ഓർത്തഡോക്സ് സഭയ്ക്കനുകൂലമാകുന്ന വിധികൾ നടപ്പിലാകാത്തത് എന്തുകൊണ്ട്? / എ. പി. സജി

കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗം വൈദീകർക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി മൂവാറ്റുപുഴമുൻസിഫ് കോടതി വിധിയുണ്ടായതിനെ തുടർന്ന് 27/7/2018 ബുധനാഴ്ച കോതമംഗലത്ത് ഹർത്താലും പ്രതിഷേധറാലികളും മീറ്റിംഗുകളും എല്ലാം നടന്നു. മത രാഷ്ടീയ സാമൂഹിക നേതാക്കൾ പങ്കെടുത്ത പ്രസ്തുത പ്രതിഷേധം കോടതി വിധി അംഗീകരിയ്ക്കില്ല എന്നൊരു ധ്വനിയാണ് സമൂഹത്തിനു നൽകിയിട്ടുള്ളത്.
ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുന്നതിന് ഓർത്തഡോക്സ് സഭ കാണിയ്ക്കുന്ന വിമുഖതയല്ലേ ഇത്തരം സംഭവ വികാശങ്ങൾ തുടർക്കഥയായി മാറുന്നതിന് കാരണമാകുന്നത് എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.

2017 ജൂലായ് 3 ന് സുപ്രീം കോടതി വിധിയുണ്ടായപ്പോൾ അത് ഏതാനും പള്ളികൾക്ക് മാത്രമാണ് എന്ന ഒരു ധാരണയാണ് സഭ തന്നെ ഉണ്ടാക്കി വെച്ചത്. വിധി മലങ്കര ഓർത്തഡോക്സ് പള്ളിലിസ്റ്റിലെ എല്ലാ പള്ളികൾക്കും ബാധകമായിരുന്നുവെങ്കിലും വിധിയിൽ എടുത്തു പരാമർശിക്കാത്ത മറ്റു പള്ളികളിൽ കൂടി നടപ്പിലാക്കിത്തരണമെന്ന അവകാശവാദം ഓർത്തഡോക്സ് സഭയിൽ നിന്നും ഉണ്ടായില്ല. പകരം വിധിയെ അടിസ്ഥാനമാക്കി ഓരോ പള്ളികളും കേസ് നൽകുക എന്ന നയമാണ് സ്വീകരിച്ചത്.

2018 ഫെബ്രുവരിയിൽ യാക്കോബായ വിഭാഗം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വിശ്വാസ പ്രഖ്യാപന സമ്മേളനം നടത്തി. മത സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ആ സമ്മേളനത്തിൽ തോമസ് പ്രഥമൻ കാക്കോലിയ്ക്കാബാവയും യാക്കോബായ സഭയിലെ ഇതരമെത്രാപ്പോലീത്തമാരും സുപ്രീം കോടതി വിധി അനുസരിയ്ക്കില്ല എന്നു തുറന്നു പ്രഖ്യാപിച്ചു. ഇതിന്റെ തൽസമയസംപ്രേഷണം സോഷ്യൽ മീഡിയകളിലും ഇതര മീഡിയകളിലുമെല്ലാം ഉണ്ടായതാണ്. ഇത്തരത്തിൽ നഗ്നമായ കോടതിയലക്ഷ്യ പ്രസ്ഥാവനകൾ ഉണ്ടായപ്പോൾ പോലും കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നതിനു ഓർത്തഡോക്സ് സഭാനേത്യത്വം തയ്യാറായില്ല.

2018 ഏപ്രിൽ 19 ന് പിറവം പള്ളി സംബന്ധമായ വിധിയിൽ സുപ്രീം കോടതി പറഞ്ഞത് 2017 ജൂലായി 3 ലെ വിധി അന്തിമമാണെന്നും മറ്റു പള്ളികൾക്കും ബാധകമാണെന്നും അതിനാൽ കേസു തള്ളുന്നു എന്നുമാണ്. ഈ വിധി വന്നപ്പോഴും അത് പിറവം പള്ളിയ്ക്കു മാത്രമായി നടപ്പിലാക്കിയെടുക്കുക എന്ന ഒരു നയമാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചത്. ഫലത്തിൽ അതുപോലും നടപ്പിലാക്കിയെടുക്കാൻ ഓർത്തഡോക്സ് സഭയ്ക്കു സാധിച്ചില്ല. നേർവഴിയ്ക്കൂ പോകാതെ രാഷ്ട്രീയക്കാരെ നമ്പാൻ പോയതാണ് അതിനു കാരണമായതും. രാഷ്ട്രീയക്കാർക്ക് വോട്ടു ബാങ്ക് മാത്രമാണ് പ്രധാനം അവരെ നമ്പാൻ കൊള്ളുന്നതല്ല എന്ന് ഈ സഭ എന്നാണോ മനസിലാക്കാൻ പോകുന്നത്.

