കോതമംഗലം പള്ളി കേസിലെ വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി. രാവിലെ പള്ളികളില്‍ കുര്‍ബാനക്ക് ശേഷമാണ് പ്രതിഷേധം പ്രമേയം അവതരിപ്പിച്ചത്. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരം കുമാരപുരം പള്ളിയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ കോടതികളുടെ ഉത്തരവുകള്‍ നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ടായിട്ടും അത് ലംഘിച്ച് ഓര്‍ത്തഡോക്സ് സഭയോട് സര്‍ക്കാര്‍ നീതി നിഷേധം കാട്ടുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. കോടതിവിധികള്‍ അവഗണിച്ച് നടത്തുന്ന പ്രതിഷേധങ്ങളും വെല്ലുവിളികളും പ്രതിരോധിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അനര്‍ഹമായത് ഒന്നും ചോദിക്കുന്നില്ലെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.
ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് കൈമാറും. സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ തുറന്നു പറയണെന്നാണ് ഓര്‍ത്തഡോക്സ് സഭ നിലപാട്.