പുത്തന്‍കാവ് അസോസിയേഷന് 60 വയസ്

സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ ബഹു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16 ന് മലങ്കര സഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ സുവര്‍ണകാലഘട്ടമായിരുന്നു. പുത്തന്‍കാവ് അസോസിയേഷന്‍റെ 60-ാം വാര്‍ഷികദിനത്തില്‍ ആ നല്ല നാളുകളെ സ്മരിക്കുന്നു; പിന്നീടു നഷ്ടപ്പെട്ടുപോയ ആ നാളുകളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു.

ഒട്ടേറെ പ്രത്യേകതകളാണ് ഈ അസോസിയേഷന്‍ യോഗത്തിനുള്ളത്.

1. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ 1879 ഏപ്രില്‍ 26നു നടന്ന മലങ്കര അസോസിയേഷനു ശേഷം കോട്ടയം പട്ടണത്തിനു പുറത്തു നടക്കുന്ന ആദ്യ അസോസിയേഷന്‍. ഇടക്കാലത്ത് കോട്ടയം പഴയ സെമിനാരിയിലും എംഡി സെമിനാരിയിലും മാത്രമാണ് അസോസിയേഷന്‍ നടന്നിട്ടുള്ളത്.

2. അര നൂറ്റാണ്ടു കാലത്തെ ഭിന്നിപ്പിനു ശേഷം യോജിച്ച സഭയില്‍ കൂടിയ ആദ്യ അസോസിയേഷന്‍. കോട്ടയം പഴയ സെമിനാരിയില്‍ 1909 നവംബര്‍ 25 മുതല്‍ 27 വരെ കൂടിയതാണ് അവിഭക്ത സഭയിലെ അവസാന അസോസിയേഷന്‍.

3. അവിഭക്ത തുമ്പമണ്‍ ഭദ്രാസനത്തില്‍ നടന്ന പ്രഥമ അസോസിയേഷന്‍. ഇപ്പോഴത്തെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ പരിധിയ്ക്കുള്ളില്‍ കൂടിയ ഏക അസോസിയേഷന്‍.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ (ചെങ്ങന്നൂര്‍ മെത്രാസനം)

26.12.2018

Puthencavu Malankara Association 1958 Dec. 26: Manorama News

പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍

മെത്രാസന ഇടവക വിഭജനകല്‍പന

നമ്പര്‍ 31/1959

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ
ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ

(മുദ്ര)

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്:-
അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ ഇഗ്നാത്യോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായും നാമും പരസ്പരം കല്‍പനകള്‍ മൂലം സ്വീകരിക്കുകയും നമ്മുടെ സഭയില്‍ സമാധാനം സ്ഥാപിതമാകയും ചെയ്തതിനെ തുടര്‍ന്ന് നമ്മുടെ മലങ്കര മഹാഇടവകയിലെ മെത്രാസന ഇടവകകളുടെ ഭരണം സംബന്ധിച്ച് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീരുകയാല്‍ മലങ്കര അസോസ്യേഷന്‍ മാനേജിംഗ് കമ്മറ്റിയും എപ്പിസ്കോപ്പല്‍ സുന്നഹദോസും ………………………സ്ഥിതിഗതികള്‍ പരിഗണിച്ച് മെത്രാസന ഇടവകകള്‍ പുനര്‍വിഭജനം ചെയ്യണമെന്ന് അഭിപ്രായമുള്ളതുകൊണ്ട് മുറപ്രകാരമുള്ള നടപടികള്‍ നടത്തി ആ സംഗതി തീരുമാനിക്കുന്നതുവരെ താല്‍ക്കാലികമായി ഭരണം നടത്തുന്നതിന് മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടുകൂടിയും എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ശുപാര്‍ശ അനുസരിച്ചും താഴെ വിവരിക്കുന്നപ്രകാരം മേല്‍പട്ടക്കാര്‍ക്ക് ഇടവകകള്‍ തിരിച്ചു കൊടുത്ത് അവയുടെ ഭരണത്തിന് അവരെ നാം അധികാരപ്പെടുത്തിയിരിക്കുന്നു. ഈ താല്‍ക്കാലിക ക്രമീകരണമനുസരിച്ച് മലബാര്‍ മെത്രാസനം പത്രോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പായും, കൊച്ചി മെത്രാസനം പൗലൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും, അങ്കമാലി മെത്രാസനം ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും, കണ്ടനാടു മെത്രാസനം ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായും, പൗലൂസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായും ഒരുമിച്ചും കോട്ടയം മെത്രാസനം കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സീനിയര്‍ മെത്രാപ്പോലീത്തായും, മാത്യൂസ് മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പാ സഹായമെത്രാനായും, നിരണം മെത്രാസനം മാര്‍തോമ്മാ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും, തുമ്പമണ്‍ മെത്രാസനം ദാനിയേല്‍ മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പായും, കൊല്ലം മെത്രാസനം അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ സീനിയര്‍ മെത്രാപ്പോലീത്തായായും മാത്യൂസ് മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ സഹായമെത്രാനായും ഭരിക്കുന്നതാകുന്നു. ക്നാനായ വിഭാഗത്തിന്‍റെ പ്രത്യേക സ്വഭാവത്തേയും കീഴ്നടപടികളെയും ആദരിച്ച് ക്നാനായ സമുദായാംഗങ്ങള്‍ ചേര്‍ന്നു നടക്കുന്ന പള്ളികള്‍ എല്ലാംകൂടി ഒരു മെത്രാസന ഇടവകയായിരിക്കണമെന്നും ആ മെത്രാസനത്തിന്‍റെ ഭരണം ഏബ്രഹാം മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ നടത്തണമെന്നും ആ മെത്രാസനവും മലങ്കരസഭയുമായുള്ള ബന്ധം അതേപ്പറ്റി പഠിച്ച് എപ്പിസ്കോപ്പല്‍ സുന്നഹദോസിനു റിപ്പോര്‍ട്ടു ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം നിര്‍ണ്ണയിക്കണമെന്നും തീരുമാനിച്ചിരിക്കുന്നതും അതനുസരിച്ച് ആ മെത്രാസനം മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ ഭരിക്കുന്നതും ആകുന്നു. മലങ്കര മെത്രാപ്പോലീത്തായുടെ ആസ്ഥാനമായ കോട്ടയത്തുള്ള കോട്ടയം ചെറിയ പള്ളിയും അതോടു ബന്ധപ്പെട്ട പള്ളികളും ചാപ്പലുകളും അവയോടുകൂടി മാര്‍ ഏലിയാ ചാപ്പല്‍ ഇടവകയും മലങ്കര മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള ഭരണത്തില്‍ തുടരുന്നതാകുന്നു.

