വെദികസ്ഥാനികളുടെ സീനിയോറിറ്റി / ഫാ. ഡോ. ജോര്‍ജ് കോശി


നമ്മുടെ സഭയില്‍ ഒരേ പദവിയുള്ള ഒന്നിലേറെ പൗരോഹിത്യ സ്ഥാനികള്‍ ഒരുമിച്ചു സന്നിഹിതരാകുന്ന സദസ്സുകളില്‍ അവരുടെ സീനിയോറിട്ടി നിര്‍ണ്ണയിക്കുന്നത് പ്രായത്തിന്‍റെ മൂപ്പുകൊണ്ടാണോ അതോ പട്ടമേറ്റതിന്‍റെ പഴക്കമനുസരിച്ചാണോ? സമസ്ഥാനികളില്‍ പ്രായമാണ് മൂപ്പുസ്ഥാനം ലഭിക്കുന്നതിന് അടിസ്ഥാനമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അജ്ഞത മൂലമോ, സ്ഥാനം ലഭിച്ചതിന്‍റെ തലക്കനം സൃഷ്ടിക്കുന്ന അല്പമായോ അനന്തമായോ ഉള്ള അഹന്ത മൂലമോ അതോ അനാവശ്യമായ അതിവിനയം മൂലമോ എന്നറിയില്ല ഈ പതിവ് പാരമ്പര്യം വിട്ടും വിസ്മരിച്ചും വിരുദ്ധമായും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചുരുക്കമായി ഉണ്ടെന്നുള്ളത് കേള്‍ക്കുന്നു. സഭയുടെ രീതി അറിഞ്ഞ് അനുസരിക്കുവാനും അനുഗമിക്കുവാനും എല്ലാ നിരയിലുമുള്ള പൗരോഹിത്യസ്ഥാനികള്‍ക്ക് ചുമതലയില്ലേ?

പണ്ടേ പൗരോഹിത്യസ്ഥാനമേറ്റതുകൊണ്ട് ഒരു പുരോഹിതന്‍റെയോ മഹാപുരോഹിതന്‍റെയോ പൗരോഹിത്യ നല്‍വരത്തിനു പിമ്പേ അതേ സ്ഥാനം സ്വീകരിച്ച വ്യക്തിയുടെ പൗരോഹിത്യ നല്‍വരത്തേക്കാള്‍ മാറ്റോ മഹിമയോ ലഭിക്കുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ധനനിക്ഷേപങ്ങള്‍ക്കു കാലപ്പഴക്കത്തിലൂടെ മുതലു കൂട്ടുന്നതുപോലെ പഴക്കമേറിയ പട്ടത്വമുള്ള വ്യക്തിയുടെ ശുശ്രൂഷകള്‍ക്കോ അനുഷ്ഠാനങ്ങള്‍ക്കോ ഉയര്‍ച്ചയോ, വളര്‍ച്ചയോ, ശക്തിയോ ശുദ്ധിയോ ഏറുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അതു വേദവിപരീതത്തിനു മുതലു കൂട്ടുകയേയുള്ളു. പഴക്കം കൊണ്ട് ഒരുപക്ഷെ, തഴക്കം കിട്ടുമെന്നു കരുതുന്നവരുണ്ടാകാം. എന്നാല്‍ പൗരോഹിത്യനല്‍വരം ലഭിച്ചു പന്തീരാണ്ടു കഴിഞ്ഞാലും സ്ഥാനത്തിനടുത്ത കര്‍മ്മങ്ങളുടെ മര്‍മ്മങ്ങളും ധര്‍മ്മങ്ങളും ‘പിടി’ കിട്ടാത്തവരും പിടി ഇല്ലാത്തവരും എല്ലാ സ്ഥാനികളിലും ഉണ്ടാകും. സ്ഥാനം ലഭിക്കുന്നതിനു മുമ്പുതന്നെ വരദാനങ്ങളനുസരിച്ചു വ്യക്തമായും കൃത്യമായും കാര്യങ്ങളും കര്‍മ്മങ്ങളും നടത്തുവാന്‍ പ്രാര്‍ത്ഥിച്ചും പഠിച്ചും പരിണതപ്രജ്ഞരായി പൗരോഹിത്യ പദവികള്‍ പ്രാപിക്കുന്നവരുമുണ്ട്. ചുരുക്കത്തില്‍, “പട്ടപ്പഴക്കം” പൗരോഹിത്യ ശുശ്രൂഷയ്ക്കു പ്രത്യേകമായ പ്രാധാന്യമോ പദവിയോ പകരുന്നില്ല.

മലങ്കരസഭയുടെ നടപടികളുടെയും കാനോനാകളുടെയും രത്നചുരുക്കമാണല്ലോ ‘മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ ഭരണഘടന.’ അതില്‍ മേല്പട്ടക്കാരുടെ സീനിയോറിട്ടി നിര്‍ണ്ണയം എങ്ങനെയെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. “അസോസിയേഷന്‍ യോഗത്തില്‍ മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷം വഹിക്കുന്നതും, അദ്ദേഹത്തിനു സൗകര്യമില്ലാതെ വരുമ്പോള്‍ അദ്ദേഹത്തിന്‍റെ നിയോഗമനുസരിച്ചു വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളും അദ്ദേഹം ഇല്ലാതെ വരുന്ന അവസരത്തില്‍ വൈസ് പ്രസിഡണ്ടുമാരില്‍ സീനിയര്‍ മെത്രാപ്പോലീത്തായും അദ്ധ്യക്ഷം വഹിക്കുന്നതുമാകുന്നു. ഈ ഘടനയില്‍ സീനിയര്‍ മെത്രാപ്പോലീത്താ എന്ന പദത്തിന് വൈസ് പ്രസിഡണ്ടന്മാരില്‍ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്താ എന്ന് അര്‍ത്ഥമുള്ളതാകുന്നു” (ഭരണഘടന 4എ. 73). അസോസിയേഷനിലും അതിനോടു ചേര്‍ന്ന ചടങ്ങുകളിലും പ്രായമൂപ്പാണ് സീനിയോറിട്ടിയുടെ അടിസ്ഥാനമെങ്കില്‍ അതില്‍നിന്നു ഭിന്നമാകയില്ലല്ലോ ആരാധനാ സദസ്സുകളിലെ സീനിയോറിട്ടിയും.

പ്രായത്തിനാണ് പ്രാധാന്യമെന്ന നമ്മുടെ പാരമ്പര്യത്തെക്കുറിച്ചു കണ്ടും കേട്ടുമറിഞ്ഞ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നു.

പട്ടംകൊട ശുശ്രൂഷകളില്‍ ഒന്നിലേറെ സ്ഥാനികള്‍ ഉണ്ടെങ്കില്‍ അവര്‍ പട്ടത്വ സ്വീകരണത്തിന് നിലകൊള്ളുന്നത് പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ്. മേല്പട്ടാഭിഷേകത്തിന്‍റെ രണ്ടുമൂന്ന് ഉദാഹരണങ്ങള്‍ മാത്രം കുറിക്കുന്നു.

1953-ല്‍ പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ 5 വൈദികരെ മേല്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തുകയുണ്ടായി. പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, ദാനിയേല്‍ മാര്‍ പീലക്സീനോസ്, മാത്യൂസ് മാര്‍ കൂറിലോസ് എന്ന ക്രമത്തില്‍ പ്രായമൂപ്പനുസരിച്ചാണ് അവര്‍ അഭിഷേകം ചെയ്യപ്പെട്ടത്. അഭിവന്ദ്യരായ മാത്യൂസ് മാര്‍ ഈവാനിയോസ് 1920-ലും പത്രോസ് മാര്‍ ഒസ്താത്തിയോസ് 1926-ലും മാത്യൂസ് മാര്‍ കൂറിലോസ് 1938-ലും ദാനിയേല്‍ മാര്‍ പീലക്സിനോസ് 1944-ലും മാത്യൂസ് മാര്‍ അത്താനാസിയോസ് 1946- ലും വൈദികരായതിനാല്‍ പട്ടമേറ്റ തീയതിയാണ് സീനിയോറിട്ടിയുടെ അടിസ്ഥാനമെങ്കില്‍ ഇവര്‍ മേല്പട്ടസ്ഥാനമേല്ക്കേണ്ടിയിരുന്നത് മേല്പറഞ്ഞ ക്രമത്തിലായിരുന്നു.

