മുളന്തുരുത്തി സുന്നഹദോസും അനന്തര സംഭവങ്ങളും / കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്


കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച
കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നുമുള്ള ദൃക്സാക്ഷി വിവരണം

29-ാമത് ലക്കം. 23-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മിഥുന മാസം 15-ന് സുന്നഹദോസിന്‍റെ ദിവസം ശുദ്ധമുള്ള മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ തൃപ്പൂണിത്തുറ പള്ളി എടവകയില്‍ മൂക്കഞ്ചേരില്‍ ഗീവറുഗീസ് കശ്ശീശയ്ക്കും വടക്കന്‍പറവൂര്‍ പള്ളിയില്‍ കടവില്‍ എന്ന് സാധാരണ ആയിട്ടും കൂരന്‍ എന്ന് തറവാട്ടു പേരും വിളിച്ചുവരുന്ന പൗലൂസ് കശ്ശീശായ്ക്കും അങ്കമാലി പള്ളിയില്‍ അമ്പാട്ട് ഗീവര്‍ഗ്ഗീസ് കശ്ശീശായ്ക്കും റമ്പത്വം കൊടുത്തു. പിന്നീട് സുന്നഹദോസിനായി കൂറിലോസ് ബാവായുടെ കബര്‍ മുതല്‍ പടിഞ്ഞാറ് പള്ളിയുടെ നീളം വരെ ഒരു നെടുമ്പുര കെട്ടിയുണ്ടാക്കിയിട്ടുണ്ടായിരുന്നു. ബ. വിശുദ്ധ പിതാവിന് അന്നേദിവസം പട്ടംകൊട കൊണ്ടുള്ള ക്ഷീണം കൊണ്ടും എല്ലാ പള്ളിക്കാരും വന്നുകൂടായ്ക കൊണ്ടും മേല്‍പ്പറഞ്ഞ പന്തലില്‍ ചെന്നിരുന്ന് വന്ന പള്ളിക്കാരുടെ പേര്‍ വിവരം എഴുതി എടുക്കണമെന്നും എല്ലാവരും പിറ്റേദിവസം എട്ടു നാഴിക പുലരുന്നതിന്നകം വന്നു കൂടിക്കൊള്ളണമെന്നും മറ്റും പള്ളിക്കാരോട് പറവാന്‍ കല്പിച്ചയച്ചു. അതുപ്രകാരം ഞങ്ങള്‍ തെക്കു നിന്നും വടക്കു നിന്നും വന്ന പള്ളിക്കാരുടെ പേരുകള്‍ വിവരമായി എഴുതി എടുത്തു കല്പിച്ചപ്രകാരം അവരോടു പറകയും ചെയ്തു. അന്നേദിവസം തെക്കു നിന്നു 36 പള്ളിക്കാരും വടക്കു നിന്ന് 26 പള്ളിക്കാരും ഉണ്ടായിരുന്നു. 15-ന് നേരം അസ്തമിച്ച് അന്നത്തെ കൂട്ടം പിരിഞ്ഞു.

പിറ്റേദിവസം ബുധനാഴ്ച കല്പനപ്രകാരം പള്ളിക്കാര്‍ വന്നുകൂടി. മാര്‍ കൂറിലോസ് ബാവായുടെ കബറിങ്കല്‍ ശുദ്ധമുള്ള മോറാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് എഴുന്നള്ളി ഇരിപ്പാനായി എത്രയും വിചിത്രമായ ഒരു സിംഹാസനം ഉണ്ടാക്കി. ആ സിംഹാസനത്തിന്മേല്‍ ബാവായും താഴെ ഒരു കസേരയിട്ട് അതിന്മേല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അതിന് ചുറ്റും നിരകളായിട്ടും പന്തികളായിട്ടും റമ്പാന്മാരും പട്ടക്കാരും പ്രമാണപ്പെട്ട അത്മേനികളും മറ്റെല്ലാവരും കെട്ടിഒരുക്കിയിരുന്ന ആ വലിയ നെടുമ്പുര നിറയെ ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരും ഇരുന്ന ഉടനെ ശുദ്ധ. മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ എല്ലാ ജനത്തെയും അനുഗ്രഹിച്ച് നാം കൂടിയിരിക്കുന്ന ഈ സുന്നഹദോസ് സഫലമായി വരുവാന്‍ വേണ്ടിയും ശുദ്ധമുള്ള മൂന്ന് സുന്നഹദോസിനോട് ചേരുന്നതായി വരുവാനായിട്ടും തന്‍റെ പരിശുദ്ധാത്മാവിനെ അയച്ച് നമ്മില്‍ ഓരോരുത്തരില്‍ സംസാരിച്ച് വേണ്ടപ്പെടുന്ന കാര്യങ്ങളില്‍ നമ്മെ ധൈര്യപ്പെടുത്തുവാനായിട്ടും നാമെല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കല്പിച്ചു. ആ പ്രാര്‍ത്ഥന ശുദ്ധമുള്ള മുന്മത്വമായ ഏകദൈവത്തോടും ശുദ്ധമുള്ള ദൈവമാതാവിനോടും സകല പരിശുദ്ധന്മാരോടും അത്രേ. ആമ്മീന്‍.

ഉടനെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കസേരയില്‍ നിന്നും എഴുന്നേറ്റ് ഈ കല്പനയെ ജനത്തോട് പൊരുള്‍ തിരിച്ച് കല്പിച്ചു. ആകാശത്തിലുള്ള നമസ്കാരവും ശ്ലോമ്മ്ലെക്ക്മറിയം എന്നുള്ളതും ചൊല്ലിക്കൊടുത്തു. ഉടനെ ഏവന്‍ഗേലിയോന്‍ വായിക്കുന്ന സിംഹാസനം കൊണ്ടുവന്ന് അതിന്‍റെമേല്‍ ഏവന്‍ഗേലിയോന്‍ പുസ്തകവും വെള്ളികൊണ്ടുള്ള ഒരു വലിയ കുരിശും വച്ച് സുന്നഹദോസിന്‍റെ മുമ്പാകെ വച്ചു. ഇതിന്‍റെ ശേഷം ജനത്തിന് ശുദ്ധമുള്ള പിതാവ് സുന്നഹദോസിലേക്ക് എഴുതി കൊടുത്തിട്ടുള്ള കല്പന വായിച്ചു. ആ കല്പനയുടെ പകര്‍പ്പ്:

ബശേം ഇസ്യോ ഉസൂമോയോ അല്‍സീയ് ഈസൂസോ ദ് കുല്‍ ആഹീദ് ദ്ലേഹ് തെശ്ബുഹേന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് കുര്‍സിയോ ശ്ലീഹോയോ അന്ത്യോഖ്യോ ദ്ഹു പത്രോസ് ത്ലീസോയോ അല്‍ ഉമ്സോ ദ് സുറിയോയെ.

സ്നേഹിക്കപ്പെട്ടും വാത്സല്യപ്പെട്ടും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്ന ചൊവ്വുള്ള പട്ടക്കാരും ശെമ്മാശന്മാരും പ്രധാനികളും എപ്പിത്രോപ്പന്മാരും വാഴ്ത്തപ്പെട്ട ജനമൊക്കെയും ആയ നമ്മുടെ ആത്മിക പുത്രന്മാരുടെ നിറുകകള്‍മേല്‍ ദൈവികത്തിന്നടുത്ത കൃപയും ആകാശത്തിന്നടുത്ത വാഴ് വുകളും വന്ന് ആവസിക്കുകയും ദൈവമായ കര്‍ത്താവിന്‍റെ വാഴ്വ് അവരുടെ മേല്‍ ചിന്തപ്പെടുകയും ചെയ്യുമാറാകട്ടെ. ആമ്മീന്‍.

എന്നാല്‍ നിങ്ങളുടെ സത്യമുള്ള ഉപവിയോട് നാം അറിയിക്കുന്നതെന്തെന്നാല്‍ നാം ഇന്ത്യയില്‍ എത്തിയ ദിവസം മുതല്‍ നമ്മുടെ പള്ളിക്കാര്യങ്ങളെക്കുറിച്ചും നമ്മുടെ വിശ്വാസത്തെക്കുറിച്ചും സ്തുതിചൊവ്വാകപ്പെട്ട വിശ്വാസത്തിന്‍റെ വൈരികള്‍ മുഖാന്തിരം നമ്മുടെ ജനങ്ങള്‍ക്ക് ഭവിച്ചിരിക്കുന്ന ദുഃഖത്തെക്കുറിച്ചും പരിശോധിപ്പാനായിട്ട് റൂഹായ്ക്കടുത്ത ഒരു സമൂഹം കൂടണമെന്ന് നാം വിചാരിച്ചു. നമുക്ക് സമയം ഉണ്ടായില്ല. ഇപ്പോള്‍ നാം വാഴ്വിന്‍റെ ലേഖനങ്ങള്‍ നിങ്ങള്‍ക്കയച്ചാറെ റൂഹായ്ക്കടുത്ത താല്പര്യത്തോടെ നിങ്ങള്‍ കൂടപ്പെട്ടിരിക്കുന്നു. പക്ഷേ, നിങ്ങളുടെ വരവ് അനുഗ്രഹിക്കപ്പെട്ടതായിരിക്കട്ടെ. ഈ സമൂഹം പരഹസ്യമായി റൂഹാദ് കുദിശാ അവരുടെ മേല്‍ ആവസിച്ചിട്ടുള്ള ശുദ്ധമാകപ്പെട്ട മൂന്ന് സുന്നഹദോസുകളുടെ സമൂഹത്തെ പോലെ ആക്കിത്തീര്‍പ്പാന്‍ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അപ്രകാരം ഈ ആത്മീയ സമൂഹത്തിന്മേല്‍ ആശ്വാസപ്രദനായ പരിശുദ്ധമുള്ള റൂഹാ പ്രബലമായി വസിച്ച് കാര്യങ്ങളെ സത്യമായി സംസാരിക്കാന്‍ ബോധവും അറിവും ജ്ഞാനവും നിങ്ങള്‍ക്ക് നല്കുമെന്ന് ദൈവത്തില്‍ നമുക്ക് ശരണം ഉണ്ട്. നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന അനര്‍ത്ഥവും ദുഃഖവും നമ്മേക്കാള്‍ അധികം നിങ്ങള്‍ തന്നെ അറിഞ്ഞിരിക്കുന്നു.

1-ാമത് നിങ്ങളുടെ പഴയ ചരിത്ര പുസ്തകത്തെ നാം വായിച്ചു നോക്കി. പാപ്പാ മതക്കാരാകുന്ന പോര്‍ത്തുഗീസുകാര്‍ ഇന്ത്യയിലേക്ക് വന്ന സമയം അവര്‍ നിങ്ങളുടെ ഇടയില്‍ വിരുദ്ധങ്ങളെ ഉണ്ടാക്കി. മീന്‍ പിടിക്കുന്നവര്‍ ചൂണ്ടയില്‍ എരയെ കുത്തി നദിയില്‍ എറിയുന്നതുപോലെ തന്നെ നിങ്ങളുടെ ഇടയിലും അവര്‍ പ്രവര്‍ത്തിച്ചു. ആ കാലത്തില്‍ മടിയന്മാരും ദ്രവ്യാഗ്രഹികളും ആയിട്ടുണ്ടായിരുന്ന മനുഷ്യരുടെ ഇടയില്‍ അവര്‍ ദ്രവ്യത്തെ ധാരാളമായി ചെലവഴിച്ചു. നമ്മുടെ ജനത്തെയും പള്ളികളെയും അവര്‍ കവര്‍ച്ച ചെയ്തു. പുസ്തകങ്ങളെയും തക്സാകളെയും പള്ളിച്ചട്ടങ്ങളെയും ദഹിപ്പിച്ചു കളഞ്ഞു. ആത്മീയ സമ്പത്ത് പുസ്തകങ്ങള്‍ ആക കൊണ്ട് അവര്‍ നിങ്ങളെ ആത്മീയകാര്യങ്ങളില്‍ വ്യര്‍ത്ഥന്മാരും ദരിദ്രന്മാരും ആക്കിത്തീര്‍ത്തു. യാതൊരുത്തനില്‍ നിന്നും പുസ്തകവും പഠിത്തവും ശൂന്യമായിപ്പോകുമെങ്കില്‍ ആ ജനം വിജ്ഞാനമില്ലാത്തതും ആത്മീയ കാര്യങ്ങളില്‍ ക്രമപ്പെടുത്തിയിരിക്കുന്ന നടപടികളിലും വ്യര്‍ത്ഥന്മാരായിട്ടുള്ളവരും ആയിത്തീരും. അങ്ങനെ ഉള്ള ജനത്തിന്‍റെ അടുക്കല്‍ വാചാലനും പുസ്തകവായനാശീലമുള്ളവനുമായ ഒരുവന്‍ വന്ന് എന്തു പറഞ്ഞാലും വിശ്വസിക്കും. ഉത്തരം പറയാന്‍ ജ്ഞാനമില്ലായ്മ കൊണ്ട് എടത്തൂടായിരുന്നാലും സമ്മതിക്കും. ഇത് നിമിത്തമായിട്ട് പാപ്പാ മതക്കാര്‍ നമ്മുടെ ജനത്തില്‍ പാതിയില്‍അധികം പേരെ പിടിച്ച് കല്‍ദയരാക്കിത്തീര്‍ത്തിരിക്കുന്നു. നമ്മുടെ ചെറുപ്പം മുതല്‍ നിങ്ങളുടെ ദുഃഖം നാം കേട്ടിരിക്കുന്നു. ബലയാര്‍ സിംഹാസനത്തിങ്കല്‍ വന്നപ്പോള്‍ നാം അവനെ പരിശോധിച്ചു. അവന്‍ ഉപായമുള്ളവനും നമുക്കുള്ള വിശ്വാസത്തിന്‍റെ വിപരീതിയും ആകുന്നു എന്ന് നമുക്ക് കാണപ്പെട്ടു. വഴിദൂരം കൊണ്ടും മൂസലില്‍ നിന്ന് അവന്‍റെ കൂടെ വന്നിരുന്ന ചില ഉപായികള്‍ ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായെ വഞ്ചിക്കകൊണ്ടും ഞാന്‍ കശ്ശീശാ ആകുന്നു എന്ന് അവന്‍ ഏറ്റുപറഞ്ഞതുകൊണ്ടും അവനെ മെത്രാനായിട്ട് പട്ടം കെട്ടി പൂര്‍വ്വ സുറിയാനിക്കാരുടെ വിശ്വാസത്തെ അവന്‍ വ്യത്യാസപ്പെടുത്തുകയില്ല എന്നവന്‍ സത്യത്തോടുകൂടെ വാഗ്ദത്തം ചെയ്തു. എന്നാല്‍ അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ മലയാള ഭാഷയിലും അപ്രകാരം ഒന്നെഴുതി മുദ്ര വച്ചു. ആയത് നമ്മുടെ കൈക്കല്‍ ഉണ്ട്. ആവശ്യം വരുമ്പോള്‍ നാം നിങ്ങളെ കാണിക്കയും ആവാം.

2-ാമത്. അയോഗ്യനായ നമ്മെ പാത്രിയര്‍ക്കാ സ്ഥാനത്തിന് തെരഞ്ഞെടുത്ത് നമ്മുടെ സ്ഥാനപ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ പൊതുവിന്നടുത്ത ഒരു ലേഖനവും നിങ്ങളില്‍ നിന്ന് മറ്റ് അനേകം എഴുത്തുകളും നമ്മുടെ അടുക്കല്‍ എത്തി. നാം അവയെ പരിശോധിച്ചു. നിങ്ങള്‍ക്കും പള്ളികള്‍ക്കും ബലയാറില്‍ നിന്ന് ഭവിച്ചിട്ടുള്ള സങ്കടം നാം ഗ്രഹിച്ചപ്പോള്‍ ഉടനെ കുസ്തന്തീനോസ്പോലീസിലേക്കും അവിടെനിന്ന് ലണ്ടനിലേക്കും നാം പോയി ആ അന്യദേശത്തില്‍ ഏഴു മാസം നാം അവിടെ താമസിച്ചു. ദൈവത്താല്‍ ശ്രേഷ്ഠതപ്പെട്ടിരിക്കുന്ന മഹാരാജ്ഞിയോടും ബഹുമാനപ്പെട്ട ഉദ്യോഗസ്ഥന്മാരോടും നിങ്ങളുടെ സങ്കടത്തെ നാം അറിയിച്ചു. അവര്‍ നിങ്ങളുടെ സങ്കടങ്ങളെയും അവരുടെ മുമ്പാകെ നാം കൊടുത്തിട്ടുള്ള അന്യായ ഹര്‍ജികളെയും പരിശോധിച്ച് മദ്രാസ് ഗവണ്‍മെന്‍റിലേക്ക് ആ റിക്കാര്‍ഡുകളെ ഒക്കെയും അയക്കുകയും ഇന്ത്യയിലെ സകല ഉദ്യോഗസ്ഥന്മാര്‍ക്കും അറിവിന്‍റെ ലേഖനങ്ങള്‍ നമ്മുടെ പക്കല്‍ തരികയും ചെയ്തു. നാം ഇന്ത്യയിലെത്തി നീലഗിരിയില്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ അടുക്കല്‍ ചെന്ന് വാര്‍ദ്ധക്യത്തില്‍ നാം ഇന്ത്യയിലേക്ക് വരുവാന്‍ കാരണമായ സംഗതിയെക്കുറിച്ച് അദ്ദേഹത്തോടു കൂടെ സംസാരിച്ചപ്പോള്‍ മതിയാകുംവണ്ണം നമ്മെ ബഹുമാനിച്ച് ഈ വിളംബരം നീക്കേണ്ടതാകുന്നു എന്നും ആത്മകാര്യങ്ങളില്‍ നാം പ്രവേശിക്ക ഇല്ലെന്നും തിരുവിതാംകൂര്‍ രാജാവിന്‍റെ അടുക്കല്‍ നിങ്ങള്‍ പോകണമെന്നും സകല റിക്കാര്‍ഡുകളെയും അവിടേക്ക് നാം അയച്ചിരിക്കുന്നു എന്നും അദ്ദേഹം നേരുപോലെ തീര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. നാം തിരുവനന്തപുരത്ത് എത്തി സങ്കടവിവരം ബ. രാജാവ് അവര്‍കളെ അറിയിച്ചപ്പോള്‍ മഹാരാജാവ് തീര്‍ച്ച ചെയ്ത് മദ്രാസ് ഗവണ്‍മെന്‍റിലേക്ക് എഴുതി അയച്ചു. ചിങ്ങ മാസം മുതല്‍ കുംഭ മാസം വരെ അക്കാര്യത്തെക്കുറിച്ച് താമസം ഉണ്ടായി. പിന്നത്തേതില്‍ മദ്രാസില്‍ നിന്നും തിരുവിതാംകൂര്‍ സര്‍ക്കാരിലേക്ക് തീര്‍ച്ച ആയി മറുപടി വന്നു. രാജാവ് മുമ്പിലത്തെ വിളംബരത്തെ അസ്ഥിരമാക്കി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. അതില്‍ പറയുന്നത് എന്തെന്നാല്‍ ആദ്യം പാത്രിയര്‍ക്കായുടെ ലേഖനത്താല്‍ നാം അവന് വിളംബരം കൊടുത്തു. ഇപ്പോള്‍ പാത്രിയര്‍ക്കാ അവനെ തള്ളിക്കളഞ്ഞതിനാല്‍ നാം അവനെ തള്ളി വിളംബരവും അസ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നാകുന്നു. എന്നാല്‍ പാത്രിയര്‍ക്കായുടെ ലേഖനം നിമിത്തം ആദ്യം അവന് പള്ളികള്‍ മേല്‍ അധികാരം ഉണ്ടായി. പാത്രിയര്‍ക്കാ അവനെ തള്ളിക്കളഞ്ഞതിനാല്‍ സര്‍ക്കാരും പള്ളികളില്‍ നിന്നും അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇത് നിമിത്തം നമ്മുടെ ജനങ്ങള്‍ക്ക് കുറഞ്ഞൊരു ആശ്വാസം ഉണ്ടായി. ഇപ്പോള്‍ ചില ഉദ്യോഗസ്ഥന്മാര്‍ ന്യായരഹിതമായി ചില വിധി ഉണ്ടാക്കി നമ്മുടെ ജനങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കി വരുന്നപ്രകാരം കേട്ടിരിക്കുന്നു. അവര്‍ ബ. ഗവര്‍ണറുടെ തീര്‍ച്ചയെ ലംഘിച്ച് ഭേദപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ നമ്മുടെ ജനങ്ങളായ നിങ്ങളില്‍ ചിലര്‍ ബലയാറിനെ സഹായിച്ച് ബലബന്ധത്താലെ നിങ്ങളെയും പള്ളികളെയും കൈക്കലാക്കുവാന്‍ ആകുന്നു. അത് ആത്മീകപ്രകാരം നേരായിട്ടുമല്ലാ. പാപ്പാമതക്കാര്‍ മുമ്പേ നിങ്ങളുടെ ഇടയില്‍ ചെയ്തപ്രകാരം തന്നെ ആകുന്നു. ഇപ്പോള്‍ കൂടപ്പെട്ടിരിക്കുന്ന നിങ്ങള്‍ ഏതില്‍ ഇഷ്ടപ്പെടുന്നുവോ അതിനെ നല്ലവണ്ണം സൂക്ഷിച്ച് മുറുകെ പിടിച്ചുകൊള്‍വിന്‍. നിങ്ങളുടെയും നിങ്ങളുടെ പള്ളിക്കാരുടെയും പൂര്‍വിക പിതാക്കന്മാരുടെയും വിശ്വാസത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എങ്കില്‍ കീഴ്നടപ്പുപോലെ പാത്രിയര്‍ക്കായുടെ കല്പന നിങ്ങള്‍ കേട്ട് അനുസരിക്കുകയും ഒരു സമ്മതപത്രം എഴുതി കൈഒപ്പ് വക്കയും വേണം. അല്ലെങ്കില്‍ നിങ്ങള്‍ നമുക്ക് മറുപടി തരണം. താമസിച്ചത് മതി. അങ്ങനെ അല്ലെങ്കില്‍ ഒരു സ്ഥിരമുള്ള അടിസ്ഥാനത്തെ നിങ്ങള്‍ ഉണ്ടാക്കുകയും സകല ജനത്തിനും പകരം കാര്യസ്ഥന്മാരായി ഇരിക്കേണ്ടതിന് തിരിച്ചറിവും സാമര്‍ത്ഥ്യവും ദൈവജ്ഞാനവും ഉള്ള മനുഷ്യരെ നിങ്ങള്‍ തിരഞ്ഞെടുക്കുകയും പോലീസ് സംബന്ധമായോ അദാല (ത്ത്) സംബന്ധമായോ വേദസംബന്ധമായോ ജനങ്ങള്‍ക്കുണ്ടാകുന്ന സകല കാര്യങ്ങള്‍ക്കും സര്‍ക്കാരില്‍ കാണിക്കാനും എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് പകരം അവര്‍ ചുമതലക്കാരായിരിപ്പാനും മുക്തിയാര്‍ നാമവും എഴുതിക്കൊടുക്കുകയും വേണം. എന്തുകൊണ്ടെന്നാല്‍ ഒരു ജനത്തിന് തലവന്മാരും ഭരിക്കുന്നവരും ഇല്ലാതെ ഇരുന്നാല്‍ ഛിന്നപ്പെട്ട് പോകുന്നതാകുന്നു; അറിവുകേടും വര്‍ദ്ധിക്കും. ആരെങ്കിലും അതിന്‍റെ നേരെ വന്നാല്‍ അതിനെ കൊള്ളചെയ്യുകയും ചെയ്യും. എന്നാല്‍ ഇത് നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ സത്യസ്നേഹത്തോട് നമുക്ക് പല കാര്യങ്ങളും പറവാനുണ്ട്. എന്നാല്‍ ആദ്യം ഇപ്പോള്‍ ജനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന ദുഃഖനിവൃത്തിക്ക് അടിസ്ഥാനം സ്ഥിരപ്പെടുത്തുക. പിന്നെ സകലവും നിവൃത്തിക്കാം. നിങ്ങളുടെ ജ്ഞാനത്തിന് ഇത് മതിയാകുന്നു. വിശേഷിച്ചും നിങ്ങളുടെ ഇടയില്‍ നിരപ്പും സമാധാനവും ഉണ്ടാകുവാനും വിരുദ്ധം കൂടാതെ ചൊവ്വുള്ള വഴിയില്‍ നിങ്ങളെ നടത്തുവാനും നിങ്ങളോട് പൊരുതുന്ന എല്ലാ വൈരികളില്‍ നിന്നും നിങ്ങളെ രക്ഷിപ്പാനും ആയിട്ട് കര്‍ത്താവിനോട് നാം പ്രാര്‍ത്ഥിക്കുന്നു. അത് തമ്പുരാനെപ്പെറ്റ അമ്മയുടെയും സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍ തന്നേ. ആമ്മീന്‍. ആകാശത്തിലുള്ള ബാവാ… ഇത്യാദി.

1876 മിഥുനം 15-ാം തീയതി.

ഇത് വായിച്ച് കഴിഞ്ഞശേഷം പിന്നീട് ഈ ശുദ്ധ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് സ്ഥാനം ഏറ്റശേഷം ഇവിടെനിന്നും പള്ളിക്കാര്‍ എഴുതി ബോധിപ്പിച്ച സങ്കടത്തെ വായിച്ചു.7 ഇതിന്‍റെ ശേഷം പള്ളിക്കാര്‍ എല്ലാവരുംകൂടി ആദ്യകാലം മുതല്‍ ഇന്നേവരെ സുറിയാനിക്കാരായ നമ്മുടെ വേദത്തലവന്‍ അന്ത്യോഖ്യായുടെ സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസ് ആകുന്നു എന്നും ഈ മലയാളത്തിലുള്ള നമ്മുടെ ജാതിക്ക് ഓരോ സമയങ്ങളില്‍ വന്നിരിക്കുന്ന സങ്കടങ്ങളെ പരദേശത്തു നിന്നും പാത്രിയര്‍ക്കീസിന്‍റെ കല്പനയാല്‍ ക്രിസ്ത്യാനികളും പട്ടക്കാരും മേല്പട്ടക്കാരും വന്നത്രേ നമ്മുടെ ക്ഷീണം തീര്‍ത്തിരിക്കുന്നത്. ആകയാല്‍ മേലാലും അവിടത്തെ കല്പനയ്ക്ക് ഞങ്ങള്‍ വ്യത്യാസം ചെയ്യുന്നതല്ലെന്നും മറ്റും ഈ കല്പനയ്ക്ക് ഒരു മറുപടിയായി പള്ളിക്കാരായ നമ്മള്‍ എഴുതി കൈയൊപ്പിടുന്നതു കൂടാതെ മേലാലും പാത്രിയര്‍ക്കീസ് ബാവായെ അനുസരിച്ച് നടന്നുകൊള്ളാമെന്ന് ഒരു സത്യം എല്ലാവരും ചെയ്യണമെന്നും ബാവായുടെ കല്പനപ്രകാരം മേലാല്‍ ഈ ജാതിയുടെ മേല്‍ ആത്മീയകാര്യങ്ങളിലും ജഡസംബന്ധമായ കാര്യങ്ങളിലും വിചാരിച്ച് നടപ്പാനായി നമ്മളില്‍ വിശ്വസ്തന്മാരായ ഏതാനുംപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അധികാരപത്രം കൊടുക്കണമെന്നും മേലാല്‍ ഈ സഭയ്ക്ക് അഭിവൃദ്ധി ആയി വരുവാന്‍ വേണ്ടി പണം ശേഖരിക്കേണ്ടത് ആവശ്യമാകയാല്‍ ആയതിന് ഒരു നിയമം ഉണ്ടാക്കി വക്കണമെന്നും മറ്റും നിശ്ചയിച്ചു.

ഉടനെ സുന്നഹദോസിന്‍റെ മുമ്പാകെ വച്ചിരിക്കുന്ന ഏവന്‍ഗേലിയോന്‍ വായിക്കുന്ന സിംഹാസനത്തിന്‍റെ മുമ്പാകെ നിന്ന് ഏവന്‍ഗേലിയോന്‍ പുസ്തകം പിടിച്ച് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ സത്യം ചെയ്തു. അതിന്‍റെശേഷം റമ്പാന്മാരും പിന്നീട് ഓരോ പള്ളിക്കാരില്‍ പട്ടക്കാര്‍ മാത്രം സത്യം ചെയ്തു. പിന്നീട് ജനങ്ങള്‍ എല്ലാംകൂടി നിന്നും കൊണ്ട് പുസ്തകം തൊട്ടും തമ്മില്‍ തമ്മില്‍ തൊട്ടും കൂട്ടമായി സത്യം ചെയ്തു. സത്യം ചെയ്യിക്കുന്നതിന് എന്നെ അത്രേ നിയമിച്ചത്.

സത്യവാചകം: ബാവായും പുത്രനും റൂഹാദ് കുദിശായുമായ സത്യമുള്ള മുന്മത്വത്തിന്‍റെ തിരുനാമത്താലെ യാക്കോബായ സുറിയാനിക്കാരുടെ വിശ്വാസത്തിനും ശുദ്ധമുള്ള അന്ത്യോഖ്യാ സിംഹാസനത്തിന്‍റെ ചൊല്‍വിളിക്കും ഒരു നാളും ഞാന്‍ വ്യത്യാസം ചെയ്യുന്നതല്ലാ എന്നും തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്ത് മത്തായി എന്ന ബലയാറിനും അവന്‍റെ വിശ്വാസത്തിനും അവന്‍റെ കൂട്ടര്‍ക്കും ഒരിക്കലും ഞാന്‍ ചേരുന്നതല്ല എന്നും ഞാന്‍ സത്യം ചെയ്യുന്നു. സത്യം.

ഇപ്രകാരം സത്യം ചെയ്ത് 16-ാം തീയതി ബുധനാഴ്ച, നാളെ പത്ത് നാഴിക പുലരുന്നതിനകം കൂടണമെന്ന് പറഞ്ഞ് സുന്നഹദോസ് കൂട്ടം പിരിഞ്ഞു.

പിറ്റെദിവസം വ്യാഴാഴ്ച കല്പനപ്രകാരം കൂടി. മഴ അധികം ഉണ്ടായിരുന്നതുകൊണ്ട് ഇന്നത്തെ കൂട്ടം പള്ളിയകത്താകുവാന്‍ ബാവാ കല്പിച്ചു. എല്ലാവരും പള്ളിയകത്ത് കൂടി. ശുദ്ധമുള്ള മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ മദ്ബഹായില്‍ സിംഹാസനം ഇട്ട് ഇരുന്നു. പട്ടക്കാര്‍ കൂട്ടമായിട്ടും ക്രമമായിട്ടും ഹൈക്കലായ്ക്കകത്തും അല്‍മേനികള്‍ പന്തികളായിട്ടും കൂട്ടമായിട്ടും പള്ളിയകം നിറച്ചും ഇരുന്നു. ശുദ്ധമുള്ള പിതാവ് സുന്നഹദോസ് കൂട്ടത്തെ അനുഗ്രഹിച്ചു. ഇന്നലെ നിങ്ങള്‍ക്ക് നാം എഴുതിത്തന്ന പ്രകാരം നമ്മുടെ പേര്‍ക്ക് നിങ്ങള്‍ സമ്മതഎഴുത്ത് എഴുതിയോ എന്നും ഈ ജനത്തിന്‍റെ കാര്യാദികള്‍ നടത്തുന്നതിന് ബുക്കിനേന്മാരെ തിരഞ്ഞെടുത്തോ എന്നും നിങ്ങളുടെ തെരഞ്ഞെടുപ്പ് എട്ട് ക്രിസ്ത്യാനികളും നാലു പട്ടക്കാരും തെക്കുനിന്നും എട്ടു ക്രിസ്ത്യാനികളും നാലു പട്ടക്കാരും വടക്കുനിന്നും ആയിരിക്കണമെന്നും കല്പിച്ചു.

ഉടനെ തലേദിവസത്തിലെ ബാവായുടെ കല്പനപ്രകാരം ബാവായുടെ തിരുമുമ്പാകെ വായിപ്പാനായി എഴുതി ഉണ്ടാക്കിയത് സുന്നഹദോസിന്‍റെ മുമ്പാകെ വായിച്ചു. മക്കുദിശാ ഗബ്രിയേല്‍ അതിനെ അറബി ഭാഷയില്‍ ബാവായുടെ തിരുമനസ്സറിയിച്ചു. ബാവായ്ക്കും കൂടപ്പെട്ട പള്ളിക്കാര്‍ക്കും ആയതിനെ ബോധിച്ചു. പള്ളിക്കാര്‍ ഓരോരുത്തര്‍ പേര്‍ വച്ച് കൈ ഒപ്പിട്ട് തിരുമുമ്പാകെ കൊടുത്തു. ആ എഴുത്തിലെ സാരം: ബ. അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല്‍ വാണിരിക്കുന്ന മൂന്നാമത്തെ പത്രോസായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ ശുദ്ധതയുടെ തിരുമുമ്പാകെ കൊച്ചി – തിരുവിതാംകൂര്‍ – ബ്രിട്ടീഷ് സംസ്ഥാനങ്ങളില്‍ ഉള്ള അങ്കമാലി നിരണം മുതലായ എല്ലാ പള്ളിക്കാരും കൂടി എഴുതി വച്ച് ബോധിപ്പിക്കുന്നത്.

