സൗമ്യം ദീപ്തം സഫലം / ഡോ. സിബി തരകൻ 

(പ്രൊഫ.പി. സി. ഏലിയാസ്  സാറിന് യാത്രാമൊഴി)

പ്രഭാഷകന്‍, അദ്ധ്യാപകന്‍, സംഘാടകന്‍, സഭാസ്നേഹി തുടങ്ങി വിവിധ നിലകളില്‍ സമൂഹത്തിനും സഭയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രൊഫ. പി. സി. എലിയാസ് സാര്‍ നമ്മോടു യാത്ര പറഞ്ഞു.

അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ‘സൗമ്യം ദീപ്തം, സഫലം’ എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത്. വ്യക്തിപരമായി അദ്ദേഹം എനിക്ക് ഗുരുതുല്യനും പ്രചോദനവും ആയിരുന്നു.

ഞാന്‍ പള്ളം സെന്‍റ് പോള്‍സ് പള്ളിയില്‍ സണ്‍ഡേസ്കൂള്‍ പത്താം ക്ലാസ് ജയിച്ചപ്പോള്‍ അദ്ധ്യാപകനായിരുന്ന സണ്ണി സാര്‍ പറഞ്ഞു. ‘അടുത്ത ശനിയാഴ്ച വൈകുന്നേരം യൂത്ത്ലീഗിനു വരണം.’ എന്നൊടൊപ്പം പരീക്ഷ ജയിച്ച ജോബോയ്, ജോഷ്വാ, അലക്സ് എന്നിവരെയും യൂത്ത്ലീഗിലേക്കു നേരിട്ട് ‘റിക്രൂട്ട്’ ചെയ്യുകയായിരുന്നു. ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം പള്ളിമുറിയില്‍ യൂത്ത്ലീഗ് സമ്മേളിച്ചപ്പോള്‍ മുതിര്‍ന്ന പത്തുപന്ത്രണ്ടു പേരുണ്ടായിരുന്നു. അവിടെവച്ചായിരുന്നു ഏലിയാസ് സാറിനെ ആദ്യം കണ്ടത്. 1980 കളുടെ ആരംഭം.

ആയിടയ്ക്കാണ് അദ്ദേഹം നൈജീരിയയിലെ ജോലിക്കുശേഷം തിരികെ വന്നു കോട്ടയം ബസേലിസ് കോളജിലെ ഇക്കണോമിക്സ് വകുപ്പില്‍ തിരികെ പ്രവേശിച്ചത്. പള്ളത്തു കാരമൂട് പള്ളിക്കടുത്താണ് അദ്ദേഹം താമസിച്ചിരുന്നതെങ്കിലും പള്ളം സെന്‍റ് പോള്‍സ് പള്ളിയിലായിരുന്നു അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ സാംബന്ധിച്ചിരുന്നത്.

അതിനു കാരണം വികാരി ആയിരുന്ന ബഹു. ടി. ജെ. ജോഷ്വാ അച്ചനോടുള്ള സ്നേഹാദരവുകള്‍ ആയിരുന്നു.

അക്കാലത്ത് അദ്ദേഹം കോട്ടയത്തും ചുറ്റുപാടുമള്ള പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥിരം പ്രസംഗകനായിരുന്നു.

ഏതു വിഷയത്തെക്കുറിച്ചും സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ രസകരമായ കഥകള്‍ ചേര്‍ത്തു ആകര്‍ഷകമായി നടത്തിയിരുന്ന പ്രസംഗങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും അനായാസമായി അദ്ദേഹം പ്രസംഗിക്കുമായിരുന്നു.

പിന്നീട് ഞാന്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പള്ളിയുടെ പുനര്‍ നിര്‍മാണ സ്മരണികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

അപ്പോള്‍ മാത്രമാണ് ഞാന്‍ മനസിലാക്കിയത് അദ്ദേഹം ഒരു ‘വടക്കന്‍’ ആണെന്ന്. സംഭാഷണത്തില്‍ ഇടയ്ക്കിടെ മുവാറ്റുപുഴയും അങ്കമാലിയും കോതമംഗലവും ഒക്കെ കടന്നുവന്നപ്പോളാണ് അതേപ്പറ്റി ചോദിക്കാന്‍ തോന്നിയത്. വടക്കനായി ജനിച്ചുവളര്‍ന്നു കോട്ടയംകാരനായപ്പോഴും അദ്ദേഹം വടക്കിന്‍റെ സ്വഭാവ മഹിമകള്‍ കാത്തുസൂക്ഷിച്ചു.

അദ്ദേഹം ആരോടും ആജ്ഞാപിക്കുന്നതു ഞാന്‍ കേട്ടിട്ടില്ല. എവിടെയും ഒരു മധ്യവര്‍ത്തിയുടെ റോളിലായിരുന്നു അദ്ദേഹം. സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ തല കുരുങ്ങുമ്പോഴും അദ്ദേഹത്തിന്‍റെ വ്യാഖ്യാനങ്ങള്‍ പല നൂലാമാലകളെയും ഇല്ലാതാക്കി.

പ്രായം കൂടുംതോറും അദ്ദേഹം കൂടുതല്‍ പരിണതപ്രജ്ഞനായിക്കൊണ്ടിരുന്നു. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ക്ലാസ്സുകളില്‍ ഇരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഞാന്‍ ഗുരുതുല്യനായി കരുതിയിരുന്ന മഹാനുഭാവനായിരുന്നു ഏലിയാസ് സാര്‍.

