റമ്പാന്മാരില്‍ പ്രധാനി അബ്ദള്ളാ റമ്പാച്ചന്‍ ആകുന്നു. ഇദ്ദേഹത്തിനു ഇപ്പോള്‍ 70-നുമേല്‍ വയസ്സുണ്ടു. ഇദ്ദേഹം മുന്‍ ആയിരത്തിമുപ്പത്തിരണ്ടാമാണ്ടിടയ്ക്കു ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ നൂര്‍ ബാവായോടുകൂടെ മലയാളത്തു വന്നിരുന്ന റമ്പാച്ചന്‍ തന്നെ ആകുന്നു. അന്നു മലയാളത്തുനിന്നും പിരിഞ്ഞിട്ടുള്ള വഴിപാടുകള്‍ കൊണ്ടു ദയറായില്‍ ഏതാനും കെട്ടിടങ്ങള്‍ പണിയിക്കയും പള്ളിഅകത്തു ഏതാനും തങ്കംപണി ചെയ്യിക്കയും അവ മലയാളത്തെ പിരിവുകൊണ്ടു ഇന്നാരാല്‍ ഇന്ന കാലത്തു പണിയിക്കപ്പെട്ടതെന്നു വെള്ളക്കല്ലില്‍ കൊത്തി കെട്ടിടങ്ങളുടെ ഭിത്തികളിന്മേല്‍ പതിക്കയും ത്രോണോസിന്മേല്‍ എഴുതിവയ്ക്കയും ചെയ്തിട്ടുണ്ട്. സൂറിയായില്‍ നിന്നും പിരിഞ്ഞിട്ടുള്ളതും കൂടെ ഈ കൂട്ടത്തില്‍ ചേര്‍ത്തത്രെ എഴുതിയിരിക്കുന്നത്.
(തിരുമേനി സ്വന്തം കൈപ്പടയില്‍ എഴുതിയ യാത്രാവിവരണത്തിന്‍റെ മാനുസ്ക്രിപ്റ്റില്‍ നിന്നും)
മര്‍ക്കോസിന്‍െറ ഭവനമെന്നുപറയുന്നതു പൂര്‍വകാലംമുതലെ സുറിയാനിക്കാരുടെ കൈവശം ഇരിക്കുന്നു. ഇതു ഏകദേശം പട്ടണമദ്ധ്യത്തില്‍ അല്പം തെക്കുപടിഞ്ഞാറു മാറി ഉദ്ദേശം 50 കോല്‍നീളവും, 40 കോല്‍ വീതിയുമുള്ള ഒരുവലിയ കെട്ടിടമാകുന്നു. ഒന്നും രണ്ടും മൂന്നും നിലകള്‍ഉള്ള വെണ്മാടപ്പണിയാകുന്നു. മുഴുവനും കരിങ്കല്ലുപോലെ ബലമുള്ള ഒരുവക വെള്ളക്കല്ലിനാല്‍ പണിയപ്പെട്ടിരിക്കുന്നു. ഈ കല്ലു മിനുക്കിയാല്‍ മാര്‍ബിള്‍ പോലെ തോന്നിക്കും. ഊര്‍ശ്ലേമിലെ കെട്ടിടങ്ങള്‍ മിക്കവാറും ഈ തരം കല്ലുകള്‍കൊണ്ടു പണിയപ്പെട്ടിരിക്കുന്നു.
