86. ഈ 1099-ാം ആണ്ട് ഭയങ്കരമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കര്‍ക്കിടകം ഒന്നിനു മുതല്ക്കാണ് നിര്‍ത്താതെയുള്ള മഴ പെയ്തത്. നാലാം തീയതിയോടു കൂടി വെള്ളപ്പൊക്കം അത്യുച്ചത്തില്‍ എത്തി. മുമ്പെങ്ങും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് വയസ്സന്മാര്‍ പറയുന്നത്. പാണമ്പടി പള്ളി പുരയിടവും പള്ളിയും വെള്ളത്തിനടിയിലായതിനാല്‍ അവിടെ താമസിച്ചിരുന്ന മാര്‍ ഒസ്താത്തിയോസ്, മാര്‍ കൂറിലോസ് എന്നീ ബാവാമാര്‍ വലിയപള്ളിയില്‍ വന്നു താമസമായി. കുമരകം മുതലായ പടിഞ്ഞാറുള്ള താണ സ്ഥലങ്ങളില്‍ വീടുകളെല്ലാം വെള്ളത്തിനടിയിലാകയാല്‍ അവിടങ്ങളിലുള്ള ആളുകള്‍ കോട്ടയം മുതലായ ഉയര്‍ന്ന സ്ഥലങ്ങളില്‍ കൂട്ടമായി വന്നു താമസമാകുന്നു. മാര്‍ സേവേറിയോസ് മെത്രാച്ചന്‍ നീലമ്പേരൂരിലായിരുന്നു. കറുകപ്പറമ്പില്‍ക്കാര്‍ ചങ്ങനാശ്ശേരിയില്‍ ഒരു വീട് എടുത്ത് താമസിച്ചു. ഇവരെ കാണുന്നതിന് ഞാന്‍ ഒരു വള്ളത്തില്‍ പോയി. മെത്രാച്ചന്‍ താമസിച്ചിരുന്ന നീലമ്പേരൂര്‍ പള്ളിമുറിയുടെ അടിയിലത്തെ നില വെള്ളത്തിലായിപ്പോയി. മെത്രാച്ചനും കൂടെയുണ്ടായിരുന്ന മാലിത്ര അച്ചനും വേലക്കാര്‍ക്കും വലിയ വിഷമമില്ലായിരുന്നു. നീലമ്പേരൂരെ ജനങ്ങളില്‍ മിക്കവരും കുറിച്ചിയില്‍ പോയി അഭയം പ്രാപിച്ചിരുന്നു. കര്‍ക്കിടകം 6-നു ഞാന്‍ നീലമ്പേരൂരില്‍ ചെന്ന് മെത്രാച്ചന്‍റെ സംഗതി അന്വേഷിച്ച ശേഷം പിറ്റേദിവസം ചങ്ങനാശ്ശേരിയില്‍ ചെന്നു ഭാര്യയെയും കുട്ടികളെയും കയറ്റി കോട്ടയത്തു കൊണ്ടുവന്നു താമസിപ്പിച്ചു.
(കോട്ടയം താഴത്തങ്ങാടി ഇടവഴിക്കല്‍ ഇ. എം. ഫീലിപ്പോസിന്‍റെ (സഭാചരിത്രകാരനും പത്രാധിപരും മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയും) മകന്‍ ഇ. പി. മാത്യുവിന്‍റെ ഡയറിക്കുറിപ്പില്‍ നിന്നും.)
‘പ്രളയം @ 99’; നമ്മൾ അതിജീവിച്ച തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം