ആരാധ്യനായ എം. ടി. പോൾ സാറിനെ ഞാൻ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത് അങ്കമാലി മെത്രാസന ഇടവകയുടെ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയോടൊപ്പം ആണ്. അന്ന് എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്‍റെ ആഢൗത്തവും ഗാംഭീര്യവും ആധികാരികമായ സംസാരവും പ്രവർത്തനരീതിയുമാണ്.
ഇന്ത്യന്‍ അലുമിനിയം കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ അദ്ദേഹം 1970 -1980 കളില്‍ മലങ്കരസഭയിലുണ്ടായ കോളിളക്കത്തില്‍ വടക്കന്‍ ഭദ്രാസനങ്ങള്‍ക്ക് ശക്തവും ധീരവുമായ നേതൃത്വം കൊടുത്തു.. ആ പ്രതിസന്ധി കാലത്ത് വടക്കന്‍ ഭദ്രാസനങ്ങളില്‍, വിശിഷ്യാ അങ്കമാലി ഭദ്രാസനത്തില്‍ പകച്ചു നിന്ന ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ കൂട്ടിനിർത്തുവാന്‍ അദ്ദേഹം ചെയ്ത കഠിനാധ്വാനം അവിസ്മരണീയമാണ്. വടക്കൻ പ്രദേശങ്ങളിൽ അനേകം കാതോലിക്കേറ്റ് സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് തെയോഫിലോസ് തിരുമേനിക്കൊപ്പം ചേര്‍ന്നു നിന്ന് നല്ല നേതൃത്വം കൊടുക്കാൻ സാധിച്ചു.
എം. ടി. പോള്‍ സാറിനൊപ്പം അങ്കമാലി ഭദ്രാസന കൗണ്‍സിലിലും മലങ്കരസഭാ മാനേജിങ് കമ്മിറ്റിയിലും പ്രവർത്തിക്കുവാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. മാനേജിംഗ് കമ്മിറ്റിയിൽ അദ്ദേഹം ഒരു വേറിട്ട ശബ്ദമായിരുന്നു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി പദത്തില്‍ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങള്‍ എന്നും ഒരു മാതൃകയാണ്.
മലങ്കരസഭ പ്രശ്നങ്ങളുടെയും പ്രതിസന്ധിയുടെയും ചുഴലിയില്‍ അകപ്പെട്ട സമയത്ത് സഭയ്ക്ക് ധീരവും ശക്തവുമായ നേതൃത്വം കൊടുത്ത് സഭയെ നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആരുടെയും മുമ്പില്‍ അടിപതറാതെ സത്യം വിളിച്ചുപറയാൻ തന്‍റേടം ഉണ്ടായിരുന്ന പോള്‍ സാര്‍ മലങ്കരസഭയുടെ വീരനായകനായിരുന്നു. എന്നും മാതൃകയാക്കാവുന്ന വിശിഷ്ട വ്യക്തിത്വം.
കാലയവനികയിൽ മറഞ്ഞ ശ്രേഷ്ടനായ പോള്‍ സാറിന് സർവ്വ ആദരാഞ്ജലികളും അർപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തിയും ദൈവം തന്‍റെ വലതു ഭാഗത്ത് സ്ഥാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഡോ. എം. ഇ. കുറിയാക്കോസ് (സെക്രട്ടറി, എം.ഒ.സി. കോളജസ്)