പ്രകൃതിയുടെ മുറിവ് / അരുന്ധതി റോയ്

നമ്മളെല്ലാം ആറ്റുനോറ്റു കാത്തിരിക്കാറുള്ള കാലവർഷം, ഇഷ്ടമുണ്ടെന്നു നമ്മൾ നടിക്കുന്ന നദികൾ. ഈ വർഷം അവർ കേരളത്തോടു മറുവാക്കു പറയുന്നു. അവരുടെ രൗദ്രഭാവം സങ്കൽപിക്കാവുന്നതിലുമേറെ. ദുരന്തത്തിന്റെ വ്യാപ്തിയും ആളുകൾ അനുഭവിക്കുന്ന ദുരിതവും മെല്ലെ പുറത്തുവരുന്നതേയുള്ളൂ. എന്നെ സംബന്ധിച്ചാണെങ്കിൽ, മഴയായിരുന്നു എന്റെ പേനയിലെ മഷി. എന്റെ കഥയെ മുന്നോട്ടു നയിച്ചതാകട്ടെ മീനച്ചിലാറും. എന്നെ ഇപ്പോഴുള്ള എഴുത്തുകാരിയാക്കിയത് അവർ രണ്ടുപേരുമാണ്.

പ്രളയത്തിൽപെട്ടവരെ സുരക്ഷിതതീരമണയാൻ സഹായിച്ച് കര, നാവിക, വ്യോമ സേനകളും വിവിധ സർക്കാർ ഏജൻസികളും പ്രാദേശിക കൂട്ടായ്മകളും സമാനതകളില്ലാത്ത സേവനസന്നദ്ധതയോടെ രംഗത്തെത്തിയ മൽസ്യത്തൊഴിലാളി സംഘങ്ങളും മാധ്യമപ്രവർത്തകരും ആയിരക്കണക്കിനു സാധാരണക്കാരായ ജനങ്ങളും ധീരതയുടെ മികച്ച മാതൃകകളായി. അവരുടെ സാഹോദര്യഭാവവും ജീവൻ പണയംവച്ചുള്ള സേവനപ്രവർത്തനങ്ങളും നമ്മൾ കാണുന്നു. പണമുൾപ്പെടെ സഹായങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. പണവും സഹായങ്ങളും ഇനിയും ഏറെ വേണ്ടിവരും. വെള്ളമിറങ്ങുമ്പോൾ തെളിഞ്ഞുവരുന്ന പ്ലാസ്റ്റിക് മാലിന്യക്കടലു കണ്ടിട്ടും ഈ പ്രളയത്തെ പ്രകൃതിദുരന്തത്തിലേക്ക് ഒതുക്കുന്നതും മനുഷ്യർക്ക് ഇതിൽ ഒരു പങ്കുമില്ലെന്നു പറയുന്നതും ആത്മവഞ്ചനയാകും.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാലത്ത് ഏറ്റവുമാദ്യം ദുരന്തത്തിന് ഇരയാകുന്നതു പർവതങ്ങളും തീരപ്രദേശങ്ങളുമാണെന്ന് ഇതിനോടകം നമുക്കു ബോധ്യപ്പെട്ടതാണ്. പ്രകൃതിദുരന്തങ്ങളുടെ തീവ്രതയും എണ്ണവും കൂടാനിരിക്കുന്നതേയുള്ളൂ. കലിഫോർണിയ ചുട്ടുപൊള്ളുമ്പോൾ കേരളം മുങ്ങിത്താഴുന്നു.

പർവതങ്ങൾക്കും കടലിനും ഇടയിലെ ഒരു തുണ്ടു ഭൂമിയായ നമ്മുടെ കേരളത്തിന് ഇതിലും വലിയൊരു ദുരന്തഭീഷണിയുണ്ടാകാനില്ല. കടിഞ്ഞാണില്ലാത്ത അത്യാഗ്രഹം, ഖനനത്തിനും റിസോർട്ട് നിർമാണത്തിനും വസതിയൊരുക്കലിനുമായി സമ്പന്നർ നടത്തുന്ന ഞെട്ടിക്കുന്നതോതിലുള്ള വനനശീകരണം, പ്രകൃതിയുടെ സ്വാഭാവിക ഓടകളടച്ചുള്ള അനധികൃത നിർമാണങ്ങൾ, ജലസംഭരണത്തിനു പ്രകൃതിയുടേതായുള്ള സംവിധാനങ്ങളുടെ നശീകരണം, അണക്കെട്ടുകളുടെ തെറ്റായ ഉപയോഗം– ഇവയെല്ലാം ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മിഷന് ഈ പ്രളയം മുൻകൂട്ടി കാണാൻ കഴിയാതെപോയത് എന്തുകൊണ്ടാണ്? പ്രളയകാലത്തു രക്ഷകരാകേണ്ട അണക്കെട്ടുകളിൽനിന്ന് പ്രതിസന്ധിഘട്ടത്തിന്റെ പരകോടിയിൽ വെള്ളം പുറത്തുവിടേണ്ടി വന്നതും അങ്ങനെ ദുരന്തത്തിന്റെ തോത് പലമടങ്ങായി ഉയർന്നതും എന്തുകൊണ്ടാണ്?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സഹായമെത്തിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരായ ആളുകൾ നുള്ളിപ്പെറുക്കിയുണ്ടാക്കിയ പണമാണ് അതിലേറെയും. വിദൂര ദുരന്തമേഖലകളിൽ അകപ്പെട്ടുപോയവരിലേക്കു വരെ ദുരിതാശ്വാസമെത്തിക്കാനുള്ള ഏകോപന സംവിധാനം സർക്കാരിനു മാത്രമേയുള്ളൂവെന്നു വിശ്വസിച്ചാണ് അവരിതു ചെയ്യുന്നത്. എന്നിരുന്നാലും, കഴിഞ്ഞ കാലങ്ങളിലെ മുന്നറിയിപ്പുകളെല്ലാം പാടേ അവഗണിച്ച അതേ ഭരണസംവിധാനം തന്നെയാണല്ലോ ഈ ഫണ്ടുകളെല്ലാം കൈകാര്യം ചെയ്യുന്നതെന്നോർക്കുമ്പോ‍ൾ നമ്മളിൽ പലർക്കും ആശങ്കയില്ലാതില്ല. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് തന്നെ ഉദാഹരണം. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ആർത്തി മൂത്തു നടക്കുന്ന ബിസിനസുകാരും വ്യവസായികളും നടത്തുന്ന ആസൂത്രണമില്ലാത്ത വികസനപ്രവർത്തനങ്ങൾക്കു സർക്കാർ ഇടപെട്ടു തടയിട്ടില്ലെങ്കിൽ, ഇപ്പോൾ നാം കാണുന്ന അവസ്ഥയുണ്ടാകുമെന്നു മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രവചിച്ചിരുന്നതാണ്.