1966-ല്‍ പ. ഔഗേന്‍ പ്രഥമന്‍ ബാവാ മേല്പട്ടക്കാരായുയര്‍ത്തിയ അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്താ 1944-ലും അഭിവന്ദ്യ യൂഹാനോന്‍ സേവേറിയോസ് മെത്രാപ്പോലീത്താ 1943-ലുമാണ് കശ്ശീശാ പട്ടമേറ്റത്. എന്നാല്‍ മേല്പട്ടസ്ഥാനലബ്ധി ശുശ്രൂഷയില്‍ നിരയില്‍ ഒന്നാമത് ആയതു പ്രായമൂപ്പുള്ള തെയോഫിലോസ് മെത്രാപ്പോലീത്താ ആയിരുന്നു. അവര്‍ ഇരുവരോടും ഒരുമിച്ചു മേല്പട്ടക്കാരനായ അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അവരേക്കാള്‍ ഒരു വര്‍ഷം മുമ്പു റമ്പാന്‍ സ്ഥാനം (റമ്പാന്‍ സ്ഥാനം പദവി പടി കയറ്റമായി സഭ കരുതുന്നില്ലെങ്കിലും) സ്വീകരിച്ചിരുന്നു. പക്ഷേ, പ്രായക്കുറവുമൂലം സ്ഥാനാരോഹണപന്തിയില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം നിലകൊണ്ടത്.

നിരണം വലിയപള്ളിയില്‍ വച്ച് 1975 ഫെബ്രുവരി 16-നു മെത്രാന്‍ സ്ഥാനാഭിഷേകം ലഭിച്ച ഫാദര്‍ കെ. കെ. പുന്നൂസ് (സ്തേഫാനോസ് മാര്‍ തേവോദോസ്യോസ്) 1947-ലും ഫാ. പി. വി. ജോസഫ് (ജോസഫ് മാര്‍ പക്കോമിയോസ്) 1952 ജൂണിലും ഫാ. കെ. സി തോമസ് (തോമസ് മാര്‍ മക്കാറിയോസ്) 1952 സെപ്റ്റംബറിലും ഫാ. എം. വി. ജോര്‍ജ് (ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്) 1956-ലും ഫാദര്‍ പോള്‍ വര്‍ഗീസ് (പൗലോസ് മാര്‍ ഗ്രീഗോറിയോസ്) 1961-ലും വൈദികരായി. എന്നാല്‍ അവര്‍ റമ്പാന്മാരായും മെത്രാപ്പോലീത്തന്മാരായും അഭിഷേകം ചെയ്യപ്പെട്ടതും പ്രായത്തിന്‍റെ സീനിയോറിറ്റി അനുസരിച്ചു ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രീഗോറിയോസ്, സ്തേഫാനോസ് മാര്‍ തേവോദോസിയോസ്, തോമസ് മാര്‍ മക്കാറിയോസ്, ജോസഫ് മാര്‍ പക്കോമിയോസ് എന്ന ക്രമത്തിലായിരുന്നു. ഇന്നുവരെ പട്ടംകൊട ശുശ്രൂഷകളില്‍ ഈ രീതിയാണ് തുടരുന്നത്. പട്ടമേല്‍ക്കുമ്പോള്‍ പ്രായവും പട്ടമേറ്റു കഴിയുമ്പോള്‍ പട്ടമേറ്റ തീയതിയിലുള്ള പഴക്കവുമായി സീനിയോറിറ്റി ആരോഹണം ചെയ്യുകയില്ലല്ലോ.

