വേദപുസ്തകത്തിലെ സ്ത്രീസങ്കല്പം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്


വേദപുസ്തകത്തിലെ സ്ത്രീസങ്കല്പത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ആദ്യപടി വേദപുസ്തകത്തിലെ മനുഷ്യസങ്കല്പം എന്തെന്ന് മനസ്സിലാക്കുകയാണ്. ഈ അന്വേഷണത്തില്‍ ആദ്യം വരുന്നത് ആദാം എന്ന സങ്കല്പമാണ്. ആദാം ഒരു പുരുഷനായിരുന്നുവെന്നും അവനില്‍ നിന്നും സ്ത്രീയെ ഉണ്ടാക്കിയെന്നും ഇക്കാരണത്താല്‍ പുരുഷന് ഒരുപടി താഴെ മാത്രമേ സ്ത്രീക്ക് സ്ഥാനമുള്ളു എന്നും വ്യാഖ്യാനിച്ചു വാദിക്കുന്നവരുണ്ട്. പഴയനിയമത്തിലും യഹൂദമതത്തിലും പുതിയനിയമത്തിലും സ്ത്രീകളോടുള്ള സമീപനം ഒരുപരിധിവരെ വിവേചനമുള്ളതായിരുന്നുവെന്ന് കാണാം. അതേസമയം മറ്റൊരു ധാരയും പഴയനിയമ – യഹൂദമത – ക്രിസ്തീയ പാരമ്പര്യങ്ങളില്‍ നിലനിന്നിരുന്നു. അതായത് സ്ത്രീത്വം ഉദാത്തമായി കരുതുന്ന സമീപനം. ഇതിന് വേദശാസ്ത്രപരമായ അടിസ്ഥാനം നല്‍കുന്നതാണ് ആദാം എന്ന സങ്കല്പം.

ഉല്പത്തി പുസ്തകത്തില്‍ രണ്ട് സൃഷ്ടികഥകളുണ്ട്. ഒന്ന്, 1:1-2:3. രണ്ട്, 2:4-3:24. രണ്ട് കൈവഴികളായി വന്ന പാരമ്പര്യങ്ങളാണ് ഇവ. രണ്ട് കാലഘട്ടങ്ങളിലായാണ് ഇവയ്ക്ക് ഇന്നത്തെ രൂപം ലഭിച്ചതെന്നും മനസ്സിലാക്കാം. ഒന്നാമത്തേത് ‘പുരോഹിത’ രേഖയെന്നും രണ്ടാമത്തേത് ‘യഹോവാ’ രേഖയെന്നും പണ്ഡിതന്മാര്‍ വിളിക്കുന്നു. കാലഗണനയനുസരിച്ച് യഹോവാ രേഖയ്ക്കാണ് കൂടുതല്‍ പഴക്കം; ക്രിസ്തുവിന് മുമ്പ് ഒമ്പതാം നൂറ്റാണ്ട്. പുരോഹിതരേഖ ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ട്. രണ്ട് രേഖകളിലും മനുഷ്യോല്പത്തിയെ സംബന്ധിച്ച് വിവരണങ്ങള്‍ ഉണ്ട്. പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമെന്ന് തോന്നാവുന്ന കാര്യങ്ങളും ഉണ്ട്. എന്നാല്‍ മനുഷ്യനെപ്പറ്റി പൊതുവെയും ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്‍റെ അന്യോന്യതയും പരസ്പരപൂരകതയും സംബന്ധിച്ച് പ്രത്യേകിച്ചും ആഴമായ ഉള്‍ക്കാഴ്ചകള്‍ ഈ രണ്ടു രേഖകളിലും കാണാനാവും.

മലയാള വേദപുസ്തകത്തില്‍ ഉല്പത്തി 1-11 അദ്ധ്യായങ്ങള്‍ പരിശോധിക്കുമ്പോള്‍ ‘മനുഷ്യന്‍’ എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം തന്നെ ആദാം എന്നാണ് എബ്രായ മൂലത്തില്‍ കാണുന്നത്. പുരുഷന്‍ എന്നതിന് ഈശ് (ish) എന്നും സ്ത്രീ അല്ലെങ്കില്‍ നാരി എന്നതിന് ഈശാ (ishah) എന്നും കാണുന്നു.