ദയറായുടെ തെക്കുംവടക്കും ഭാഗങ്ങളിലുള്ള രണ്ടുകെട്ടുകള്‍ കിഴക്കുമുതല്‍ പടിഞ്ഞാട്ടു മുക്കാല്‍ഭാഗവും മൂന്നു നിലയാകുന്നു. നടുവില്‍ വിലങ്ങെ മൂന്നുനിലയുള്ള ഒരുകെട്ടിനാല്‍ ഈ രണ്ടു കെട്ടുകളെയും തമ്മില്‍ യൊജിപ്പിച്ചിരിക്കുന്നു. വിലങ്ങയുള്ളകെട്ടിന്‍െറ പടിഞ്ഞാറെഭാഗത്തുള്ള ശേഷം കെട്ടിടങ്ങള്‍ രണ്ടു നിലയും കിഴക്കുവശത്തുള്ളവ ഒററ നിലയും ആകുന്നു. തെക്കുവശത്തു കിഴക്കു പടിഞ്ഞാറുള്ള വലിയ കെട്ടിടത്തിന്‍െറ മദ്ധ്യഭാഗമാണ സെഹ്യോന്‍മാളികയെന്നു വിളിക്കപ്പെടുന്ന മര്‍ക്കോസിന്‍െറ ഭവനം. ഇതുഇപ്പോള്‍ ഒററനിലയില്‍ പള്ളിയായി ഉപയോഗിച്ചുവരുന്ന ഒരു വലിയമുറിയാകുന്നു. നമ്മുടെ കര്‍ത്താവു യെഹൂദപെസഹായെ ആചരിച്ചു ക്രിസ്തീയ പെസഹായാകുന്ന ശുദ്ധ: കുര്‍ബ്ബാനയെ സ്ഥാപിച്ചതും ശുദ്ധ ശ്ലീഹന്മാരുടെമേല്‍ തീനാമ്പിന്‍െറ സാദൃശത്തില്‍ പാറക്ലീത്താ ഇറങ്ങിയതും ഉയര്‍പ്പിന്‍െറശെഷം താന്‍ ശ്ലീഹന്മാര്‍ക്കു കാണപ്പെട്ടതും102 മാര്‍ യാക്കോബുശ്ലീഹാ ആദ്യംകുര്‍ബ്ബാനചൊല്ലിയതും ബന്ധനത്തില്‍നിന്നു മാലാകായാല്‍ വിടപ്പെട്ടശെഷം ശുദ്ധ:പത്രൊസ വന്നുപ്രവെശിച്ചതും കന്യാസ്ത്രി അമ്മയെ ജ്ഞാനസ്നാനപ്പെടുത്തിയതുമായി രക്ഷയ്ക്കടുത്ത അനെകം അതിശയപ്രവൃത്തികള്‍ നടന്ന ശുദ്ധസ്ഥലം ഇതാകുന്നു. ഈപള്ളി ദൈവമാതാവിന്‍െറ നാമത്തില്‍ വിളിക്കപ്പെട്ടിരിക്കുന്നു. വെള്ളിവിളക്കുകള്‍ മുതലായവകളാലും ക്ദൊശ്കുദിശായൊടുകൂടി തങ്കവേലയാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. മദുബഹായുടെ വടക്കെഅരികില്‍ ഒരു പഴയകസേര സ്ഥാപിച്ചിരിക്കുന്നതു മാര്‍യാക്കോബുശ്ലീഹായുടെ സിംഹാസനമെന്നാണ വിശ്വസിച്ചുവരുന്നതു. കസേര വളരെപഴക്കവും കാഴ്ചയ്ക്കു അത്രഭംഗിയില്ലാത്തതും ആകുന്നു. എങ്കിലും അപ്പസ്തോലശിഷ്ടമെന്നുള്ള ഭക്തികൊണ്ടു പുറമെ പുതുതായി പലഅലങ്കാരപ്പണികളും തങ്കവേലകളും അതോടുചേര്‍ത്തു ഭംഗിയാക്കീട്ടുണ്ടു. മര്‍ക്കൊസിന്‍െറ ഭവനം ഈദയറായില്‍ ആണെന്നുള്ളതിനെപ്പറ്റി അന്യമതക്കാരായ ക്രിസ്ത്യാനികളും തര്‍ക്കിക്കുന്നില്ല.
മദുബഹായുടെ കിഴക്കു ഭാഗത്തു ക്ദൊശ്ക്കുദിശായുടെ മീതെ പൈതലായ യേശുവിന്‍െറയും തന്‍റെ മാതാവിന്‍െറയും ഒരു ചിത്രം പസ്ക്കി110 കൂട്ടി വച്ചിരിക്കുന്നു. ഇതു ലൂക്കോസ ഏവന്‍ഗേലിസ്തായാല്‍ എഴുതപ്പെട്ടതെന്നാണ പാരമ്പര്‍യ്യമായി വിശ്വസിച്ചുവരുന്നതു. ചിത്രം കാഴ്ചയ്ക്കു വളരെ പഴക്കം തോന്നിക്കുന്നു. പസ്ക്കിമേല്‍ പുതിയ തങ്കപ്പണികളും അലങ്കാരങ്ങളുംവളരെചെയ്തിട്ടുണ്ടു. ഹൈക്കലായുടെ മദ്ധ്യത്തില്‍ തെക്കെ ഭിത്തിയോടു ചെര്‍ന്നു ഒരു ത്രൊണൊസും അലംകൃതമായ ഒരു ക്ദൊശ്ക്കുദിശായും ഉണ്ടു. ത്രൊണൊസിന്‍െറ മുകള്‍ഭാഗം വെള്ളകല്ലില്‍ ഉള്ള മാമോദീസാക്കല്ലാകുന്നു. ഇതിന്‍െറ കുഴി ചിത്രവേലകളൊടുകൂടിയ വെള്ളിപ്പലകകൊണ്ടു മൂടിയിരിക്കുന്നു. ഇതു ദൈവമാതാവിനെയും ലാസറിനെയും അവന്‍െറ സഹൊദരിമാരെയും മററുപല പരിശുദ്ധന്മാരെയും ജ്ഞാനസ്നാനപ്പെടുത്തിയ കല്ലാകുന്നു. ഈ ത്രൊണോസിലും കുര്‍ബ്ബാനചൊല്ലുക പതിവുണ്ടു. അഴിക്കകത്തുതെക്കെഭിത്തിയില്‍ അനെകം പരിശുദ്ധന്മാരുടെ അസ്ഥികളും കര്‍ത്താവിന്‍െറ വിശുദ്ധ കുരിശിന്‍റെ തുലൊം ലഘുവായ ഒരംശവും പ്രത്യെകം പ്രത്യെകം മേലെഴുത്തൊടു കൂടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രത്യെക അപേക്ഷയാല്‍ അവയില്‍ ചിലതു ബാവാ നമുക്കു തന്നു.
ഹൈക്കലായുടെകീഴു ആഴം കുറഞ്ഞതെങ്കിലും വിസ്താരമുള്ളതും ദൈവമാതാവിന്‍െറ പേര്‍വിളിക്കപ്പെടുന്നതുമായ ഒരു കിണര്‍ ഉണ്ടു. ഇതു കൂടാതെ ദയറായുടെ മററുമുറികളുടെ കീഴായി വെറെ മൂന്നു കിണറുകളും ഉണ്ടു. ഇവയിലെവെള്ളം ഉറവവെള്ളമല്ല. മട്ടുപ്പാവുകള്‍ വെടിപ്പായിസൂക്ഷിക്കയും അവയില്‍ വീഴുന്ന മഴവെള്ളം കുഴല്‍വഴിയായി ഈ കിണറുകളില്‍ വരികയുംചെയ്യുന്നു. കിണറുകള്‍ക്കു കതകുംപൂട്ടും ഉണ്ടു. ഊര്‍ശ്ലേമില്‍ മിക്ക സ്ഥലങ്ങളിലും വെള്ളം സൂക്ഷിക്കുന്നതു ഇപ്രകാരമാകുന്നു. ഉറവകളും ചില സ്ഥലങ്ങളില്‍ ഇല്ലന്നില്ല. പള്ളിയുടെ പടിഞ്ഞാറെ ഭാഗത്തു താഴത്തെ നിലയില്‍ ഉള്ളഒരുമുറിയില്‍ മാര്‍ ബെഹനാന്‍ സഹദായുടെ നാമത്തില്‍ ഒരു ത്രൊണൊസുണ്ടു. ഇവിടെയും കുര്‍ബ്ബാനചൊല്ലുക പതിവാണ. ഈദയറായില്‍ എല്ലാ നിലകളിലുംകൂടി നാല്പതുമുറികളൊളം ഉണ്ടു. കഷ്ടാനുഭവ ആഴ്ചയില്‍ മര്‍ദ്ദീന്‍, തൂറബ്ദീന്‍, ആമ്മീദ, മൂസല്‍ മുതലായി 20 മുതല്‍ 30 വരെ ദിവസങ്ങളുടെ വഴിദൂരമുള്ള സ്ഥലങ്ങളില്‍നിന്നു വരുന്ന സുറിയാനിക്കാര്‍എല്ലാം താമസിക്കുന്നതു ഈ ദയറായില്‍ ആകുന്നു. ഈ കൊല്ലം ദൂരദെശക്കാരായി നൂറില്‍പരം സുറിയാനിക്കാര്‍ വന്നിരുന്നു. അവരില്‍ തൂറബ്ദീനില്‍ നിന്നും കഴിഞ്ഞുപൊയ മലങ്കരമെത്രാന്‍ മാര്‍കൂറിലൊസ യൊയാക്കീംബാവായുടെ114 ചാര്‍ച്ചക്കാരനായി റെമ്പാന്‍ ആഹൊ എന്നും ദര്‍മ്മസൊക്കില്‍നിന്നു റമ്പാന്‍ മല്ക്കെ എന്നും രണ്ടു റമ്പാന്മാര്‍ വന്നിട്ടുണ്ടായിരുന്നു.