മലങ്കരയ്ക്കു വെളിയിലുള്ള ഇടവകകളുടെ ഭരണം അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കണമെന്നും നാം തീരുമാനിച്ചിരിക്കുന്നു.

അനുഗ്രഹിക്കപ്പെട്ട വാത്സല്യമക്കളെ, ദീര്‍ഘകാലമായി നമ്മുടെ ഇടയില്‍ നിലനിന്നിരുന്ന കക്ഷിഭിന്നതകളും തര്‍ക്കങ്ങളും അവസാനിക്കയും സമാധാനം കൈവരികയും നാം ഒന്നായിത്തീരുകയും ചെയ്തിരിക്കുന്നതിനാല്‍ ഈ സൗഭാഗ്യം നമുക്കു നല്‍കിയ കാരുണ്യവാനായ ദൈവത്തെ സ്തുതിക്കുകയും തന്നില്‍ ആശ്രയിച്ചുകൊണ്ട് സഭയുടെ വളര്‍ച്ചയ്ക്കും പുരോഗമനത്തിനും ആയി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ചെയ്യണം. നിങ്ങള്‍ ദൈവഭയത്തിലും സത്യവിശ്വാസത്തിലും വളരണം. സഭയുടെ നിയമങ്ങള്‍ പാലിക്കുകയും പാരമ്പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യണം. നിങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തുന്നതിനും നേര്‍വഴിയിലൂടെ നടത്തുന്നതിനും പ്രബോധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഗുണദോഷിക്കുന്നതിനും ശാസിക്കുന്നതിനും അധികാരവും കടമയും ഉള്ള നിങ്ങളുടെ പിതാക്കന്മാരും ഇടയന്മാരും ആയ ഇടവക മെത്രാപ്പോലീത്തന്മാരെ നിങ്ങള്‍ അനുസരിക്കുകയും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും കല്‍പനകള്‍ പ്രമാണിക്കുകയും മെത്രാസന ഭോഗങ്ങള്‍ കൊടുക്കുകയും ചെയ്യണം. എല്ലാ ഇടവകകളിലേയും പ്രവര്‍ത്തനങ്ങള്‍ സഭാ ഭരണഘടനയ്ക്കു വിധേയമായി നടത്തുകയും നമ്മുടെ സഭയില്‍ മേല്‍ക്കുമേല്‍ സമാധാനവും സംപ്രീതിയും വര്‍ദ്ധിച്ചുവരുവാനും ദൈവതിരുനാമം മഹത്വപ്പെടുവാനും തക്കവണ്ണം എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തിക്കൊള്ളുകയും ചെയ്യണം. ശേഷം പിന്നാലെ.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടുംകൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ, ആയതു ദൈവമാതാവായ വി. കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാ ശ്ലീഹായുടേയും സകല ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ….. ഇത്യാദി.

എന്ന്, 1959 ഫെബ്രുവരി 25-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.