ഉല്പത്തി രണ്ട്, മൂന്ന് അദ്ധ്യായങ്ങളില്‍ ആദിസ്ത്രീയുടെ പ്രഭവവും ഭര്‍ത്താവുമായ ആദിപുരുഷന്‍റെ പേരാണ് ആദാം (2:5-4:1). ആദാം എന്ന എബ്രായ പദം അദാമാ (adamah) എന്ന പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. മണ്ണില്‍ നിന്നുള്ളവന്‍ എന്നാണ് അര്‍ത്ഥം. ആദാം എന്ന പദം പുല്ലിംഗ രൂപമാണ്. ആദിപുരുഷന്‍റെ പേര് ആദാം എന്നും ആദിസ്ത്രീയുടെ പേര് ഹവ്വാ എന്നും കാണുന്നു (ഉല്പത്തി 2,3). എന്നാല്‍ ഉല്പത്തി 1-11 ആദ്ധ്യായങ്ങളില്‍ മനുഷ്യനെന്ന അര്‍ത്ഥത്തില്‍ ആദാം എന്ന പദം ഉപയോഗിക്കുമ്പോള്‍ മനുഷ്യവംശത്തെ (humankind) മൊത്തം പരാമര്‍ശിക്കുന്ന പദമായിട്ടാണ് കാണുന്നത്. ഈ സന്ദര്‍ഭങ്ങളിലെല്ലാം ആദാം (മനുഷ്യന്‍) ഒരു സര്‍വ്വനാമമോ (pronoun) സമൂഹനാമമോ (collective noun) ആണ് (ഉല്പ. 6:5-7; 8:21; 9:5-7; 11:5).

ഉല്പത്തി രണ്ടും മൂന്നും അദ്ധ്യായങ്ങളെ ആസ്പദമാക്കി സ്ത്രീ, പുരുഷനേക്കാള്‍ താഴ്ന്ന നിലയിലാണെന്ന് വ്യാഖ്യാനിക്കുന്നുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഇത്തരം വാദഗതിക്ക് അടിസ്ഥാനമായി സ്വീകരിക്കുന്ന ഒന്നാമത്തെ കാര്യം സ്ത്രീ, പുരുഷന്‍റെ വാരിയെല്ലില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടു എന്ന പരാമര്‍ശമാണ് (ഉല്പ. 2:22). വാരിയെല്ല് എന്ന പദം അറബികള്‍ക്കിടയില്‍ ഏറ്റമടുത്ത സ്നേഹിതനെ അല്ലെങ്കില്‍ സ്നേഹിതയെ ഉദ്ദേശിച്ച് ഉപയോഗിക്കുന്നു. ഇതില്‍ നിന്നും വാരിയെല്ല് എന്ന പദം പാരസ്പര്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമാണെന്ന് മനസ്സിലാക്കാം. ഈ ആശയം കൂടുതല്‍ പ്രസ്പഷ്ടമാകുന്നുണ്ട് ഉല്പ. 2:23 ല്‍. ഇവിടെ പുരുഷന്‍ സ്ത്രീയെ സംബന്ധിച്ച് “എന്‍റെ അസ്ഥിയില്‍ നിന്ന് അസ്ഥിയും എന്‍റെ മാംസത്തില്‍ നിന്ന് മാംസവും” എന്ന് പറയുന്നുണ്ടല്ലോ. സ്ത്രീ, പുരുഷനേക്കാള്‍ താഴ്ന്നവള്‍ എന്ന് സമര്‍ത്ഥിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു വേദഭാഗമാണ് ഉല്പ. 2:18. ഇവിടെ പുരുഷന്‍റെ തുണയായി സ്ത്രീയെ സൃഷ്ടിച്ചു എന്നു പറഞ്ഞിരിക്കുന്നു. പുരുഷന്‍റെ സഹായിയാണ് സ്ത്രീ ഈ വ്യാഖ്യാനത്തില്‍. എന്നാല്‍ ‘തക്കതായൊരു തുണ’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഇതിന് സ്ത്രീ, പുരുഷന്‍റെ കീഴിലുള്ളയാള്‍ എന്ന ആശയം വരുന്നില്ല. മറിച്ച് സമത്വവും പൂരകതയുമാണ് പ്രസ്തുത പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉല്പത്തി മൂന്നാം അദ്ധ്യായത്തിലൂടെ പുരുഷനെ വശീകരിക്കുന്ന ഒരു പ്രലോഭകയുടെ ചിത്രമാണ് സ്ത്രീക്ക് ലഭിക്കുന്നത്. സ്ത്രീയെ പാമ്പ് വഞ്ചിച്ചു. ആ വഞ്ചനയില്‍ ഭര്‍ത്താവിനെയും അകപ്പെടുത്തുന്ന ആളായിട്ടാണ് ആദിസ്ത്രീ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുക. ഈ ആശയം യഹൂദ – ക്രിസ്തീയ പാരമ്പര്യത്തെ ആകമാനം സ്വാധീനിച്ചിട്ടുണ്ട്. അവിശ്വസ്തതയുടെയും ധാര്‍മ്മികമായ അധീരതയുടെയും പ്രതീകമായി സ്ത്രീയെ പൊതുവെ സങ്കല്പിച്ചിരിക്കുന്നു. എന്നാല്‍ സാമാന്യ വായനയില്‍ സ്ത്രീയും പുരുഷനും പിശാചിന്‍റെ വഞ്ചനയില്‍ ഒരുപോലെ വീണു എന്നാണ് കാണാന്‍ കഴിയുക. സ്ത്രീ പാമ്പിനെയും പുരുഷന്‍ സ്ത്രീയെയും പഴിചാരുന്നുവെന്ന് മാത്രം. ഈ പഴിചാരല്‍ വീഴ്ചയുടെ ഫലമായി മനുഷ്യന് സഹജമായിത്തീര്‍ന്ന ഒരു സ്വഭാവമായി മാത്രമേ കണക്കാക്കേണ്ടതുള്ളു. ഉല്പത്തി 2:18-25 ല്‍ കാണുന്ന സ്ത്രീപുരുഷ ബന്ധത്തിന്‍റെ അന്യോന്യതയും പരസ്പരപൂരകതയും മാറി പുരുഷന്‍ സ്ത്രീക്ക് മേല്‍ അധീശത്വം പുലര്‍ത്തുന്ന ഒരു പുതിയ ക്രമം വീഴ്ചയുടെ ഫലമായി ഉണ്ടാകുന്നു. “നിന്‍റെ ആഗ്രഹം നിന്‍റെ ഭര്‍ത്താവിനോടാകും. അവന്‍ നിന്നെ ഭരിക്കും” (ഉല്പ. 3:16). ഇത് താളഭംഗം വന്ന മനുഷ്യബന്ധമാണ് സൂചിപ്പിക്കുന്നത്. അതല്ലാതെ സൃഷ്ടിയില്‍ ദൈവം ഇങ്ങനെയൊരു ക്രമം ഉദ്ദേശിച്ചിരുന്നതായി വ്യാഖ്യാനിക്കുവാന്‍ പാടുള്ളതല്ല.

