അ ഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് എന്റെ ഓർമ്മ. ഒരു ദിവസം സ്കൂളിൽ നിന്നു വന്നപ്പോൾ ഒരു പോസ്റ്റ് കാർഡ് അമ്മ എനിക്ക് തന്നു. എന്റെ മേൽവിലാസത്തിൽ വന്ന കത്ത്. ജീവിതത്തിൽ ആദ്യമായി എനിക്ക് ലഭിച്ച ആ കത്ത് പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടേതായിരുന്നു. തിരുമേനിയുടെ ചിത്രവും കാർഡിൽ പതിച്ചിട്ടുണ്ട്.
തിരുമേനി സ്ഥാപിച്ച സ്ലീബാദാസസമൂഹ നിധിയിലേക്ക് എന്റെ പിതാവ്, എന്റെ പേരിൽ നൽകിയ ചെറിയൊരു സംഭാവനയ്ക്കുള്ള നന്ദിയാണ് കാർഡിൽ കുറിച്ചിരുന്നത്. ഒപ്പം താഴത്തങ്ങാടി മാർ ബസേലിയോസ് പള്ളിയിൽ തിരുമേനി എത്തുന്ന വിവരവും. തിരുമേനിയെ കാണാൻ പിതാവിനൊപ്പം പോയതിന്റെ ആഹ്ലാദം ഇപ്പോഴും ഓർമ്മയിലുണ്ട്.
സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14ന് സ്ലീബാദാസ സമൂഹത്തിന് 94 വയസ്സാകും. സമൂഹ സ്ഥാപകനായ ഒസ്താത്തിയോസ് തിരുമേനിയുടെ സ്മാരകമായി നിലനിൽക്കുകയാണ് സമൂഹവും അതുൾക്കൊള്ളുന്ന പ്രേഷിത ചൈതന്യവും എന്നും. സ്ലീബാ പെരുന്നാളെത്തുമ്പോൾ തിരുമേനിയെക്കുറിച്ച് മധുരിക്കുന്ന നല്ലോർമ്മകൾ ഏറെയാണ്.
1953 മെയ് 15. ഞങ്ങളുടെ ഇടവക പള്ളിയിൽ വച്ചാണ് 67 ആം വയസ്സിൽ പത്രോസ് റമ്പാൻ മെത്രാൻ സ്ഥാനമേൽക്കുന്നത് പരിശുദ്ധ കല്ലാശ്ശേരിൽ ബാവായാണ് പ്രധാന കാർമികൻ. മേല്പട്ടസ്ഥാനത്തേക്ക് അന്ന് അഞ്ചുപേർ വാഴിക്കപ്പെട്ടു. “5 പൊൻ മുത്തുകൾ.” ആ ശ്രേഷ്ഠ പിതാക്കളെ കുറിച്ചുള്ള ഓർമ്മകൾക്ക് പോലുമുള്ളത് പൊൻനിറം.
ഒസ്താത്തിയോസ് തിരുമേനിക്ക് ഒരു കാർ വാങ്ങാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് എൻ. എം. എബ്രഹാം “ചർച്ച് വീക്കിലി”യിൽ ഒരു മുഖപ്രസംഗം എഴുതി. കുവൈത്തിലുള്ള സഭാംഗങ്ങൾ 3000 രൂപ സമാഹരിച്ചു. ആവശ്യമെങ്കിൽ ബാക്കി തുക ക്രമീകരിക്കാമെന്ന ഉറപ്പുമുണ്ട്. ഈ വിവരം തിരുമേനിയെ അറിയിക്കുന്നതിന് ക്ലേറി പി.വി. വർഗീസ് എറണാകുളത്തെത്തി. തിരുമേനി യാത്ര കഴിഞ്ഞു ബസിറങ്ങിയ സമയത്ത് സ്റ്റോപ്പിൽ വച്ചാണ് അദ്ദേഹം തിരുമേനിയെ കണ്ടത്.
കുവൈത്തിലെ സഭാംഗങ്ങളുടെ ആഗ്രഹം തിരുമേനിയെ അറിയിച്ചു. തിരുമേനിയുടെ മറുപടി സുവ്യക്തവും സുദൃഢവുമായിരുന്നു. “കാർ വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. ആ തുക സമൂഹത്തിലെ പാവപ്പെട്ടവർക്കു വേണ്ടി വിനിയോഗിക്കാം.” തിരുമേനി പിന്നീട് മുളന്തുരുത്തിക്കുള്ള ബസ്സിൽ കർമേൽ ദയറായിലേക്ക് പോയി.
അഹങ്കാരമോ, കൃത്രിമത്വമോ, ആഡംബരമോ ഒന്നുമില്ലാത്ത കാരുണ്യത്തിന്റെ മാലാഖയായിരുന്നു പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി. അതിപുരാതന പൗരോഹിത്യ പാരമ്പര്യമുള്ള മൂക്കഞ്ചേരിൽ കുടുംബത്തിലെ അംഗം. പുണ്യവാനായ തിരുമേനി 59 വർഷം മുമ്പ് സ്വന്തം കൈപ്പടയിൽ മേൽവിലാസമെഴുതി അയച്ച കത്ത്, ജീവിതത്തിലാദ്യമായി എനിക്ക് ലഭിച്ച ആ കത്ത്, എനിക്ക് വളരെ വിലപ്പെട്ട സമ്പാദ്യമാണിന്നും.
ആറു പതിറ്റാണ്ടുകൾക്കിപ്പുറം, ഇന്നത്തെ കാഴ്ചകൾക്കു മുമ്പിൽ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖം എളിമയും സ്നേഹവും കാരുണ്യവും പ്രകാശിക്കുന്ന മാലാഖാ രൂപമാണ്. സ്ലീബാ പെരുന്നാൾ ഒരിക്കൽ കൂടി എത്തുമ്പോൾ, പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ രൂപം നമ്മുടെ എല്ലാ ഭാരങ്ങളിലും ദുഖങ്ങളിലും ഏറ്റവും വലിയ മധ്യസ്ഥനായി ഉൾക്കാമ്പിൽ തെളിഞ്ഞുനിൽക്കുന്നു.