‍.
അതിനേക്കാള്‍ ഉപരി, 2017-ല്‍ ഒന്നാം പതിപ്പും 2018-ല്‍ രണ്ടാം പതിപ്പും പ. പിതാവിന്റെ ശ്രേഷ്ഠാനുമതിയോടെ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം.ഒ.സി. പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പരിശുദ്ധന്മാരുടേയും പിതാക്കന്മാരുടേയും ഓര്‍മ്മദിനങ്ങള്‍ക്കുള്ള പ്രുമിയോനും ഹൂത്തോമ്മായും എന്ന പ്രാര്‍ത്ഥനാഗ്രന്ഥത്തില്‍ മാര്‍ ഏലീയാസ് ത്രിതീയന്റെ ഓര്‍മ്മയുടെ പ്രുമിയോനും സെദറായും ഹൂത്തോമ്മായും ചേര്‍ത്തിട്ടുണ്ട്. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗംപോലും ഇതുവരെ ഇപ്രകാരം ചെയ്തതായി ഈ ലേഖകന് അറിവില്ല.
ഇതൊന്നും അറിയാതെയാണ് കട്ടച്ചിറ പടമെടുപ്പു മഹോത്സവം ആചരിച്ചതെന്നു വിശ്വസിക്കന്‍ ഈ ലേഖകന്‍ തയാറല്ല. കഴിഞ്ഞ വര്‍ഷം കാതോലിക്കാ ദിനത്തിന് മുകളില്‍ പറഞ്ഞ പ്രുമിയോന്‍ പുസ്തകം സമ്മനമായി ലഭിച്ച കത്തനാരുമാര്‍ ഈ അതിക്രമം തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ അവര്‍ സഭാ നിയമത്തേക്കാള്‍ ഉപരിയായ ഏതൊക്കയോ ബാഹ്യ ശക്തികളുടെ സ്വാധീനത്തിലാണന്നു പറയേണ്ടി വരും. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണല്ലോ പ്രമാണം.
വിവേകമതികളും പരിണിതപ്രജ്ഞരുമായ സഭാ നേതൃത്വവും, യോഗ്യതയുള്ള നിയമജ്ഞരും തീരുമാനമെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യേണ്ട സ്ഥാനത്ത് ചില സ്ഥാനമോഹികള്‍ക്കും, നിയമ സാക്ഷരത പൂജ്യമായ ചില വക്കീല്‍മാര്‍ക്കും, ചില രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കും ഇത്തരം കലുഷിതമായ സാഹചര്യം നിയന്ത്രിക്കാനുള്ള അവസരം ലഭ്യമാക്കിയത് സഭയുടെ പിടിപ്പുകേട്.
______________________________________________________________________________________

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (ഫെബ്രുവരി 13) മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പഞ്ചാംഗത്തില്‍ ചേര്‍ത്തിട്ടുണ്ട്. സഭയുടെ ഔദ്യോഗികപ്രസിദ്ധീകരണ വിഭാഗമായ എംഒസി പബ്ലിക്കേഷന്‍സിന്‍റെ ‘പ്രുമിയോനും ഹൂത്തോമോയും’ എന്ന ഗ്രന്ഥത്തില്‍ പരിശുദ്ധ ബാവായെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഭ ഭിന്നിച്ചു നിന്ന കാലത്തു പോലും പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ മഞ്ഞനിക്കര ദയറായില്‍ അദ്ദേഹത്തിന്‍റെ കബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. സഭയോജിച്ചു നിന്ന കാലത്ത് എല്ലാ പിതാക്കന്മാരും അവിടെ പോകുമായിരുന്നു. പെരുന്നാളിനെ കുറിച്ച് കല്‍പന പുറപ്പെടുവിക്കുമായിരുന്നത്രേ. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ കിഴുമുറി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ മഞ്ഞനിക്കര ബാവായുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും പെരുന്നാള്‍ സംയുക്തമായി നടത്തുന്നത് എനിക്കറിയാം. ഈ പിതാക്കന്മാരുടെ തിരുശേഷിപ്പും അവിടെയുണ്ട്.

ഇന്നത്തെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പഴയ മെത്രാന്‍ കക്ഷി മാത്രമല്ല; അതില്‍ ബാവാകക്ഷിക്കാരുമുണ്ട്. 1958-ലെ യോജിപ്പോടെ അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷിയിലെ ജീവിച്ചിരിക്കുന്നവരും വാങ്ങിപ്പോയവരും മലങ്കരസഭയുടെ ഭാഗമായി. 1975-ല്‍ വീണ്ടും ഭിന്നിപ്പുണ്ടായെങ്കിലും ഇവര്‍ നമ്മുടെ പിതാക്കന്മാര്‍ തന്നെ. ഈ മനോഭാവമാണ് നമുക്കു വേണ്ടത്.

ഇത്തവണ മഞ്ഞനിക്കര തീര്‍ത്ഥാടനത്തില്‍ ഞാന്‍ കണ്ട ചില പ്രത്യേകതകള്‍

കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിലെ നട്ടാശേരി സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്‍വശത്ത് ട്രസ്റ്റിയുടെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ സംഭാരം വിതരണം ചെയ്തു. കോട്ടയം (ഓര്‍ത്തഡോക്സ്) കുരിശു പള്ളി തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യം നല്‍കി. പാമ്പാക്കുട സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നിന്നുള്ള പദയാത്രാസംഘത്തെ കണ്ടു. സാധാരണ വിശ്വാസികള്‍ കക്ഷിവഴക്കില്‍ ആനന്ദവും ആദായവും കണ്ടെത്തുന്നില്ലെന്നു വ്യക്തം.

വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ
9446412907