ഉല്പ. 1-11 അദ്ധ്യായങ്ങളില്‍ ആദാം (മനുഷ്യന്‍) എന്ന പദം പൊതുവെ മനുഷ്യവംശം എന്ന അര്‍ത്ഥത്തില്‍ സര്‍വ്വനാമമായോ സമൂഹനാമമായോ ഉപയോഗിച്ചിരിക്കുന്നുവെന്നും രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍ ഹവ്വായുടെ ഭര്‍ത്താവിന്‍റെ പേരായും കാണുന്നുവെന്നും മുകളില്‍ സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ ഉല്പത്തി 1:26-29; 5:1-2 ഈ ഭാഗങ്ങളില്‍ ആദാം എന്ന പദം ഒരു സര്‍വ്വനാമമോ (pronoun) സമൂഹനാമമോ (collective noun) ഒരു പുരുഷന്‍റെ പേരോ (proper noun) ആയി മാത്രം മനസ്സിലാക്കാന്‍ പാടുള്ളതല്ല. ആദാം ഒരു സമൂഹനാമമാണ് എന്നു പറഞ്ഞാല്‍ പല വ്യക്തികളുടെ കൂട്ടായ്മയെന്നേ അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളു. മനുഷ്യവംശം എന്നു പൊതുവെ സൂചിപ്പിക്കുന്നുവെന്നു മാത്രം. എന്നാല്‍ ഇതിലും വിപുലമായൊരു അര്‍ത്ഥം ഈ പദത്തിനുണ്ട്. ആദാം ഏകത്വമുള്ള ഒരു ആളത്വമാണ്. അതേസമയം തന്നെ വ്യക്തികളുടെ ബഹുലതയും ഈ ഏക ആളത്വത്തില്‍ ഉണ്ട്. മനുഷ്യരെല്ലാം ചേര്‍ന്നുവരുന്ന ഒരു കൂട്ടായ്മയല്ല ആദാം; എല്ലാ മനുഷ്യരുടെയും ഉത്ഭവവും നിലനില്പ്പുമുള്ള ഏക ആളത്വമാണ്. ഇതേപോലെ തന്നെ ആണും പെണ്ണും ആദാമില്‍ തന്നെ ഉള്‍ക്കൊണ്ടിരുന്നു. ആദാം പെണ്ണില്‍ നിന്നു വ്യതിരിക്തനായ ആണെന്നോ ആണില്‍ നിന്നും വ്യതിരിക്തയായ പെണ്ണെന്നോ പറയാനാവാത്തവിധം ആണും പെണ്ണും ഉള്‍ക്കൊള്ളുന്നതും ആണ്‍പെണ്‍ ഭേദങ്ങളെ അതിജീവിക്കുന്നതുമായ ആളത്വമാകുന്നു.
നാം ഇങ്ങനെ വായിക്കുന്നു: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ (ആദമിനെ) ഉണ്ടാക്കുക, അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ……… വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ (ആദാമിനെ) സൃഷ്ടിച്ചു. ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു…. സകല ഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്ന് അവരോട് കല്പിച്ചു” (ഉല്പ. 1:26-28). ഈ വേദഭാഗത്ത് ‘അവന്‍’ എന്നും ‘അവര്‍’ എന്നും മാറിമാറി ഉപയോഗിക്കുന്നു. ആദാം വെറും ഏകമല്ല, അനേകമാണെന്നും ഈ അനേകം ആണും പെണ്ണും ചേര്‍ന്നതാണെന്നും ഈ ബഹുലതയില്‍ ഒരു ആളത്വത്തിന്‍റെ ഏകതയുണ്ടെന്നും മനസ്സിലാക്കണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ ബുദ്ധിയിലും യുക്തിയിലും ഒതുങ്ങുന്ന ഒരു ആളത്വമല്ല മുന്‍ ഉദ്ധരിച്ച വേദഭാഗത്ത് കാണുന്ന മനുഷ്യസങ്കല്പം. വ്യക്തിത്വങ്ങളുടെ ബഹുലതയും അതില്‍തന്നെ സ്ത്രീ പുരുഷ ലിംഗഭേദങ്ങളും അതേസമയം ഒരു വ്യക്തിയെന്ന ഏക ആളത്വത്തിന്‍റെ അഖണ്ഡതയും സമഗ്രതയും ചേര്‍ന്നുവരുന്ന ഒരു മനുഷ്യസങ്കല്പം. ഇങ്ങനെയൊരു മനുഷ്യസങ്കല്പം പഴയനിയമത്തിലും യഹൂദ റബിമാരുടെ പ്രബോധനങ്ങളിലും പുതിയനിയമത്തിലും അന്തര്‍ധാരയായി കാണുന്നു. ലിംഗം, ജാതി, മതം, രാജ്യം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ അടര്‍ന്ന് വേറിട്ടു നില്‍ക്കുന്ന അനേകം വ്യക്തികളുള്ള ഒരു മനുഷ്യസമൂഹം എന്നതിനു പകരം ബഹുലതയും അനേകതയും അതേസമയം അഖണ്ഡതയും ഏകതയും ഉള്ള ഒരു ആളത്വം.

