ആലംബഹീനരുടെ സംരക്ഷണം അദ്വിതീയ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവ

ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്‌കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുകയായി ലഭിക്കത്തക്കവിധമാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.എം.ഓ.ജോണ്‍, അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.കുര്യാക്കോസ്, ഡോ.എം.കുര്യന്‍ തോമസ്, സൈമണ്‍ കൊമ്പശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
വീരമൃത്യു പ്രണാമ നിധി
വീരമൃത്യു വരിച്ച ധീര ജവാന്‍ ലാന്‍സ് നായ്ക് സാം ഏബ്രഹാമിന്റെ മക്കളായ എയ്ഞ്ചല്‍ സാം ഏബ്രഹാം, ആല്‍വിന്‍ സാം ഏബ്രഹാം എന്നിവര്‍ക്ക് സഭയുടെ പ്രത്യേക കരുതല്‍. ഇവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 5 ലക്ഷം രൂപയുടെ ചെക്ക് പരിശുദ്ധ കാതോലിക്ക ബാവ മാതാവിനെ ഏല്‍പിച്ചു. കുഞ്ഞുങ്ങള്‍ക്ക് പുഷ്പങ്ങള്‍ നല്‍കി പരിശുദ്ധ കാതോലിക്കാ ബാവ സ്‌നേഹം പങ്കുവെച്ചു.
പൈതൃകം – മലങ്കര സഭാ സാഹിതീ സരണി പദ്ധതി ഉദ്ഘാടനം ചെയ്തു
മലങ്കര സഭാ പിതാക്കന്മാരുടെ രചനകള്‍ ക്രോഡീകരിച്ച് പുനഃപ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതിയായ പൈതൃകം- മലങ്കരസഭാ സാഹിതീ സരണി പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. 3 പുസ്തകങ്ങളുടെ പ്രകാശനവും തദവസരത്തില്‍ നടന്നു.