1958-ല്‍ യോജിച്ച മലങ്കരസഭയില്‍ അഭിവന്ദ്യ പൗലോസ് മാര്‍ പീലക്സീനോസ്, എബ്രഹാം മാര്‍ ക്ലീമ്മിസ് എന്നീ മെത്രാപ്പോലീത്താമാര്‍ അഭിവന്ദ്യരായ പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, ദാനിയേല്‍ മാര്‍ പീലക്സീനോസ് എന്നീ മേല്പട്ടക്കാരേക്കാള്‍ പ്രായക്കുറവുള്ളവരായിരുന്നുവെങ്കിലും മേല്പട്ടസ്ഥാനം മുമ്പേ ലഭിച്ചവരായിരുന്നു. എന്നാല്‍ മേല്പറഞ്ഞ രണ്ടു മേല്പട്ടക്കാര്‍ ഈ മേല്പട്ടക്കാരുമൊത്ത് ഒറ്റയ്ക്കോ തെറ്റയ്ക്കോ സംബന്ധിക്കുന്ന ആരാധനാ സദസ്സുകളില്‍ നേതൃത്വം നല്‍കിയിരുന്നത് പണ്ടേ പട്ടമേറ്റ പൗലോസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായോ എബ്രഹാം മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്തായോ ആയിരുന്നില്ല. മറിച്ച് പ്രായമൂപ്പുള്ള മേല്പറഞ്ഞ മേല്പട്ടക്കാര്‍ ആയിരുന്നു.

ഒരേ സ്ഥാനമുള്ള ഒട്ടുവളരെ മേല്പട്ടക്കാര്‍ ഒരുമിച്ചു സംബന്ധിച്ചിട്ടുള്ള ആരാധനാ ശുശ്രൂഷകളിലും വി. കൂദാശകളിലും പതിറ്റാണ്ടു മുമ്പു മെത്രാപ്പോലീത്താസ്ഥാനം ലഭിച്ചവര്‍ സന്നിഹിതരാണെങ്കിലും അവയ്ക്കു നേതൃത്വം നല്‍കിയത് പ്രായമൂപ്പുള്ള മെത്രാപ്പോലീത്താ ആയിരുന്നുവെന്നുള്ളതിന് ഈ ലേഖകന്‍ ദൃക്സാക്ഷിയാണ്.

ഭാരതത്തിനു പുറത്തുള്ള ഒരു ഇടവകപള്ളിയുടെ ചുമതലയുള്ള രണ്ട് വൈദികര്‍ തമ്മില്‍ സീനിയോറിട്ടിയെക്കുറിച്ച് തര്‍ക്കമുണ്ടായതും ഇടവകമെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തില്‍ വൈദികര്‍ ഇരുവരും പ്രശ്നം പ. മാത്യൂസ് പ്രഥമന്‍ ബാവാ മുമ്പാകെ സമര്‍പ്പിച്ചതും പ്രായമാണ് സീനിയോറിട്ടിയുടെ അടിസ്ഥാനമെന്ന നമ്മുടെ രീതി പ. ബാവാ പറഞ്ഞുകൊടുത്തു പ്രശ്നം പരിഹരിച്ചതും ഓര്‍ക്കുന്നു. ഇതില്‍ ബന്ധപ്പെട്ട ഇടവകമെത്രാപ്പോലീത്തായും വൈദികരും ഇന്നും ജീവിച്ചിരിക്കുന്നവരാണ്.

വേദപുസ്തക അടിസ്ഥാനം പരതി നടക്കുന്നവര്‍ക്കു പാറ പോലുള്ള തെളിവ് പ്രായമൂപ്പിന്‍റെ സീനിയോറിട്ടിക്കുണ്ട്. അപ്പോസ്തോല പദവിയിലേക്കു ആദ്യമായി വിളിക്കപ്പെട്ടത് അന്ത്രയോസും യോഹന്നാനുമായിരുന്നു (യോഹ. 1:40). ദൈവത്തിന്‍റെ വിളിയേക്കാള്‍ വലിയ സ്ഥാനാരോഹണ ശുശ്രൂഷയില്ല. യോഹന്നാന്‍ ശ്ലീഹാ ശ്ലൈഹിക സമൂഹത്തിലെ ഏറ്റവും ഇളയവനും അന്ത്രയോസ് പത്രോസ് ശ്ലീഹായുടെ ഇളയ സഹോദരനുമായിരുന്നു. പക്ഷേ, പന്തിരുവരില്‍ മുമ്പനായതു പ്രായമൂപ്പുള്ള പത്രോസ് ശ്ലീഹാ തന്നെ.

(1996-ല്‍ എഴുതിയ ലേഖനമാണിത്)