പഴയനിയമത്തിലും റബിമാരുടെ ഗ്രന്ഥത്തിലും ഈ ആളത്വത്തെ ആദാം എന്നാണ് വിളിക്കുന്നതെങ്കില്‍ പുതിയനിയമത്തില്‍, പ്രത്യേകിച്ചും വി. പൗലോസിന്‍റെ ലേഖനങ്ങളില്‍ ഈ ആളത്വം ക്രിസ്തുവില്‍ കണ്ടെത്തുന്നു. ഇതുകൊണ്ടത്രെ ക്രിസ്തുവിനെ ‘അവസാനത്തെ ആദാം’, ‘രണ്ടാം മനുഷ്യന്‍’ എന്നിങ്ങനെ പൗലോസ് വിശേഷിപ്പിക്കുന്നത് (1 കൊരി. 15:45-46). മൂന്‍ സൂചിപ്പിച്ചതുപോലെ ആദാം – ക്രിസ്തു ഒരു സമൂഹമോ കൂട്ടായ്മയോ അല്ല. ഒരു ശരീരത്തില്‍ പല അവയവങ്ങള്‍ എന്ന പോലെയും ഒരു വൃക്ഷത്തില്‍ പല ശാഖകള്‍ എന്ന പോലെയുമുള്ള ഒരു ജൈവയാഥാര്‍ത്ഥ്യമാണ്. ആദാമില്‍ ഉണ്ടായിരുന്ന മനുഷ്യവംശത്തിന്‍റെ ഏകത വീഴ്ചയുടെ ഫലമായി നഷ്ടപ്പെട്ടുപോയി. ഏകത എന്ന പദം കൊണ്ട് അന്യോന്യതയും പരസ്പര പൂരകതയുമാണ് അര്‍ത്ഥമാക്കുന്നത്. ഇവിടെ അധീശത്വത്തിന്‍റെ കീഴ്മേല്‍ സങ്കല്പം ഒട്ടും തന്നെ ഉണ്ടാവില്ല. എവിടെ അന്യോന്യതയും പരസ്പരപൂരകതയും ചോര്‍ന്നു പോകുമോ അവിടെ ഏകതയില്ല. പകരം പോരും അധീശത്വവും സ്ഥാനം പിടിക്കുന്നു. ഇത് മനുഷ്യ സൃഷ്ടിയുടെ തനി പ്രകൃതമല്ല. വീഴ്ചയിലുണ്ടായ മാറ്റമാണ്. സ്ത്രീപുരുഷ ബന്ധങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചത്. ഭര്‍ത്താവ് ഭാര്യയെ ഭരിക്കാന്‍ തുടങ്ങുന്നു. സ്നേഹത്തിന്‍റെ കുറവു വരുന്നിടത്ത് പരസ്പരം ഭരിച്ചു കീഴടക്കാനുള്ള ശ്രമം ആരംഭിക്കുകയായി. ഭര്‍ത്താവ് ഭാര്യയെ ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിനെ വശീകരിച്ച് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. ക്രിസ്തുവില്‍ ഒരു പുതിയ ആളത്വം രൂപപ്പെട്ടുവരണം. പുരുഷനും സ്ത്രീയും യഹൂദനും യവനനും ദാസനും സ്വതന്ത്രനും എന്നീ തരഭേദങ്ങള്‍ ഇല്ലാത്ത ഒരു പുതിയ ആളത്വം; ഒരു പുതിയ മനുഷ്യന്‍. ഈ സങ്കല്പം പ്രസ്പഷ്ടമാക്കുന്ന വേദഭാഗങ്ങളുണ്ട്. ഒരിടത്ത് പൗലോസ് അപ്പോസ്തലന്‍ ഇങ്ങനെ പറയുന്നു. “ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതില്‍ യഹൂദനും യവനനുമെന്നില്ല, ദാസനും സ്വതന്ത്രനുമെന്നില്ല, ആണും പെണ്ണുമെന്നില്ല. നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നത്രെ” (ഗലാ. 