കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികന് ഉപാധികളോടെ ജാമ്യം

കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഓർത്തഡോക്സ് സഭാ വൈദികനായ ജോൺസൺ വി. മാത്യുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോപിക്കപ്പെട്ട വകുപ്പുകൾ വിലയിരുത്തിയശേഷമാണു കോടതി നടപടി. ഇതിനിടെ, കേസിൽ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യുവും ജാമ്യഹർജി നൽകി.

തന്നെ അകാരണമായി കേസിൽ പ്രതിചേർത്തതാണെന്നും വാട്സാപ്പിലൂടെ സന്ദേശം അയച്ചുവെന്നും മറ്റുമുള്ള ആരോപണങ്ങളാണുള്ളതെന്നും ഫാ. ‌ജോൺസൺ വി. മാത്യുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നു റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹർജിഭാഗം അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിൽ, കർശന ഉപാധികൾ കോടതി നിർദേശിച്ചു.

പാസ്പോർട്ട് ഉണ്ടെങ്കിൽ സറണ്ടർ ചെയ്യണം, നിശ്ചിതദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം, വീട്ടമ്മയുടെ സ്റ്റേഷൻ അതിർത്തിയിൽ പ്രവേശിക്കരുത്, ആശയവിനിമയത്തിനു ശ്രമിക്കരുത് തുടങ്ങിയ ഉപാധികളിലാണു ജാമ്യം. കേസന്വേഷണം ഏറെക്കുറെ പൂർത്തിയായതിനാൽ ഇനിയും കസ്റ്റഡിയിൽ വയ്ക്കേണ്ട സാഹചര്യമില്ലെന്നു കാണിച്ചാണ് ഫാ. ജോബ് മാത്യുവിന്റെ ഹർജി. ഇക്കഴിഞ്ഞ 13 മുതൽ കസ്റ്റഡിയിലാണ്.