1-ാമത്. 52-ാമാണ്ട് മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്ത് വന്ന് മാര്‍ഗ്ഗം അറിയിച്ചു. പള്ളികളും പണിയിച്ചു. പട്ടക്കാരെയും നിയമിക്കുകയും പിന്നീട് പട്ടം കൊടുക്കുന്നതിനും നടത്തിക്കുന്നതിനും ആളില്ലാതെ കഷ്ടപ്പെട്ടിരിക്കുമ്പോള്‍ ക്നാനായക്കാരന്‍ തോമസ് എന്ന ക്രിസ്ത്യാനി ഈ ജനത്തിന്‍റെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് പരദേശത്ത് നിന്നും മെത്രാന്മാരെയും പട്ടക്കാരെയും ക്രിസ്ത്യാനികളെയും കൊണ്ടുവന്ന് സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തില്‍ നടത്തിയത് തന്നെയല്ലാ ഈ നാടിന്‍റെ രാജാക്കളില്‍ നിന്ന് സുറിയാനിക്കാരായ ഞങ്ങള്‍ക്ക് വേണ്ടുന്ന ബഹുമാനങ്ങളും പദവികളും വാങ്ങിച്ചുതന്ന് നടന്ന് വന്നതും.

2-ാമത്. ഇപ്രകാരം നടന്നുവരുമ്പോള്‍ പറങ്കികള്‍ വന്ന് ഏറിയ ദ്രവ്യത്താലും അവരുടെ ഉപായത്താലും നാട്ടുരാജാവിന്‍റെ സ്വാധീനത്താലും ഞങ്ങളില്‍ ഏറിയ ജനത്തെ അവരിലേക്ക് ചേര്‍ക്കുകയും ചേരാതെ വിശ്വാസത്തില്‍ സ്ഥിരമായി നിന്നവരായ ഞങ്ങളുടെ ഏറിയ പുസ്തകങ്ങള്‍ രാജശക്തിയാല്‍ ഉദയംപേരൂര്‍ എന്ന സ്ഥലത്തു വച്ച് ചുട്ടുകളയുകയും ചെയ്തതിനാലും രാജശക്തിയാലും ഏതാനും മര്യാദകള്‍ അവരില്‍ അനുസരിച്ച് നടപ്പാന്‍ ഇടവന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ അന്ത്യോഖ്യായുടെ സിംഹാസനത്തു നിന്നും വന്നിരുന്ന മാര്‍ ഗ്രീഗോറിയോസ് ബാവായുടെ കാലത്തില്‍ ഏതാനും പിന്നീട് മാര്‍ ഈവാനിയോസ് ബാവായുടെ കാലത്തില്‍ മിക്കതും മാറ്റി മുമ്പിലത്തെപ്പോലെ സത്യമുള്ള യാക്കോബായ സുറിയാനിക്കാരെപ്പോലെ നടന്നതും വഴി ദൂരം കൊണ്ടും മറ്റും കൂടെക്കൂടെ സിംഹാസനത്തില്‍ നിന്ന് മെത്രാന്മാരെ ഇങ്ങോട്ട് അയപ്പാന്‍ പ്രയാസമായിരുന്നതിനാല്‍ ഞങ്ങളെ ഭരിപ്പാന്‍ മുന്‍പറഞ്ഞ ബാവാമാര്‍ തന്നെ മാര്‍ത്തോമ്മാശ്ലീഹാ പട്ടം കൊടുത്തിരുന്ന പാലോമറ്റത്തു തറവാട്ടില്‍ത്തന്നെ എപ്പിസ്ക്കോപ്പന്മാരെ വാഴിച്ച് ദിഷ്ടതികള്‍ നടത്തിവന്നത്.
3-ാമത്. ഇങ്ങനെ നടന്നുവന്നപ്പോള്‍ മുന്‍പറഞ്ഞ തറവാട്ടുകാരനല്ലാതെ പുലിക്കോട്ടില്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന് പറയുന്ന ആള്‍ മുന്‍ ഇവിടെ നിന്നും തര്‍ക്കം കൊണ്ട് നീക്കിയതിനാല്‍ ബ്രിട്ടീഷ് ശീമയില്‍ അഞ്ഞൂര്‍ പോയിരുന്ന മെത്രാനോട് സ്ഥാനവും ഏറ്റ് സുറിയാനിക്കാര്‍ സകലമാനപേരും അദ്ദേഹത്തെ അനുസരിച്ച് നടന്നുകൊള്ളണമെന്ന് വിളംബരവും സര്‍ക്കാരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയതിനാല്‍ അദ്ദേഹത്തിന്‍റെ കീഴും പിന്നീട് അതിന്‍റെ പിന്‍തുടര്‍ച്ചക്കാരുടെ കീഴും ഞങ്ങള്‍ നടന്ന് വന്നതും ഇങ്ങനെ ഇരിക്കുമ്പോള്‍ അന്നിരുന്ന ദീവന്നാസ്യോസ് മെത്രാപ്പോലീത്താ വേദവിപരീതം കൊണ്ടും മറ്റും സഭയില്‍ നിന്ന് തള്ളിക്കളഞ്ഞു എന്ന പാലക്കുന്നത്ത് മത്തായി ശെമ്മാശു മദ്രാസില്‍ പോയി പഠിച്ച് മിഷ്യനറിമാരുടെ സഹായത്താല്‍ തിരുമുമ്പാകെ സിംഹാസനത്തും മുന്നില്‍ വന്ന് കത്തനാരാകുന്നു എന്ന് പറഞ്ഞ് ഞങ്ങളുടെ പേര്‍ക്ക് ഒരു കള്ളഎഴുത്തും കൊണ്ട് സിംഹാസനത്തിന്‍മുമ്പാകെ വന്ന് തട്ടിച്ച് സ്ഥാനം കയ്ക്കലാക്കി വന്നശേഷം സ്തുതിചൊവ്വാകപ്പെട്ട വിശ്വാസത്തെ നീക്കം ചെയ്യുന്നതിനുള്ള വേല തുടങ്ങിയ വിവരം സിംഹാസനത്തില്‍ ബോധിപ്പിച്ചാറെ കൂറിലോസ് ബാവായെ അയക്കുകയും പാലക്കുന്നന്‍ ഇംഗ്ലീഷുകാരോട് ചേര്‍ന്നുനിന്ന് മഹാരാജാവിനെയും റസിഡണ്ട് മുതലായ ഉദ്യോഗസ്ഥന്മാരെയും സ്വാധീനപ്പെടുത്തി അന്ത്യോഖ്യായില്‍ നിന്ന് എഴുത്തു കൊണ്ടുവന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ സകല സുറിയാനിക്കാരും കീഴ്മര്യാദ പോലെ അനുസരിച്ച് നടന്നുകൊള്ളത്തക്കവണ്ണം വിളംബരവും പ്രസിദ്ധപ്പെടുത്തി. അതിനാല്‍ അയാള്‍ ഞങ്ങളുടെ പള്ളികള്‍ മേലും മറ്റും അധികാരപ്പെട്ടു. പള്ളിവക ദ്രവ്യത്തെയും മറ്റും നശിപ്പിക്കുകയും സ്തുതിചൊവ്വാകപ്പെട്ട വിശ്വാസത്തെ നീക്കം ചെയ്തു പുതിയ വിശ്വാസം നടപ്പാന്‍ ഞങ്ങളോട് നിര്‍ബന്ധിക്കുകയും ചെയ്തതിനാല്‍ ഞങ്ങള്‍ കഷ്ടപ്പെട്ടു സിംഹാസനത്തിന്‍മുമ്പാകെ ബോധിപ്പിച്ചു. ഈ ജാതിമേലും ഞങ്ങളുടെ മേലും വിശുദ്ധ പിതാവിന് ആര്‍ദ്രകരുണ തോന്നി ഈ ക്ഷവസുഖത്തില്‍ ലണ്ടന്‍ മുതലായ സ്ഥലങ്ങളില്‍ എഴുന്നള്ളി ഇവിടെവന്ന് മേല്‍പ്പറഞ്ഞ വിളംബരത്തെ നീക്കം ചെയ്ത് പാലക്കുന്നത്ത് മത്തിയോസ് എന്ന് പറയുന്ന ബലയാറിന്‍റെ കീഴില്‍നിന്ന്, ഞങ്ങളെ മുന്‍ പറങ്കികളുടെ അടിമയില്‍ നിന്ന് രക്ഷിച്ചതുപ്രകാരം രക്ഷിച്ചിരിക്കുന്നു. അതിനാല്‍ തിരുമനസ്സുകൊണ്ട് അല്ലാതെ ഈ ലോകത്തില്‍ മറ്റ് രക്ഷിതാവ് ഞങ്ങള്‍ക്കില്ലാത്തതിനാല്‍ മേലാല്‍ ഞങ്ങളും ഞങ്ങളുടെ സന്തതിപരമ്പരകളും സിംഹാസനത്തിന്‍റെ കല്പനയ്ക്കും ചൊല്‍വിളിക്കും ഒരുനാളും വിട്ടു മാറുന്നതല്ലെന്ന് സത്യത്തോടു കൂടെ ഏറ്റുപറഞ്ഞിരിക്കുന്നതാകയാല്‍ മേലാല്‍ ഞങ്ങള്‍ക്ക് വേണ്ടപ്പെടുന്ന പുസ്തകങ്ങളും മറ്റും നിറവേറ്റിത്തന്ന് രക്ഷിപ്പാറാകണമേ എന്ന് അപേക്ഷിക്കുന്നു.