3:27-28). ഇത് സ്നാനസന്ദര്‍ഭത്തില്‍ പറയുന്ന വാക്കുകളാണ്. ക്രിസ്തുവിനോട് ചേരുക ക്രിസ്തുവില്‍ ആയിത്തീരുകയാകുന്നു. ക്രിസ്തുവില്‍ ആയിത്തീരുന്നവര്‍ ക്രിസ്തുശരീരത്തിന്‍റെ ഭാഗമായി തീരുന്നു. ക്രിസ്തുശരീരം സഭയാണല്ലോ. ‘ക്രിസ്തുവിനെ ധരിക്കുക’ (= റോമ. 13:14) ‘പുതിയ മനുഷ്യനെ’ ധരിക്കുകയാകുന്നു (എഫേ. 4:24 = കൊലോ. 3:10). ‘പുതിയ മനുഷ്യന്‍’ ആദാം സങ്കല്പം തന്നെയാണ്. പഴയ മനുഷ്യന്‍ ആദ്യ ആദാമിനെ സൂചിപ്പിക്കുമ്പോള്‍ പുതിയ മനുഷ്യന്‍ ഒടുവിലത്തെ (രണ്ടാമത്തെ) ആദാമിനെ (മനുഷ്യനെ) സൂചിപ്പിക്കുന്നു. ആദാം, മനുഷ്യന്‍ എന്നീ വാക്കുകള്‍ പൗലോസ് ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നുണ്ട് (1 കൊരി. 15:15). എഫേ. 2:13-16 ല്‍ മനുഷ്യരെ തമ്മില്‍ വിഭജിക്കുന്ന വേലിക്കെട്ടുകള്‍ പൊളിച്ചുമാറ്റി ഇരുപക്ഷത്തെയും ഒന്നാക്കി ക്രിസ്തു തന്നില്‍ തന്നെ ഒരു പുതിയ മനുഷ്യനായി സൃഷ്ടിച്ച് ഏകശരീരത്തില്‍ ദൈവത്തോട് നിരപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന്‍റെ ആളത്വത്തിന്, ശരീരത്തിന് ഇത്ര വിശാലമായ ഒരര്‍ത്ഥം ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ‘ക്രിസ്തുവില്‍ ഒന്നത്രെ’ എന്ന് ഗലാ. 3:28 ല്‍ പറയുമ്പോള്‍ യഹൂദനും യവനനും എന്നും ദാസനും സ്വതന്ത്രനും എന്നും ആണും പെണ്ണുമെന്നുമുള്ള വേര്‍തിരിവുകളുടെ മതിലുകള്‍ പൊളിഞ്ഞ് ക്രിസ്തുശരീരത്തില്‍ ഒന്നായിത്തീരുകയാകുന്നു. ഇങ്ങനെ പൗലോസിന്‍റെ ലേഖനങ്ങളില്‍ ആദാം – ക്രിസ്തു സങ്കല്പത്തിന് വിശാലമായൊരു മാനം നമുക്ക് കാണാന്‍ കഴിയും.

‘ക്രിസ്തുവില്‍’ (In Christ) എന്ന പ്രയോഗം ആദാം സങ്കല്പത്തിന്‍റെയും ക്രിസ്തുശരീരമാകുന്ന സഭ എന്ന സങ്കല്പത്തിന്‍റെയും അടിസ്ഥാനത്തില്‍ വേണം വിശകലനം ചെയ്യുവാന്‍. പഴയ ആദാം വീണുപോയി. അതിന്‍റെ ഫലമായി മനുഷ്യനും മനുഷ്യനും തമ്മിലും ആണും പെണ്ണും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും ദൈവവും തമ്മിലും അകല്‍ച്ചയുണ്ടായി. പുതിയ മനുഷ്യനായ ക്രിസ്തുവില്‍ ഈ അകല്‍ച്ച ഇല്ലാതായി സര്‍വ്വവും ഒന്നായി തീരണം. ആദിസൃഷ്ടിയില്‍ ഇങ്ങനെയൊരു ഐക്യത്തിന്‍റെ ലയവും താളവും ഉണ്ടായിരുന്നു. ഈ ഏകതയിലേയ്ക്കുള്ള തിരിച്ചുവരവാണ് ക്രിസ്തുവില്‍ നടക്കേണ്ടത്. “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥക്കായിക്കൊണ്ടുതന്നെ” (എഫേ.1:10).
പൗലോസ് അപ്പോസ്തലന്‍ ആദാം സങ്കല്പം സ്വീകരിച്ചുകൊണ്ട് ക്രിസ്തുവില്‍ സകല മനുഷ്യരും സകലവും ഒന്നായി തീരുന്നതിനെ സംബന്ധിച്ച് പല സന്ദര്‍ഭങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. ആണും പെണ്ണുമെന്ന വിവേചനം ക്രിസ്തുവില്‍ ഇല്ലാതായിത്തീരണം. ഈ മൂല്യം പൗലോസ് മുറുകെപ്പിടിക്കുമ്പോള്‍ തന്നെ അന്നത്തെ മതവ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന ലിംഗവിവേചനം അദ്ദേഹത്തെ സ്വാധീനിക്കുന്നതായും കാണുന്നു. ഉടനെ തന്നെ പൗലോസ് അത് തിരുത്തുന്നുമുണ്ട്. ലിംഗവിവേചനം പൗലോസ് ഒരു അടിസ്ഥാന സമീപനമായി സ്വീകരിക്കുന്നില്ല. ഇതിന് ഉദാഹരണമാണ് 1 കൊരി. 11:1-16 ഭാഗം. അന്ന് യഹൂദമതത്തില്‍ ഉണ്ടായിരുന്ന ലിംഗവിവേചനത്തിന് അനുകൂലമായ ഒരു വാദഗതി പൗലോസ് സ്വീകരിക്കുന്നു. കൊരിന്ത് സഭയില്‍ കണ്ട ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം യഹൂദമതത്തിലെ ഒരു സങ്കല്പ്പം സ്വീകരിച്ചു കാണുന്നത്. ആദിയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ഒരു പുരുഷന്‍. അവന്‍ ദൈവത്തിന്‍റെ സ്വരൂപം. ഇത് നല്‍കുന്ന സൂചന ദൈവം പുരുഷ സ്വരൂപിയാണെന്നും സ്ത്രീ നേരിട്ട് ദൈവസ്വരൂപി അല്ലെന്നുമാണല്ലോ. പുരുഷനാണ് ദൈവസ്വരൂപി. പുരുഷനില്‍ നിന്നും ഉത്ഭവിച്ച സ്ത്രീ പുരുഷനിലൂടെ ദൈവസ്വരൂപം സ്വീകരിക്കുന്നു. ഈ സമീപനം തീര്‍ച്ചയായും സ്ത്രീ വിവേചനത്തെ പിന്താങ്ങുന്നതാകുന്നു. പൗലോസ് പറയുന്നു, “പുരുഷന്‍ (മിലൃ എന്ന് ഗ്രീക്ക് പദം) ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപട ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു. പുരുഷന്‍ സ്ത്രീയില്‍ നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍ നിന്നത്രെ ഉണ്ടായത്. പുരുഷന്‍ സ്ത്രീയ്ക്കായിട്ടല്ല, സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്” (1 കൊരി. 11:7-9). രണ്ടാം സൃഷ്ടിവിവരണത്തെ ആധാരമാക്കിയുള്ളതാണ് ഈ വാദഗതി. അതുതന്നെ പുരുഷ അധീശത്വം ഊട്ടി ഉറപ്പിക്കുന്ന ഒരു സമൂഹത്തിന്‍റെ വായനയില്‍ നിന്നും ആവിര്‍ഭവിക്കുന്ന സമീപനമാണ്. തല്‍ക്കാലത്തേക്ക് സ്വീകരിച്ച ഈ സമീപനം ഉടനെതന്നെ പൗലോസ് തിരുത്തുന്നു. “എന്നാല്‍ കര്‍ത്താവില്‍ പുരുഷനെ കൂടാതെ സ്ത്രീയുമില്ല, സ്ത്രീയെ കൂടാതെ പുരുഷനുമില്ല. സ്ത്രീ പുരുഷനില്‍ നിന്നുണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തിരം ഉളവാകുന്നു. എന്നാല്‍ സകലത്തിനും ദൈവം കാരണഭൂതന്‍” (1 കൊരി. 11:11-12). ഇങ്ങനെയൊരു സമീപനം മാറി സ്വീകരിക്കുവാന്‍ പൗലോസിനെ പ്രേരിപ്പിക്കുന്നത് ക്രിസ്തുവില്‍ (കര്‍ത്താവില്‍) ഉണ്ടായിത്തീരുന്ന പുതിയ മനുഷ്യനെ സംബന്ധിച്ച കാഴ്ചപ്പാടത്രെ. ഈ ക്രിസ്തീയ വീക്ഷണത്തിന് ദൈവശാസ്ത്രപരമായ പശ്ചാത്തലമൊരുക്കിയത് ഒന്നാം സൃഷ്ടിവിവരണത്തിലും പൗലോസിന്‍റെ കാലത്തെ യഹൂദറബിമാരുടെ പ്രബോധനങ്ങളിലും കാണുന്ന ആദാം സങ്കല്പമാകുന്നു.

ഈ സങ്കല്പത്തില്‍ നാലു കാര്യങ്ങള്‍ കാതലായി കാണാനാവും. ഒന്ന്, ആദാം ഒരു കേവലവ്യക്തിയല്ല, അനേക വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഏക ആളത്വമാണ്. രണ്ട്, ഇത് ആണും പെണ്ണും ഉള്‍ക്കൊള്ളുന്ന ആളത്വമാകുന്നു. മൂന്ന്, ആണും, പെണ്ണും ഒരുപോലെ ദൈവസ്വരൂപം തന്നെയാകുന്നു. നാല്, ദൈവം ലിംഗഭേദങ്ങള്‍ക്ക് അതീതനാണ്. അതായത് ദൈവത്തിന് ഒരു കേവല പുരുഷ സങ്കല്പം മതിയാവുന്നില്ല എന്നര്‍ത്ഥം.
ചുരുക്കത്തില്‍ യഹൂദ ക്രിസ്തീയ പാരമ്പര്യത്തില്‍ കടന്നുകൂടിയിട്ടുള്ള ലിംഗവിവേചനം വീഴ്ചയ്ക്കു മുമ്പുള്ള സൃഷ്ടിയുടെ ആദിരൂപത്തോടും ക്രിസ്തുവിലൂടെ രൂപപ്പെട്ടുവരുന്ന പുതിയ സൃഷ്ടിയുടെ പൂര്‍ണ്ണതയോടും ഇണങ്ങിപ്പോകുന്നതല്ല. വീഴ്ചയിലുണ്ടായ സ്ത്രീ പുരുഷ സങ്കല്പത്തിലെ വൈകല്യം ഇന്നും സഭയിലും സമൂഹത്തിലും പ്രതിഫലിക്കുന്നുണ്ട്. ക്രിസ്തുവില്‍ മുതിര്‍ന്നുവളരുന്ന സഭ എല്ലാ വിവേചനങ്ങള്‍ക്കും അതീതമായ വിശാലമായ ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കേണ്ടതാണ്. ആദാം – ക്രിസ്തു സങ്കല്പം ഇത്തരമൊരു പരിശ്രമത്തില്‍ ദൈവശാസ്ത്രപരമായ അടിത്തറ പാകുന്നതിന് ശക്തമാണ്.