സണ്ണി കല്ലൂര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ സണ്ണി കല്ലൂര്‍ അന്തരിച്ചു

കോട്ടയം ∙ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ അധ്യക്ഷനുമായ വേളൂർ കല്ലൂർ ഹൗസിൽ സണ്ണി കല്ലൂർ (കെ.എ.ജോസഫ് –68) അന്തരിച്ചു. സംസ്കാരം 28നു 11നു പുത്തൻപള്ളിയിൽ. 27നു രണ്ടിനു നഗരസഭയിലും മൂന്നിനു ഡിസിസി ഓഫിസിലും നാലിനു കുരിശുപള്ളിയിലും പൊതുദർശനത്തിനു വയ്ക്കും. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ സണ്ണി കല്ലൂർ യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചു. നാലു തവണ നഗരസഭാംഗവും 2000 ലും 2010 ലും നഗരപിതാവുമായി. നൂറു ദിവസത്തെ ക്ലീൻ കോട്ടയം പദ്ധതി എന്ന ആശയം അവതരിപ്പിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു.

ഭാര്യ: ലില്ലിക്കുട്ടി ആർപ്പൂക്കര തെക്കേത്തട്ടിലായ തൊള്ളായിരത്തിൽ കുടുംബാംഗം. മക്കൾ: മെറിൻ, ഡോ.മിഥുൻ (മെഡിക്കൽ ഓഫിസർ, കുറിച്ചി ഗവ.ആയുർവേദ ഡിസ്പെൻസറി). മരുമക്കൾ: കറ്റാനം കൊച്ചുപ്ലാമൂട്ടിൽ അജി ജോർജ് (ദുബായ്),പള്ളം, കണ്ണംപുറത്ത് നെടുംപറമ്പിൽ സിനു ജേക്കബ് (അധ്യാപകൻ, ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ). കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു

വിടപറഞ്ഞു; കോട്ടയത്തിന്റെ സൗമ്യസാന്നിധ്യം

കോട്ടയം ∙ ജീവിതത്തിന്റെ അവസാന നിമിഷത്തിനു തൊട്ടു മുൻപു വരെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച നേതാവാണ് അന്തരിച്ച സണ്ണി കല്ലൂർ. ഇന്നലെ ഏലിയാ കത്തീഡ്രലിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സഹോദരൻ ആശുപത്രിയിലാണെന്ന് അറിഞ്ഞത്. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി അൽപ സമയത്തിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അരനൂറ്റാണ്ടിലേറെ പൊതുരംഗത്തും കൃഷി മേഖലയിലും തിളങ്ങി.

സണ്ണി കല്ലൂരിനെതിരെ രാഷ്ട്രീയ എതിരാളികൾ പോലും അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല. . 2000ൽ നഗരസഭാ അധ്യക്ഷനാകുമ്പോൾ ഔദ്യോഗിക വാഹനമായ ‘കോണ്ടസ’ കാർ വേണ്ടെന്നു വയ്ക്കാൻ അദ്ദേഹത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. അധികാരവും പദവിയും ധൂർത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി.

സണ്ണി കല്ലൂരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ക്ലീൻ സിറ്റി. 100 ദിവസത്തിനുള്ളിൽ നഗരത്തെ ശുചിത്വ നഗരമാക്കാൻ നടപടി സ്വീകരിക്കുമെന്നും ദുർഗന്ധ നഗരമെന്ന ചീത്തപ്പേരു മാറ്റിയെടുക്കുമെന്നും അന്നു പ്രഖ്യാപിക്കുകയും അതു നടപ്പിലാക്കി പുരസ്കാരം നേടുകയും ചെയ്തു അദ്ദേഹം. നഗരത്തിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് ‘എന്റെ സ്വപ്‌നത്തിലെ കോട്ടയം’ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കി മലയാള മനോരമ സംഘടിപ്പിച്ച നഗരസഭാ കൗൺസിലർമാരുടെ സംഗമത്തിലാണ് അന്നു സണ്ണി കല്ലൂർ നൂറു ദിന ക്ലീൻ കോട്ടയം പദ്ധതി അവതരിപ്പിച്ചത്.

വാർഡ് അടിസ്‌ഥാനത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന ആശയമാണു സണ്ണി കല്ലൂർ മുന്നോട്ടു വച്ചത്. കൗൺസിൽ യോഗങ്ങളിൽ ഗൗരവമായ ചർച്ചകളും രൂക്ഷവുമായ വാക്കുതർക്കങ്ങളും ഉണ്ടാകുമ്പോഴും പക്ഷം പിടിക്കാതെ ഭരണ– പ്രതിപക്ഷ അംഗങ്ങളെ ശാന്തമായി ഒരുപോലെ കേൾക്കുന്ന സണ്ണി കല്ലൂർ അവസാനം കൃത്യവും വ്യക്തവുമായ മറുപടിയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ അനുശോചിച്ചു.