എന്ന് 1876 മിഥുനം 17-ാം തീയതി.

ഈ എഴുത്ത് വായിച്ച് കൂട്ടമൊക്കെയും ഇതിനെ സമ്മതിച്ച് ഓരോരോ പള്ളിക്കാര്‍ പേരു വിവരം വച്ച് കൈയ്യൊപ്പിട്ട് ബാവായുടെ തിരുമുമ്പാകെ കൊടുത്തു. തെക്കു നിന്നും വടക്കു നിന്നുമായി 102 പള്ളിക്കാര്‍ വരെ കൈഒപ്പ് വച്ചു. ഇതിന്‍റെശേഷം ശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസിന്‍റെ സമൂഹത്തില്‍ എഴുതിക്കൊടുത്തിട്ടുള്ള കല്പനയെ വായിച്ചു.

ആ കല്പനയിലെ സാരം: സുറിയാനി സമൂഹത്തിന് വേണ്ടപ്പെടുന്ന പുസ്തകങ്ങള്‍ ഒക്കെയും അച്ചടിപ്പിക്കണമെന്നും പുസ്തകങ്ങളുടെ വിവരവും മേലാല്‍ പട്ടംകൊടുക്കേണ്ട ചട്ടവും പള്ളികളിലും സമൂഹത്തിലും നടക്കേണ്ടും ക്രമങ്ങളും മറ്റും ആയിരുന്നു.

ഇതിന്‍റെശേഷം ജനമൊക്കെ കല്പന വായിച്ചശേഷം ആമ്മീന്‍ ചൊല്ലി. ഏതാനും കാര്യങ്ങള്‍ വിചാരിച്ച് മറുപടി ബോധിപ്പിക്കാമെന്നും ബോധിപ്പിച്ചു.

പിന്നീട് കല്പനപ്രകാരം സുറിയാനി സമൂഹക്കാര്‍ രണ്ടായി 24 പേരെ തെക്കു നിന്നും വടക്കു നിന്നും ആയിട്ട് തെരഞ്ഞെടുത്തു. ഇതില്‍ തെക്കു നിന്ന് നാല് പട്ടക്കാരും വടക്കു നിന്ന് നാലു പട്ടക്കാരും ഓരോ സ്ഥലത്തു നിന്നും എട്ട് പ്രമാണപ്പെട്ടവരും ആയിരുന്നു.

തെക്കരുടെ പേരുവിവരം: മാവേലിക്കര വടക്കേത്തല അലക്സന്ത്രയോസ് കത്തനാര്‍, പുതുപ്പള്ളില്‍ എളന്തുരുത്തില്‍ പീലിപ്പോസ് കത്തനാര്‍, നീലംപേരൂര്‍ മാലിത്തറ ഏലിയാസ് കത്തനാര്‍, വാകത്താനത്ത് വള്ളിക്കാട്ട് പൗലോസ് കത്തനാര്‍, കോട്ടയത്തു കുന്നുംപുറത്ത് കുര്യന്‍ റൈട്ടര്‍, നിരണത്തു എലഞ്ഞിക്കല്‍ ചാക്കോ, കുമരകത്ത് ചരുവ്പുരക്കല്‍ കുരുവിള, പള്ളത്ത് എടത്തുംപടിക്കല്‍ കുര്യന്‍, വെളിനാട്ട് പുത്തന്‍പുരയ്ക്കല്‍ തോമ്മാ, പുതുപ്പള്ളില്‍ കൊച്ചുപാറേട്ട് വര്‍ക്കി, പുത്തന്‍കാവില്‍ കൊല്ലന്‍പറമ്പില്‍ ഇയ്യപ്പന്‍, കല്ലുങ്കത്ര കളപ്പുരയ്ക്കല്‍ ചെറിയാന്‍.

വടക്കരുടെ പേരുവിവരം: കണ്ടനാട് കരവട്ട് ശെമവൂന്‍ കോറിഎപ്പിസ്കോപ്പാ, കോട്ടൂര്‍ മുറിമറ്റത്തില്‍ പൗലോസ് കത്തനാര്‍, മുളന്തുരുത്തില്‍ ചാലപ്പുറത്ത് യാക്കോബ് കോറി, തെക്കന്‍പറവൂര്‍ തോപ്പില്‍ ലൂക്കോസ് കത്തനാര്‍, ആര്‍ത്താറ്റ് പനയ്ക്കല്‍ അയ്പ്പൂരു, കണ്ടനാട് തുകലന്‍ പൗലോസ്, കുറുപ്പംപടി കല്ലറയ്ക്കല്‍ കുഞ്ഞുവര്‍ക്കി, പാമ്പാക്കുട കോനാട്ട് കോര, മുളന്തുരുത്തി ചാലില്‍ ചെറിയ, മുളന്തുരുത്തി ചാത്തുരുത്തി കുഞ്ഞുവര്‍ക്കി, മാമ്മലശ്ശേരില്‍ എടയത്ത് ചെറിയ, അങ്കമാലി വയലിപ്പറമ്പില്‍ ഇട്ടൂപ്പ്.

ഇതുപ്രകാരം 24 പേരെ കൂടപ്പെട്ട പള്ളിക്കാര്‍ എല്ലാവരും കൂടി തെരഞ്ഞെടുത്തു. ഇവര്‍ 24 പേരെയും സുറിയാനിക്കാരുടെ സമൂഹക്കാരായി ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്ക കൊണ്ട് ആത്മസംബന്ധമായും ജഡസംബന്ധമായും പോലീസിലോ അദാലത്തിലോ ഉള്ള സകല കാര്യങ്ങളും നടത്തിക്കുന്നതിന് ഞങ്ങള്‍ക്ക് സമ്മതമാകുന്നു എന്ന് ബാവായോട് തിരുമനസ്സറിയിച്ചു. ഉടനെ ബാവാ ഈ 24 പേരെയും മദ്ബഹായുടെ മുമ്പാകെ വരുത്തി നിങ്ങളെ സുറിയാനി സമൂഹക്കാരായി പള്ളിക്കാര്‍ തെരഞ്ഞെടുത്തിരിക്ക കൊണ്ട് നാമും അതിനെ സ്വീകരിച്ച് ഇവരുടെ തലവനായി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ കൂടെ നിശ്ചയിച്ചിരിക്കുന്നു. നിങ്ങള്‍ ദൈവഭയത്തോടും ഉപവിയോടും സമൂഹത്തില്‍ സകല കാര്യങ്ങളും അന്വേഷിച്ച് നടത്തുവാനായി നിങ്ങളുടെ തെരഞ്ഞെടുപ്പ് നാം സമ്മതിച്ചിരിക്കയാല്‍ അതുപ്രകാരം ജാതിയുടെ രക്ഷാ ശിക്ഷകള്‍ നിങ്ങള്‍ വിചാരിച്ച് നടന്നുകൊള്‍കയും വേണം. ദൈവമായ കര്‍ത്താവ് നിങ്ങളെയും നമ്മുടെ സമൂഹം ഒക്കെയും അനുഗ്രഹിച്ച് വാഴ്ത്തുമാറാകട്ടെ എന്നും മറ്റും കല്പിച്ചു. ഈ 24 പേരോടും മുട്ടുകുത്തുവാന്‍ കല്പിച്ചു. ഇരുപത്തിനാലു പേരും മുട്ടുകുത്തി. ഇവരെ താന്‍ അനുഗ്രഹിച്ചു വാഴ്ത്തി.

പിന്നീട് ശേഷം കാര്യങ്ങള്‍ നിങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതു കൂടാതെ ഈ സമുദായക്കാരുടെ പേര്‍ക്ക് പള്ളിക്കാര്‍ എല്ലാവരും കൂടെ ഒരു മുക്തിയാര്‍ എഴുതിക്കൊടുക്കണമെന്ന് കല്പിച്ച് മുറിയിലേക്ക് ശുദ്ധമുള്ള പിതാവ് എഴുന്നള്ളി.

ഉടനെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കുര്യന്‍ റൈട്ടറും പനയ്ക്കല്‍ ഐപ്പൂരുവും മറ്റും കൂടി ഈ സമൂഹത്തിന് മുതല് ഉണ്ടാകാതെയിരുന്നാല്‍ യാതൊരു പ്രയോജനവും ഇല്ലെന്നും ആയതിനാല്‍ സമൂഹ മുതലിനു വേണ്ടി ഒന്നാം ക്ലാസിന് 100 രൂപായും രണ്ടാം ക്ലാസിന് 50 രൂപായും മൂന്നാം ക്ലാസിന് 25 രൂപായും നാലാം ക്ലാസിന് 10 രൂപായും ഇങ്ങനെ നാലു ക്ലാസായിട്ടും മനസ്സുള്ളവരൊക്കെയും ഈ ക്ലാസില്‍ക്കൂടി മാസം ഒന്നുക്ക് 100 രൂപായ്ക്ക് ഒരു രൂപാ വീതം ലാഭം കാണിച്ച് ചീട്ടില്‍ ഒപ്പിട്ട് കൊടുക്കുകയും ആയത് സുറിയാനിക്കാരുടെ സിക്രട്ടറിയുടെ പേര്‍ക്ക് ആയിരിക്കുകയും മൂന്ന് സംവത്സരത്തിനകം മുതല് തരിക എങ്കിലും മാറി എഴുതിത്തരിക എങ്കിലും വേണമെന്നും ഈ വകയ്ക്കും ഇപ്പോള്‍ ശുദ്ധമുള്ള പിതാവ് പള്ളിക്കാര്‍ കൂടി തെരഞ്ഞെടുത്തിട്ടുള്ള 24 പേരും ചുമതലക്കാരായി ഇരിക്കേണ്ടതാകുന്നു എന്നും നിശ്ചയിച്ചു. പള്ളിക്കാരോട് ഈ വിവരം ആലോചിച്ചാറെ ഇക്കാര്യം നല്ലതെന്നും ഇപ്രകാരം ചെയ്യേണ്ടതാകുന്നു എന്നും എല്ലാവരും സമ്മതിക്കുകയും ഉടനെ ഓരോരുത്തര്‍ അവനവന്‍റെ മനസ്സ് പോലെയും പ്രാപ്തിക്ക് തക്ക പോലെയും ഓരോ ക്ലാസില്‍ക്കൂടി സിക്രട്ടറിയുടെ പേര്‍ക്ക് 100 ക്ക് ഒരു രൂപാ വീതം ലാഭം കാണിച്ച് ചീട്ട് എഴുതിത്തുടങ്ങി. ഏകദേശം 3000 രൂപാ വരെ മുതലായി അന്നേദിവസം ചീട്ടെഴുതി വച്ചു. നേരം അസ്തമിച്ചതിനാല്‍ പിറ്റേ ദിവസം 8 നാഴിക പുലരുമ്പോഴേക്കും എല്ലാവരും വന്നുകൂടണമെന്നും നാളെത്തന്നെ കൂട്ടത്തിന് പിരിഞ്ഞുകൊള്ളാമെന്നും മെത്രാപ്പോലീത്താ ജനത്തോട് വിളിച്ചു പറഞ്ഞതിനാല്‍ കൂട്ടം പിരിഞ്ഞു.

പിറ്റേദിവസം 18-ാം തീയതി വെള്ളിയാഴ്ച വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസിന് ജനം കൂടിയപ്പോള്‍ മദ്ബഹായില്‍ സിംഹാസനത്തില്‍ വന്നിരുന്നു. ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും റമ്പാന്മാരും പട്ടക്കാരും ക്രിസ്ത്യാനികളും ക്രമമായി പന്തികളായിട്ടും നിരകളായിട്ടും ഇരുന്നു. വിശുദ്ധ പിതാവ് സുന്നഹദോസുകാരായ ജനത്തെ അനുഗ്രഹിച്ചു. ആത്മസംബന്ധമായും ജഡസംബന്ധമായും പോലീസിലും അദാലത്തിലും മറ്റും കാര്യാദികളെ നടത്തിക്കുന്നതിന് സമുദായക്കാരായി ബുക്കിനേന്മാരെ നിങ്ങള്‍ തെരഞ്ഞെടുത്തുവല്ലോ. ഇനി തെക്കും വടക്കുമുള്ള പട്ടക്കാരെ പരിശോധിച്ച് നടത്തുന്നതിനായി തെക്കേ ദിക്കിലേക്ക് 12 പട്ടക്കാരെയും വടക്കേ ദിക്കിലേക്ക് 12 പട്ടക്കാരെയും നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നും തെക്കേ ദിക്കുകാര്‍ തെക്കേ ദിക്കിലെ പട്ടക്കാരും ജനങ്ങളും മാര്‍ഗ്ഗവിപരീതമായിട്ടോ ചട്ടവിരോധമായിട്ടോ ക്രമവിരോധമായിട്ടോ നടക്കുന്നുണ്ടോ എന്നും മറ്റും പരിശോധിച്ചറിഞ്ഞ് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അവരുടെ അഭിപ്രായംപോലെ ഒരു പരിഹാരം നിശ്ചയിച്ച് സമുദായക്കാരുടെ പേര്‍ക്ക് എഴുതി അയച്ചുകൊള്ളണമെന്നും ആയത് മുഖസ്തുതി കൂടാതെയും മറ്റും ആയിരിക്കണമെന്നും സമുദായക്കാരും മെത്രാനും കൂടി വിചാരിച്ച് അവരുടെ അഭിപ്രായം പോലെ തീര്‍ച്ച ചെയ്യണമെന്നും മറ്റും കല്പിച്ചു.

ഇപ്രകാരം തന്നെ വടക്കേ ദിക്കിലും ആയിരിക്കണമെന്നും കല്പിച്ചു. ഉടന്‍ സഭക്കാര്‍ തെരഞ്ഞെടുത്തു. തെക്കേ ദിക്കിലേക്ക് തെരഞ്ഞെടുത്ത വിവരം: തുമ്പോ (ന്‍) പള്ളിയില്‍ വള്ളിയാട്ട് ഗീവറുഗ്ഗീസ് കോറി, മാക്കാംകുന്ന് പള്ളിയില്‍ തെങ്ങുംതറ ഗീവറുഗ്ഗീസ് കോറി, കല്ലൂപ്പാറ പള്ളിയില്‍ കല്ലൂര്‍ ഗീവറുഗ്ഗീസ് കത്തനാര്‍, കോട്ടയത്തു പള്ളിയില്‍ ഉപ്പൂട്ടില്‍ യാക്കോബ് കത്തനാര്‍, കുറിച്ചി പള്ളിയില്‍ കോലത്ത്കളത്തില്‍ ഗീവറുഗ്ഗീസ് കത്തനാര്‍, നിരണത്തു പള്ളിയില്‍ മട്ടയ്ക്കല്‍ ബഹനാന്‍ കത്തനാര്‍, തിരുവല്ലാ പള്ളിയില്‍ കോവൂര്‍ ഗീവറുഗ്ഗീസ് കത്തനാര്‍, നിരണത്തു പള്ളിയില്‍ കണിയാന്തറ യൗനാന്‍ കത്തനാര്‍, ചേപ്പാട്ട് പള്ളിയില്‍ പുത്തന്‍വീട്ടില്‍ പീലിപ്പോസ് കത്തനാര്‍, കടമ്പനാട് പള്ളിയില്‍ പള്ളിവാതുക്കല്‍ ഗീവറുഗ്ഗീസ് കത്തനാര്‍, കല്ലുങ്കത്ര പള്ളിയില്‍ മുപ്പാത്തില്‍ ഗീവറുഗ്ഗീസ് കത്തനാര്‍.