ആളുകളിലെ ഏറ്റവും മികച്ച ഗുണവും ഒപ്പം ഏറ്റവും പൈശാചിക മുഖവും പുറത്തുകൊണ്ടുവരാൻ ഇതുപോലെയുള്ള ദുരന്തങ്ങൾക്കു കഴിവുണ്ട്. നല്ല ഗുണങ്ങൾക്കു ജനങ്ങളെ ഒന്നിപ്പിക്കാനാകും. അല്ലാത്തവയാകട്ടെ, വിള്ളലുകളുടെ വ്യാപ്തി കൂട്ടി ദുരന്തങ്ങൾക്കു കാരണമായ പ്രവൃത്തികൾ ചെയ്തുകൂട്ടിയവർക്കു തന്നെ സഹായകരമാകും. സൂനാമിയും ന്യൂ ഒർലിയൻസിലെ കട്രീന ചുഴലിക്കാറ്റും ദുരന്തം വിതച്ചപ്പോൾ, പട്ടിണിപ്പാവങ്ങളുടെയും നിരാലംബരുടെയും സ്ഥലവും വീടും കയ്യേറാൻ നിർമാണ വ്യവസായക്കാർ ശ്രമം നടത്തിയതു നമ്മൾ കണ്ടതാണ്.

സങ്കടകരമെന്നു പറയട്ടെ ഇന്ത്യയിൽ പലവിധ ശക്തികൾ രംഗത്തുണ്ട്. സമുദായങ്ങൾക്കിടയി‍ൽ വിഷവും വിദ്വേഷവും പരത്താൻ ആകാവുന്നതെല്ലാം ചെയ്യുന്നവരാണിവർ. പരസ്പര സ്നേഹവും സഹാനുഭൂതിയും മാത്രം നിലനിൽക്കേണ്ട സന്ദർഭങ്ങളിൽ ഇവർ കുതന്ത്രങ്ങൾ മെനയുന്നു. ഭാഗ്യത്തിന്, കേരളത്തിലെ ജനങ്ങൾ ഇത്തരം ശ്രമങ്ങൾക്കു വശംവദരായ ചരിത്രമില്ല. സങ്കടത്തിന്റെയും കഷ്ടപ്പാടിന്റെയും ഈ അവസരത്തിലും അവർ അതിനു നിന്നുകൊടുക്കില്ലെന്നുതന്നെ കരുതാം.

തകർന്നു തരിപ്പണമായ ജീവിതം കൂട്ടിച്ചേർക്കാൻ ജനം കഷ്ടപ്പെടുമ്പോൾ, ദലിതരുടെയും കാടു വീടാക്കിയ ആദിവാസികളുടെയും കാര്യത്തിലും കേരള സർക്കാരിന്റെ പ്രത്യേക കരുതലുണ്ടാകുമെന്നു പ്രത്യാശിക്കുന്നു. ദുരിതാശ്വാസ സഹായം വാങ്ങാൻ വരിനിൽക്കുന്നവരുടെടെ മുന്നിലേക്ക് ഇടിച്ചുകയറാനോ കാര്യം നേടാനോ ഉള്ള ശക്തിയോ മാർഗമോ ഇല്ലാത്തവരാണവർ.

കഴിഞ്ഞതിനെയോർത്തു ദുഃഖിച്ചിട്ട് ഇനി ഫലമില്ല. സാധാരണ ജീവിതത്തിലേക്കു മടങ്ങുകയെന്നു മാത്രമല്ല പുനർനിർമാണവും പുനരധിവാസവുംകൊണ്ട് അർഥമാക്കേണ്ടത്. നമ്മൾ അസന്തുലിതമാക്കിയ പരിസ്ഥിതിയുടെ താളം തിരിച്ചുപിടിക്കണം. അതല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് ജനവാസയോഗ്യമല്ലാതായിത്തീരും. പ്രളയത്തിന്റെ ഈ കണ്ട രൗദ്രഭാവമെല്ലാം സൗമ്യമായ ഒരു മുന്നറിയിപ്പു മാത്രം.

Source

The rising tide / Arundhati Roy