ഓര്‍ത്തഡോക്സ് സഭാംഗവും പ്രശസ്ത സാഹിത്യനിരൂപകനും സാഹിത്യ അക്കാദമി പ്രസിഡന്‍റും ആയിരുന്ന ഡോ. കെ. എം. തരകന്‍റെ വിപുലമായ ശിഷ്യഗണത്തില്‍ ഏലിയാസ് സാറും ഉണ്ടായിരുന്നു.

ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്‍റിന്‍റെയും എം.ജി.ഒ.സി.എസ്.എം ന്‍റെയും ആഭിമുഖ്യത്തില്‍ അദ്ദേഹം സംഘടിപ്പിച്ച സാഹിത്യ-പത്രപ്രവര്‍ത്തക ശില്പശാലകള്‍ അനേകം എഴുത്തുകാരെ സൃഷ്ടിക്കുവാന്‍ സഹായിച്ചു.

പീലിപ്പോസ് മാര്‍ തെയോഫിലോസ് വലിയ മെത്രാപ്പോലീത്തായുടെ വത്സല ശിഷ്യനായിരുന്ന എലിയാസ് സാര്‍ ആ നിലയില്‍ എം.ജി.ഒ.സി.എസ്.എം. പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കെ. എം. തരകന്‍ സാറിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്ന ‘വിശ്വദീപം’ അവാര്‍ഡ്ദാന ചടങ്ങുകളില്‍ അദ്ദേഹത്തെ പ്രധാന കാര്യദര്‍ശിയുടെ സ്ഥാനത്ത് കാണുമായിരുന്നു.
ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയോടും അദ്ദേഹം അടുപ്പം പുലര്‍ത്തി. കാര്‍ യാത്രയ്ക്കിടയില്‍ ഒരിക്കല്‍ നൈജീരിയന്‍ റേഡിയോയ്ക്കു വേണ്ടി തിരുമേനിയെ അദ്ദേഹം ഇന്‍റര്‍വ്യൂ ചെയ്തത് വിവരിച്ചത് ഓര്‍ക്കുന്നു.

ഇന്‍റര്‍വ്യൂവിനു പലരും ശ്രമിച്ചിട്ടും തിരുമേനിക്ക് സമയം അനുവദിക്കാനായില്ല. അവരില്‍ ചിലര്‍ ഏലിയാസ് സാറിനെ സമീപിച്ചു. എയര്‍പോര്‍ട്ടിലേക്കു കാറില്‍ യാത്രചെയ്യുന്നതിനിടയില്‍ ആകാം എന്ന് തിരുമേനി സമ്മതിച്ചു. യാത്രയ്ക്കിടയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തിരുമേനിയെ ഇന്‍റര്‍വ്യൂ ചെയ്തത് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.

എന്നെക്കാള്‍ ഇരുപതു വയസു പ്രായക്കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും തുല്യ പരിഗണന നല്‍കിയത് അദ്ദേഹത്തിന്‍റെ ഹൃദയവിശാലതകൊണ്ട് മാത്രം. അത് പലരുടേയും അനുഭവം ആണ്. എന്നേക്കാള്‍ പ്രായം കുറഞ്ഞ പലരും പേര് വിളിച്ചു സംബോധന ചെയ്യുമ്പോള്‍ എലിയാസ് സാര്‍, ‘ഡോക്ടര്‍ തരകന്‍’ എന്നു വിളിച്ച് എന്നെ അത്ഭുതപ്പെടുത്തി.
ഏറ്റവും ഒടുവില്‍ അദ്ദേഹവുമായി അടുത്തു ബന്ധപ്പെടുന്നത് ‘വിപാസന’യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്.

ഏലിയാസ് സാറിന്‍റെ ശിഷ്യനായ പി. എ. ഫിലിപ്പച്ചന്‍ സംഘടിപ്പിച്ചിട്ടുള്ള ആലോചന യോഗങ്ങളില്‍ അദ്ദേഹവും സജീവമായി പങ്കെടുത്തു. ഗുരു ശിഷ്യനെക്കാള്‍ വലുതാണെന്നോ ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലുതാണെന്നോ ഉള്ള ചിന്തകള്‍ ഒന്നും അദ്ദേഹത്തെ ഭരിച്ചില്ല. ഏതു ആലോചന സമിതികളിലും ആരെയും മുറിപ്പെടുത്താതെ വ്യക്തവും കൃത്യവുമായ അഭിപ്രായങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. ‘വിപാസന’യുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചു. ‘വിപാസന’യുടെ പ്രാരംഭ ചര്‍ച്ചകളിലും ഉത്ഘാടന സമ്മേളനത്തിലും ഇതര പ്രധാന മീറ്റിംഗുകളിലും അദ്ദേഹം താത്പര്യപൂര്‍വം പങ്കെടുത്തു.

കൗണ്‍സലിങ്ങില്‍ പ്രാഥമിക അറിവ് ഉണ്ടായിരുന്ന അദ്ദേഹം ജന്മനാ തന്നെ ഒരു കൗണ്‍സിലര്‍ ആയിരുന്നു.

ഏലിയാസ് സാറിനെപ്പോലെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ എത്രയോ ചുരുക്കം. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ വിയോഗം എനിക്ക് തീരാ നഷ്ടം തന്നെ. അദ്ദേഹത്തിന്‍റെ വ്യക്തിത്വം സൗമ്യവും ദീപ്തവും ആയിരുന്നു. ആ ജന്മം സഫലവും ആയിരുന്നു.