വടക്കേ ദിക്കില്‍ തെരഞ്ഞെടുത്ത വിവരം: പാമ്പാക്കുട കോനാട്ട് ഗീവറുഗ്ഗീസ് റമ്പാന്‍, തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ ഗീവറുഗ്ഗീസ് റമ്പാന്‍, വടക്കന്‍പറവൂര്‍ കടവില്‍ പൗലോസ് റമ്പാന്‍, കുറുപ്പംപടിക്കല്‍ വെളിയത്തു ഗീവറുഗ്ഗീസ് കോറി, കണ്ടനാട് തുകലന്‍ മത്തായി കത്തനാര്‍, ആര്‍ത്താറ്റ് പനയ്ക്കല്‍ യാക്കോബ് കത്തനാര്‍, മുളന്തുരുത്തി പാലക്കാട്ട് ഗീവറുഗ്ഗീസ് കത്തനാര്‍, അങ്കമാലി ചക്കരയകത്തൂട്ട് ദാവീദ് കത്തനാര്‍, മുളക്കുളം മുറന്തൂക്കില്‍ യാക്കോബ് കത്തനാര്‍, കുന്നക്കുരുടി പുളിനാട്ട് ഇസഹാക്ക് കത്തനാര്‍, കരിങ്ങാശ്ര കുറ്റിക്കാട്ടില്‍ ഗീവറുഗ്ഗീസ് കത്തനാര്‍, കടമറ്റത്തു തേക്കിലക്കാട്ട് ഗീവറുഗ്ഗീസ് കത്തനാര്‍.

ഈ പേരുകളെ എഴുതി ബാവായുടെ തിരുമുമ്പാകെ കൊടുത്തു. ഉടന്‍ കല്പിച്ച് സമൂഹത്തില്‍ ഈ പേരുകളെ വായിച്ചു. ഇവരെ നാം അറിയുന്നില്ലെന്നും നിങ്ങള്‍ അറിയുന്നവരാകുന്നോ എന്നും മറ്റും കല്പിച്ച് ചോദിച്ചു. ഞങ്ങള്‍ അറിയുമെന്നും ഇവരെ നിശ്ചയിക്കുന്നത് ഞങ്ങള്‍ക്ക് സമ്മതമെന്നും മറ്റും പള്ളിക്കാര്‍ സമ്മതിച്ച് ഉത്തരം പറഞ്ഞു. പട്ടക്കാര്‍ മുതലായവരുടെ അറ്റകുറ്റങ്ങള്‍ മുഖസ്തുതി കൂടാതെ അറിഞ്ഞ് വിധിപ്പാനായി നിങ്ങളെ നാം ഭരമേല്‍പ്പിച്ചിരിക്കുന്നു എന്ന് അവരോട് കല്പിച്ചു. ഇങ്ങനെ ഇരിക്കുമ്പോള്‍ സഭാ മുതലുണ്ടാക്കുവാന്‍ വേണ്ടി ജനത്തെക്കൊണ്ട് മുന്‍ പറഞ്ഞ ക്ലാസിന്‍പ്രകാരം സിക്രട്ടറിയുടെ പേര്‍ക്ക് ശീട്ട് എഴുതിക്കുന്ന വിവരം ബാവാതിരുമനസ്സ് അറിഞ്ഞു. ഉടനെ കോപിച്ചു. സുന്നഹദോസിനായി വന്നവരെക്കൊണ്ട് ഇപ്രകാരം എഴുതിയിരിക്കുന്നത് ശരി അല്ലെന്നും പണം സമ്പാദിപ്പാന്‍ സുന്നഹദോസ് കൂടിയതാകുന്നു എന്ന് അപശ്രുതി പുറപ്പെടുമെന്നും മറ്റും കല്പിച്ചു. അതിനാല്‍ ഇപ്പോള്‍ പിരിപ്പാനും മറ്റും തുടങ്ങരുതെന്നും ഈ കാര്യങ്ങളുടെ ശേഷം ഏതുപ്രകാരമെങ്കിലും ആകാമെന്നും മറ്റും കല്പിച്ചു. അതു നിമിത്തം പണം പിരിവ് തല്ക്കാലം വേണ്ടാ എന്ന് നിശ്ചയിച്ചു. എന്നിട്ട് മുന്‍പറഞ്ഞ സമുദായക്കാര്‍ക്ക് പള്ളിക്കാര്‍ എല്ലാവരും കൂടി സര്‍ക്കാരില്‍ കാണിപ്പാന്‍ വേണ്ടിയും മറ്റും ഒരു മുക്ത്യാര്‍ എഴുതിക്കൊടുത്ത ശേഷം പള്ളിക്കാര്‍ പിരിയട്ടെ എന്നും പള്ളികളില്‍ നടപ്പാനായിട്ട് ശേഷം ചട്ടങ്ങള്‍ക്ക് കാനോന്‍ പൊരുള്‍ തിരിച്ച് അടിച്ച് മുദ്ര വച്ച് പുസ്തകമായി പള്ളികളിലേക്ക് അയച്ചുകൊള്ളാമെന്ന് കല്പിച്ചതു കൂടാതെ ഇനി തെക്കു നിന്നും വടക്കു നിന്നുമായി എണ്‍പതു പ്രമാണപ്പെട്ടവരെ നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ആയതു തെക്കു നിന്ന് 40 പേരും വടക്കു നിന്ന് 40 പേരും ആയിരിക്കണമെന്നും ഈ 80 പേരും ആണ്ടില്‍ ഒരു തവണ സമുദായക്കാരായ 24 പേരോടു കൂടിയും 24 തെരഞ്ഞെടുക്കപ്പെട്ട പട്ടക്കാരോടു കൂടെയും കൂടി ഇവരുടെ മുതല് വരവിന്‍റെയും ചെലവിന്‍റെയും കണക്കുകള്‍ കേള്‍ക്കുന്നതു കൂടാതെ ഇവരാല്‍ നടത്തപ്പെടുന്ന കാര്യങ്ങള്‍ ശരിയായിട്ടുള്ളതോ മുഖദാക്ഷിണ്യം കൂടാതെ ആകുന്നുവോ ഏതുപ്രകാരമെന്ന് പരിശോധിച്ച് അറിയണമെന്നും അവര്‍ ക്രമമല്ലാതെ നടക്കുന്നപക്ഷം ഈ കൂടപ്പെട്ടിരിക്കുന്ന യോഗക്കാരാല്‍ വിധി നിശ്ചയിച്ച് മാറ്റി വേറെ ആളെ നിയമിച്ചുകൊള്ളണമെന്നും മറ്റും കല്പിച്ചു. ഉടനെ അതുപ്രകാരം തെക്കു നിന്നും വടക്കു നിന്നുമായി 80 പേരെ തെരഞ്ഞെടുത്ത് അവരുടെ പേരുകള്‍ ഈ സമുദായക്കാര്‍ എഴുതി തിരുമുമ്പാകെ കൊടുത്തു. ആയതിനെയും സമൂഹേ വായിപ്പാന്‍ കല്പിച്ചു. ആ പേരുകളെ വായിച്ച് ആയതും യോഗം മുഴുവനും കേട്ടു സമ്മതിച്ചു.

പിന്നീട് പള്ളിക്കാര്‍ മുന്‍ കല്പനപ്രകാരം സമുദായക്കാരുടെ പേര്‍ക്ക് മുക്ത്യാര്‍ എഴുതിക്കൊടുത്തു. ആയതിന്‍റെ സാരം:

അങ്കമാലി, നിരണം മുതലായി കൊച്ചി – തിരുവിതാംകൂര്‍ – ബ്രിട്ടീഷ് മുതലായ സംസ്ഥാനങ്ങളിലുള്ള താഴെ പേര്‍ വച്ച് കൈ ഒപ്പിട്ടിരിക്കുന്ന പള്ളിക്കാര്‍ എല്ലാവരും കൂടി സുറിയാനിക്കാരായ നമ്മുടെ സമുദായക്കാരായി നിയമിച്ചിരിക്കുന്ന ഇന്നാര്‍ക്കും ഇന്നാര്‍ക്കും കൂടി എഴുതിക്കൊടുത്ത സമ്മത മുക്ത്യാര്‍ നാമാവ്.

സുറിയാനിക്കാരായ ഞങ്ങളുടെ പള്ളിമേലും വസ്തു എടപെട്ടും വേദകാര്യം എടപെട്ടും സര്‍ക്കാര്‍ മുഖാന്തിരം വേണ്ടപ്പെടുന്ന സകല കാര്യങ്ങളും നിങ്ങള്‍ നടത്തിക്കുന്നത് ഞങ്ങള്‍ക്ക് സമ്മതമത്രേ ആകുന്നു. എന്ന്

1876 മിഥുനം 18-ാം തീയതി.

ഇപ്രകാരം എല്ലാ പള്ളിക്കാരും കൂടി എഴുതി കൈഒപ്പ് വച്ച് മേല്‍പ്പറഞ്ഞ സമുദായക്കാര്‍ക്ക് കൊടുത്ത് സുന്നഹദോസിന് വന്നിരുന്ന പള്ളിക്കാര്‍ പിരിയുകയും ചെയ്തു.