ദയറായൊടു ഒട്ടുചെര്‍ന്നു പടിഞ്ഞാറുഭാഗത്തുദയറാവകയായി ഒരു കെട്ടിടം ഉള്ളതു ഇപ്പൊള്‍ ആസ്പത്രിക്കു വാടകയ്ക്കു കൊടുത്തിരിക്കുന്നു. ദയറാ വകയായി കോട്ടയ്ക്കുപുറത്തു രണ്ടു മുന്തിരി തോട്ടങ്ങളും വലിയതും ചെറിയതുമായി അഞ്ചുകെട്ടിടങ്ങളുംഉണ്ടു. ഒന്നു സാമാന്യം വലിപ്പവും ഭംഗിയും ഉള്ളതു തന്നെ. അതു അമ്മെറിക്കാ കൊന്‍സല്‍ ആണ്ടില്‍ 90 പവന്‍ വാടകയ്ക്കു എടുത്തു താമസിച്ചുവരുന്നു. ശെഷം കെട്ടിടങ്ങളും കൂലിക്കു കൊടുത്തിരിക്കയാണ. വഴിപാടുകളും നെര്‍ച്ചകളും കൂടാതെ ദയറായിക്കുള്ള സ്ഥിരവരവു കെട്ടിടങ്ങളുടെ കൂലിയും മുന്തിരിത്തൊട്ടങ്ങളുടെ പാവുമാകുന്നു. ഈ രണ്ടു ഇനങ്ങളില്‍ ആണ്ടില്‍ 250 പ്രെഞ്ചുപവനില്‍ കുറയാതെ മുതലെടുപ്പുണ്ടു. ഒരുപ്രെഞ്ചുപവനു 109 ക്രൂശും ഇംഗ്ലീഷ പവനു 137 ക്രൂശുമാണ ഇവിടത്തെ വില. ദയറാപള്ളിക്കു കസവുകാപ്പകള്‍, കാസാ, പീലാസാ, ധൂപക്കുററി, മെഴുകുതിരിക്കാലുകള്‍ മുതലായി പൊന്നും വെള്ളിയും കൊണ്ടുള്ള പള്ളിസാമാനങ്ങള്‍ വളരെയുണ്ടു. ഒരുകസവുശീലമുടി118ഞങ്ങളുടെ കണ്ണിനു വളരെ കൌതുകമായിരുന്നു എന്നു ബാവാകണ്ടപ്പൊള്‍ അദ്ദേഹം അതുഎടുത്തു നമുക്കു സമ്മാനമായിതന്നു. ദയറാവക സമ്മാനം വാങ്ങുന്നതു യുക്തമല്ലന്നു വിചാരിച്ചു വില വാങ്ങെണമെന്നു നാം വളരെ സിദ്ധാന്തിച്ചിട്ടും ബാവാസമ്മതിച്ചില്ല. മററുള്ളവരില്‍നിന്നും അതിന്‍െറ ഉദ്ദെശവില ചോദിച്ചറിഞ്ഞു, ആ സംഖ്യ ബാവായെ ഏല്പിക്കുവാന്‍ അബ്ദള്ളാ റമ്പാന്‍വശം നാം പോന്നപ്പൊള്‍ കൊടുത്തു.
ഈ ദയറായില്‍ സ്ഥിരവാസികളായി ഇപ്പൊള്‍ മാര്‍ ഗ്രീഗൊറിയൊസ് ഗീവറുഗിസു ബാവായും നാലു റമ്പാന്മാരും ഒരു ശര്‍ബായ റമ്പാനും ആറു ശെമ്മാശന്മാരും വേലക്കാരായി മൂന്നു പുരുഷന്മാരും വൃദ്ധകളായി രണ്ടു സ്ത്രീകളുമുണ്ടു. ഇവരെല്ലാവരും ദയറായില്‍ നിന്നു ഉപജീവിക്കുന്നു. ഇവരെ കൂടാതെ ശമ്പളത്തൊടുകൂടിയ ഒരുമുസല്‍മാന്‍ ശിപായിയുണ്ടു. ബാവായൊ നാമൊ ദയറായില്‍നിന്നു പുറത്തുനടപ്പാന്‍ ഇറങ്ങിയാല്‍ ഈശിപായി അരയില്‍ വാളുകെട്ടിയും ഒരുതരം വില്ലാധരിച്ചും വെള്ളികെട്ടിയ ഒരു അധികാര വടികൊണ്ട നിലത്തു ഉച്ചത്തില്‍ ഇടിച്ചും മുമ്പില്‍ നടക്കുക പതിവായിരുന്നു. ബാവായ്ക്കു ഇപ്പൊള്‍ 70 വയസ്സു പ്രായമുണ്ടു. ദേഹം ശോഷിച്ച ആള്‍ ആണ. വളരെ സൌമ്യനും ഭക്തനും ജനസമ്മതനും