2018 ഏപ്രിൽ 19 ലെ വിധി ഇൻഡ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 144 നിർദ്ദേശം അടങ്ങിയതായിരുന്നു. അതായത് ഇതര കോടതികളും അധികാരികളും വിധി അനുസരിച്ച് പ്രവർത്തിയ്ക്കണം. ഇവിടെ ഓർത്തഡോക്സ് സഭ വിധിയെല്ലാപള്ളികളിലും നടപ്പാക്കിത്തരണമെന്ന അപേക്ഷ വെച്ചിരുന്നെങ്കിൽ സർക്കാർ അതിനു ബാദ്ധ്യസ്ഥമാകുമായിരുന്നു കാരണം നടപ്പാക്കാതിരിയ്ക്കുന്നത് ഇൻഡ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 144, I29 എന്നിവയുടെ ലംഘനമാകും, അപ്പോൾ മേൽ വകുപ്പൂകൾ പ്രകാരം സർക്കിരിനെതിരെ കോടതിയിൽ പോകാം. ഓർത്തഡോക്സ് സഭ അതിനു തയ്യാറായില്ല.
ചേലക്കര പള്ളി പ്രതിഷേധത്തിൽ തോമസ് പ്രഥമൻ ബാവ പറഞ്ഞത് കേരളത്തിലെ മുഴുവൻ പോലീസുകാർ വന്നാലും പള്ളികൾ വിട്ടുകൊടുക്കുകയില്ലയെന്നാണ്. കോടതിയലക്ഷ്യ നടപടികൾക്കു പോകാൻ ഓർത്തഡോക്സ് സഭ തയ്യാറായില്ല. അതു തന്നെ ഇപ്പോൾ കോതമംഗലത്തും സംഭവിയ്ക്കുന്നു.

പിറവം പള്ളിയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിൽ സർക്കാർ നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നത് വിധി നടപ്പാക്കപ്പെടേണ്ടതാണെങ്കിലും പിറവം പള്ളിയിൽ ഭൂരിപക്ഷം യാക്കോബായ വിഭാഗത്തിനാണ്. അതിനാൽ ചർച്ചയിലൂടെ സമവായം കാണാൻ ശ്രമിയ്ക്കുന്നു. ഇരുവിഭാഗവും അതിനു തയ്യാറായിരിയ്ക്കുകയാണ്. ഓർത്തഡോക്സ് വിഭാഗം ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചതായി സഭാംഗങ്ങൾക്കറിവില്ല. സർക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്നറിയില്ല. എന്തായിരുന്നാലും ചോദ്യം അതല്ല. പ്രാദേശിക ഭൂരിപക്ഷങ്ങൾക്കനുസരിച്ചാണോ പരമോന്നത നീതിപീടത്തിന്റെ വിധിന്യായങ്ങൾ നടപ്പാക്കേണ്ടത്. അങ്ങിനെയാണെങ്കിൽ ഒരു സാങ്കൽപിക ചോദ്യം ഉന്നയിക്കട്ടെ. എറണാകുളം ജില്ലയ്ക്ക് സ്വയംഭരണം വേണമെന്ന ഒരു വാദം ഉയർന്നാൽ ഭൂരിപക്ഷം ചിലപ്പോൾ അതിനാകും. അങ്ങിനെ വന്നാൽ സർക്കാർ ഏതു ഭാഗത്ത്യനിൽക്കും, ഭൂരിപക്ഷത്തോടൊപ്പമോ അതോ മറ്റു നടപടികളിലേക്കോ. ചോദ്യം സാങ്കൽപികമാണെങ്കിലും ഇപ്പോഴത്തെ പോക്കിൽ ഭാവിയിൽ ഇതെല്ലാം ഉണ്ടായിക്കൂടെന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ വിധി നടപ്പിലാക്കി കിട്ടാനുള്ള ആർജവം ഓർത്തഡോക്സ് സഭ കാണിയ്ക്കുന്നില്ല. വ്യക്തമായ അജണ്ടയോ തീരുമാനങ്ങളോ യോജിപ്പോ സഭാ നേതൃത്വങ്ങൾക്കില്ല. ജൂലായ് 3 ലെ വിധിയ്ക്കു ശേഷം എം ഒ ജോണച്ചൻ പുതിയകാവ് പള്ളിയിൽ നടത്തിയ പ്രസംഗം തന്നെ അതിനുദാഹരണം. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോള് വോട്ടു ബാങ്കിനാണ് പ്രസക്തി അതു കൊണ്ടുതന്നെ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

കാര്യം എന്തായിരുന്നാലും ഇൻഡ്യൻ ജനതയ്ക്ക് ഇതൊരപമാനമാണ്. പരമോന്നത നീതിപീഠത്തിന്റെ വിധികൾ നടപ്പിലാകുന്നില്ല അല്ലെങ്കിൽ സർക്കാർ നടപ്പിലാക്കുന്നില്ലയെന്നു വരുകിൽ പിന്നെയെന്തിനാണ് നമുക്കിവിടെ കോടതികൾ.

കോതമംഗലം സംഭവത്തെ അടിസ്ഥാനമാക്കി സുപ്രിംകോടതി വിധികൾ നടപ്പിലാകാത്തതു സംബന്ധമായി ആരോ സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി നൽകുന്നതായി പറഞ്ഞു കേൾക്കുന്നു. അതിൽ തീരുമാനം വരുന്നതുവരെ കാത്തിരിയ്ക്കാം. ഇൻഡ്യൻ ഭരണവ്യവസ്ഥയിൽ കോടതിയക്ക് എന്തെങ്കിലും പ്രശക്തിയുണ്ടെങ്കിൽ വിധികൾ നടപ്പാകുമെന്ന് പ്രത്യാശിയ്ക്കാം.