തന്നെ. ഇത്രയും പ്രായമായിട്ടും കഷ്ടാനുഭവ ആഴ്ചയില്‍ യാതൊന്നും ഭക്ഷിക്കാതെ സന്ധ്യ വരെ ഉപവസിക്കയായിരുന്നു. ഊര്‍ശ്ലേമില്‍ ഉള്ള മററു ജാതിക്കാരായ വൈദീകന്മാരുടെയും സര്‍ക്കാരുദ്യോഗസ്ഥന്മാരുടെയും പരദെശകോയ്മ പ്രതിനിധികളുടെയും120 ഇടയില്‍ ബാവാ ഒരുമാന്യനും സമ്മതനുമായി ശോഭിക്കുന്നു. ഈ മഹാന്മാര്‍ ഒക്കെയും ദയറായില്‍വന്നു ബാവായെ കാണുകയും ബാവാ അവരെ കാണുകയും പതിവുണ്ടു. റമ്പാന്മാരില്‍ പ്രധാനി 70-നു മേല്‍ പ്രായമുള്ള അബ്ദള്ളാ റെമ്പാന്‍ ആകുന്നു. 1032-ാമാണ്ടിടക്കു മലയാളത്തുവന്ന ഊര്‍ശ്ലെമിന്‍െറ മാര്‍ ഗ്രീഗൊറിയൊസ അബ്ദല്‍നൂര്‍ ബാവായുടെ കൂടെ ഈനാട്ടില്‍വന്ന ആളാകകൊണ്ടു ഈ റെമ്പാച്ചനെ കണ്ടറിയുന്ന വൃദ്ധന്മാര്‍ മലയാള സുറിയാനിക്കാരില്‍ ധാരാളം ഉണ്ടായിരിക്കണം. അന്നുമലയാളത്തുനിന്നുപിരിഞ്ഞുകിട്ടിയ വഴിപാടുകളും സൂറിയായില്‍ നിന്നു പിരിച്ച വഴിപാടുകളും കൊണ്ടു ദയറായില്‍ ചിലകെട്ടിടങ്ങള്‍ പണിയിക്കയും പള്ളിയില്‍ ചിലതങ്കപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ടു. മലയാളത്തെയും സൂറിയായിലെയും പിരിവുകൊണ്ടു ഇന്നാരാല്‍ഇന്നകാലത്തു ഇന്നതു പണിയിക്കപ്പെട്ടു എന്നു വെള്ളക്കല്ലില്‍ കൊത്തി കെട്ടിടങ്ങളുടെ ഭിത്തികളിലും ത്രൊണൊസിന്മെലും വച്ചിട്ടുണ്ടു. ദയറായിലെ സ്ഥിരവാസികളായ ശെഷം റെമ്പാന്മാര്‍ അപ്രെം, സൊഹദൊ, ഗബ്രിയെല്‍ എന്നിവരും ശര്‍ബ്ബായറമ്പാന്‍ ബര്‍സൌമ്മായുമാകുന്നു. ശെമ്മാശന്മാര്‍, യാക്കോബ, ഇസ്ഹാക്ക, ഗബ്രിയേല്‍, മികായെല്‍, ബര്‍സൌമ്മാ, ശെമഓന്‍ ഇവര്‍ ആകുന്നു. സൊഹദൊ റമ്പാനും ഗബ്രിയെല്‍ റമ്പാനും ബര്‍സൌമ്മാ ശെമ്മാശും ശെമഓന്‍ ശെമ്മാശും ധര്‍മ്മശെഖരപിരിവിനായി മിസ്രെന്‍ കൂശു മുതലായ സ്ഥലങ്ങളിലെക്കു പൊയിരുന്നതിനാല്‍ ഇവരെ കാണ്മാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ആലക്കുസന്ത്രിയ സിംഹാസനവും അന്ത്യൊഖ്യാ സിംഹാസനവുംതമ്മില്‍ പൂര്‍ണ്ണസ്നെഹത്തിലും വിശ്വാസ വിപരീതം കൂടാതെയും ഇരിക്കുന്നതിനാല്‍ രണ്ടുകൂട്ടരും പരസ്പരം ധര്‍മ്മ ശെഖരം പിരിക്കയും കൊടുക്കയും അവിടങ്ങളില്‍ സഹജമാണ.
(പ. പരുമല തിരുമേനി 1895-ല്‍ രചിച്ച മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ യാത്രാവിവരണമായ ഊര്‍ശ്ലേം യാത്രാവിവരണത്തില്‍ നിന്നും)